നവോത്ഥാനമെന്ന ഋഷിചര്യ

Mail This Article
ഗുരുക്കന്മാർക്കു ഹൃദയപൂജ അർപ്പിക്കാനുള്ള ഏറ്റവും നല്ല പുണ്യദിനങ്ങളാണ് അവരുടെ സ്മൃതിദിനങ്ങൾ. ഗുരുപൂജയും ഗുരുസേവയും ഗുരുധ്യാനവും ഒക്കെയാണ് ശിഷ്യരുടെയും ഭക്തരുടെയും ഹൃദയപൂജയ്ക്കുള്ള സാധനാമാർഗങ്ങൾ. പരമജ്ഞാനത്തിന്റെ പരകോടിയിൽ മനസ്സിനെ പൂർണമായും സമർപ്പിച്ച്, നിർവൃതിയുടെ നിത്യതയിൽ ലയിച്ച് ജീവിതത്തെ അമൃതാനുഭവമാക്കുന്ന പരമഹംസന്മാരുടെ പുരാതനമായ ഋഷിചര്യാ പാരമ്പര്യത്തിൽനിന്നു വ്യത്യസ്തമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ഋഷിചര്യ.
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ചാതുർവർണ്യം സൃഷ്ടിച്ച വിവേചനത്തിന്റെയും ആധിക്യമുണ്ടാക്കിയ അസമത്വങ്ങൾക്കിടയിൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശവും അർഹതയും നിഷേധിക്കപ്പെട്ടുപോയ ഒരു വലിയ ജനസമൂഹത്തെയാണ് ഋഷിയായ ഗുരുദേവൻ തനിക്കു ചുറ്റും കണ്ടത്. അധഃകൃതരെന്നു മുദ്രകുത്തി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളിമാറ്റപ്പെട്ട അവരെ പ്രബുദ്ധരും സ്വതന്ത്രരുമായി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്ന ചരിത്രനിയോഗം സ്വയം ഏറ്റെടുത്തുകൊണ്ടാണ് ഗുരു പുതിയൊരു ഋഷിചര്യയ്ക്കു തുടക്കം കുറിച്ചത്. അതുകൊണ്ടാണ് ഒരേസമയം ഋഷിയായും അവതാരപുരുഷനായും നവോത്ഥാന നായകനായും സാമൂഹികപരിഷ്കർത്താവായും ജ്ഞാന കർമയോഗിയായുമൊക്കെ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്.
പാർശ്വവത്കരിക്കപ്പെടുന്ന ജനതയുടെയും ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെയും വിലാപങ്ങളെ വിലപ്പെട്ടതായി തിരിച്ചറിയുന്ന ഒരു ‘ഋഷിത്വ’മായിരുന്നു ഗുരുദേവന്റേത്. ആരും ആർക്കും അന്യരല്ലാത്ത ഒരു മാനവസംസ്കാരത്തിന്റെയും മാനവലോകത്തിന്റെയും സംസ്ഥാപനമായിരുന്നു ഗുരുവിന്റെ പാവനമായ ലക്ഷ്യം. അതിന്റെ സമ്മോഹനമായ ഉദ്ഗീഥമായിരുന്നു അരുവിപ്പുറം സന്ദേശം.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എല്ലാ മൂല്യങ്ങളുടെയും ധർമങ്ങളുടെയും ലക്ഷ്യവും മാർഗവും ഇതിനു വേണ്ടിയുള്ളതാകണം. മനുഷ്യരുടെ ഒന്നാകലിനും നന്നാകലിനും യോജിക്കാത്തത് എന്തെല്ലാമാണോ അതൊന്നും മാനവികമല്ലെന്നു കണ്ട് നിരാകരിക്കാനും നിരുത്സാഹപ്പെടുത്താനുമുള്ള വിവേകത്തിലൂടെ മാത്രമേ ഒരുവൻ ഉത്തമനായ മനുഷ്യനാകൂ.
‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണ’മെന്ന് യേശുദേവൻ ഉപദേശിച്ചപ്പോൾ ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’എന്നാണു ഗുരുദേവൻ അരുൾചെയ്തത്.
ഇതാണ് യഥാർഥ മാനവികതയുടെ അനർവചനീയമായ പൊരുളും. ഹൃദയവും ജീവനും തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണോ ഈശ്വരൻ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്, അങ്ങനെ എന്റെയും അപരന്റെയും ഹിതങ്ങൾ തമ്മിലും കൂട്ടിയോജിക്കപ്പെടണം. ഇപ്രകാരം ആത്മാവിനു വിരോധമുണ്ടാക്കുന്ന യാതൊന്നിനും ഇടം നൽകാത്ത വിധം ഒരു സമതാബോധം നമ്മിൽ സദാസമയവും പ്രകാശിച്ചു നിൽക്കണം. അപ്പോഴേ ത്യാഗവും ക്ഷമയും സ്നേഹവും സാഹോദര്യവും കാരുണ്യവുമെല്ലാം ഒന്നിനോടൊന്നായി വിളങ്ങുന്ന മനുഷ്യത്വത്തിന്റെ ശ്രീകോവിൽ നമ്മുടെയുള്ളിൽ തുറക്കപ്പെടുകയുള്ളൂ.

മനുഷ്യരെ സർവവിധ സമഭാവനയിലൂടെ പാകപ്പെടുത്തിക്കൊണ്ട് കാലത്തെയും ലോകത്തെയും ഇണക്കി പ്രസരിപ്പിക്കുന്ന ശൈലിയായിരുന്നു ഗുരുദേവനുണ്ടായിരുന്നത്. മനുഷ്യൻ നന്നായില്ലെങ്കിൽ ലോകം നന്നായിട്ട് എന്തു പ്രയോജനമെന്ന ഗുരുദേവന്റെ അന്നത്തെ ആശങ്ക ഉൾക്കൊള്ളാനും പങ്കിടാനും ഈ ശാസ്ത്രയുഗത്തിലും നമുക്കു കഴിഞ്ഞിട്ടില്ല. മനുഷ്യനും അവന്റെ നന്നാകലുമായിരുന്നു ഗുരുദേവന്റെ വിചാരമാർഗത്തിലും പ്രവൃത്തിമാർഗത്തിലും എപ്പോഴും പ്രധാനമായിരുന്നത്. അരുവിപ്പുറം പ്രതിഷ്ഠ മുതൽ ശിവഗിരി തീർഥാടനം വരെയുള്ള ഗുരുവിന്റെ എല്ലാ ദാർശനിക സാമൂഹിക ഇടപെടലുകളിലും ഇതു മറ്റെന്തിനും മീതെയായി തെളിഞ്ഞു കാണാനാകും. ഇത്തരം സദ്ചിന്തകളുടെ നേരൊഴുക്കുകൊണ്ട് ഈ പുണ്യദിവസം സാർഥകമാവണം.
(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
English Summary: Writeup about Sree Narayana Guru Samadhi