ADVERTISEMENT

ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന അടിസ്‌ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ബഹുസ്വരതയും സഹിഷ്ണുതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകുകയാണിപ്പോൾ. ഈ നിർഭാഗ്യ സാഹചര്യമുണ്ടാക്കുന്നതിൽ വിദ്വേഷപ്രസംഗങ്ങൾക്കു കാര്യമായ പങ്കുണ്ട്. പാർലമെന്റിൽ, ഒരു എംപിക്കെതിരെ മറ്റെ‍ാരു എംപിയിൽനിന്നു വിദ്വേഷ പരാമർശം ഉണ്ടായത് രാജ്യം അഭിമുഖീകരിക്കുന്ന വലിയെ‍ാരു ആപൽസാഹചര്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. 

രാഷ്ട്രീയ നേതാക്കളും അധികാരസ്ഥാനത്തിരിക്കുന്നവരും ഏതു സാഹചര്യത്തിലും പുലർത്തേണ്ട മാന്യതയും സംസ്കാരവുമുണ്ട്. എന്നാൽ, സംവാദ മര്യാദകളുടെ മാതൃകാസ്ഥാനമായ പാർലമെന്റ്തന്നെ ലംഘനത്തിന്റെ വേദിയായിമാറി. ലോക്സഭയിൽ ചർച്ചയ്ക്കിടെ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുമ്പോൾ ബിജെപി എംപി രമേഷ് ബിദൂഡി ഒരു ജനപ്രതിനിധിയും മറക്കരുതാത്ത അടിസ്ഥാനപാഠങ്ങളാണു മറന്നത്. വ്യാഴാഴ്ച, ചന്ദ്രയാൻ 3 നേട്ടത്തിന്റെ ചർച്ചയ്ക്കിടെയാണ് ഡാനിഷ് അലിക്കെതിരെ ‘ഭീകരവാദി’ എന്നതുൾപ്പെടെ സഭ്യമല്ലാത്തതും വിദ്വേഷകരവുമായ പരാമർശങ്ങൾ ബിദൂഡി നടത്തിയത്. ബിദൂഡി ഇതാദ്യമല്ല വിദ്വേഷപരാമർശം നടത്തുന്നതെന്നത് ഇതിന്റെ ഗൗരവം കൂട്ടുന്നു. പാർലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറിയതിന്റെ മൂന്നാം ദിവസമാണ് ഈ ദുരനുഭവം. 

ഇതിനിടെ, ഡാനിഷ് അലി പ്രധാനമന്ത്രിയെക്കുറിച്ചു പ്രകോപനപരമായി സംസാരിച്ചതുകൊണ്ടാണ് രമേശ് ബിദൂഡി പ്രതികരിച്ചതെന്നു ന്യായീകരിച്ച്, ബിജെപി അംഗങ്ങളായ നിഷികാന്ത് ദുബെ, രവി കിഷൻ ശുക്ല, ഹർനാഥ് സിങ് യാദവ് എന്നിവർ ലോക്സഭാ സ്പീക്കർക്കു കത്തയയ്ക്കുകയുണ്ടായി. മോദിക്കെതിരെ ഡാനിഷ് അലി ഗുരുതരവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിയെന്നും ദേശസ്നേഹമുള്ള ആർക്കും നിയന്ത്രണം വിട്ടുപോകുമെന്നുമാണു ദുബെയുടെ കത്തിലെ വാദം. ഇതിനുള്ള പ്രതികരണമായി, ലോക്സഭയ്ക്കകത്തു തന്നെ വാക്കുകൾകൊണ്ടു കൊലപാതകം നടത്തിയശേഷം പുറത്ത് ആൾക്കൂട്ടക്കൊലയ്ക്കു വഴിയൊരുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡാനിഷ് അലി പറഞ്ഞത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

പൊതുരംഗത്തുള്ളവർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സമീപകാലത്തായി സുപ്രീം കോടതി കർശന ഇടപെടലുകൾ നടത്തിവരികയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്താമെന്നതു മാത്രമാണ് ഇത്തരം പ്രസംഗങ്ങൾകൊണ്ടുള്ള പ്രയോജനമെന്നു കോടതി പറഞ്ഞതു മൂന്നു വർഷംമുൻപാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യസംവിധാനത്തിൽ തുല്യത നിഷേധിക്കലാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഭവിക്കുന്നതെന്നും അന്നു കോടതി ഓർമിപ്പിച്ചിരുന്നു. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കു സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ സാഹോദര്യം സാധ്യമാകില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചതാവട്ടെ കഴിഞ്ഞ വർഷവും. 

മതനിരപേക്ഷതയുടെ മഹനീയമൂല്യം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന സമുന്നത നേതാക്കൾ സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്. വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. നാടിന്റെ കുലീനതയും ജനാധിപത്യ മര്യാദകളും പൊതുജീവിതത്തിലുള്ള ഓരോരുത്തരുടെയും നാവിലൂടെയും പ്രകടമാകുമെന്ന തിരിച്ചറിവ് രാഷ്‌ട്രീയജീവിതത്തിന്റെ അടിസ്‌ഥാന ദർശനമാണ്; മര്യാദവിട്ടുള്ള പരാമർശങ്ങൾ പ്രതിപക്ഷ ബഹുമാനത്തിന്റെ നിഷേധവും.

ബിദൂഡിയെ ലോക്സഭാ സ്പീക്കർ ഓം ബിർല താക്കീതു ചെയ്തതും ഇനി ഇതാവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയതും ബിജെപി കാരണം കാണിക്കൽ നോട്ടിസ് നൽകിയതുംകെ‍ാണ്ടു തീരുന്നതാണോ ഈ കടുത്ത അപമാനത്തിനുള്ള പ്രതിവിധി ? മുസ്‌ലിംകൾക്കെതിരെ ഗുരുതര ആക്ഷേപങ്ങൾ നടത്തിയ ബിദൂഡിക്കെതിരെ അറസ്റ്റും സസ്പെൻഷനും അടക്കമുള്ള നടപടികൾ വേണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. 

നിന്ദ്യമായ വിദ്വേഷ പരാമർശത്തിലൂടെ ഡാനിഷ് അലി എന്ന വ്യക്തിയും എംപിയും മാത്രമല്ല, പാർലമെന്റും മതനിരപേക്ഷ ഭാരതവും കൂടിയാണ് അപമാനിക്കപ്പെട്ടത് എന്നതു തിരിച്ചറിഞ്ഞുള്ള മാതൃകാപരമായ നടപടിയാണ് ലോക്സഭാ സ്പീക്കറിൽനിന്നും ബിജെപിയിൽനിന്നും അടിയന്തരമായി ഉണ്ടാവേണ്ടത്.

English Summary : Editorial about hate speech in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT