ADVERTISEMENT

ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച കേസും അത് ഒതുക്കിത്തീർക്കാൻ സംസ്ഥാന സർക്കാരും പെ‍ാലീസും ശ്രമിച്ചെന്ന ആരോപണവും രാജ്യത്തിനുമേൽ വലിയ കളങ്കമായി വീണുകിടക്കുന്നു. മതവിവേചനവും അസഹിഷ്ണുതയും ഒരു ലോവർ പ്രൈമറി ക്ലാസിനെപ്പോലും വിഷലിപ്തമാക്കിയതും അതിന് അധ്യാപികതന്നെ മുന്നിട്ടിറങ്ങിയതും രാജ്യത്തെ ഞെട്ടിച്ചു. അതുകെ‍ാണ്ടാണ് യുപി സർക്കാരിനും പൊലീസിനുമെതിരെ സുപ്രീം കോടതിക്കു തിങ്കളാഴ്ച പൊട്ടിത്തെറിക്കേണ്ടിവന്നത്. സഹപാഠികളെക്കൊണ്ടു തല്ലിക്കാൻ അധ്യാപിക നിർദേശിച്ചതിന്റെ കാരണം വിദ്യാർഥിയുടെ മതമാണെന്ന ആരോപണം ശരിയെങ്കിൽ, എന്തുതരം വിദ്യാഭ്യാസമാണ് നൽകുന്നതെന്നാണ് കോടതി ചോദിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 24ന് ആയിരുന്നു ഈ നിന്ദ്യസംഭവം. ഗുണനപ്പട്ടിക പഠിക്കുന്നതിൽ പിന്നിലായിപ്പോയ ഏഴു വയസ്സുകാരനെ സ്കൂൾ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക ഓരോ വിദ്യാർഥിയെയുംകൊണ്ടു തല്ലിക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്തെന്നാണ് കേസ്. ഇതു ശരിയെങ്കിൽ, ഏറ്റവും ഹീനമായ ഈ ശിക്ഷാരീതി മനസ്സാക്ഷിയെ ഞെട്ടിക്കേണ്ടതാണെന്നും സർക്കാരിന്റെ ഭാഗത്തുനിന്നു കടുത്ത വീഴ്ചയുണ്ടായെന്നും കോടതി വാക്കാൽ പറഞ്ഞു. േകസെടുക്കാൻ വൈകിയതും അധ്യാപിക മതവിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയെന്നു വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലുള്ളത് എഫ്ഐആറിൽ ഒഴിവാക്കിയതും ഉൾപ്പെടെ പൊലീസിനുണ്ടായ വീഴ്ചകൾ കോടതി എണ്ണിപ്പറയുകയുണ്ടായി. സമുദായത്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയുള്ള ആക്രമണമാണുണ്ടായതെന്ന ആരോപണം ഒഴിവാക്കി കേസെടുത്തതു ഗുരുതര വീഴ്ചയാണെന്നും വിലയിരുത്തി. 

രാഷ്ട്രഹൃദയത്തെ മുറിവേൽപിക്കുന്ന ഇത്തരം വാർത്തകൾ യുപി ഗ്രാമങ്ങളിൽനിന്നു തുടർച്ചയായി പുറത്തുവരുന്നുണ്ട്. പീഡന, കൊലപാതക, നീതിനിഷേധ പരമ്പരകൾ, മനുഷ്യാവകാശ ധ്വംസനത്തിന്റെ തുടർക്കഥകൾ... യുപിയിൽ നിലനിൽക്കുന്ന നിർഭാഗ്യസാഹചര്യത്തിന്റെ മുഖ്യകാരണങ്ങൾ ആ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയ്ക്കെ‍ാപ്പം കടുത്ത ജാതീയതയും മതവിവേചനവുമാണെന്നതിൽ സംശയമില്ല. അധികാരത്തണലിൽ അസഹിഷ്ണുത ആയുധമെടുക്കുന്ന സംഭവങ്ങൾ അവിടെ പതിവായിത്തീർന്നിരിക്കുന്നു.

ജാതിയുടെ പേരിലുള്ള ക്രൂരതയുടെ അങ്ങേയറ്റം അറിയിക്കുന്ന സംഭവങ്ങളും ഉത്തർപ്രദേശിൽ പലയിടത്തും ഉണ്ടാകുന്നുണ്ട്. സോനഭദ്രയിൽ ദലിത് യുവാവിനെ മർദിക്കുകയും ചെരിപ്പുനക്കിക്കുകയും ചെയ്ത സംഭവമുണ്ടായത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ഉന്നാവിൽ കഴിഞ്ഞവർഷം പീഡനത്തിനിരയായ 11 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ വീടിനു പ്രതികൾ തീവച്ചതിനെത്തുടർന്ന് രണ്ടും ആറും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റത് ഏപ്രിലിലും. ബിജ്നോറിൽ മേശപ്പുറത്തു വച്ചിരുന്ന കുപ്പിയിലെ വെള്ളമെടുത്തു കുടിച്ചതിന് സ്കൂൾ പ്രിൻസിപ്പൽ ദലിത് വിദ്യാർഥിയെ മർദിച്ചതു ഫെബ്രുവരിയിലാണ്. ഈ വർഷംമാത്രം യുപിയിലുണ്ടായ ദലിത് പീഡനങ്ങളിൽ കുറച്ചെണ്ണം മാത്രമാണിവ. വായ്പയുടെ പലിശക്കുടിശിക നൽകിയില്ലെന്നാരോപിച്ചു ബ്ലേഡ് പലിശക്കാരൻ ദലിത് യുവതിയെ നഗ്നയാക്കി മൂത്രം കുടിപ്പിച്ച സംഭവം ബിഹാറിൽനിന്നു നാം കഴിഞ്ഞദിവസം കേട്ടു.

മനുഷ്യത്വം കൈമോശം വന്നവരുടെ വിളയാട്ടങ്ങൾ കേട്ടു തലതാഴ്ത്തുകയാണ് രാജ്യം. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ജെൻഡറിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ വ്യത്യാസമില്ലാതെ, എല്ലാവർക്കും ഈ രാജ്യത്ത് തുല്യ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരേണ്ടതുണ്ട്. മതവിവേചനത്തിന്റെ പേരിൽ ക്രൂരതയുടെ അങ്ങേയറ്റത്തെത്തുന്നവരുടെയും അവരെ സംരക്ഷിക്കുന്ന അധികാരികളുടെയും കൂത്തരങ്ങാകരുത് ഇവിടം.

മുസഫർനഗറിലെ ആ ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ മതവിദ്വേഷത്തിന്റെയും ആൾക്കൂട്ടക്രൂരതയുടെയും നിന്ദ്യമായ പ്രായോഗികപാഠങ്ങളാണ് ആ അധ്യാപിക പഠിപ്പിച്ചതെങ്കിൽ അതു പുതുതലമുറയോടു ചെയ്ത മാപ്പർഹിക്കാത്ത തെറ്റുതന്നെയാവുന്നു. ക്ലാസ് മുറിയിൽ, ആ പാവം ബാലൻ നിസ്സഹായതയോടെ അനുഭവിച്ച അപമാനത്തിനും മാനസിക പീഡനത്തിനും ഭരണാധികാരികൾ ചെയ്യേണ്ട പ്രായശ്ചിത്തം കേസിൽ മാതൃകാപരമായ ശിക്ഷ ലഭിക്കുന്നുവെന്നും ഇത്തരത്തിലെ‍ാരു നിന്ദ്യസംഭവം ആവർത്തിക്കപ്പെടില്ലെന്നും ഉറപ്പുവരുത്തുകതന്നെയാണ്.

English Summary : Supreme court questions on Musafirnagar School incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT