ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരിമരുന്നിന് അടിമകളായവർ ഉണ്ടെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സേതുരാമന്റെ വെളിപ്പെടുത്തൽ വലിയ ദുഃഖവും നിരാശയുമാണ് ഉണ്ടാക്കിയത്. പൊലീസ് കുടുംബങ്ങളെപ്പോലും ലഹരി ആഴത്തിൽ ബാധിച്ചിരിക്കുന്നു. 

സമൂഹം എത്ര വലിയ ആപത്തിലേക്കാണ് നീങ്ങുന്നതെന്നതിനു മറ്റു തെളിവുകൾ വേണ്ട. 

കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നവരാരും അവർ ലഹരി മാഫിയയ്ക്ക് അടിപ്പെടുമെന്നു കരുതുന്നില്ല. പക്ഷേ, ഈ ചിന്തകൊണ്ടുമാത്രം സ്വസ്ഥമായിരിക്കാനാവില്ല. സ്കൂളുകളിലേക്കു പോകുന്ന വഴിയിലും അവർ ഇടപെടുന്ന പരിസരങ്ങളിലുമാണ് കുട്ടികളെ ലഹരി മാഫിയ കീഴടക്കുന്നത്. ഇതിനെതിരെ സമൂഹത്തിന്റെ ഭാഗത്തുനിന്ന് സംഘടിതമായ രക്ഷാപ്രവർത്തനം ഉണ്ടാകണം. ഇതു ലഹരിക്ക് അടിപ്പെടുന്ന കുട്ടിയുടെ പ്രശ്നമായി മാത്രം പരിഗണിക്കരുത്. ഓരോ കുട്ടിയെയും സംരക്ഷിക്കേണ്ട സാമൂഹിക ഉത്തരവാദിത്തമാണ് നമുക്കു മുന്നിലുള്ളത്.   

ലഹരിവ്യാപനം തടയുന്നതിൽ പൊലീസിനു തന്നെയാണ് പ്രധാന പങ്ക്. പക്ഷേ, ഓരോ സ്കൂളും കോളജും സംരക്ഷിത മേഖലയായി മാറ്റിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളും പരിസരവും ലഹരിമുക്ത മേഖലയായിരിക്കണം എന്നതിന്റെ ഉത്തരവാദിത്തം പൊലീസിനൊപ്പം സ്കൂൾ, കോളജ് മാനേജ്മെന്റുകളും രക്ഷാകർതൃ സംഘടനകളും ചുറ്റുമുള്ള വ്യാപാരി വ്യവസായി–തൊഴിലാളി സമൂഹവും ഏറ്റെടുക്കണം.  

സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ

പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന് അടിയന്തരമായി കേരളം രൂപം നൽകണം. ഇക്കാര്യം ഹൈക്കോടതിയും എടുത്തുപറഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്റർ, പിടിഎ പ്രതിനിധി, പൊലീസ് പ്രതിനിധി, തദ്ദേശസ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും പ്രതിനിധികൾ എന്നിവരടങ്ങുന്നതാകണം സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ. 

മിന്നൽ പരിശോധനകൾ

സ്കൂളും പരിസരപ്രദേശവും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ അടിക്കടി നടത്തണം. ഹെൽമറ്റിന്റെയും സീറ്റ് ബെൽറ്റിന്റെയും പേരിൽ വാഹനയാത്ര സുരക്ഷിതമാക്കാൻ നമ്മുടെ റോഡുകളിൽ പൊലീസ് പരിശോധനകൾ പതിവാണ്. ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ പരിസരം സുരക്ഷിതമാണോയെന്നറിയാനും ഇത്തരം പരിശോധനകൾ വേണ്ടതാണ്.  

ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്

ലഹരിമരുന്ന് മാത്രമല്ല, പുകവലി, പാൻമസാല,  മറ്റു കെമിക്കൽ സ്വഭാവത്തിലുള്ള ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗവും വ്യാപകമാകുന്നു. ഒന്നിൽനിന്ന് പടിപടിയായി മറ്റൊന്നിലേക്ക് എന്ന നിലയിലാണ് താൽപര്യം പടർന്നുപിടിക്കുന്നത്. ലഹരിയുണ്ടാക്കുന്ന മുഴുവൻ സാമഗ്രികളും സ്കൂൾ, കോളജ് പരിസരത്തുനിന്നു നീക്കം ചെയ്യാനാകണം.  

മറയ്ക്കേണ്ട, പരസ്യമാക്കാം

ഏതെങ്കിലും വിദ്യാലയത്തിലോ സ്ഥാപനത്തിലോ ലഹരിയുടെ ഉപയോഗം കണ്ടെത്തിയാൽ കുട്ടിയുടെ പേര് നിർബന്ധമായും രഹസ്യമായി സൂക്ഷിക്കണം. പക്ഷേ, സ്കൂളിന്റെയോ സ്ഥാപനത്തിന്റെയോ പേര് പരസ്യപ്പെടുത്തണം. 

ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പൊലീസും മാധ്യമങ്ങളുമൊക്കെ പൊതുവേ ഇന്ന സ്ഥലത്തെ ഒരു സ്കൂൾ എന്നേ പറയൂ. പക്ഷേ, ഇന്ന പ്രദേശത്തെ ഇന്ന സ്കൂൾ എന്നു പറയുമ്പോൾ അവിടെ ജാഗ്രത വർധിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തും.  ഏതെങ്കിലുമൊരിടത്തെ പാലം അപകടത്തിലാണെങ്കിൽ ഏതോ പാലം അപകടത്തിലായി എന്നല്ലല്ലോ പറയാറ്. ലഹരി ഉപയോഗം കണ്ടെത്തിയാൽ പലപ്പോഴും പല വിദ്യാലയങ്ങളും അതു തങ്ങളുടേതല്ല എന്ന നിലപാടും സ്വീകരിക്കുന്നു. പേരു പരസ്യമാകുമ്പോൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജാഗ്രത വർധിക്കും. 

സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ ഒരിക്കലും അതതു മാനേജ്മെന്റുകളിലോ അധ്യാപകരിലോ രക്ഷിതാക്കളിലോ മാത്രം ഒതുങ്ങുന്നതല്ല. സ്ഥാപനം സ്ഥിതി ചെയ്യുന്ന പരിസരത്തെ സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണത്. പലപ്പോഴും ഇത്തരം കാര്യങ്ങളിൽനിന്നു സമൂഹം ഒഴിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇതൊഴിവാക്കണമെങ്കിൽ ലഹരി കണ്ടെത്തിയ ഇടം പരസ്യപ്പെടുത്തേണ്ടതുണ്ട്. 

Photo Credit : Artist Illustration
Photo Credit : Artist Illustration

സ്കൂൾ പരിസരത്ത് കുട്ടികൾ പുക വലിക്കുകയോ അവരെ തെറ്റായ സാഹചര്യത്തിൽ കാണുകയോ ചെയ്താൽ പൊതുജനത്തിനു സാമൂഹിക മര്യാദകൾ പുലർത്തി ഇടപെടാനാകണം. 

പണത്തിന് പരിധി വേണം

∙ സ്കൂളുകളിൽ കൗൺസലിങ്ങിനു സ്ഥിരം സംവിധാനം വേണം. 

∙ പെരുമാറ്റ വൈകല്യം കണ്ടെത്തിയാൽ കുട്ടിയെ നിർബന്ധമായും കൗൺസലിങ്ങിനു വിധേയമാക്കണം. 

∙ ലഹരി ഉപയോഗം കണ്ടെത്തുന്ന കുട്ടിയെ ക്രിമിനലായി കാണരുത്. ഡീ അഡിക്‌ഷനു വിധേയമാക്കണം.

∙ ലഹരി ഉപയോഗിക്കുന്ന കുട്ടിയുടെ വിവരം മറച്ചുവയ്ക്കണം. പക്ഷേ സംഭവം, സ്ഥലം എന്നിവ മറച്ചുവയ്ക്കരുത്

∙ കുട്ടികൾ സ്കൂളിൽ‍, കോളജിൽ പോകുന്നതും തിരിച്ചുവരുന്നതുമായ സമയം രക്ഷിതാക്കൾ കൃത്യമായി പരിശോധിക്കണം. 

∙ മക്കൾക്കു ചെലവഴിക്കാൻ നൽകുന്ന പണത്തിനു രക്ഷിതാക്കൾ പരിധി നിശ്ചയിക്കണം. പണം എങ്ങനെ ചെലവഴിച്ചെന്നും അറിയണം. 

∙ ദിവസവും കുട്ടികൾക്കു പണം കൊടുക്കുന്ന രീതി ഉപേക്ഷിക്കണം.  അതേസമയം,  അവരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കുകയും വേണം. സ്കൂളുകൾ തന്നെ രക്ഷിതാക്കളോട് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകണം. 

∙ ആഴ്ചയിൽ ഒരിക്കലെങ്കിലും കുട്ടിയുടെ സ്കൂൾ ബാഗ് രഹസ്യമായി പരിശോധിക്കണം. രക്ഷിതാവ് വാങ്ങി നൽകിയതല്ലാത്ത എന്തെങ്കിലും  കണ്ടാൽ അതെക്കുറിച്ചു ചോദിക്കണം. 

മൊബൈലിൽ പെട്ടുപോകരുത്

മൊബൈൽ ഫോൺ ഇന്നൊരു പഠന ഉപകരണം ആണെങ്കിലും ഉപയോഗത്തിൽ രക്ഷിതാക്കളുടെ ‘സൂപ്പർവിഷൻ’ ആവശ്യമാണ്.

Representative Image. Photo Credit : BrianAJackson / iStockPhoto.com
Representative Image. Photo Credit : BrianAJackson / iStockPhoto.com

ഇന്റർനെറ്റ് ഉപയോഗം, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ഗെയിമുകളിലെ ഇടപെടൽ എന്നിവ മനസ്സിലാക്കണം. കുട്ടിയെ ആരൊക്കെ വിളിച്ചു, തിരിച്ച് ആരെയെല്ലാം വിളിച്ചു, മെസേജുകൾ, അവയ്ക്കുള്ള മറുപടി എന്നിവയിലും കണ്ണു വേണം. 

ഫോണിൽ കൂടുതൽ കാര്യങ്ങൾ മായ്ച്ചിരിക്കുന്നതായി കാണുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കണം. എത്ര നേരം ഫോൺ ഉപയോഗിക്കാം, ഏതു സമയംവരെ അതു തുടരാം എന്നതിൽ നിയന്ത്രണം വേണം. മൂന്നു മണിക്കൂർ പുസ്തകം വായിക്കാനും തുടർച്ചയായി എഴുതാനുമുള്ള ‘അറ്റൻഷൻ സ്പാൻ’ കുട്ടികൾക്ക് ആവശ്യമാണ്. ഇതിനുള്ള ശേഷിയില്ലെങ്കിൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തുകയേ വഴിയുള്ളൂ.  ഏകാഗ്രതയിൽ ഇരിക്കാനുള്ള കഴിവ് 15 വയസ്സിനു മുൻപേ കൈവരേണ്ടതാണെന്നും ഓർമിക്കണം.

ലഹരിവിരുദ്ധ പ്രവർത്തനം ആഘോഷമാക്കരുത്

ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഒരിക്കലും വലിയ ആഘോഷ പരിപാടികളാക്കരുത്. മഹായോഗങ്ങൾക്കു തിന്മയ്ക്കെതിരെ വലിയ സ്വാധീനം െചലുത്താനാകില്ല. ഇത്തരം പരിപാടികളിൽ പങ്കാളികളാകാൻ എത്തുന്നവരിൽ ലഹരി മാഫിയയുടെ ആളുകളുടെ സാന്നിധ്യവും പ്രതീക്ഷിക്കാം. ഭാരിച്ച, പണച്ചെലവേറിയ ബോധവൽക്കരണ ആഘോഷങ്ങൾ ഫലം ചെയ്യില്ല. മദ്യത്തിനെതിരായ ബോധവൽക്കരണ പരിപാടികളുടെ സ്പോൺസർമാരായി മദ്യമാഫിയകളെത്തിയ മുൻകാല അനുഭവങ്ങളുണ്ട്. ചെറിയ ഗ്രൂപ്പുകളായി തിരിച്ചുള്ള അവബോധന പരിപാടികളും കൗൺസലിങ്ങുമാണ് വ്യാപിപ്പിക്കേണ്ടത്. 

ലഹരിക്കെതിരായ ക്യാംപെയ്ൻ അധ്യാപക–രക്ഷാകർ‍തൃ സമൂഹത്തിന്റെ നിരന്തര പ്രവൃത്തിയായി മുന്നോട്ടു കൊണ്ടുപോകണം. ചെറിയ ഗ്രൂപ്പുകളിൽ വ്യക്തിപരമായി കൈമാറുന്ന അറിവും മുന്നറിയിപ്പുമാണ് ഫലം കാണുക. വലിയ പരിപാടികൾ ലഹരിക്കു പരസ്യമാകുമെന്ന വ്യക്തിപരമായ അഭിപ്രായമാണുള്ളത്. 

നാടിനെ നശിപ്പിക്കാൻ ജനസംഖ്യയിലെ ഒരു ശതമാനം പേരെ ലഹരിക്ക് അടിമകളാക്കിയാൽ മതി. കേരളത്തിൽ ഒരു ശതമാനമെന്നതു മൂന്നു ലക്ഷം പേരാണ്. ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്ന 8,000 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേ കേരളത്തിലെ ജയിലുകളിലുള്ളൂ. 

മുന്നിലുള്ള കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. കുറ്റകൃത്യങ്ങളും സമൂഹത്തിന്റെ മാനസികാരോഗ്യം തകർക്കുന്നവയും തടയുന്നതിൽ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. 

പൗരധർമം, സാമൂഹിക ഇടപെടലുകൾ, പൊതു ഉത്തരവാദിത്തം എന്നീ കാര്യങ്ങളിലുള്ള പഠനം പാഠ്യപദ്ധതിയുടെ ഭാഗമാകണം. എൽകെജി മുതൽ രണ്ടാം ക്ലാസ് വരെയെങ്കിലും പഠനത്തിന്റെ സിംഹഭാഗവും ഇത്തരം കാര്യങ്ങൾക്കുവേണ്ടി നീക്കിവയ്ക്കണം. 

English Summary: writeup about drug abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com