വിളഞ്ഞതെല്ലാം ‘വായ്പ’; പറഞ്ഞതെല്ലാം പതിര്

HIGHLIGHTS
  • സംഭരിച്ച നെല്ലിന് നൽകാനുള്ളത് 850 കോടി രൂപ പണം കിട്ടാതെ ദുരിതത്തിലായത് 70,000 കുടുംബങ്ങൾ
  • അന്നം തരുന്നവരാണു നെൽക്കർഷകർ. പക്ഷേ, അവർക്കു ജീവിക്കണമെങ്കിൽ സർക്കാരിനു മുന്നിൽ ഭിക്ഷാപാത്രവുമായി നിൽക്കേണ്ട ഗതിയാണ്. നെല്ലു വിളഞ്ഞാൽ സമയത്തു സംഭരിക്കാതെയും സംഭരിച്ചാൽ സമയത്തു വില നൽകാതെയും ഓരോ വർഷവും അവരെ പറ്റിക്കുന്നു
farmers-loding-paddy
ഉണക്കിയ നെല്ല് ചാക്കുകളിലാക്കുന്ന കർഷകർ. പാലക്കാട് കൊട്ടേക്കാട് നിന്നുള്ള കാഴ്‌ച (ഫയൽ ചിത്രം).
SHARE

എല്ലാ കർഷകരും ആദ്യം പേടിക്കുന്നതു കാലാവസ്ഥയെയാണ്. പ്രവചനത്തിനു പിടികൊടുക്കാതെ, മഴയും വെയിലും കാറ്റും മാറുന്നതു കൃഷിക്കു ദോഷമാണ്. പക്ഷേ, കേരളത്തിലെ നെൽക്കർഷകർ ഏറ്റവും പേടിക്കുന്നതു സർക്കാരിന്റെ നയങ്ങളെയാണ്. കാറ്റിനും മഴയ്ക്കും കിളികൾക്കും കൊടുക്കാതെ വിളയിച്ച നെല്ലു കൊയ്തെടുത്താൽ എപ്പോൾ സംഭരിക്കുമെന്നു തീരുമാനമില്ല. സംഭരിച്ചാൽ വില എന്നു കിട്ടുമെന്ന് ഉറപ്പില്ല. 

ഇക്കൊല്ലം കേരളത്തിൽ രണ്ടാം വിളയിൽ സപ്ലൈകേ‍ാ സംഭരിച്ച നെല്ലിന്റെ വിലയായി ഇനിയും 550 കോടിയിലേറെ രൂപ നൽകാനുണ്ട്. നെല്ലു സംഭരിച്ചതിനു പല കർഷകർക്കും ഇനിയും രസീത് കൊടുത്തിട്ടില്ല. അവരുടെ കണക്കു കൂടിയാകുമ്പേ‍ാൾ വിതരണം ചെയ്യാനുള്ള തുക ഏതാണ്ട് 850 കേ‍ാടി രൂപയാകും. സമയത്തിനു പണം കിട്ടാത്തതിനാൽ കുടുംബം പോറ്റുന്നതിനും കൃഷിയിറക്കുന്നതിനും കർഷകർ കടം വാങ്ങണം. സംഭരിച്ച നെല്ലിന്റെ വില ബാങ്കുകൾ കൊടുത്താലും അതു വായ്പയായാണു രേഖപ്പെടുത്തുന്നത്. ബാങ്കുകൾക്കു സർക്കാർ യഥാസമയം പണം കൊടുത്തില്ലെങ്കിൽ അതും കർഷകരുടെ ബാധ്യത. എഴുപതിനായിരത്തിലധികം കുടുംബങ്ങളോടാണു ചതി. 

അവഗണന: നടീൽ മുതൽ സംഭരണം വരെ 

ആവശ്യത്തിനു മഴയും വെള്ളവും കിട്ടാത്തതാണു പാലക്കാട്ടെ കർഷകർ ആദ്യം നേരിടുന്ന പ്രശ്നം. ജലസേചന കനാലുകൾ നന്നാക്കാൻ പോലും സമരം ചെയ്യണം. അതു കഴിഞ്ഞാൽ ഉഴാനും മറ്റു പണികൾക്കും തെ‍ാഴിലാളികൾക്കും വേണ്ടി കാത്തിരിപ്പ്. കേരളത്തിൽ യന്ത്രങ്ങൾ കിട്ടാനില്ല; തമിഴ്നാട്ടിൽനിന്നു കൊണ്ടുവരണം. വാടക ഓരോ വർഷവും കൂട്ടിക്കൊണ്ടിരിക്കും. അമിതവാടക നൽകിയാണു മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നത്. എല്ലാ ജില്ലകളിലും ഇതാണു സ്ഥിതി. 

സമയത്തു വിത്തു കിട്ടാനും തടസ്സങ്ങളുണ്ട്. നടീൽ കഴിഞ്ഞാൽ യഥാസമയം കനാൽവെള്ളം കിട്ടണം. കനാലുകളിലെ തടസ്സം മൂലം കൃത്യമായി എല്ലായിടത്തും വെള്ളമെത്തുന്നില്ലെന്ന പരാതി പതിവാണ്. 

നെല്ലു വിളഞ്ഞു പാകമായാൽ കൊയ്ത്തിനും തമിഴ്നാട്ടിൽനിന്നു യന്ത്രമെത്തണം. കൊയ്ത്തു കഴിഞ്ഞാൽ സംഭരണത്തിനു കാത്തിരിപ്പാണ്. ഇതിനിടെ, നെല്ലു നനയാതിരിക്കാനുള്ള മുൻകരുതൽ. വീട്ടിനുള്ളിൽ നെല്ലു വിരിച്ചിട്ട് ഫാൻ വച്ചാണു പലരും ഉണക്കുന്നത്. പാലക്കാട് ജില്ലയിൽ ഇക്കൊല്ലം രണ്ടു കർഷകരാണ് നെല്ലുണക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചത്. 

ഇതിനു പുറമേ നെല്ലു നിറയ്ക്കാനുള്ള ചാക്കിന്റെ വില, മിൽ ഏജന്റുമാരുടെ അഴിമതി ഇടപാടുകൾ; ഇങ്ങനെ കൃഷിക്കാരെ പാടത്തുനിന്ന് ഓടിക്കുന്ന തടസ്സങ്ങളാണു കൂടുതലും. ഇതെല്ലാം മറികടന്ന ശേഷമാണു സംഭരണത്തിനും സംഭരിച്ചതിന്റെ വില കിട്ടാനുമുള്ള കാത്തിരിപ്പ്. 

സഹായമുണ്ട്, സമയത്ത് കിട്ടില്ലെന്നു മാത്രം

നെൽക്കൃഷി വികസന പദ്ധതിയിൽ ഹെക്ടറിന് 5,500 രൂപ, ഉൽപാദന ബേ‍ാണസ് 1000 രൂപ, പാടശേഖര കൈകാര്യച്ചെലവ് 340 രൂപ, ഉഴവുകൂലി 25,000 രൂപ വരെ, സബ്സിഡിയിൽ നെൽവിത്ത്, വയൽ മറ്റ് ആവശ്യങ്ങൾക്കെ‍ാന്നും ഉപയേ‍ാഗിക്കാതെ കൃഷി ഇറക്കുന്നവർക്കു റേ‍ായൽറ്റി 3,000 രൂപ എന്നിങ്ങനെയാണു സർക്കാർ നൽകുന്ന സഹായങ്ങൾ. ഇതൊന്നും യഥാസമയം കിട്ടില്ലെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, ആനുകൂല്യം കാത്തിരുന്നാൽ കൃഷിയിറക്കാനാകില്ല. അതേസമയം, ചില തദ്ദേശ സ്ഥാപനങ്ങൾ സൗജന്യസഹായം നൽകുന്നതു കാണാതെ പോകുന്നില്ല. 

കോട്ടയം ജില്ലയിൽ വളം സബ്സിഡിയും ഉൽപാദന ബോണസും രണ്ടു വർഷമായി ലഭിക്കുന്നില്ല. കുട്ടനാട്ടിൽ പ്രളയം കഴിഞ്ഞുള്ള സീസണിൽ വിത്ത് സർക്കാർ സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ വില നൽകി വാങ്ങണം. പക്ഷേ, ഇപ്പോൾ ലഭിക്കുന്ന വിത്തിനു ഗുണനിലവാരമില്ലെന്നും കളയുടെയും വരിനെല്ലിന്റെയും വിത്തുകളും ഇതിലുണ്ടെന്നും കർഷകർ പരാതിപ്പെടുന്നു. മണ്ണിന്റെ അമ്ലത ഒഴിവാക്കാനുള്ള ഡോളമൈറ്റ് യഥാസമയം കിട്ടുന്നില്ല. 

വഴി തെറ്റുന്ന നെല്ലു സംഭരണം

സംഭരണം കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. താങ്ങുവിലയ്ക്കു പുറമേ സംസ്ഥാനത്തിന്റെ വിഹിതം കൂടി ഉൾപ്പെടുത്തിയാണു കേരളത്തിൽ നെല്ലു സംഭരിക്കുന്നത്. മെ‍ാത്തവില നേരിട്ടു നൽകാൻ സർക്കാരിനു പണമില്ലാത്തതിനാൽ ബാങ്കുകളുടെ സഹായം തേടുകയാണു ചെയ്യുന്നത്. 

പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹായത്തോടെയായിരുന്നു ആദ്യം നെല്ലു സംഭരിച്ചത്. അതിൽ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ പരാതികൾ ഉയർന്നതേ‍ാടെ 2010ൽ ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ട് എന്ന വ്യവസ്ഥ വന്നു. തെ‍ാട്ടടുത്ത വർഷം ബാങ്ക് ഒ‍ാഫ് ഇന്ത്യയിലെ അക്കൗണ്ട് എന്നായി നിബന്ധന. പിന്നീടു ഗ്രാമീണ ബാങ്കിന്റെ അക്കൗണ്ടും നിർദേശിച്ചു. കഴിഞ്ഞ വർഷം കേരള ബാങ്കുമായി വിലവിതരണത്തിനു ധാരണയുണ്ടാക്കിയെങ്കിലും പിന്നീട് അതും തടസ്സപ്പെട്ടു. ഇത്തവണ കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് എന്നിവയിലൂടെയാണു വില വിതരണം. എന്നാൽ, കൂടുതൽ പേർക്കും കേരള ബാങ്കിലാണ് അക്കൗണ്ടെന്നു കർഷകർ പറയുന്നു. 

പുതിയ വ്യവസ്ഥപ്രകാരം പലരും വീണ്ടും അക്കൗണ്ട് എടുക്കേണ്ടി വരും. ഓരോ തവണയും വ്യത്യസ്തമായ ബാങ്കുകളുമായി സർക്കാർ കരാറുണ്ടാക്കുമ്പോൾ അവിടെയൊക്കെ അക്കൗണ്ട് തുടങ്ങേണ്ട അവസ്ഥയാണ്. 

ഇക്കൊല്ലം രണ്ടാം വിള സീസണിൽ ബാങ്കുകളുമായി ധാരണാപത്രം വൈകിയതേ‍ാടെ സപ്ലൈകേ‍ാ അവരുടെ കയ്യിൽനിന്നു ചില കർഷകർക്കു വില നൽകി. പിന്നീട് പല സമയത്തായിട്ടാണ് ബാങ്കുകളുമായി കരാറുണ്ടാക്കാനായത്. കേരള ബാങ്ക് 7.65% പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്തപ്പോൾ അതു മറികടന്ന് ഇതര ബാങ്കുകളിൽ നിന്ന് 8.5% പലിശയ്ക്കാണു വായ്പയെടുത്തത്. എന്നിട്ടും വിലവിതരണം സംബന്ധിച്ചു കൃത്യമായ മാർഗനിർദേശം സപ്ലൈകോ റീജനൽ ഓഫിസുകളിൽ ഇനിയും ലഭിച്ചിട്ടില്ല. ഓഫിസുകളിൽ നിന്നും ബാങ്കുകളിൽ നിന്നും പലതരത്തിലുള്ള മറുപടിയാണു കർഷകർക്കു ലഭിക്കുന്നത്. വില നൽകാൻ ബാങ്കുകൾ വിളിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. നാലു മാസമായിട്ടും വിളി വരാതെ കാത്തിരിക്കുന്ന കർഷകരുണ്ട്. 

പിആർഎസ്: കർഷകരുടെ കടക്കെണി

നെല്ലു കൈപ്പറ്റിയതായി സപ്ലൈകോ നൽകുന്ന രസീതിന്റെ (പാഡി റസീറ്റ് ഷീറ്റ് – പിആർഎസ്) അടിസ്ഥാനത്തിൽ ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലേക്കു തുക നൽകുന്നതാണു രീതി. ബാങ്കുകൾക്കു പിന്നീടു പണം നൽകും. 

കർഷകർക്കു നൽകുന്ന തുക, പിആർഎസിന്റെ ഈടിൽ കർഷകർക്കുള്ള വായ്പയായാണു ബാങ്കുകൾ പരിഗണിക്കുന്നത്. സർക്കാർ പണം നൽകാൻ വൈകുമ്പോൾ, വായ്പയുടെ തിരിച്ചടവു വൈകുന്നതുപോലെ, കർഷകരുടെ സിബിൽ സ്കോർ താഴും. മറ്റു വായ്പകൾ കിട്ടാൻ അവർക്കു തടസ്സം വരും. 

ഇക്കൊല്ലം ബാങ്കുകളുടെ കൂട്ടായ്മയുമായി സപ്ലൈകേ‍ാ 700 കേ‍ാടി രൂപയ്ക്കാണു കരാറുണ്ടാക്കിയത്. ഇന്നലെ വരെ കർഷകർക്ക് 155 കോടി രൂപ വിതരണം ചെയ്തെന്നാണു സപ്ലൈകോ പറയുന്നത്. കാനറാ ബാങ്ക് വഴി 10,955 കർഷകർക്ക് 129 കോടി രൂപയും എസ്ബിഐ വഴി 125 കർഷകർക്ക് രണ്ടു കോടി രൂപയും ഫെഡറൽ ബാങ്ക് വഴി 1743 കർഷകർക്ക് 23.65 കോടി രൂപയും വിതരണം ചെയ്തു. വായ്പ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ ബാങ്കുകളിൽ പ്രവർത്തനക്ഷമമാക്കുന്നതിലെ സാങ്കേതിക തടസ്സമാണു തുക വിതരണം വൈകാൻ കാരണമെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു.

സംഭരണത്തിലും അഴിമതി 

സംഭരണത്തിൽ അഴിമതി നടക്കുന്നതായി ഇക്കൊല്ലം ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നടന്നു. മിൽ ഏജന്റുമാരും ചില ഉദ്യേ‍ാഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നു വ്യാജ പിആർഎസ് ഉണ്ടാക്കി മറ്റു സംസ്ഥാനങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്കു നെല്ലു വാങ്ങി സംഭരണവിലയ്ക്കു കൊടുക്കുന്നതായി സപ്ലൈകേ‍ാ വിജിലൻസും പെ‍ാലീസ് വിജിലൻസും കണ്ടെത്തി. അഴിമതിക്കെതിരെ ശക്തമായ നടപടി ആരംഭിച്ച കൃഷി ഉദ്യേ‍ാഗസ്ഥരെ പിന്തുണയ്ക്കുന്നതിനു പകരം അവരെ സ്ഥലം മാറ്റുകയാണു ചെയ്തതെന്നു കർഷകർ ആരേ‍ാപിക്കുന്നു. ‌

സ്ഥിരം സംവിധാനം വേണം

കൃഷി, പൊതുവിതരണം, ധനം എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണു നെല്ലു സംഭരണം. എന്നാൽ, വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവും ചെവിക്കൊള്ളുന്നില്ല. ഫലത്തിൽ, ഓരോ സീസണിലും കൊയ്ത്തു കഴിയുമ്പോൾ കർഷകൻ സർക്കാരിന്റെയും സപ്ലൈകോയുടെയും കനിവിനു കാത്തുനിൽക്കുകയാണ്. കാത്തുനിൽക്കാൻ കഴിയാത്ത, പാവപ്പെട്ട ചില കർഷകർ ഏജന്റുമാർ പറയുന്ന വിലയ്ക്കു സ്വകാര്യ മില്ലുകൾക്കു നെല്ലു വിൽക്കുന്നു. 

കേരളത്തിലെ പ്രധാന  നെൽക്കൃഷി മേഖലകൾ 

paddy

പാലക്കാട്: പാടവിസ്തൃതിയും ഉൽപാദനവും കെ‍ാണ്ട് നെല്ലറയാണു പാലക്കാട്. മെ‍ാത്തം 65,000 കർഷകർ. ഇരിപ്പൂ കൃഷിയാണ് (രണ്ടു സീസൺ) കൂടുതൽ. ഒന്നാം സീസണിൽ 38,000 ഹെക്ടറിലും രണ്ടാം സീസണിൽ ഏതാണ്ട് 65,000 ഹെക്ടറിലും നെൽക്കൃഷി. വർഷം 2.15 ലക്ഷം മെട്രിക് ടൺ ഉൽപാദനം. ഉൽപാദനച്ചെലവ് ഹെക്ടറിന് ശരാശരി 1,20,000 രൂപ. 

ആലപ്പുഴ: കുട്ടനാട്ടിൽ വർഷത്തിൽ രണ്ടു തവണ കൃഷി – പുഞ്ചക്കൃഷിയും രണ്ടാം കൃഷിയും. അപ്പർ കുട്ടനാട്ടിൽ പുഞ്ചക്കൃഷി മാത്രം. കുട്ടനാട്ടിൽ ഇത്തവണ 28,729 ഹെക്ടറിൽ, സംഭരിച്ചത് 1.13 ലക്ഷം മെട്രിക് ടൺ നെല്ല്. ആകെ 34,634 കർഷകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

   അപ്പർ കുട്ടനാട്ടിൽ ആലപ്പുഴ ജില്ലയുടെ ഭാഗമായ 3,804 ഏക്കറിൽനിന്ന് ഇക്കൊല്ലം 32,808 മെട്രിക് ടൺ  നെല്ല് ഉൽപാദിപ്പിച്ചു. നാലായിരത്തോളം കർഷകരുണ്ട്.

കോട്ടയം: ജില്ലയിൽ പുഞ്ചയും വിരിപ്പും (രണ്ടാം കൃഷി). 12,436 ഹെക്ടറിലാണു നെൽക്കൃഷി. പുഞ്ചക്കൃഷിക്കു 42,000 മെട്രിക് ടൺ വരെയും വിരിപ്പുകൃഷിക്കു 20,000 മെട്രിക് ടൺ വരെയും ഉൽപാദനം. 10,460 കർഷകരാണു ജില്ലയിലുള്ളത്.

പത്തനംതിട്ട: ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലയിൽ 1900 ഹെക്ടറിൽ കൃഷി. ഒരു പുഞ്ചക്കൃഷി മാത്രമാണ് ഇവിടെയുള്ളത്. ഏതാണ്ട് 14,000 മെട്രിക് ടൺ ഉൽപാദനം.  

തൃശൂർ: ജില്ലയിൽ കോൾ‌പാടം 30,000 ഏക്കറാണ്. ഇതിൽ ഒരുപ്പൂ കൃഷിയാണ്. 2000 ഏക്കറിൽ മാത്രം ഇരിപ്പൂ ഉണ്ട്. 

48,077 കർഷകർ. ഈ വർഷത്തെ ഉൽപാദനം 1.07 ലക്ഷം മെട്രിക് ടൺ.

English Summary : Writeup about paddy farmers distress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.