ദൈവത്തിന് അറിയേണ്ടത്
Mail This Article
ഭൂലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിച്ചു മനസ്സിലാക്കാൻ ദൈവം താൽപര്യപ്പെടുന്നില്ലെന്നു രാഹുൽ ഗാന്ധിക്ക് എങ്ങനെയറിയാം? കലിഫോർണിയയിലെ സാന്ത ക്ലാരയിൽ ഇന്ത്യക്കാരോടു സംസാരിച്ചപ്പോൾ, ദൈവത്തെപ്പോലും പഠിപ്പിക്കാൻതക്ക സർവജ്ഞാനിയാണ് മോദിയെന്നാണ് രാഹുൽ പരിഹസിച്ചത്. മോദിയെക്കുറിച്ചു മാത്രമല്ല, ദൈവത്തെക്കുറിച്ചും തനിക്ക് എല്ലാമറിയാമെന്നാണ് രാഹുലിന്റെ വിചാരം; മോദിയുടെ പിന്നാലെ നടക്കുകയെന്ന ഇടയ്ക്കുപേക്ഷിച്ച ശീലം രാഹുൽ പിന്നെയും തുടങ്ങിയിരിക്കുന്നു.
മലയാളത്തിൽ സക്കറിയയുടെ ഒരു കഥയുടെ കാര്യമെടുത്താൽ, ‘ഞാനുറങ്ങാൻ പോകും മുൻപായ്’ എന്നു തുടങ്ങുന്ന പാട്ടുപാടാൻ ദൈവം പഠിക്കുന്നത് ബാബുക്കയെന്ന നമ്മുടെ എം.എസ്.ബാബുരാജിൽനിന്നാണ്. ആ ദൈവം ഒരു പയ്യന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നുപോലുമുണ്ട്.
കഥവിട്ട് കാര്യത്തിലേക്കു വന്നാൽ, ദൈവത്തിന്റെ രാഷ്്ട്രീയ നിലപാടിനെക്കുറിച്ചുവരെ നമ്മുടെ ഭരണഘടനാസഭയിൽ ചോദ്യമുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും മന്ത്രിമാരുമൊക്കെ ചൊല്ലേണ്ട സത്യപ്രതിജ്ഞയിൽ ‘ദൈവനാമത്തിൽ’ എന്നു ചേർക്കുന്നതിന് ദൈവത്തിൽനിന്ന് അനുവാദം വാങ്ങിയോ, ദൈവസമ്മതമില്ലാതെ ‘ദൈവനാമ’ത്തിലെന്നു പ്രയോഗിക്കുന്നത് ഉചിതമാണോ തുടങ്ങിയ മൗലികചോദ്യങ്ങളാണ് ഈസ്റ്റ് പഞ്ചാബിൽനിന്നുള്ള അംഗമായ സർദാർ ഭൊപീന്ദർ സിങ് മൻ ഉന്നയിച്ചത്.
ദൈവം കമ്യൂണിസ്റ്റായിരിക്കാം, അല്ലെങ്കിൽ സോഷ്യലിസ്റ്റ് ചായ്‌വുള്ളയാളായിരിക്കാം: തന്റെ നാമം ഉപയോഗിക്കാൻ ഇപ്പോൾ സമ്മതിച്ചാലും ഒരു ദിവസം ആ സമ്മതമങ്ങു പിൻവലിക്കാൻ ദൈവം തീരുമാനിച്ചാൽ എന്താവും നമ്മുടെ ഭരണഘടനയുടെ ഗതിയെന്നും ഭൊപീന്ദർ സിങ് ആശങ്കാകുലനായെന്നും 1949 ഓഗസ്റ്റ് 26ലെ സഭാരേഖകളിൽ വ്യക്തമാണ്.
മൊബൈൽ ഫോൺ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലം. പഴയ ആന്ധ്രപ്രദേശിൽനിന്നു ലോക്സഭാംഗവും രാജ്യസഭാംഗവുമൊക്കെയായ ഈ കോൺഗ്രസ് നേതാവിനെ രാഹുലിന് അറിയാവുന്നതാണ്. നിർമാണ കരാറുകളിലൂടെ അതിസമ്പന്നനായ നേതാവ് തന്റെ മണ്ഡലത്തിൽ ചെല്ലുമ്പോൾ പലയിടത്തും ജനം സങ്കടം പറയും: കുടിവെള്ളം കിട്ടാനില്ല. അതിനെന്താ, ഞാൻ ദൈവത്തോടു പറയാമല്ലോ എന്ന് നേതാവദ്ദേഹം മറുപടി നൽകും. എന്നിട്ടദ്ദേഹം മൊബൈൽ ഫോണെടുക്കും, ദൈവത്തിന്റെ നമ്പർ ഡയൽ െചയ്യും, അങ്ങേത്തലയ്ക്കൽ ദൈവം ഫോണെടുത്തുവെന്ന് നേതാവിന്റെ മുഖപ്രസാദത്തിൽ വ്യക്തമാവും. ദൈവമേ ഈ ജനത്തിന് എത്രയും വേഗം കുടിവെള്ളം ലഭിക്കാൻ ഏർപ്പാടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും. ദൈവം സമ്മതിക്കും.
രഥയാത്രികൻ മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അഡ്വാനിക്കുമുണ്ടൊരു ദൈവകാര്യം. ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം.എസ്.ലിബറാൻ കമ്മിഷൻ മുൻപാകെ, ഭാവഭേദമേതുമില്ലാതെ അഡ്വാനി പറഞ്ഞു: രഥയാത്രയിൽ ജനം എന്നെ നോക്കിയത് ദൈവത്തെ നോക്കുന്നതുപോലെയാണ്.
ഗോവയിലെ കോൺഗ്രസ് നേതാവായിരുന്ന ദിഗംബർ കാമത്ത് കഴിഞ്ഞ വർഷം ബിജെപിയിൽ ചേരുന്നതിനു മുൻപ് ദൈവത്തോട് അനുവാദം ചോദിച്ചു. ബിജെപിയിൽ ചേരാൻ ദൈവം തനിക്ക് അനുവാദം നൽകിയതായി കാമത്തുതന്നെ വെളിപ്പെടുത്തി. ഇങ്ങനെ ചരിത്രപരമായി നോക്കുമ്പോൾ മനസ്സിലാവും ദൈവവും ഇന്ത്യൻ രാഷ്ട്രീയക്കാരുമായി മികച്ച ബന്ധമാണുള്ളതെന്നും രാഹുലിന് അതെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും. പ്രതിപക്ഷത്തെ മറ്റു കക്ഷികളുടെ നേതാക്കളുമായെന്നപോലെ ലോകകാര്യങ്ങളിൽ താൽപര്യമുള്ള ദൈവവുമായും രാഹുൽ നല്ല ബന്ധം ഉണ്ടാക്കേണ്ടിയിരിക്കുന്നു.
ഭൂലോകചലനം മാത്രമല്ല, മറ്റെന്തെല്ലാം കാര്യങ്ങളെക്കുറിച്ചു ദൈവത്തിനു മോദിയോടു ചോദിച്ചറിയാനുണ്ടാവും. ഒരു സുപ്രഭാതത്തിൽ മഹാരഥന്മാരെയുൾപ്പെടെ മാറ്റിനിർത്തി എങ്ങനെ ദേശീയനേതാവായി, നോട്ടുനിരോധനം ആരുടെ ആശയമായിരുന്നു, ജമ്മു–കശ്മീരിനെ സംസ്ഥാനമല്ലാതാക്കിയപ്പോൾ ഉണ്ടായ മെച്ചങ്ങൾ എന്തൊക്കെ, ഇനിയങ്ങോട്ട് രാഷ്ട്രപതിക്കു പ്രസക്തിയുണ്ടാകുമോ തുടങ്ങി ദൈവത്തിനുപോലും എത്ര ആലോചിച്ചിട്ടും ഉത്തരംകിട്ടാത്ത എത്രയോ ചോദ്യങ്ങളുണ്ടാവും. അതൊക്കെ ദൈവം മോദിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. ദൈവത്തെ പഠിപ്പിക്കേണ്ടതെങ്ങനെ എന്ന് മോദിക്ക് അറിയാമെങ്കിൽ അതു രാജ്യത്ത് ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രിയായ കോൺഗ്രസുകാരനല്ലാത്ത നേതാവിന്റെ മിടുക്ക്.
യുഎസിലും യുകെയിലുമൊക്കെ പോയി ഇന്ത്യക്കാരുടെയും അക്കാദമികരുടെയുമൊക്കെ മുന്നിൽ രാഹുൽ ആവേശഭരിതനാവുകയും മോദിയെ അടിമുടി വിമർശിച്ചു കയ്യടി വാങ്ങുകയും ചെയ്യുമ്പോൾ ബിജെപി പറയും; ദാ ഇന്ത്യയിൽ ഭരണമാറ്റത്തിനു വിദേശകരങ്ങളും ഉത്സാഹിക്കുന്നുവെന്ന്. ആ വിമർശനം ഭയന്നുതന്നെയാണ് രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലെ പ്രസംഗങ്ങളിൽ പലതിലും പറഞ്ഞത്, ഇന്ത്യയിലെ പോരാട്ടം ഞങ്ങൾതന്നെ നടത്തേണ്ടതാണെന്ന്.
ഏറെ പണ്ടല്ലാത്ത കാലത്തും പ്രധാനമന്ത്രിമാരുൾപ്പെടെ ഇന്ത്യൻ നേതാക്കൾ വിദേശങ്ങളിൽ ഇന്ത്യൻ സമൂഹങ്ങളെ വിളിച്ചുകൂട്ടി സംസാരിച്ചിരുന്നു. അവർ പറഞ്ഞിരുന്നത് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ കുശുമ്പും കുന്നായ്മകളുമല്ല, രാജ്യത്തിനു ഗുണകരമാകുന്ന നയതന്ത്രത്തിൽ എങ്ങനെ പ്രവാസികൾക്കു സഹായിക്കാമെന്നും മറ്റുമാണ്. മോദി – രാഹുൽ കാലത്തെ ശ്രദ്ധേയമായ മാറ്റമാണ് ഇന്ത്യയിലെ കക്ഷിരാഷ്ട്രീയത്തെക്കുറിച്ചു വിദേശത്ത് ഇന്ത്യൻ നേതാക്കളുടെ അധികപ്രസംഗങ്ങളും പ്രവാസികളുടെ ചേരിതിരിഞ്ഞുള്ള കയ്യടിയും. യുപി മോഡലിൽ അഭിമാനപുളകിതരായ ചിലർ കഴിഞ്ഞ ഓഗസ്റ്റ് 15ന് ബുൾഡോസർ എഴുന്നള്ളിച്ച് യുഎസിലെ ന്യൂ ജഴ്സിയിൽ പ്രദക്ഷിണവും നടത്തി. ഇനി രാഹുലിനു യുഎസിൽതന്നെ മോദി മറുപടി നൽകുന്നതു കേൾക്കാനായേക്കും, ഈ മാസം മൂന്നാം വാരത്തിൽ. അതാണു കാലം.
ദൈവത്തിനുള്ള മോദിയുടെ ക്ലാസ് അവിടെ നിൽക്കട്ടെ. കർണാടകയിലെ ജയവും ഭാരത് ജോഡോ വിജയവും പറഞ്ഞുനടന്നാൽ സംസ്ഥാനങ്ങളിൽ ജയിക്കുമോ? മോദിക്കപ്പുറം, ബിജെപിയെ നേരിടാൻ കൃത്യമായ ധാരണകൾക്കുള്ള സമയം നഷ്ടപ്പെടുത്തി പ്രസംഗിച്ചു നടന്നാൽ മതിയോ? കോൺഗ്രസാണ് പ്രതിപക്ഷത്തെ നയിക്കുകയെന്ന് അംഗീകരിക്കാൻ ഇനിയും പല കക്ഷികളും തയാറാവാത്തതെന്തുകൊണ്ട്? പത്തു മാസം കഴിഞ്ഞുള്ള പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ ദേശീയമായി രാഹുലിന്റെ പാർട്ടി എന്നു സജ്ജമാവും? സ്നേഹത്തിന്റെ കടയിലെ തിരക്കിനിടയിൽനിന്ന് രാഹുലിനെ അടുത്തുകിട്ടിയാൽ ചോദിക്കാൻ ഇങ്ങനെ ചില ചോദ്യങ്ങൾ ദൈവത്തിനുപോലുമുണ്ടാവും.
English Summary : Deseeyam column about Rahul Gandhi's political analysis