ADVERTISEMENT

കടുംവെട്ടിനു തീരുമാനിച്ച റബർ മരങ്ങളുടെ അവസ്ഥയിലാണ് കേരളത്തിലെ റബർ കർഷകർ. റബർ ബോർഡാകട്ടെ ചിരട്ട കവിഞ്ഞ് ഒഴുകിയ പാലു പോലെയും. പ്രതിസന്ധികളിൽനിന്നു പ്രതിസന്ധികളിലേക്കാണ് കർഷകർ നീങ്ങുന്നത്. ഉൽപാദനച്ചെലവിന് അനുസരിച്ചുള്ള തുക ഉൽപന്നത്തിനു കിട്ടുന്നില്ല. റബർ ഷീറ്റിനു കിലോയ്ക്ക് 250 രൂപയെങ്കിലും ലഭിക്കണമെന്നതടക്കം ഒട്ടേറെ ആവശ്യങ്ങൾ അവർ ഉന്നയിക്കുന്നു.   

ഈ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ജനുവരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച റബർ (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) കരടുബിൽ (2022) പരിഷ്കരിക്കാനുള്ള നീക്കത്തിൽ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ, കഴിഞ്ഞമാസം അവതരിപ്പിച്ച പുതിയ കരടുബിൽ ആ പ്രതീക്ഷകൾ തകർത്തെന്നു മാത്രമല്ല, അവരുടെ ദുരിതം വർധിപ്പിക്കുകയും ചെയ്യും. 

റബർ ആക്ട് (1947) റദ്ദാക്കിയാണ് കരടുബിൽ കൊണ്ടുവന്നത്. റബർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ റബർ ബോർഡ് സംവിധാനം ഈ കരടുബില്ലിൽ വിഭാവനം ചെയ്തിട്ടുണ്ട്. അതിവേഗം മാറിവരുന്ന ശാസ്ത്ര–സാങ്കേതിക–സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പരിഷ്കാരങ്ങൾ റബർ വ്യവസായരംഗത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാൽ, പുതിയ ബില്ലിൽ വലിയ അപാകതകളുണ്ട്.  

രാജ്യത്തെ റബർ വ്യവസായം പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കും എന്നതാണ് ഇതിലെ ഒരു പ്രധാനവ്യവസ്ഥ. എന്നു മാത്രമല്ല, റബർ ഉൽപന്നങ്ങളുടെ നിർമാണത്തിനു പുറമേ റബർ മരങ്ങളും കൃഷിയും പാലുൽപാദനവും ഗവേഷണവുമെല്ലാം  വ്യവസായമായാണ് നിർവചിച്ചിരിക്കുന്നത്. ഈ ബിൽ നിയമമായാൽ റബർത്തോട്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നു വ്യക്തം. ഇതിനു രാഷ്ട്രീയമായും ഭരണപരമായും ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ടാകാം. 

kannur-rubber

മാത്രമല്ല, റബറിനെ കൃഷിയായി നിർവചിക്കണമെന്ന കർഷകരുടെ നിരന്തര ആവശ്യത്തിന് ഇതു കടകവിരുദ്ധവുമാണ്. 1947ലെ റബർ ആക്ടിൽ കൃഷിയെ പ്രത്യക്ഷമായി വ്യവസായമായിക്കണ്ടല്ല നിർവചിച്ചിട്ടുള്ളത്. എങ്കിലും, കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിൽ റബർക്കൃഷിയും ഉൽപാദനവും ഏറ്റവും മികച്ച രീതിയിലാണ് നടന്നിരുന്നത്. ആ സാഹചര്യത്തിൽ, റബർക്കൃഷിയെ വ്യവസായമായി ഇപ്പോൾ പരിഗണിക്കുന്നതിന്റെ പ്രസക്തിയും അതുമൂലം കർഷകർക്കുണ്ടാകുന്ന പ്രയോജനവും വ്യക്തമല്ല. 

 

അംഗങ്ങളുടെ എണ്ണമേറും; കേരളപങ്കാളിത്തം കുറയും

നിലവിൽ 20 അംഗങ്ങളുള്ള റബർ ബോർഡിൽ പുതിയ ബിൽ പ്രകാരം 30 അംഗങ്ങളുണ്ടാവും. എന്നാൽ, കേരളത്തിൽനിന്നു നിലവിൽ എട്ട് അംഗങ്ങളുള്ളത് ആറായി കുറയും. ഭൂരിപക്ഷം അംഗങ്ങളെയും കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുമെന്നാണ് പുതിയ ബില്ലിലുള്ളത്. ഇതു റബർ ബോർഡിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുകയും കേന്ദ്ര സർക്കാർ നിലപാടുകൾ ബോർഡിൽ അടിച്ചേൽപിക്കാൻ ഇടയാക്കുകയും ചെയ്യും. അതുവഴി കർഷക താൽപര്യങ്ങൾ ഹനിക്കപ്പെടുമെന്നു ന്യായമായും ഭയക്കണം.

റബറിനു തറവില നിശ്ചയിക്കാനുള്ള അധികാരം റബർ ആക്ട് (1947) പ്രകാരം ബോർഡിനുണ്ടായിരുന്നു. എന്നാൽ, പുതിയ ബില്ലിൽ തറവില നിശ്ചയിക്കാനുള്ള വ്യവസ്ഥ തന്നെ എടുത്തുമാറ്റി. ഇതും കർഷക താൽപര്യത്തിനു വിരുദ്ധമാണ്. 

റബർക്കൃഷിയെക്കുറിച്ചു പൊതുവിലും റബറിന്റെയും റബർ ഉൽപന്നങ്ങളുടെയും കയറ്റുമതി, ഇറക്കുമതി എന്നിവയെക്കുറിച്ചു പ്രത്യേകിച്ചും കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനുള്ള ഉത്തരവാദിത്തം ബോർഡിൽ നിക്ഷിപ്തമായിരുന്നു. പുതിയ ബില്ലിലും ഇപ്രകാരം ഉപദേശിക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും ഈ ഉപദേശങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നു നിർബന്ധമില്ലെന്നു പ്രത്യേകം എടുത്തുപറയുന്നു. റബർ ബോർഡിന്റെ ഉപദേശക ധർമത്തിന്റെ പ്രസക്തിതന്നെ ഇതുമൂലം ഇല്ലാതാകും. 

ബോർഡിലെ ഏറ്റവും ഉയർന്ന തസ്തികയായ എക്സിക്യൂട്ടീവ് ഡയറക്ടറെ തരംതാഴ്ത്തി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാക്കി. ഈ ഉദ്യോഗസ്ഥൻതന്നെ ബോർഡിന്റെ സെക്രട്ടറിയായി പ്രവർത്തിക്കണമെന്നും ബില്ലിലുണ്ട്. ഇതും റബർ ബോർഡിന്റെ പ്രസക്തി കുറയ്ക്കും. 

 

rubber-plant

കൃത്രിമ റബറിനെ കണ്ടില്ലെന്നു നടിച്ച്

പുതിയ ബില്ലിൽ റബറിന്റെ നിർവചനം പൂർണമായും സ്വാഭാവിക റബറിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, സ്വാഭാവിക റബർ എന്ന്  എടുത്തുപറയുന്നുമില്ല. കൃത്രിമ റബറിനെ പൂർണമായും അവഗണിച്ചിരിക്കുന്നു. 

   ഇന്ത്യൻ റബർ വ്യവസായത്തെ വളർത്താൻ ഉദ്ദേശിച്ചുള്ളത് എന്നു പറയുന്ന പുതിയ ബില്ലിൽ കൃത്രിമ റബറിനെക്കുറിച്ചു തീർച്ചയായും പരാമർശിക്കേണ്ടതായിരുന്നു. 1947ൽ പഴയ റബർ ആക്ട് നിലവിൽ വന്നപ്പോൾ ഇന്ത്യയിൽ സ്വാഭാവിക റബർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ, ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിന്റെ ഏകദേശം 40 ശതമാനവും കൃത്രിമ റബറാണ്. കൃത്രിമ റബർ ഉപയോഗം കൂടാനാണു സാധ്യത. സ്വാഭാവിക റബറിന്റെ ഉൽപാദനത്തെക്കാൾ അതിവേഗമാണ് കൃത്രിമ റബറിന്റെ ഉൽപാദനം ഇന്ത്യയിൽ നടക്കുന്നത്. രാജ്യത്തു കൃത്രിമ റബറിന്റെ ഉൽപാദനവും ഉപയോഗവും വർധിക്കുന്നതു കർഷകർക്കു വലിയ വെല്ലുവിളിയാണ്. അതിനാൽ കൃത്രിമ റബറിനെ പരിഗണിക്കാത്ത ബിൽ അപൂർണമാണെന്നു മാത്രമല്ല, അതു കർഷകരുടെ താൽപര്യങ്ങൾക്ക് എതിരുമാകും. 

റബറിന്റെ നിർവചനത്തിൽ ഒട്ടുപാലും സെൻട്രിഫ്യൂജ്ഡ് ലാറ്റക്സും (സെനക്സ്) വ്യവസായത്തിന്റെ പട്ടികയിൽ പ്രാഥമിക സംസ്കരണവും ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ബില്ലിന്റെ ലക്ഷ്യങ്ങളിലും ഗവേഷണ പദ്ധതികളിലും പ്രാഥമിക സംസ്കരണത്തിനു സ്ഥാനമില്ല.

മതിയായ കാരണങ്ങളുണ്ടെന്നു കേന്ദ്ര സർക്കാരിനു ബോധ്യപ്പെട്ടാൽ റബറിന്റെയും റബർ ഉൽപന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിക്കാനും തടയാനും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. വേണമെങ്കിൽ മാത്രം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനു റബർ ബോർഡിനോട് അഭിപ്രായം തേടിയാൽ മതിയെന്നും വ്യക്തമാക്കിയിരിക്കുന്നു. 

എന്നാൽ, റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വ്യവസ്ഥ ഇല്ലതാനും. ആത്യന്തികമായി ഇതു കർഷകവിരുദ്ധമാകും എന്നു വ്യക്തം. 

കേരളത്തിലെ റബർക്കൃഷിയുടെയോ കർഷകരുടെയോ തോട്ടം തൊഴിലാളികളുടെയോ ശാക്തീകരണത്തിന് ഉതകുന്ന ഒന്നും ബില്ലിൽ ഇല്ല. തറവില നിശ്ചയിക്കാനോ ഇറക്കുമതി നിയന്ത്രിക്കാനോ വ്യവസ്ഥയില്ലാത്ത ബിൽ കർഷകരുടെയും തൊഴിലാളികളുടെയും എന്തു താൽപര്യമാണ് സംരംക്ഷിക്കുന്നതെന്നതു വലിയ ചോദ്യമാണ്.

 

(കേരള പ്ലാന്റേഷൻ കോർപറേഷൻ എംഡിയും റബർ ബോർഡ് ഗവേഷണകേന്ദ്രം മുൻ ഡയറക്ടറുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

English Summary: Kerala rubber farmers distress will increase due to rubber draft bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com