ADVERTISEMENT

ബാലസോർ (ഒഡീഷ) ∙ വൈകിട്ട് 7.30.  ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ പാളം തെറ്റിയെന്നും ഏറെപ്പേർ ഗുരുതരാവസ്ഥയിലാണെന്നുമുള്ള വിവരം ഞെട്ടലോടെ രാജ്യം കേട്ടു. കൊറമാണ്ഡൽ എക്സ്പ്രസ് ചരക്കുതീവണ്ടിയുമായി ഇടിച്ചു മറിഞ്ഞെന്നായിരുന്നു ആദ്യ വിവരം.  ഇതിന്റെ ‍ഞെട്ടലിൽനിന്നു മോചിതമാകും മുൻപ് ബെംഗളൂരു–ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അപകടത്തിൽപെട്ടതായി അടുത്ത വിവരം പുറത്തുവന്നു. രണ്ടിടത്തായി നടന്ന അപകടമെന്നു പ്രചരിച്ചതോടെ എന്താണു സംഭവിക്കുന്നതെന്ന ആശങ്കയിലായി ജനം. 

അൽപസമയത്തിനുള്ളിൽ വാർത്താ ഏജൻസികൾ രണ്ട് അപകടവും ഒരിടത്താണു നടന്നതെന്നു വ്യക്തമാക്കി. ഒരു അപകടം മാത്രമാണുണ്ടായതെന്ന ആശ്വാസത്തിനൊപ്പം മരണസംഖ്യ ഉയരുമെന്ന ആശങ്ക ഇരട്ടിച്ചു. 

ആദ്യ ട്രെയിനിന്റെ 12 ബോഗികൾക്കൊപ്പം രണ്ടാമത്തെ ട്രെയിനിന്റെ 3 ബോഗികൾ കൂടി മറിഞ്ഞെന്ന വിവരം വന്നു; പരുക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം കൂടുമെന്നു വ്യക്തമായി. 70 പേർ മരിച്ചെന്നും മുന്നൂറ്റിയൻപതിലേറെപ്പേർക്കു പരുക്കേറ്റെന്നുമുള്ള സ്ഥിരീകരണം വന്നു.

∙ കേരളത്തിലും ആശങ്ക

Balasore-train-accident-3
രാത്രി വൈകിയുള്ള രക്ഷാപ്രവർത്തനം.

കൊറമാണ്ഡൽ എക്സ്പ്രസ് ചെന്നൈയിലേക്കുള്ള ട്രെയിനായിരുന്നുവെന്നത് മലയാളികളുടെ ആശങ്ക വർധിപ്പിച്ചു. മലയാളികളുണ്ടോ എന്ന അന്വേഷണവുമായി റെയിൽവേ സ്റ്റേഷനുകളിലേക്കു വിളികളെത്തി. ബെംഗളൂരു – ഹൗറ എക്സ്പ്രസിലും മലയാളികളുണ്ടായേക്കാമെന്ന ചിന്തയും ഇതിനു കാരണമായി. ഒട്ടേറെ മലയാളികൾ ആശ്രയിക്കുന്ന ട്രെയിനുകളാണ് രണ്ടും. 

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ 

1954 സെപ്റ്റംബർ 28 ∙ ഹൈദരാബാദിനു സമീപം ട്രെയിൻ നദിയിലേക്കു മറിഞ്ഞ് 139 മരണം.

1956 നവംബർ 23 ∙ മദ്രാസ് – തൂത്തുക്കുടി എക്സ്പ്രസ് ട്രെയിൻ നദിയിലേക്കു മറിഞ്ഞ് 104 മരണം.

1962 ജൂലൈ 22 ∙ അമൃത്‌സർ – ഹൗറ മെയിൽ പട്നയിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് നൂറിലേറെ മരണം.

1964 ഡിസംബർ 23 ∙ ധനുഷ്കോടി പാമ്പൻ പാസഞ്ചർ ട്രെയിൻ കടൽക്ഷോഭത്തിൽ അകപ്പെട്ട് 126 മരണം.

1981 ജൂൺ 6 ∙ ബിഹാറിൽ ട്രെയിൻ നദിയിലേക്കു മറിഞ്ഞ് അഞ്ഞൂറിലേറെ മരണം.

1988 ജൂലൈ 8 ∙ കൊല്ലം പെരുമൺ പാലത്തിൽനിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണം.

1988 ഏപ്രിൽ 18 ∙ ഉത്തർപ്രദേശിൽ ലളിത്പുരിനു സമീപം കർണാടക എക്സ്പ്രസ് പാളം തെറ്റി 75 മരണം.

1995 ഓഗസ്റ്റ് 20 ∙ യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ച് 400 മരണം.

1997 സെപ്റ്റംബർ 14 ∙ അഹമ്മദാബാദ്–ഹൗറ എക്സ്പ്രസിന്റെ 5 കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പുർ നദിയിൽ വീണ് 81 മരണം. 

1998 നവംബർ 26 ∙ പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണം.

1999 ഓഗസ്റ്റ് 2∙ അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരണം.

2001 ജൂൺ 22 ∙ മംഗളൂരു – ചെന്നൈ മെയിലിന്റെ 6 ബോഗികൾ കോഴിക്കോട് കടലുണ്ടി പുഴയിൽ വീണ് 52 മരണം.

2002 സെപ്റ്റംബർ 9 ∙ ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസിന്റെ കോച്ച് നദിയിൽ വീണു 100 മരണം.

2010 മേയ് 28 ∙ ബംഗാളിലെ നക് സൽസിൽ ജ്ഞാനേശ്വരി എക്സ് പ്രസ് പാളം തെറ്റി 148 മരണം.

Balasore-train-accident-2
ബാലസോറിൽ അപകടത്തിൽപെട്ട ട്രെയിൻ.

2018 ഒക്ടോബർ 20∙ പഞ്ചാബിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 60 മരണം.

ഗോവ – മുംബൈ വന്ദേഭാരത് ഫ്ലാഗ് ഓഫ് മാറ്റി 

മുംബൈ ∙ ഗോവ – മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഇന്നു നടക്കാനിരുന്ന ഫ്ലാഗ് ഓഫ് മാറ്റിവച്ചതായി റെയിൽവേ അറിയിച്ചു. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തെത്തുടർന്നാണിത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കാനാണു നിശ്ചയിച്ചിരുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മഡ്ഗാവ് സ്റ്റേഷനിലെ ചടങ്ങിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.  

രക്ഷപ്പെട്ട യാത്രക്കാരൻ പറയുന്നു

തുടരെ രണ്ടിടി; മരിച്ചെന്ന് ഉറപ്പിച്ചു

ബാലസോർ∙ ‘‘എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചു. ജീവിതം തിരിച്ചുകിട്ടിയതിനു ദൈവത്തിനു നന്ദി’’ – പാളം തെറ്റി മറിഞ്ഞ കോച്ചിൽനിന്നു പുറത്തുവന്ന് ഗോബിന്ദ മൊണ്ടാൽ സ്ഥലത്തെത്തിയ മാധ്യമങ്ങളോടു പറഞ്ഞു. 

‘‘ഞാനടക്കം കുറച്ചുപേർ രക്ഷപ്പെട്ടു. എനിക്കു കാര്യമായി പരുക്കില്ല. നെഞ്ചുവേദനയും ശരീരവേദനയുമായി പിടയുന്നവരെയും കണ്ടു. 

ഏഴുമണിയോടെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് വലിയ ശബ്ദത്തോടെ ട്രെയിൻ ഇടിച്ചതും ഞാനിരുന്ന കോച്ച് അടക്കം മറിഞ്ഞതും. ഏറെപ്പേർ മറിഞ്ഞ കോച്ചുകൾക്കുള്ളിൽപെട്ടു. വലിയ നിലവിളികൾ ഉയർന്നു. പിന്നാലെ രണ്ടാമതൊരു ഇടിയും അതിന്റെ ശബ്ദവും മുഴങ്ങി.  മറിഞ്ഞുകിടന്ന കോച്ചുകൾക്കു മുകളിൽ കയറി രക്ഷാപ്രവർത്തകർ പരുക്കേറ്റവരെ വാതിലുകളിലൂടെയും പൊട്ടിയ ജനലുകളിലൂടെയും  വലിച്ചു പുറത്തെടുക്കുകയായിരുന്നു’’ – മൊണ്ടാലിന്റെ വാക്കുകൾ.

English Summary : Write up on Balasore train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com