കണ്ടോ കള്ളച്ചിരി

hitlar
താരങ്ങളുടെ വ്യാജച്ചിരി തയാറാക്കിയ അതേ മൊബൈൽ ആപ് ഉപയോഗിച്ച മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും മുഖത്ത് ചിരി ചേർത്തപ്പോൾ.
SHARE

ലോകവേദികളിൽ നമ്മുടെ അഭിമാനമുയർത്തി മെഡലുകൾ നേടിയ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന്റെയും കണ്ണീരിന്റെയും വാർത്തകളും ദൃശ്യങ്ങളുമാണ് ഈ ദിവസങ്ങളിൽ എല്ലാ മാധ്യമങ്ങളിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. 

താരങ്ങൾക്കു പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിക്കൊണ്ടിരിക്കുമ്പോഴും നീതി തേടിയുള്ള അവരുടെ പ്രക്ഷോഭത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. 

fake
താരങ്ങൾ പൊലീസ് വാനിൽ – വ്യാജ ചിത്രം
real
താരങ്ങൾ പൊലീസ് വാനിൽ – യഥാർഥ ചിത്രം

ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം പ്രകടനം നടത്തിയ ഗുസ്തിതാരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരുവിലൂടെ താരങ്ങളെ വലിച്ചിഴച്ചതൊക്കെ അന്നേ വിവാദമായതാണ്. കസ്റ്റഡിയിലെടുത്തു പൊലീസ് വാനിൽ കൊണ്ടുപോകുമ്പോൾ താരങ്ങളായ സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും വാനിൽവച്ച് ഒരു സെൽഫിയെടുത്തിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ് എന്നു ലോകത്തെ അറിയിക്കാനാണ് അവർ പടമെടുത്തത്. 

എന്നാൽ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം നോക്കുക. വലിയ സമരം നടത്തി, പൊലീസ് അതിക്രമം കാണിച്ചു എന്നൊക്കെ പറയുന്ന താരങ്ങൾ ചിരിച്ചുല്ലസിച്ചാണ് പൊലീസ് വാനിലിരിക്കുന്നത് എന്ന പേരിലാണ് ഈ ചിത്രം ചിലർ പ്രചരിപ്പിച്ചത്.  ചിത്രത്തിൽ സംഗീതയും വിനേഷും ചിരിക്കുന്നുണ്ട് എന്നതു ശരിതന്നെ. എന്നാൽ, താരങ്ങൾ എടുത്ത യഥാർഥചിത്രം കാണുമ്പോഴാണ് ഈ ചിരിച്ചിത്രത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്: സംഗീതയും വിനേഷും ചിരിക്കുന്ന സെൽഫി ചിത്രം വ്യാജമാണ്. 

നമ്മുടെ മുഖത്തിന്റെ ചിത്രങ്ങൾക്കു മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒട്ടേറെ മൊബൈ‍ൽ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഏതു ചിത്രത്തിലെ വ്യക്തിയെയും ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ ഈ ആപ്പിലൂടെ കഴിയും. കുട്ടികൾ വരെ ഫോണിൽ കളിക്കാൻ ഉപയോഗിക്കുന്നതാണ് ഇത്തരം ആപ്പുകളിൽ പലതും. 

സംഗീതയും വിനേഷും പൊലീസ് വാനിൽനിന്നെടുത്ത ചിത്രം ഇത്തരമൊരു മൊബൈൽ ആപ്ലിക്കേഷനിലൂടെ കടത്തി വിട്ട് അവരുടെ മുഖത്തു ‘വ്യാജ ചിരി’ ചേർത്താണു സമരത്തെ എതിർക്കുന്നവർ പ്രചരിപ്പിച്ചത്. ഇവിടെ ചേർത്തിട്ടുള്ള ചിത്രങ്ങൾ സൂക്ഷ്മമായി നോക്കിയാൽ ഒരു കാര്യം വ്യക്തമാകും – രണ്ടു താരങ്ങളുടെയും പല്ലുകൾ ഒന്നു തന്നെയാണ്! അതായത്, ഓരോ മനുഷ്യർക്കും ഓരോ തരം പല്ലുകളാണെന്നു മനസ്സിലാക്കാൻ മാത്രം നിർമിതബുദ്ധിയില്ല (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) നമ്മുടെ മൊബൈൽ ആപ്പിന്. അതുകൊണ്ട് ആപ്  രണ്ടു പേർക്കും ഒരേ പല്ലുതന്നെ ഫിറ്റ് ചെയ്തു!  വ്യാജൻ തയാറാക്കിയ ആൾ ഉദ്ദേശിക്കാത്ത മറ്റൊരു കാര്യംകൂടി ആപ് ചെയ്തുകളഞ്ഞു: രണ്ടു താരങ്ങൾക്കും ഒരേ നുണക്കുഴിയും കൂടി ചേർത്തുവിട്ടു. ചിത്രം സൂക്ഷിച്ചു നോക്കിയാൽ അതും കാണാം. 

എത്രയോ കാലമായി ആപ് സ്റ്റോറുകളിലുള്ള ചെറിയൊരു ആപ്ലിക്കേഷൻകൊണ്ട് ഇങ്ങനെ കൃത്രിമം കാട്ടി ലോകമാകെ പ്രചരിപ്പിക്കാൻ കഴിയുമെങ്കിൽ എഐ ഒക്കെ വലിയ തോതിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ സംഹാരശേഷി എത്രയാകുമെന്ന് ആലോചിച്ചു നോക്കൂ!  

ഇല്ല, സ്കോളർഷിപ് കിട്ടില്ല!  

കഴിഞ്ഞ ദിവസങ്ങളിലാണ് സ്കൂൾ പരീക്ഷാഫലങ്ങൾ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ടു പല തെറ്റായ വിവരങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചുവെന്നു മട്ടിൽ പ്രചാരണം നടത്തിയ യുട്യൂബറെ അറസ്റ്റ് ചെയ്ത വാർത്ത നമ്മൾ അറിഞ്ഞതാണല്ലോ. 

message
സ്കോളർഷിപ് സംബന്ധിച്ചു പ്രചരിക്കുന്ന വാട്സാപ് സന്ദേശം

പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ വാട്സാപ് വഴി പ്രചരിച്ച സന്ദേശങ്ങളിലൊന്നാണ് ‘പ്രേരണ’ എന്ന സന്നദ്ധസംഘടന 80 ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നു എന്നത്. മലയാളത്തിലും ഇംഗ്ലിഷിലും ഇതു മിക്ക ഗ്രൂപ്പുകളിലും കണ്ടു. സന്ദേശത്തിൽ ഫോൺ നമ്പറുകളും വെബ് സൈറ്റ് വിലാസവും ചേർത്തിട്ടുണ്ട്. എന്നാൽ, ഫോൺ നമ്പറുകളിൽ വിളിച്ചാൽ കിട്ടില്ല. വെബ്സൈറ്റിൽ പോയാൽ ഇതു സംബന്ധിച്ച വിവരങ്ങളുമില്ല.  ഈ സന്ദേശം 13 വർഷമായി പരീക്ഷാഫല സീസണിൽ പ്രചരിക്കുന്നതാണ്. പ്രേരണ എന്നൊരു സന്നദ്ധ സംഘടന ഉണ്ടെന്നതു ശരിയാണ്. അവരുടെ ശരിയായ വെബ്സൈറ്റിൽ സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ ചേർത്തിട്ടുണ്ട്. അതുപക്ഷേ, കർണാടകയിലെ വിദ്യാർഥികൾക്കു മാത്രമുള്ളതാണ്. 

ഒഡീഷ സർക്കാരിന്റെ പിന്നാക്ക ക്ഷേമ വകുപ്പ് വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പിന്റെ പേരും പ്രേരണ എന്നാണ്. എന്നാൽ ഇത് അവിടത്തെ വിദ്യാർഥികൾക്കു മാത്രമേ കിട്ടൂ.  

ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽ ആ സ്കോളർഷിപ് മെസേജ് ഷെയർ ചെയ്തിട്ടു കാര്യമില്ലെന്നർഥം.

English Summary: viral column

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.