ഈ സങ്കടത്തിന് കാതോർക്കുക

HIGHLIGHTS
  • കേൾവിപരിമിതിയുള്ള കുട്ടികൾക്ക് ശബ്ദലോകം കെ‍ാട്ടിയടയ്ക്കരുത്
hearing day
Photo credit : Bangkoker / Shutterstock.com
SHARE

സർക്കാർ കാണുന്നുണ്ടോ, ആശങ്ക അലയടിക്കുന്ന മനസ്സുമായി 360 കുട്ടികൾ സംസ്ഥാനത്തെ വിവിധ സ്കൂൾ മുറികളിലിരിക്കുന്നത്? മാർച്ച് അവസാനം സ്കൂൾ അടച്ചപ്പോൾ കേൾവിശേഷിയുണ്ടായിരുന്ന ഈ കുട്ടികൾ ശബ്ദലോകം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണിപ്പോൾ. 

കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കുശേഷം ഉപയോഗിച്ചുവരുന്ന ശ്രവണസഹായി ‘അപ്ഗ്രേഡ്’ ചെയ്യാനോ കേടായത് അറ്റകുറ്റപ്പണി ചെയ്യാനോ കഴിയാതെ ഇവർ ദുരിതത്തിലാണ്. ഈ കുട്ടികളുടെ സങ്കടത്തിനു കാരണം സർക്കാരിന്റെ അനാസ്ഥയല്ലാതെ മറ്റെ‍ാന്നുമല്ല. ശ്രവണസഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കു സാമൂഹികസുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന പദ്ധതികളും സ്തംഭനാവസ്ഥയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ജന്മനാ കേൾക്കാൻ കഴിയാത്ത കുട്ടികൾക്കു സംസ്ഥാന സർക്കാരിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയപ്പോഴാണു കേൾവിശേഷി ലഭിച്ചതും സാധാരണസ്കൂളിൽ വിദ്യാഭ്യാസം സാധ്യമായതും. എന്നാൽ, ഇവർക്കു വച്ചുപിടിപ്പിച്ച ശ്രവണസഹായിയുടെ മോഡൽ കമ്പനി നിർത്തിയതോടെ അനുബന്ധഭാഗങ്ങൾ ഇപ്പോൾ കിട്ടാനില്ല. പല ഉപകരണങ്ങൾക്കും പല തരത്തിലുള്ള കേടുപാടുകളുണ്ട്. ചിലതെ‍ാക്കെ പ്രവർത്തനരഹിതമായിക്കഴിഞ്ഞു. സ്വന്തം നിലയിൽ ശ്രവണസഹായി ‘അപ്ഗ്രേഡ്’ ചെയ്യാൻ 4 ലക്ഷത്തോളം രൂപയാകും. ഭൂരിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കും ഈ തുക കണ്ടെത്താൻ കഴിയില്ല. സ്പീച്ച് പ്രോസസറോ ഹെഡ്പീസോ ബാറ്ററിയോ ചാർജറോ കേടായി കുട്ടികൾ ശബ്ദലോകത്തുനിന്നു പുറത്താവുന്നത് നോക്കിനിൽക്കേണ്ട സങ്കടസാഹചര്യത്തിലാണ് നിർധനരായ രക്ഷിതാക്കൾ.

കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു ശേഷം 360 കുട്ടികൾ ദുരിതത്തിലായത് സാമൂഹികനീതി – ആരോഗ്യവകുപ്പുകളുടെ നിസ്സംഗത മൂലമാണ്. ഇതുവരെ ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടന്നതും തുടർസഹായം ലഭിച്ചതും സാമൂഹികനീതി വകുപ്പിനു കീഴിലായിരുന്നു. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് പദ്ധതി സാമൂഹികനീതി വകുപ്പു കയ്യൊഴിയുകയും തുടർനടപടികളെടുക്കേണ്ട ആരോഗ്യവകുപ്പ് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെയാണു കേൾവിപരിമിതിയുള്ള കുട്ടികൾ കഷ്ടത്തിലായത്.

അമേരിക്കൻ കമ്പനിയായ അഡ്വാൻസ് ബയോണിക്സിന്റെ (എബി) ഹാർമണി, ഓറിയ, നെപ്റ്റ്യൂൺ, പ്ലാറ്റിനം എന്നീ സീരീസുകളിലെ ഇംപ്ലാന്റ് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്ന കുട്ടികളാണ് ഇപ്പോൾ പ്രയാസത്തിലായത്. ഇവയ്ക്കുള്ള അറ്റകുറ്റപ്പണിയും അനുബന്ധ ഭാഗങ്ങളുടെ നിർമാണവും വിതരണവുമാണ് മാർച്ച് 31ന് അവസാനിച്ചത്. നാലു വർഷം മുൻപ് കോക്ലിയർ എന്ന ഓസ്ട്രേലിയൻ കമ്പനി അവരുടെ സ്പ്രിന്റ് എന്ന മോഡൽ അവസാനിപ്പിച്ചപ്പോഴും സമാന പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് 87 പേരുടെ ഉപകരണങ്ങൾ ‘ധ്വനി’ പദ്ധതിയിൽ ഉൾപ്പെടുത്തി മാറ്റിനൽകിയതാണ് രക്ഷയായത്. വരുന്ന ഡിസംബറിൽ കോക്ലിയർ കമ്പനിയുടെ ‘ഫ്രീഡം’ എന്ന മോഡൽ പിൻവലിക്കുമെന്നു ശസ്ത്രക്രിയ ചെയ്തവർക്ക് അറിയിപ്പു ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവർക്കും ജനുവരിയോടെ പുതിയ മോഡലിലേക്കു മാറേണ്ടിവരും.

സ്വന്തം നിലയിൽ കോക്ലിയർ ഇംപ്ലാന്റ് ഘടിപ്പിച്ചവർക്ക് ഉപകരണങ്ങൾ പുതുക്കിനൽകാൻ കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ ആരംഭിച്ചതാണ് ‘ധ്വനി’ പദ്ധതി.  ഒട്ടേറെപ്പേർക്കു കൈത്താങ്ങായിരുന്ന ഈ പദ്ധതി പക്ഷേ, ലക്ഷ്യം മറന്നമട്ടാണ്. വാർഷികവരുമാനപരിധി 2 ലക്ഷം രൂപയാണെന്ന പേരിൽ മിക്ക അപേക്ഷകളും തള്ളുകയാണിപ്പോൾ. വരുമാനപരിധി ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാരിനോടും ശ്രവണസഹായ ഉപകരണങ്ങൾക്കുള്ള 18% ജിഎസ്ടി ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടും പലതവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ‘കാതോരം’, ‘വി കെയർ’ പദ്ധതികളും പൂർണതോതിൽ പ്രയോജനപ്പെടുന്നില്ല.

ശ്രവണ സഹായ ഉപകരണത്തിന്റെ മോഡൽ കമ്പനി നിർത്തിയ സാഹചര്യത്തിൽ പുതിയതു വാങ്ങാൻ സർക്കാർസഹായമില്ലെന്ന വിഷമം കഴിഞ്ഞ മാർച്ച് മൂന്നിന്, ലോക കേൾവിദിനത്തിൽ ‘മലയാള മനോരമ’ ചൂണ്ടിക്കാട്ടിയിരുന്നു. കേൾവി ഉപകരണങ്ങളുടെ പരിപാലനത്തിനു നടപടി ആവശ്യപ്പെട്ട്, കോക്ലിയർ ഇംപ്ലാന്റ് ഘടിപ്പിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുകയുണ്ടായി. എന്നിട്ടും ഉപകരണങ്ങൾ പുതുക്കിനൽകാൻ സർക്കാർ കനിയുന്നില്ല. ഇതിൽ അനുകൂല തീരുമാനമെടുക്കുന്നതിനോടെ‍ാപ്പം ശ്രുതിതരംഗം, ധ്വനി, കാതോരം, വി കെയർ പദ്ധതികൾ പൂർണമായി പ്രയോജനപ്രദമാക്കുകയും വേണം.

English Summary : Editorial about hearing aids availability

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.