അറിവിന്റെ ആഴപ്പരപ്പ്

HIGHLIGHTS
  • അധ്വാനം വിജയമന്ത്രമാക്കിയ വെള്ളായണി അർജുനന്‍
Vellayani-Arjunan-12
2008ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് വെള്ളായണി അർജുനൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു.
SHARE

വെള്ളായണി അർജുനനെ ആർക്കാണ് പേടി?– ചോദിച്ചത് സാക്ഷാൽ വികെഎൻ ആണ്.  ഇംഗ്ലിഷ് നാടകത്തിന്റെ പേരായ ‘ഹു ഈസ് അഫ്രൈഡ് ഓഫ് വെർജീനിയ വൂൾഫ്’എന്നതിന്റെ  തനി വികെഎൻ തർജമ ആയിരുന്നു അത്. അർജുനൻ കലഹിച്ചില്ല. ആ പ്രയോഗം പിന്നീട് വെള്ളായണി അർജുനനെക്കുറിച്ച് രസകരമായൊരു  വാമൊഴിതന്നെയായി. ആരെയും പേടിപ്പിക്കാനൊക്കുന്ന അറിവിന്റെ പരപ്പും ആഴവുമുണ്ടായിരുന്നു വെള്ളായണി അർജുനന്.

ആറാം ക്ലാസിലെ പാഠപുസ്തകത്തിലേക്കും സർവവിജ്ഞാനകോശത്തിലേക്കും ഒരുപോലെ സന്നിവേശിപ്പിക്കാവുന്ന അറിവുകളുടെ ഔന്നത്യമായിരുന്നു ഡോ.വെള്ളായണി അർജുനൻ. ‘പഞ്ചവർണക്കിളികൾ’ എന്ന കഥാസമാഹാരം ആറാം ക്ലാസിലെ പാഠപുസ്തകമായിരുന്നു; ‘ഉദയകാന്തി’ നാടകം പത്താംക്ലാസിലും. ‘ഉദ്ഗ്രഥനചിന്തകൾ’ എന്ന ലേഖന സമാഹാരം പഠിപ്പിച്ചതു മലയാളം ബിരുദ ക്ലാസിലാണ്. ഒടുവിൽ മലയാള ഭാഷയിലെ തിടമ്പേറ്റിയ ഗജവീരനെപ്പോലെ ‘സർവ വിജ്ഞാനകോശ’ത്തിന്റെ ഒൻപതു വാല്യങ്ങളും അദ്ദേഹം സമ്മാനിച്ചു. നവതിയാഘോഷ വേളയിൽ പുറത്തിറക്കിയ ആത്മകഥയുടെ പേര് ‘ഒഴുക്കിനെതിരെ’ എന്നാണ്. എന്നാൽ മലയാളികളുടെ പല തലമുറയെ ഭാഷയുടെ ഒഴുക്കിനൊത്തു നീന്താൻ പഠിപ്പിച്ചശേഷമാണ് ആ ധന്യജീവിതം അവസാനിക്കുന്നത്. 

പല പ്രതിസന്ധികളോടും പോരാടിയുള്ള ജീവിതകഥയായതിനാലാണ് ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിട്ടതെന്നു ഡോ.വെള്ളായണി അർജുനൻ പറഞ്ഞിട്ടുണ്ട്. കർഷക കുടുംബത്തിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മാതാപിതാക്കളുടെ മകനായാണു ജനനം. അച്ഛന്റെ അകാലമരണവും സാമ്പത്തിക ക്ലേശവും മൂലം കുട്ടിക്കാലത്തു ദുരിതങ്ങളുടെ കുത്തൊഴുക്കിൽപെട്ടിട്ടുണ്ടദ്ദേഹം. ‘ഉഗ്രൻ കരിമ്പാറയിലിടിച്ചു പൊട്ടിത്തെറിച്ച് എങ്ങോട്ടൊഴുകണമെന്നറിയാതെ ഗതിമുട്ടിനിന്ന ചെറുപുഴ’ എന്ന് ആ ദുരിതകാലത്തെ അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചിട്ടുമുണ്ട്. അന്നു മുതൽ നീന്തിത്തുടങ്ങിയതാണ് ഒഴുക്കിനെതിരെ. ട്യൂട്ടോറിയൽ കോളജിൽ പഠിപ്പിച്ചു പണമുണ്ടാക്കി അസൂയാവഹമായ ഡീലിറ്റുകളും ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും സ്വന്തമാക്കി. ‘അധ്വാന’മായിരുന്നു ജീവിതത്തിലെ വിജയമന്ത്രം. അക്കാദമിക ഗോപുരത്തിലെ ഓരോ പടി കയറുമ്പോഴും ആ മന്ത്രം തന്നെയുരുവിട്ടു. സർവവിജ്ഞാനകോശം ഡയറക്ടറായിരിക്കുമ്പോൾ ദിവസം 18 മണിക്കൂർ വരെയൊക്കെ അദ്ദേഹം ജോലി ചെയ്തിരുന്നതായി സഹപ്രവർത്തകർ ഓർമിക്കുന്നുണ്ട്. 

ഇന്റർനെറ്റിനും ഗൂഗിളിനും മുൻപ്  ആഡംബരമായിരുന്ന ‘സർവ വിജ്ഞാനകോശം’ സാധാരണക്കാരുടെ വീടുകളിലെത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്ന്. തവണവ്യവസ്ഥയിൽ വായനക്കാർക്കു നൽകാനെടുത്ത തീരുമാനം സർവവിജ്ഞാനകോശത്തെ ജനപ്രിയമാക്കി. 

ഒരു നിഘണ്ടു ഉൾപ്പെടെ 50ലധികം മലയാള പുസ്തകങ്ങൾ ഡോ.വെള്ളായണി അർജുനൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 200ലധികം പുസ്തകങ്ങൾക്ക് അവതാരികയുമെഴുതി. ഗവേഷണ പ്രബന്ധങ്ങൾ ഒട്ടേറെ. പുതിയ അഞ്ചുപുസ്തകങ്ങൾ ഒരേസമയം പ്രകാശനം ചെയ്തുകൊണ്ട് 90–ാം പിറന്നാൾ ആഘോഷിക്കാൻ മറ്റാർക്കു കഴിയും! 

ഭാഷകളുടെ താരതമ്യപഠനമായിരുന്നു ഇഷ്ടവിഷയം. എല്ലാവരും മാതൃഭാഷയിൽ ചിന്തിക്കുന്നുവെന്നാണു ശാസ്ത്രം. എന്നാൽ ഭാഷകളുടെ അതിർവരമ്പു വിട്ടു ചിന്തിച്ച ധിഷണാശാലിയെന്ന് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ പറയും. ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചപ്പോഴും പുസ്തകങ്ങളുടെ ലോകത്തു മരണം വരെയും തിരക്കിലായിരുന്നു. പതിനായിരത്തോളം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയിലാണ് അവസാനനാൾ വരെ ചെലവിട്ടത്. അക്ഷരങ്ങൾ ശ്വസിച്ചു ജീവിച്ചെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കിഷ്ടം.

English Summary : Write up about Vellayani Arjunan 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.