ഭീഷണിയായ് ആ ആയുധങ്ങൾ; മണിപ്പുരിൽ കാണാതായത് 4000 തോക്ക്, 5 ലക്ഷം വെടിയുണ്ട

HIGHLIGHTS
  • ഇംഫാലിൽനിന്ന് അപ്രത്യക്ഷമായ അത്യാധുനിക തോക്കുകളാണ് കുക്കികളെ കൊന്നൊടുക്കാൻ ഉപയോഗിച്ചത്. ആയുധപ്പുര ആക്രമിച്ചശേഷം തോക്കുകൾ കവർന്നെടുത്തെന്നു പൊലീസ് ഭാഷ്യം. മെയ്തെയ്കൾക്കു പൊലീസ്തന്നെ അവ നൽകി എന്നത് യാഥാർഥ്യം
manipur-1
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭ്യർഥനയെത്തുടർന്ന് മണിപ്പുരിൽ തിരികെ ലഭിച്ച ആയുധങ്ങളിൽ ചിലത്.
SHARE

സമാധാനശ്രമങ്ങൾ തുടരുമ്പോഴും, വംശീയകലാപത്തിൽ കത്തിയെരിഞ്ഞ മണിപ്പുരിൽ സുരക്ഷാ ഏജൻസികൾക്കു തലവേദനയാകുന്നു  ‘കാണാതായ’ ആയുധങ്ങൾ! പൊലീസിന്റെ ഇംഫാലിലെ ആയുധപ്പുരയിൽനിന്നു നാലായിരത്തോളം അത്യാധുനിക തോക്കുകളും 5 ലക്ഷത്തോളം വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടത്. മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർഥിച്ചിട്ടും ഇതുവരെ തിരികെ ലഭിച്ചത് കഷ്ടിച്ച് 900 തോക്കുകൾ മാത്രം. അപ്രത്യക്ഷമായ ഈ പൊലീസ് തോക്കുകൾക്ക് ഇംഫാൽ താഴ്‌വരയിൽ ഗോത്രവർഗക്കാരായ കുക്കികളെ കൊന്നൊടുക്കിയതിൽ നിർണായകപങ്കുണ്ട്.

കലാപത്തിന്റെ ആദ്യദിനമായ മേയ് മൂന്നിനും പിറ്റേന്നുമായിരുന്നു പൊലീസിന്റെ തോക്കുകൾ നാട്ടുകാർ കവർന്നത്. ആയുധപ്പുര ആക്രമിച്ച് എടുത്തുകൊണ്ടുപോയി എന്നാണു പൊലീസ് ഭാഷ്യമെങ്കിലും മെയ്തെയ് വിഭാഗക്കാർക്കു പൊലീസ് തന്നെ തോക്ക് നൽകുകയായിരുന്നുവെന്നതാണ് യാഥാർഥ്യം. ആരംഭായ് തെംഗോൽ, മെയ്തെയ് ലീപുൻ എന്നീ തീവ്ര മെയ്തെയ് സംഘടനകൾ പൊലീസ് സംരക്ഷണയിലാണ് അക്രമം അഴിച്ചുവിട്ടത്. എകെ 47, ഇൻസാസ് റൈഫിൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ജനക്കൂട്ടം എടുത്തിട്ടും ഒരു ചെറുത്തുനിൽപും പൊലീസ് നടത്തിയില്ല. ഗോത്ര മേഖലകളിൽ സമാധാനക്കരാർപ്രകാരം പൊലീസിനു കൈമാറിയിരുന്ന ഏതാനും തോക്കുകൾ കുക്കി സായുധ സംഘടനകളും ബലംപ്രയോഗിച്ച് തിരികെയെടുത്തിട്ടുണ്ട്.

മണിപ്പുർ സന്ദർശിച്ച അമിത് ഷായുടെ ആദ്യത്തെ അഭ്യർഥനയും പരസ്പരം പോരടിക്കുന്ന മെയ്തെയ്- കുക്കി വിഭാഗങ്ങൾ തോക്ക് താഴെ വയ്ക്കണമെന്നതായിരുന്നു. 15 ദിവസമെങ്കിലും കലാപത്തിനിറങ്ങരുതന്നും രാഷ്ട്രീയപരിഹാരം കാണാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭ്യർഥിച്ചെങ്കിലും പല പ്രദേശങ്ങളിലും വെടിവയ്പും തീവയ്പും നടക്കുകയാണ്. സുഗ്ണു പട്ടണത്തിൽ കഴിഞ്ഞദിവസം 200ൽ പരം വീടുകൾക്കാണ് തീയിട്ടത്. 15 പള്ളികളും 11 സ്കൂളുകളും കത്തിച്ചു. കലാപത്തിൽ ഓടിരക്ഷപ്പെട്ടവരുടേതായിരുന്നു ഇത്. കോൺഗ്രസ് എംഎൽഎയുടെ വീട് ഉൾപ്പെടെ കത്തിനശിച്ചു. ഇംഫാലിൽ രോഗിയുമായി പോയ ആംബുലൻസിനു തീയിട്ടതിനെത്തുടർന്ന് ഒന്നിലേറെ മരണമുണ്ടായി. ഇംഫാൽ വെസ്റ്റിൽ രണ്ടു വിഭാഗം നടത്തിയ വെടിവയ്പിൽ മൂന്നു പേർ മരിച്ചു.

പൊലീസിൽനിന്നു കവർന്നെടുത്ത തോക്കുകൾ ഉപയോഗിച്ചാണ് കലാപം വീണ്ടും ആളിക്കത്തിക്കുന്നത്. ഒരിക്കൽ സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ട കുക്കി സായുധ ഗ്രൂപ്പുകളും വീണ്ടും തോക്കുകൾ കയ്യിലെടുത്തുതുടങ്ങി. ആയുധങ്ങൾ തിരികെ കിട്ടാനുള്ള തിരച്ചിലാണ് ഇപ്പോൾ പട്ടാളം നടത്തുന്നത്.

മണിപ്പുർ കലാപത്തെക്കുറിച്ചു ജുഡീഷ്യൽ– സിബിഐ അന്വേഷണങ്ങൾക്കു കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. 6 സംഭവങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തും. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് കലാപത്തിന്റെ കാരണങ്ങളും മറ്റും അന്വേഷിക്കുക.

ബിരേൻ സിങ്

മെയ്തെയ്കളെ വെള്ളപൂശി ബിരേൻ സിങ് 

മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അപക്വ നിലപാടുകളും മെയ്തെയ് പ്രീണനവുമാണ് മണിപ്പുരിലെ സ്ഥിതി കൂടുതൽ വഷളാക്കിയതെന്ന് ആരോപണമുണ്ട്. കുക്കി ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും 40 കുക്കികളെ വധിച്ചെന്നും അദ്ദേഹം പറഞ്ഞതും വിവാദമായി. 

  അക്രമത്തിൽ കൂടുതൽ ആൾനാശമുണ്ടായത് കുക്കികൾക്കാണെങ്കിലും മെയ്തെയ് വിഭാഗത്തിലെ തീവ്രഗ്രൂപ്പുകളെ വെള്ളപൂശുന്ന നടപടിയായിരുന്നു ഇത്. അതേസമയം, ബിരേൻ സിങ്ങിന്റെ നിലപാടുകളെ ഖണ്ഡിക്കുന്ന പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്രം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവും മണിപ്പുരിൽ സന്ദർശനം നടത്തിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നടത്തിയത്. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വംശീയകലാപമാണ് മണിപ്പുരിലേതെന്നും സായുധഗ്രൂപ്പുകൾക്കെതിരെയുള്ള നടപടിയല്ല ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവർ കുക്കി സായുധ ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്ന് മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങും വെളിപ്പെടുത്തി. സിആർപിഎഫ് മുൻ ഡയറക്ടർ ജനറലായ കുൽദീപിനെ കേന്ദ്രം ഇവിടേക്കു നിയോഗിക്കുകയായിരുന്നു.

ഇംഫാൽ അതിർത്തിയിൽ എൽപിജി സിലിണ്ടറിനായി കാത്തുനിൽക്കുന്നവർ

അനധികൃത കച്ചവടം തകൃതി; പെട്രോളിന് 250 രൂപ വരെ

മണിപ്പുരിൽ കലാപം ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തെയ് വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ വംശീയ കലാപത്തിന്റെ ആദ്യ രണ്ടുദിനംതന്നെ ഔദ്യോഗിക കണക്കുപ്രകാരം എഴുപതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ കമാൻഡോ നടപടിയിൽ ഒട്ടേറെപ്പേർ മരിച്ചുവീണു. 40 കുക്കി ഭീകരരെ വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെട്ടിരുന്നു.

മേയ് മൂന്നിന് ആരംഭിച്ച കലാപത്തിനുശേഷം ഭരണസംവിധാനം പാടേ സ്തംഭിച്ചിരിക്കുകയാണ്. മരണഭയം മൂലം നാടുവിട്ട കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരിലേറെയും തിരികെയെത്തിയിട്ടില്ല. മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഇതിൽപ്പെടും. ഗോത്രമേഖലയിലെ മെയ്തെയ് ഉദ്യോഗസ്ഥർ ഇപ്പോൾ ഇംഫാലിലാണുള്ളത്. കുക്കി മേഖലകളിലെ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള മെയ്തെയ് ഉദ്യോഗസ്ഥരെ ഇവിടേക്കു മാറ്റുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് ഫലത്തിൽ മണിപ്പുരിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.

മണിപ്പുരിനെയും ഇംഫാൽ താഴ്‌വരയെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഷ്യൻ ഹൈവേ കഴിഞ്ഞ ദിവസമാണു തുറന്നത്. വിവിധ ഗ്രൂപ്പുകൾ മാർഗതടസ്സങ്ങളുണ്ടാക്കിയതിനാൽ ചരക്കുനീക്കം ഇതുവരെ ഭാഗികമായിരുന്നു. അവശ്യവസ്തുക്കളുടെ വില കുത്തനെ കൂടി. മണിക്കൂറുകളോളം കാത്തിരുന്നാലേ ഇംഫാലിൽ പെട്രോൾ പമ്പിൽ എത്താൻ കഴിയൂ. പരമാവധി 10 ലീറ്ററാണ് ഒരു വാഹനത്തിനു നൽകുന്നത്. അനധികൃതമായി പെട്രോൾ വാങ്ങിയാണ് പലരും വാഹനങ്ങൾ പുറത്തെടുക്കുന്നത്. ലീറ്ററിന് 250 രൂപ വരെയാണ് പെട്രോളിന് ഇവർ ഈടാക്കുന്നത്. 

ഗ്യാസ് സിലിണ്ടറുകളും വേണ്ടത്ര ലഭിക്കുന്നില്ല. ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള മലയോര ജില്ലകൾ നിലനിൽക്കുന്നത് മിസോറമിൽ നിന്നുള്ള സഹായംകൊണ്ടാണ്. പെട്രോളിന് 140 രൂപയാണ് ഇവിടെ അനധികൃത കച്ചവടക്കാർ ഈടാക്കുന്നത്. ഭരണകൂടം സമ്പൂർണ പരാജയമായതിനാൽ അനധികൃതവ്യാപാരം സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.

പട്ടാളവും അസം റൈഫിൾസും ഇല്ലായിരുന്നെങ്കിൽ...

സംസ്ഥാനം ഭരിക്കുന്നതു ബിജെപിയാണെങ്കിലും കലാപവിഷയത്തിൽ ഡൽഹിയും ഇംഫാലും തമ്മിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അമിത് ഷായുടെ സന്ദർശനത്തെ മെയ്തെയ്കളും കുക്കികളും സ്വാഗതം ചെയ്തെങ്കിലും ആഹ്ലാദം കുക്കി ഗോത്രക്കാർക്കായിരുന്നു. കലാപത്തിനിടെ ആദ്യമായി അവരെ കേൾക്കാനെത്തിയ ഭരണപക്ഷനേതാവാണ് അമിത് ഷാ. 

കേന്ദ്രനിലപാടുകളോടു മെയ്തെയ് വിഭാഗത്തിനു പൊതുവേ അതൃപ്തിയാണ്. പട്ടാള വിന്യാസത്തിൽ ഈ എതിർപ്പ് പരസ്യമായി. ഗോത്രമേഖലകളിൽ കാവൽനിൽക്കുന്ന അസം റൈഫിൾസും ഇന്ത്യൻ കരസേനയും പ്രതിരോധിച്ചിരുന്നില്ലെങ്കിൽ കുക്കി ഗോത്രം ഉന്മൂലനം ചെയ്യപ്പെടുമായിരുന്നെന്നു കരുതുന്നവരേറെ. പൊലീസിൽനിന്നു കവർന്നെടുത്ത ആധുനിക യന്ത്രത്തോക്കുകളുമായി എത്തിയ ആരംഭായ് ഉൾപ്പെടെയുള്ള മെയ്തെയ് സായുധ ഗ്രൂപ്പുകളിൽനിന്ന് അവശേഷിക്കുന്ന കുക്കി ഗ്രാമങ്ങളെ രക്ഷിച്ചത് പട്ടാളവും അസം റൈഫിൾസും ചേർന്നാണ്. 

പട്ടാളത്തെയും അസം റൈഫിൾസിനെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നും മെയ്തെയ് സംഘടനകൾ പരസ്യമായി ആവശ്യപ്പെട്ടു. ഇംഫാലിലെ പത്രങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചു മുഖപ്രസംഗങ്ങൾ എഴുതി. അസം റൈഫിൾസിനെ പിൻവലിക്കണമെന്നു മണിപ്പുർ ബിജെപി ഘടകവും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മ്യാൻമറിലെ ആഭ്യന്തരകലാപത്തിന് ഇരകളായ ഒട്ടേറെ കുക്കികൾ ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരായി എത്തുന്നുണ്ടെന്ന് ആരോപിക്കുന്ന മെയ്തെയ് വിഭാഗം ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെ എന്ന പേരിൽ ബിരേൻ സിങ് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോൾ മൃദുസമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കുക്കി മേഖലകളിൽ തിടുക്കത്തിൽ നടക്കുന്ന ഇത്തരം നടപടികൾ പ്രദേശത്ത് അശാന്തി സൃഷ്ടിക്കുമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതോടെ ബിരേൻ സിങ്ങിനു പിന്നോട്ടുപോകേണ്ടിവന്നു. അതേസമയം, അനധികൃതമായി നടത്തുന്ന പോപ്പി കൃഷിക്കെതിരെ സംസ്ഥാന സർക്കാർ എടുത്ത നടപടികളിൽ കേന്ദ്രം ഇടപെട്ടില്ല.

ബീഫ് കടയ്ക്ക് തീയിട്ട് ആർപിഎഫ് ജവാന്മാർ

മണിപ്പുർ കലാപത്തിലെ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയവരുമുണ്ട്. ഇംഫാൽ ടൗണിന്റെ ഹൃദയഭാഗത്ത് ബീഫ് കടയ്ക്കു തീയിട്ടത് മെയ്തെയ്കൾക്കൊപ്പം മഫ്തി വേഷത്തിലെത്തിയ റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) മൂന്നു ജവാന്മാരായിരുന്നു. ബീഫ് കട നടത്തിയിരുന്നത് മെയ്തെയ് മുസ്‌ലിം ആയിരുന്നെങ്കിലും കെട്ടിട ഉടമ ഗോത്രവിഭാഗക്കാരനായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് യുപി, ഹരിയാന സ്വദേശികളായ മൂന്നുപേരെയും ആർപിഎഫ് സസ്പെൻഡ് ചെയ്തു. എന്നാൽ, മദ്യപിച്ചു ലക്കുകെട്ട ആർപിഎഫുകാർ ബീഫ് കടയ്ക്കു തീയിടുകയായിരുന്നെന്നാണു മണിപ്പുർ പൊലീസിന്റെ വിശദീകരണം

ഹത്യൻവാക്കും ഭർത്താവും ചുരാചന്ദ്പുരിലെ അഭയാർഥി ക്യാംപിൽ.

എട്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; തടഞ്ഞവരെ തലയ്ക്കടിച്ചു കൊന്നു

‘‘എട്ടു സ്ത്രീകളെയാണ് അവർ കൂട്ടബലാത്സംഗം ചെയ്തത്. എതിർക്കാൻ നോക്കിയ എന്റെ ഭർതൃസഹോദരനെയും മകനെയും അടിച്ചുകൊന്നു’’: കാങ് പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിൽനിന്നു ജീവനുംകൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ട നാ‍ൽപതുകാരി ഹത്യൻവാക്ക് ഇപ്പോഴും വേട്ടയാടുന്ന ഓർമകൾ ‘മനോരമ’യുമായി പങ്കുവച്ചു. ചുരാചന്ദ്പുരിലെ അഭയാർഥി ക്യാംപിലാണ് അവരിപ്പോൾ. കൊല്ലപ്പെട്ടത് ഹത്യൻവാക്കിന്റെ ഭർത്താവിന്റെ ജ്യേഷ്ഠനും മകനുമാണ്– ദരിദ്രകർഷകരായ സോയിടിൻ കാമും (55) മകൻ നെൻഗോലുനും (19)

കാങ്പോക്സിയിലെ കുക്കി ഗ്രാമമാണ് ബിപൈന്യം. കലാപം തുടങ്ങിയ മേയ് മൂന്നിനു വൈകിട്ട് സമീപത്തെ കുക്കിഗ്രാമം കത്തിയെരിയുന്നതു കണ്ട് ഗ്രാമവാസികൾ രക്ഷപ്പെട്ടു. ഹത്യൻവാക്കും ഒരു കൂട്ടം ആളുകളും കാട്ടിൽ ഒളിച്ചിരുന്നു. ‘‘രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞു. പുലർച്ചെ ഗ്രാമത്തിലെത്തി. എല്ലാം കെട്ടടങ്ങി എന്നു കരുതിയിരിക്കുമ്പോഴാണ് വൈകിട്ട് വീണ്ടും ആക്രമണം നടന്നത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ ആരംഭായ് പ്രവർത്തകരായിരുന്നു മുന്നിലുണ്ടായിരുന്നത്. വീടുകൾക്കു കൂട്ടത്തോടെ തീയിട്ടു’’ – അവർ പറഞ്ഞു.

‘‘കാട്ടിലേക്കാണ് വീണ്ടും ഓടിയത്. ഭർത്താവിന്റെ ജ്യേഷ്ഠനും മകനും എട്ടു സ്ത്രീകളും ഇതേ കാട്ടിൽ മറ്റൊരിടത്ത് ഒളിച്ചിരുന്നു. കൊള്ളനടത്തിയ സംഘം കന്നുകാലികളെയും വെറുതേവിട്ടില്ല. ഒരു ആട് കാട്ടിലേക്ക് ഓടിക്കയറി. അതിനെ പിടിക്കാൻ വന്നവരാണ് സ്ത്രീകളെ കണ്ടത്. അവർ കൂടുതൽപേരെ വിളിച്ചുവരുത്തി. കൊല്ലരുതെന്ന് അഭ്യർഥിച്ച സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. അരുതെന്നു കരഞ്ഞുപറഞ്ഞ സോയിടിൻ കാമിനെയും മകനെയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു’’: അവർ പറഞ്ഞു.

 അച്ഛനെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തുന്നതു കണ്ട സോയിടിൻ കാമിന്റെ മകൾ മാനസികനില തെറ്റിയ നിലയിൽ ആശുപത്രിയിലാണ്. ഈ പെൺകുട്ടിക്കും ഹത്യൻവാക്കിനും കുക്കി ചെറുപ്പക്കാർ സുരക്ഷയൊരുക്കിയിട്ടുണ്ട്.

ഹെയ്ഗ്രുജാം നബശ്യാം

നിലനിൽപിനായി പോരാട്ടം: മെയ്തെയ് കൗൺസിൽ

അസം റൈഫിൾസ് കുക്കി ഭീകരർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മെയ്തെയ് വിഭാഗം നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും വേൾഡ് മെയ്തെയ് കൗൺസിൽ ചെയർമാൻ ഹെയ്ഗ്രുജാം നബശ്യാം അവകാശപ്പെട്ടു. കുക്കികൾ  കുടിയേറ്റക്കാരാണെന്നും അവർക്കു വിശാലമനസ്കരായ മെയ്തെയ്കൾ മണിപ്പുരിൽ ഇടംനൽകുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

സമാധാനക്കരാർ ഒപ്പിട്ട കുക്കി സായുധഗ്രൂപ്പുകളുടെ പദ്ധതിയാണ് കലാപം. അവരെ നിലയ്ക്കുനിർത്താൻ പറ്റാത്ത സർക്കാർ പരാജയമാണ്. ഒട്ടേറെ കുക്കി കുടിയേറ്റക്കാർ മ്യാൻമറിൽനിന്ന് ഇന്ത്യയിലെത്തുന്നുണ്ട്. 1961ലെ സെൻസസിൽ നാഗാ ഗോത്രക്കാരെക്കാളും അംഗസംഖ്യ കുറവായിരുന്നു കുക്കികൾക്ക്. ഇപ്പോൾ അവർ നാഗാ ഗോത്രത്തെക്കാളും ഏറെയാണ്. കുടിയേറ്റക്കാർക്കു ഗോത്രപദവിക്ക് അർഹതയില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. അധികാരത്തിന്റെ എല്ലാ മേഖലകളിലും കുക്കികൾക്കാണ് ആധിപത്യം. പ്രധാനമന്ത്രിയുടെ ഓഫിസിൽവരെ അവരുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും സ്മാർട് ആയ വിഭാഗമാണവർ. ഇരകളായി  അഭിനയിക്കുകയാണ്. മെയ്തെയ്കൾ യോദ്ധാക്കളാണെന്നും അതുകൊണ്ടാണ് പൊരുതുന്നതെന്നും അദ്ദേഹം പറയുന്നു. 

English Summary : Writeup about weapon lost in Manipur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.