വഴിവിളക്കായി ചില നല്ല പാഠങ്ങൾ

HIGHLIGHTS
  • പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ പിന്നിട്ട വർഷത്തിലെ സുന്ദരമാതൃകകൾ
nallapadam
SHARE

പുതിയ അധ്യയനവർഷം പ്രതീക്ഷയോടെ ഇന്നു വാതിൽതുറക്കുമ്പോൾ ചില നല്ല പാഠങ്ങളുടെ സഫലനിക്ഷേപം പ്രചോദനമേകി നമ്മുടെ കുട്ടികൾക്കെ‍ാപ്പമുണ്ട്; പാഠപുസ്തകങ്ങൾക്കും ക്ലാസ്മുറിക്കും അപ്പുറത്തുള്ള ജീവിതങ്ങളെ കണ്ടും സാമൂഹികസ്ഥിതി അടുത്തറിഞ്ഞും കാലത്തിന്റെ വിളിയെ‍ാച്ച കേട്ടും കഴിഞ്ഞ വർഷം കേരളത്തിലെ വിദ്യാലയങ്ങളിൽനിന്നു പിറവികെ‍ാണ്ട ചെറുതല്ലാത്ത സ്നേഹമാതൃകകൾ. 

മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’, 11 വർഷംമുൻപ് ശ്രദ്ധേയമായൊരു ജനകീയ വിദ്യാർഥിമുന്നേറ്റത്തിനാണു തുടക്കമെഴുതിയത്. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ  നവമാതൃക തീർക്കുകയായിരുന്നു നല്ലപാഠം. അധ്യാപകരും രക്ഷാകർതൃസമൂഹവും ഒരൊറ്റ മനസ്സോടെ ഈ വിദ്യാർഥിക്കൂട്ടായ്മയ്ക്ക് ഊർജമേകുമ്പോൾ സംസ്ഥാനത്തെ ആറായിരത്തിലേറെ വിദ്യാലയങ്ങളിൽ ഇപ്പോൾ നല്ലപാഠം സന്ദേശമെത്തുന്നു. 

കോവിഡിനുശേഷം സ്കൂളുകൾ പൂർണസജ്ജമായ വർഷമായിരുന്നു നാം പിന്നിട്ടത്. പാഠ്യ– പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം ആ സജീവതയുണ്ടായി. ഡിജിറ്റൽ ഏടുകളിൽനിന്ന് ജീവസ്സുറ്റ പാഠങ്ങളിലേക്കും പ്രകൃതിയുടെ വിരുന്നൂട്ടിലേക്കും നേർക്കാഴ്ചകളിലേക്കും നമ്മുടെ കുട്ടികൾ മ‍ടങ്ങിയെത്തി. അരുത് ലഹരി, ലോഗിൻ ടു ലോകം എന്നീ ആശയങ്ങളെ മുൻനിർത്തിയായിരുന്നു കഴിഞ്ഞ വർഷത്തെ ‘നല്ലപാഠം’ പ്രവർത്തനങ്ങളെങ്കിലും അതിനുമപ്പുറം സമൂഹത്തെത്തെ‍ാടുന്ന ആശയങ്ങൾ വിദ്യാലയങ്ങളിൽ സാക്ഷാത്ക്കരിക്കപ്പെട്ടു. നന്മയുടെ നിറവെട്ടം തീർത്ത ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനതലത്തിൽ മുന്നിലെത്തിയ വിദ്യാലയങ്ങൾ പറയുന്ന ധന്യപാഠങ്ങൾ ഈ അധ്യയനവർഷത്തിന്റെ കാതോരത്തുണ്ട്.

പ്ലാസ്റ്റിക്കിനെ വീടുകളിൽനിന്നും വിദ്യാലയത്തിൽ നിന്നും പൊതുഇടങ്ങളിൽനിന്നും പുറത്താക്കുന്ന വേറിട്ട ദൗത്യത്തിലൂടെയാണ് പത്തനംതിട്ട വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ സംസ്ഥാനതലത്തിൽ മലയാള മനോരമ നല്ലപാഠം ഒന്നാം സ്ഥാനം നേടിയത്.വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്, ഇഷ്ടികപ്പരുവത്തിൽ കെട്ടിയെടുത്ത് പുരയിടത്തിന്റെ അതിരുവേലികളാക്കിയും ഇതിന് ‘ഉബുണ്ടു ബോക്സ്’ എന്നു പേരു നൽകിയുമെ‍ാക്കെയായിരുന്നു ഇവരുടെ ചുവടുവയ്പ്. രണ്ടാം സ്ഥാനം നേടിയ മലപ്പുറം കാളികാവ് അഞ്ചച്ചവടി ഗവ. ഹൈസ്കൂളിലെ കുട്ടികളാകട്ടെ നിക്ഷേപശീലത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പലതുള്ളി എന്ന പദ്ധതിയിലൂടെ സ്വരുക്കൂട്ടിയ 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ പലിശത്തുക കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും സ്കോളർഷിപ്പുകൾക്കും ചെലവഴിക്കുന്നു. മൂന്നാം സ്ഥാനത്തെത്തിയ

വയനാട് ബത്തേരി അസംപ്ഷൻ എയുപി സ്കൂളിലെ കുട്ടികൾ  സഹപാഠിക്കായി 8.5 ലക്ഷം രൂപ ചെലവഴിച്ച് 650 ചതുരശ്ര അടിയുള്ള വീടാണു നിർമിച്ചുനൽകിയത്. അതേസമയം, നമ്മുടെ പുതുതലമുറയിൽ ചിലരെങ്കിലും സ്വന്തം ജീവിതത്തെയും ഏറെ പ്രതീക്ഷകളുമായി ഒപ്പമുള്ള രക്ഷിതാക്കളെയും മറന്ന്, ലഹരിക്കടിമയാകുന്നതുകണ്ട് കേരളം ആശങ്കപ്പെടുന്നുമുണ്ട്. ‘നല്ലപാഠം’ ജനുവരിയിൽ കെ‍ാച്ചിയിൽ ഒരുക്കിയ ‘ലഹരിക്കെതിരെ ലക്ഷ്യദീപം’ പരിപാടിയിൽ വിദ്യാർഥികൾ ഏറ്റുചൊല്ലിയ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് അതുകെ‍ാണ്ടുതന്നെ, നിശ്ചയദാർഢ്യത്തിന്റെ തീർച്ചയും മൂർച്ചയുമുണ്ടായി. ലഹരിയുടെ ഇരുൾക്കയങ്ങളിലേക്ക് ഇനിയുമാരും പതിച്ചുകൂടെന്ന ജിവിതബോധ്യവുമുണ്ടായിരുന്നു, കാലം കേൾക്കാനായി അവർ ചെ‍ാല്ലിയ ആ പ്രതിജ്ഞാവാചകങ്ങളിൽ. പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിലും പൂച്ചിരികൾ വിടരുന്ന വിനോദനേരങ്ങളിലും കളിക്കളങ്ങളിലെ ആരവങ്ങളിലും വായനയിലൂടെ കരസ്ഥമാക്കുന്ന അറിവുകളിലും സ്നേഹത്തിന്റെ കൈകോർക്കലുകളിലുമാണ് ലഹരിയെന്ന അവരുടെ വിളംബരം ഈ അധ്യയനവർഷത്തിലും മുഴങ്ങട്ടെ. 

നമ്മുടെ കുട്ടികൾ പഠനവും ജീവിതവും അർഥഭരിതമാക്കുന്ന നല്ലപാഠങ്ങളെഴുതുമ്പോൾ നവകേരളനിർമിതി തന്നെയാണു സാധ്യമാകുന്നത്. കളിയും കാര്യവും നന്മയും കൊരുത്തു ചേർത്ത് അവർ പ്രഖ്യാപിക്കുന്നതും അതാണ്; ‘ഉവ്വ്, സാമൂഹികപ്രതിബദ്ധതയും മാനുഷികതയും സമർപ്പണവും ചേർത്ത് ഞങ്ങൾ പുതിയ കേരളം രചിക്കുകതന്നെ ചെയ്യും’ നമ്മുടെ ജീവിതത്തെയും ഭാവിയെയും കൂടുതൽ വെളിച്ചമാർന്നതാക്കാനുള്ള ഏറെ പാഠങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ട്. വെല്ലുവിളികളെ നേരിടാനുള്ള മാനസിക കരുത്തു നേടാൻ അവർ സജ്ജമാകണം. പുതിയ ലോകം തുറന്നുവയ്ക്കുന്ന അവസരങ്ങളിലേക്കു കുട്ടികളുടെ കൈപിടിച്ചുനടത്താൻ നമ്മുടെ അധ്യാപകർക്കും കഴിയട്ടെ.

English Summary : Editorial about new academic year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.