മണിപ്പുരിനെ വീണ്ടെടുക്കാം

HIGHLIGHTS
  • കലാപത്തിന് അറുതിവരുത്താൻ വൈകിക്കൂടാ
manipur-murder
ടോൺസിങും മീന ഹാൻസിങ്ങും.
SHARE

 മണിപ്പുരിൽ തലയ്ക്കുവെടിയേറ്റ് ആശുപത്രിയിലേക്കു കെ‍ാണ്ടുപോയ 8 വയസ്സുകാരനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലൻസിൽ ചുട്ടുകൊന്നുവെന്നു കേട്ടു രാജ്യമാകെ നടുങ്ങി. ഈ ക്രൂരത പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുകൂടി വരുമ്പോൾ ആ വടക്കുകിഴക്കൻ സംസ്ഥാനം നേരിടുന്ന അത്യധികം നിർഭാഗ്യകരവും അരക്ഷിതവുമായ സാഹചര്യം കൂടുതൽ തെളിയുന്നു.

ചെറിയ ഇടവേളയ്ക്കുശേഷം മണിപ്പുർ കലാപം വീണ്ടും കൈവിട്ടുപോകുകയാണ്. ഇതുവരെ മരിച്ചത് നൂറിലേറെപ്പേരാണ്. മുന്നൂറിലേറെപ്പേർക്കു സാരമായ പരുക്കേറ്റു. 40,000 ആളുകളെങ്കിലും കലാപബാധിതരായി. ആയിരക്കണക്കിനു വീടുകൾക്കാണ് തീയിട്ടത്. ഇരുനൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും 17 ക്ഷേത്രങ്ങളും ഒട്ടേറെ സ്കൂളുകളും കത്തിച്ചു. അക്രമങ്ങളുടെ യഥാർഥചിത്രം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിനുശേഷം ഭരണസംവിധാനം പാടേ സ്തംഭിച്ചിരിക്കുന്നു.

കുക്കി, നാഗ എന്നിവയടക്കം മുപ്പതിലേറെ ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ്കളും തമ്മിലാണു സംഘർഷം. ജനസംഖ്യയുടെ 54% വരുന്ന മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. തങ്ങൾക്കു 10% സ്ഥലം മാത്രമാണുള്ളതെന്നും ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നുമാണ് മെയ്തെയ് വിഭാഗത്തിന്റെ വാദം. അത്യന്തം വൈകാരികമായ സാഹചര്യത്തിൽ കലാപത്തീ കത്തിത്തുടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അപക്വ നിലപാടുകളും മെയ്തെയ് പ്രീണനവുമാണ് മണിപ്പുരിലെ സ്ഥിതി കൂടുതൽ വഷളാക്കിയതെന്ന് ആരോപണമുണ്ട്. കുക്കി ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 കുക്കികളെ വധിച്ചെന്ന് അദ്ദേഹം പറഞ്ഞതും വിവാദമായി. അക്രമത്തിൽ കൂടുതൽ ആൾനാശമുണ്ടായത് കുക്കികൾക്കാണെങ്കിലും മെയ്തെയ് വിഭാഗത്തിലെ തീവ്രഗ്രൂപ്പുകളെ വെള്ളപൂശുന്ന നടപടിയായിരുന്നു ഇത്. അതേസമയം, ബിരേൻ സിങ്ങിന്റെ നിലപാടുകളെ ഖണ്ഡിക്കുന്ന പ്രസ്താവനയാണ് മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവും നടത്തിയത്. 

രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വംശീയകലാപമാണ് മണിപ്പുരിലേതെന്നും സായുധഗ്രൂപ്പുകൾക്കെതിരെയുള്ള നടപടിയല്ല ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞപ്പോൾ സംസ്ഥാനം ഭരിക്കുന്നതു ബിജെപിയാണെങ്കിലും കലാപവിഷയത്തിൽ ഡൽഹിയും ഇംഫാലും തമ്മിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നു വ്യക്തമായി. മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും ആരംഭായ് ഉൾപ്പെടെയുള്ള തീവ്ര മെയ്തെയ് സംഘടനകളുടെ അംഗങ്ങളും ഗോത്രവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തതായി കുക്കികൾ പരാതിപ്പെട്ടിരുന്നു.

ഇംഫാലിലെ പെ‍ാലീസ് ആയുധപ്പുരയിൽനിന്നു നാലായിരത്തോളം അത്യാധുനിക തോക്കുകളും 5 ലക്ഷത്തോളം വെടിയുണ്ടകളും നഷ്ടപ്പെട്ടിരുന്നു. അപ്രത്യക്ഷമായ ഈ പൊലീസ് തോക്കുകൾക്ക് ഇംഫാൽ താഴ്‌വരയിൽ ഗോത്രവർഗക്കാരായ കുക്കികളെ കൊന്നൊടുക്കിയതിൽ നിർണായകപങ്കുണ്ടെന്നു പറയുന്നു. പൊലീസിൽനിന്നു കവർന്നെടുത്ത തോക്കുകൾ ഉപയോഗിച്ചാണ് കലാപം വീണ്ടും ആളിക്കത്തിക്കുന്നത്. ഗോത്രമേഖലകളിൽ കാവൽനിൽക്കുന്ന അസം റൈഫിൾസും ഇന്ത്യൻ കരസേനയും പ്രതിരോധിച്ചിരുന്നില്ലെങ്കിൽ കുക്കി ഗോത്രം ഉന്മൂലനം ചെയ്യപ്പെടുമായിരുന്നെന്നു കരുതുന്നവരേറെയാണ്. 

മണിപ്പുരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെസിബിസി) നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രാർഥനയും മെഴുകുതിരിപ്രദക്ഷിണവും നടത്തി. ക്രൈസ്തവ സമൂഹം അത്യധികം ഭയാശങ്കകളോടെയാണ് മണിപ്പുരിലെ ആക്രമണങ്ങളെ കാണുന്നതെന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സജീവ ശ്രദ്ധയിലെത്തേണ്ടതുണ്ട്. ആരാധനാലയങ്ങൾ ആസൂത്രിതമായി നശിപ്പിക്കുകയായിരുന്നു.  

കലാപത്തിൽ അവിടെ ഉണ്ടാകുന്നത് ഉടനൊന്നും ഉണങ്ങാത്ത മുറിവുകളാണെന്നതിൽ സംശയമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന്, സമാധാനം പുനഃസ്ഥാപിക്കാനായി വിവിധ തലങ്ങളിൽ നടപടികളുണ്ടായിട്ടും കലാപം വലുതാകുകതന്നെയാണ്. ഭൂമിശാസ്ത്രപരമായ വേർതിരിവും ഗോത്രവിഭാഗങ്ങളോടുള്ള എതിർപ്പും തീവ്രവാദചിന്തകളുമെല്ലാം എണ്ണ പകരുന്ന ഈ കലാപം ആളിക്കത്തുന്നത് കൂടുതൽ ദുരന്തങ്ങളിലേക്കാകും നയിക്കുക. ശാന്തി പുലരാൻ വൈകുന്ന ഓരോ നിമിഷത്തിനും രാജ്യം വലിയ വില കെ‍ാടുക്കേണ്ടിവരും.

English Summary : Editorial about Manipur riots 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.