ADVERTISEMENT

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച്  കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ സ്‌ഫോടനാത്മക പ്രസ്താവനയോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉരസൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നു. അസംബന്ധം എന്നു വിശേഷിപ്പിച്ച് ആ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ഖലിസ്ഥാൻ‌ വിഘടനവാദ പ്രസ്ഥാനത്തോടു കാനഡ അനുഭാവം പുലർത്തുകയാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോൾ, ഇന്ത്യൻ ഉദ്യോഗസ്ഥർ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നെന്നാണ് കാനഡയുടെ ആരോപണം. ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും യുഎസ്, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹായം കാനഡ തേടുകയും ചെയ്തതോടെ ഈ ആരോപണ പ്രത്യാരോപണങ്ങൾ സമ്പൂർണ നയതന്ത്ര സംഘട്ടനമായി വളർന്നുകഴിഞ്ഞു. മനുഷ്യാവകാശ–ന്യൂനപക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി,  നരേന്ദ്ര മോദിയുടെ ഭരണത്തിനുകീഴിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിൽ പാശ്ചാത്യമാധ്യമങ്ങൾ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. 

ഇന്ത്യ– കാന‍ഡ ബന്ധത്തിലെ ഈ അപചയത്തിനു പിന്നിൽ വർഷങ്ങളുടെ നയതന്ത്ര സംഘർഷമുണ്ട്. ഖലിസ്ഥാൻ പ്രസ്ഥാനം പോലുള്ള സിഖ് തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ ഭരണകൂടത്തെ വെല്ലുവിളിക്കുമ്പോൾ കാന‍ഡ പോലുള്ള ചില പാശ്ചാത്യരാജ്യങ്ങൾ വെറുതേ കണ്ടു നിൽക്കുക മാത്രമാണു ചെയ്യുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയിലെ സിഖ് സമൂഹം ഖലിസ്ഥാനുവേണ്ടി സംഘടിക്കുകയും ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങൾ തകർക്കുകയും നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോഴും കാനഡയിലെ ഉദ്യോഗസ്ഥർ നിഷ്ക്രിയത്വം തുടരുന്നെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. 

പഞ്ചാബിനുപോലും ഓർമയില്ലാത്ത ഖലിസ്ഥാൻ

ഈയിടെ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രൂഡോ നടത്തിയ സംഘർഷഭരിതമായ കൂടിക്കാഴ്ചയിൽത്തന്നെ ഇന്ത്യ–കാനഡ ബന്ധത്തിലെ വിള്ളലുകൾ ദൃശ്യമായിരുന്നു. വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണം ട്രൂഡോയ്ക്ക് ഒരു ദിവസംകൂടി ഇന്ത്യയിൽ തങ്ങേണ്ടി വന്നതും ഉഭയബന്ധത്തിലെ പിരിമുറുക്കം കൂടുതൽ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും വെവ്വേറെ നടത്തിയ പ്രസ്താവനകൾ ഉറച്ചതായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തോടു കാനഡയ്ക്കുള്ള പ്രതിബദ്ധതയാണ് ട്രൂഡോ ഊന്നിപ്പറഞ്ഞതെങ്കിൽ, കാനഡയിലെ തീവ്രവാദ സംഘടനകൾ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിലുള്ള കടുത്ത ആശങ്കയാണു നരേന്ദ്ര മോദി പ്രകടിപ്പിച്ചത്. 

ഖലിസ്ഥാൻ എന്ന ആവശ്യം പഞ്ചാബിൽ എത്രയോ മുൻപുതന്നെ കെട്ടടങ്ങിക്കഴിഞ്ഞു എന്നതാണു വസ്തുത. എൺപതുകളിലെ തീവ്രവാദത്തിന്റെ പ്രക്ഷുബ്ധദിനങ്ങളെ പഞ്ചാബിലെ ഒട്ടുമിക്ക സിഖുകാരും ഇപ്പോൾ ഓർക്കുന്നുപോലുമില്ല. എന്നിട്ടും കാനഡയിലെയും ഓസ്ട്രേലിയയിലെയും യുകെയിലെയും സിഖ് സമൂഹങ്ങളിലെ ചിലരിൽ ഖലിസ്ഥാ‍ൻ എന്ന ആശയം ഇന്നും സജീവമാണ്. 

നയതന്ത്രം സുഗമമാക്കാൻ ഇരുപക്ഷവും ചിലതു മനസ്സിലാക്കേണ്ടതുണ്ട്. വിഘടനവാദത്തെ ഒരുനിലയ്ക്കും സഹിക്കാൻ ഇന്ത്യയ്ക്കു കഴിയില്ലെന്നു കാനഡ തിരിച്ചറിയണം. അതുപോലെതന്നെ, രാഷ്ട്രീയ ആവിഷ്കാരങ്ങളെ നിയന്ത്രിക്കുക എന്നത് ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളുടെയും ഭരണഘടനാതത്വങ്ങൾക്ക് എതിരാണെന്ന വസ്തുത ഇന്ത്യയും അംഗീകരിക്കണം. മാത്രമല്ല, ട്രൂഡോയ്ക്കുമേൽ ആഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങളുമുണ്ട്. 

sureendhar
സുരീന്ദർ സിങ് ഒബ്‌റോയ്

ഇന്ത്യയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യമാണു കാന‍‍ഡ. 7,70,000 സിഖുകാരാണ് അവിടെയുള്ളത്; അതായത് കാനഡയിലെ ആകെ ജനസംഖ്യയുടെ 2.1 ശതമാനം. 2015ൽ ട്രൂഡോ അധികാരത്തിൽ വന്നപ്പോൾ മുപ്പതംഗ കാബിനറ്റിൽ നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതോടെയാണ് ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ ഉദ്യോഗസ്ഥതലത്തിൽ സംഘർഷം ആദ്യമായി തുടങ്ങിയത്. 

ഈ സ്ഥിതിയിലും സൗഹൃദം സാധ്യമാണ്

നിലവിലെ കേടുപാടുകൾ പരിഹരിക്കാൻ ഇപ്പോഴും സാധ്യതകൾ പലതുമുണ്ട്. ഒന്നാമത്, നയതന്ത്ര ഉരസലുകൾ നേരത്തേയും ഉണ്ടായിരുന്നിട്ടും ഇന്ത്യയും കാനഡയും തമ്മിൽ ശക്തമായ വ്യാപാരബന്ധം നിലനിർത്തുന്നുണ്ട്. കാനഡയുടെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഈയിടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നതിന്റെ അടുത്തുവരെ എത്തിയതാണ്. ഈ മാസം ആദ്യമാണ് അതു ‘താൽക്കാലികമായി നിർത്തിവച്ചത്’. രണ്ടാമത്, ഈ വിഷയത്തിൽ ട്രൂഡോ പിന്തുണതേടി സമീപിച്ചിട്ടുള്ള യുഎസും യുകെയും ഓസ്ട്രേലിയയും ഇന്ത്യയോടു സാമ്പത്തികവും തന്ത്രപരവുമായി ശക്തമായ താൽപര്യങ്ങളുള്ള രാഷ്ട്രങ്ങളാണ്. തങ്ങളുടെ രണ്ട് അടുത്ത സുഹൃത്തുക്കൾക്കിടയിൽ അകൽച്ച കൂടുന്നതു കാണാൻ ആ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നുണ്ടാവില്ല. പിൻവാതിൽ നയതന്ത്രനീക്കങ്ങൾ ഇതിനകം  തുടങ്ങിയിരിക്കാനും സാധ്യതയുണ്ട്. 

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് ഇപ്പോൾ ആഴം കൂടി വരികയാണ്. ഇസ്രയേലും ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും ഇന്ത്യയ്ക്ക് ഇപ്പോൾ പ്രധാനപങ്കുണ്ട്. തെക്കൻ രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തിനു നേതൃത്വം നൽകാൻ ഇന്ത്യയ്ക്കു കഴിയുമെന്ന് ജി 20 ഉച്ചകോടി തെളിയിച്ചിട്ടുമുണ്ട്. മേഖലയിലെ യുഎസിന്റെ സുരക്ഷാ കൂട്ടുകെട്ടുകൾക്ക് ഉറച്ചൊരു കിഴക്കൻ നങ്കൂരമാകാനും ഇന്ത്യയ്ക്കു കഴിയും. പ്രതിരോധം, ബഹിരാകാശ ഗവേഷണം, സമുദ്രസുരക്ഷ എന്നിവയിലും സാമ്പത്തികരംഗത്തും ഇന്ത്യയോടു യുഎസിനു വലിയ താൽപര്യം ഇപ്പോഴുണ്ട്. ഇന്ത്യ–പസിഫിക് മേഖലയിൽ ചൈനയ്ക്കെതിരെ ഇന്ത്യയെ മുഖാമുഖം നിർത്താൻ അമേരിക്ക താൽപര്യപ്പെടുന്നുമുണ്ട് (ചേരിചേരാ നയത്തിന്റെ പേരിൽ ഇന്ത്യ ഇതുവരെ ആ സാഹചര്യം ഒഴിവാക്കി വരികയായിരുന്നു).

ഇന്ത്യ-പസിഫിക് മേഖലയിലെ ചൈനീസ് സ്വാധീനം ചെറുക്കാൻ ‘പടിഞ്ഞാറിന്റെ അഞ്ച് കണ്ണുകൾ’ എന്നറിയപ്പെടുന്ന കരാറിലൂടെ കാനഡ ഇതിനകം തന്നെ ഓസ്‌ട്രേലിയ, യുകെ, യുഎസ്, ന്യൂസീലൻഡ് എന്നിവയുമായി വിവരങ്ങൾ പങ്കിടുന്നുണ്ട്. ഇന്ത്യയ്ക്കും താൽപര്യങ്ങളുള്ള മേഖലയാണല്ലോ ഇന്ത്യ–പസിഫിക്.  കൂടാതെ, യുകെ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലും ഗണ്യമായ സിഖ് ജനസംഖ്യയുണ്ട്. ആ രാജ്യങ്ങളും കാനഡയുടേതിനു സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഇല്ലാതാക്കാൻ സാധ്യമാകുന്ന സഹായം ചെയ്യുകയെന്നതിൽ അവർക്കെല്ലാം പൊതുതാൽപര്യവുമുണ്ടാവും. ഇപ്പറഞ്ഞ രാജ്യങ്ങളിലും സിഖ് സമൂഹത്തിലെ ചിലർ ഖലിസ്ഥാൻ എന്ന ആശയം ഉന്നയിച്ചിട്ടുണ്ട്. അതായത്, കാനഡയിൽ സംഭവിക്കുന്നത് യുഎസിലും യുകെയിലും സംഭവിച്ചുകൂടെന്നുമില്ല. അതുകൊണ്ടുതന്നെ, ഇതിനെയൊരു ഇന്ത്യ–കാനഡ പ്രശ്നം മാത്രമായി മാറ്റിനിർത്താതെ ‘പടിഞ്ഞാറിന്റെ അഞ്ച് കണ്ണുക’ളുടെയും ഇന്ത്യയുടെയും സഹായത്തോടെ കൂട്ടായ പരിഹാരം കണ്ടെത്താൻ അമേരിക്കയ്ക്കും താൽപര്യമുണ്ടാവും.  

ഇന്ത്യ–കാന‍ഡ ബന്ധം കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പാശ്ചാത്യരാജ്യങ്ങൾ വേണ്ടതു ചെയ്യും എന്നാണു വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും വിശ്വസിക്കുന്നത്. കാരണം, വിദ്യാഭ്യാസമേഖലയിലെ പരസ്പര വിനിമയത്തിൽ ഇരുരാജ്യങ്ങൾക്കും ഒരുപോലെ താൽപര്യമുണ്ട്. 2022ൽ മാത്രം, 2,26,450 ഇന്ത്യൻ വിദ്യാർഥികളാണു കാനഡയിൽ പഠിക്കാൻ പോയത്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തിൽ ഇന്ത്യൻ വിദ്യാർഥികളുടെ ഗണ്യമായ സംഭാവനയുമുണ്ട്. 

(രാജ്യാന്തരതലത്തിൽ ജനക്ഷേമ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണു ലേഖകൻ)

English Summary: Writeup about india canada diplomatic row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT