വ്യാജന്റെ മഹാദുരന്തപാത

train-tagedy
ബഹനാഗ ബസാർ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻറെ ദൃശ്യം. റെയിൽ പാളത്തിനപ്പുറം കാണുന്നതാണ് ഇസ്കോൺ ക്ഷേത്രം.
SHARE

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടം രാജ്യത്തെയാകെ പിടിച്ചുലച്ചതാണ്. 288 പേരുടെ ജീവൻ നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ചതിനു പിന്നാലെ ഒഡീഷ പൊലീസ് നൽകിയ ഒരു മുന്നറിയിപ്പുണ്ട്: ‘ട്രെയിൻ അപകടത്തിന്റെ പേരിൽ ഊഹാപോഹങ്ങളും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.’

പൊലീസിന് ഈ മുന്നറിയിപ്പു നൽകേണ്ടി വന്നതിനു വ്യക്തമായ കാരണമുണ്ട്. ഒഡീഷ അപകടത്തെക്കുറിച്ചു തീർത്തും അടിസ്ഥാനരഹിതമായ ഒട്ടേറെ വ്യാജവിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആ നാളുകളിൽ പ്രചരിച്ചത്. 

ജൂൺ 2 വെള്ളിയാഴ്ചയായിരുന്നു ബാലസോറിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചത്. സമൂഹമാധ്യമങ്ങളിൽ ആദ്യം ഷെയർ ചെയ്യപ്പെട്ട വ്യാജപ്രചാരണങ്ങളിലൊന്ന് ‘എല്ലാ ട്രെയിനപകടങ്ങളും ഉണ്ടാകുന്നത് വെള്ളിയാഴ്ചകളിലാണ്. എന്തുകൊണ്ട്?’ എന്നൊരു ചോദ്യമായിരുന്നു. ഒട്ടും നിഷ്കളങ്കമായിരുന്നില്ല ഈ ചോദ്യം. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാദിവസം ഇന്ത്യയിൽ ട്രെയിൻ അപകടങ്ങൾ ഉണ്ടാകുന്നു എന്നു വരുത്തിത്തീർക്കുകയായിരുന്നു ഉദ്ദേശ്യം. 

എന്നാൽ, നമ്മുടെ രാജ്യത്തുണ്ടായ പ്രധാന ട്രെയിനപകടങ്ങൾ പരിശോധിച്ചാൽ ഈ പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാണ്. വെള്ളിയാഴ്ചകളിൽ മാത്രമല്ല, ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ട്രെയിനപകടങ്ങളുണ്ടായിട്ടുണ്ട്. 

വ്യാജപ്രചാരണങ്ങൾ ഇവിടെ അവസാനിച്ചില്ല. അപകടമുണ്ടായ സ്ഥലത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ, ട്രാക്കിനു സമീപമുള്ള പാടത്ത് ഒരു ആരാധനാലയം കാണാം. പത്രങ്ങളടക്കമുള്ള എല്ലാ മാധ്യമങ്ങളിലും വന്ന ദൃശ്യങ്ങളിൽ ഇതുണ്ട്. ഈ ആരാധനാലയം ഒരു മുസ്‍ലിം പള്ളിയാണെന്നും അതിന്റെ സമീപത്തു വെള്ളിയാഴ്ച ദിവസം അപകടമുണ്ടായതിൽ അട്ടിമറിയുണ്ടെന്നും കാണിച്ച് ട്വീറ്റുകളും ഫെയ്സ്ബുക് പോസ്റ്റുകളും വാട്സാപ് ഫോർവേഡുകളും വ്യാപകമായി പ്രചരിച്ചു. എന്നാൽ, ട്രാക്കിനു സമീപമുള്ളത് ഇസ്കോൺ ക്ഷേത്രമാണ് എന്ന വസ്തുത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. പക്ഷേ, സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും അസത്യം ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നാണല്ലോ. ഇപ്പോഴും ഇതേ വ്യാജകഥ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടാകും. 

കാര്യങ്ങൾ ഇത്രയും വഷളായ ഘട്ടത്തിലാണ് ഒഡീഷ പൊലീസ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നത്. 

കഥ പക്ഷേ അവിടെയും അവസാനിച്ചില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട് പൊലീസ് കന്യാകുമാരി ജില്ലയിലെ ഒരു അഭിഭാഷകനെ ഒഡീഷ ദുരന്തത്തെക്കുറിച്ചു ട്വിറ്ററിൽ വ്യാജവിവരം പങ്കുവച്ചതിന് അറസ്റ്റ് ചെയ്തു. അപകടമുണ്ടായ ദിവസം ബഹനാഗ ബസാർ സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്നത് മുഹമ്മദ് ഷരീഫ് എന്ന സ്റ്റേഷൻ മാസ്റ്ററായിരുന്നെന്നും ട്രെയിനുകൾ കൂട്ടിയിടിച്ചയുടൻ ഇയാൾ രക്ഷപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്. തമിഴ് അഭിഭാഷകൻ മാത്രമല്ല, ഒട്ടേറെപ്പേർ ഈ വിവരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. വസ്തുതയുമായി വിദൂരബന്ധം പോലും ഈ ആരോപണത്തിന് ഇല്ലെന്നതാണു സത്യം. ബഹനാഗ ബസാർ സ്റ്റേഷനിൽ മുഹമ്മദ് ഷരീഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നതേയില്ലെന്നു റെയിൽവേ അധികൃതർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്.ബി.മൊഹന്തിയായിരുന്നു അപകടദിവസം സ്റ്റേഷൻ മാസ്റ്റർ. എസ്.കെ.പട്നായിക് സ്റ്റേഷൻ മാനേജരും. ഇവരാരും അപകടമുണ്ടായതിനു പിന്നാലെ ഓടി രക്ഷപ്പെട്ടിട്ടുമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട ഇത്തരം സന്ദർഭങ്ങളിൽ വർഗീയവിദ്വേഷം പടർത്തുന്നത് ഒഡീഷയിലുണ്ടായ അപകടത്തോളം വലിയ ദുരന്തമാണെന്ന കാര്യത്തിൽ സംശയമില്ല. 

fake-news
ബാലസോർ കലക്ടറുടെ ട്വീറ്റ്

ആ കഥ തെറ്റ് 

ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ഒരു കഥ വന്നു. ട്രെയിനപകടത്തിൽപെട്ട മകനെ തേടിയെത്തിയ ഒരു പിതാവിന് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ആളെ കണ്ടെത്താനായില്ല. ഒടുവിൽ, ഒരു ആശുപത്രിയുടെ മോർച്ചറിയിൽ മൃതദേഹങ്ങൾക്കിടയിൽനിന്ന് അദ്ദേഹം മകനെ ജീവനോടെ കണ്ടെത്തി എന്നായിരുന്നു വാർത്ത. മരിച്ചുവെന്നു കരുതി ആ യുവാവിനെയും മോർച്ചറിയിലേക്കു മാറ്റുകയായിരുന്നുവത്രേ. എന്നാൽ, ഈ കഥ പൂർണമായും വ്യാജമാണെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ബാലസോർ കലക്ടർ അറിയിച്ചത്. പ്രചരിച്ച കഥയിലെ പിതാവിനെ ബന്ധപ്പെട്ടപ്പോൾ കഥ അവാസ്തവമാണെന്നും മകനു മതിയായ ചികിത്സ കിട്ടിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചതായി കലക്ടർ പറയുന്നു.

English Summary : Writeup about Great Tragedy of the False

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.