ADVERTISEMENT

ലോകമാകെയുള്ള പ്രവാസി മലയാളികളെ കേരളവുമായി കൂട്ടിയിണക്കുന്ന വേദിയെന്ന നിലയിലാണ് ലോക കേരളസഭ അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ സ്വന്തമായ പ്രവാസി സഹോദരങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ നിർദേശങ്ങൾ സ്വീകരിക്കാനും അവർക്ക് അർഹിക്കുന്ന ആദരം നൽകാനും സർക്കാർ തയാറായത് നല്ല ചുവടുവയ്പായിരുന്നു. എന്നാൽ, പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച സംവിധാനം സ്വജനപക്ഷപാതത്തിന്റെയും സ്വാർഥതാൽപര്യത്തിന്റെയും വേദിയായി മാറുന്നതാണു പിന്നീട് കണ്ടത്. 

സർക്കാരിനോടും അതിനു നേതൃത്വം കൊടുക്കുന്ന പാർട്ടിയോടും അടുപ്പം പുലർത്തുന്നവർക്കു പ്രാമുഖ്യം ലഭിക്കുന്ന തരത്തിൽ ലോക കേരളസഭയുടെ ഘടന മാറ്റി. സർക്കാർ ഖജനാവിൽനിന്നും പ്രവാസികളുടെ കയ്യിൽനിന്നുമെല്ലാം വലിയതുക ചെലവിട്ടു സമ്മേളനങ്ങൾ നടത്തിയിട്ടും ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാനാകാത്ത സ്ഥിതി വന്നു. മൂന്നാം ലോകകേരളസഭയിൽ ലഭിച്ച 67 നിർദേശങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല. രണ്ടാം സഭയിൽ ലഭിച്ച 138 നിർദേശങ്ങളിൽ നടപടിയുണ്ടായത് 58 എണ്ണത്തിൽ മാത്രം. ഒന്നാം സഭയിലെ നിർദേശങ്ങളിൽ 10 എണ്ണമാണു നടപ്പാക്കിയതെന്നു സർക്കാർതന്നെ പറയുന്നു. 

ധൂർത്തും നിരർഥകതയും ആരോപിച്ചു പ്രതിപക്ഷവും പ്രതിപക്ഷത്തെ സംഘടനകളാകെയും ഓരോ സമ്മേളനവും ബഹിഷ്കരിച്ചു. ആരോപണങ്ങളിൽപെട്ടവരുടെ സാന്നിധ്യംകൊണ്ടും ലോക കേരളസഭ ചർച്ചാവിഷയമായി. കേരളത്തിൽ നടന്നുവന്ന ലോക കേരളസഭ, മേഖലാ സമ്മേളനങ്ങൾ എന്ന പേരിൽ വിദേശത്തു നടന്നുതുടങ്ങിയപ്പോൾ മുതൽ ആരോപണത്തിന്റെ തലം മാറി. ദുബായിലും യുകെയിലും നടന്ന മേഖലാ സമ്മേളനങ്ങൾക്കുശേഷം ഇത്തവണ ന്യൂയോർക്കിലേക്ക് എത്തുമ്പോൾ സ്പോൺസർഷിപ് വിവാദമാണുയർന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയെച്ചെ‍ാല്ലിയും ചോദ്യങ്ങളുയരുന്നു.

സർക്കാർ ബജറ്റിൽനിന്നു പണം അനുവദിക്കുന്ന, െഎഎഎസ് ഉദ്യോഗസ്ഥ ഡയറക്ടറായിരിക്കുന്ന സംവിധാനമാണു ലോക കേരളസഭ. സർക്കാരിനു കീഴിലുള്ള സംരംഭത്തിന്റെ സമ്മേളനം, സർക്കാരിനു പുറത്തുള്ളവർ സ്പോൺസർഷിപ്പിലൂടെ പണം പിരിച്ചു നടത്തുന്നുവെന്നതാണ് തുടങ്ങുംമുൻപേ ന്യൂയോർക്ക് സമ്മേളനത്തെ വിവാദത്തിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വൻ സംഘമാണു കേരളത്തിൽനിന്നു പോകുന്നത്. അമേരിക്ക പോലെയൊരു രാജ്യത്തെ ആഡംബര ഹോട്ടലിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുമ്പോൾ വലിയ ചെലവുണ്ടാകും. അഞ്ചരക്കോടിയോളം രൂപയാണു സംഘാടകസമിതി കണക്കാക്കിയ ചെലവ്. എന്നാൽ, അതിനു സ്പോൺസർമാരെ കണ്ടെത്താൻ നൽകിയ വാഗ്ദാനങ്ങൾ കേരളത്തിനു തന്നെ നാണക്കേടായി മാറുകയാണ്. ഒരു ലക്ഷം ഡോളറും 50,000 ഡോളറും മുടക്കുന്നവർക്കു മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനും വേദിയിൽ സാന്നിധ്യമറിയിക്കാനും അവസരം നൽകുമെന്നതാണ് അതിലെ‍ാരു വാഗ്ദാനം. 

പണത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ, പ്രവാസികളെയാകെ ഒന്നായി കാണാൻ രൂപീകരിച്ച സംവിധാനമാണു പണത്തിന്റെ അളവുകോൽ പ്രയോഗിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം സമയം ചെലവിടാൻ, ഒരാൾ നൽകുന്ന പണം മാനദണ്ഡമാക്കുന്നതെങ്ങനെ എന്ന ചോദ്യവുമുണ്ട്. 

അമേരിക്കയിൽ ദീർഘകാലമായി താമസിച്ച് ബിസിനസ് നടത്തിയും മറ്റും നല്ല നിലയ്ക്കു ജീവിക്കുന്ന മലയാളികളും സംഘാടകസമിതിയിലുണ്ട്. അവരാരും ഇത്തരത്തിൽ പണംപിരിച്ചു സമ്പാദിക്കേണ്ട ആവശ്യമുള്ളവരല്ല; അതിനവർ തയാറാകുമെന്നും കരുതാനാകില്ല. സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്താൻ നിർദേശിച്ചതു ‘നോർക്ക’യാണെന്നാണു വിവരം. മുൻപും അങ്ങനെ ചെയ്തിട്ടുണ്ടെന്നു ന്യായീകരിച്ചതുകൊണ്ട് ഇക്കാര്യത്തിലുണ്ടായ വീഴ്ച ഇല്ലാതാകുന്നില്ല. സർക്കാരിനു പണച്ചെലവില്ലെന്നു കരുതി കൊഴുപ്പു കൂടിയ സമ്മേളനങ്ങൾ നടത്തി പ്രവാസികളുടെ പണം ധൂർത്തടിക്കരുത്. ലോക കേരളസഭയുടെ സാമ്പത്തിക ഇടപാടുകൾക്കു സുതാര്യത ഉറപ്പുവരുത്തുകയും വേണം.  

ലോക കേരളസഭ ലോകത്തിനു മുൻപിൽ കേരളത്തെ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ്. കേരളത്തിൽ ജീവിക്കുന്ന കേരളീയർ മാത്രമല്ല, പുറത്തുള്ള കേരളീയർകൂടി ചേർന്നതാണു കേരളമെന്ന ഒരുമയുടെ സന്ദേശമാണു നൽകേണ്ടത്. അവിടെ പണത്തിന്റെ തുലാസുകൊണ്ടു തൂക്കുന്നതു മലയാളികൾക്കാകെ അപമാനമാണ്. പ്രവാസികളുടെ അന്തസ്സിനു വിലയിട്ടുകൂടാ. ലോക കേരളസഭ രൂപീകരിക്കുമ്പോൾ ഉദ്ദേശിച്ച പ്രവാസിക്ഷേമത്തിലേക്ക് അതിന്റെ സമ്മേളനങ്ങളും നടപടികളും തിരികെയെത്തിക്കണം. വിവാദങ്ങളിലേക്കു പ്രവാസികളെ വലിച്ചിഴയ്ക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തുകയും വേണം.

Content Highlight: Loka Kerala Sabha Fundraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com