ADVERTISEMENT

ഇന്ത്യയെന്നതു ഭാരതമെന്നു മാറ്റിയെഴുതിയാൽ നിയമത്തിന്റെ അന്തസ്സത്ത മാറില്ല. ഭംഗിയായി അച്ചടിച്ച ഒരു പുസ്തകത്തിന്റെ കുത്തഴിച്ചു പേജുകൾ പരസ്പരം മാറ്റി തുന്നിക്കെട്ടിയ അവസ്ഥയാണ് ‘ഇന്ത്യൻ പീനൽ കോഡിനെ’ ഭാരതീയ ന്യായസംഹിതാ ബില്ലാക്കി കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സംഭവിച്ചിരിക്കുന്നത്. ഗൗരവമായ ചർച്ചകളിലൂടെ അബദ്ധങ്ങൾ തിരുത്താതെ അതേപടി നിയമമാക്കിയാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയാകെ ആശയക്കുഴപ്പത്തിലാവും. 

രാജ്യദ്രോഹം ദേശദ്രോഹമാകുമ്പോൾ 

വിമർശകരെ നേരിടാൻ രാജ്യദ്രോഹക്കുറ്റം ദുരുപയോഗിക്കുന്നെന്ന ആരോപണം ശക്തമായിരിക്കെ, ഈ നിയമത്തിൽ ഭാരതീയ ന്യായ സംഹിതയിൽ എന്തു ഭേദഗതി വരുമെന്നു സുപ്രീം കോടതി ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട്. 124എ വകുപ്പിന്റെ ഭരണഘടനാസാധുതയെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ നിയമവിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്. 

എന്നാൽ, ‘നിയമം മൂലം സ്ഥാപിതമായ സർക്കാരിനെതിരായ നീക്കം (അപ്രീതി വളർത്തൽ)’ ബില്ലിൽ പുതിയ വകുപ്പായ 150ൽ കൂടുതൽ കടുപ്പിച്ചു. ആരെന്തു പറഞ്ഞാലും ദുർവ്യാഖ്യാനം ചെയ്ത് അകത്താക്കാവുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുന്നത്. 

കൊലക്കുറ്റത്തിൽ വെള്ളം ചേർത്തു

കൊലക്കുറ്റത്തിനു നിലവിലുള്ള കടുത്ത ശിക്ഷകൾ ഉറപ്പാക്കിയപ്പോൾ ഐപിസി 302–ാം വകുപ്പ് പുതിയ ബില്ലിൽ 101(ഒന്ന്), 101 (രണ്ട്) എന്നിങ്ങനെ വിഭജിച്ച് അൽപം വെള്ളം ചേർത്തതായി കാണാം. ആൾക്കൂട്ട കൊലപാതകത്തെയാണു വിഭജിച്ച രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയത്. 

    അഞ്ചോ അതിൽ കൂടുതലോ പേർ ചേർന്നു നടത്തുന്ന കൊലപാതകങ്ങൾക്കു വധശിക്ഷയും ജീവപര്യന്തവും ലഭിച്ചിരുന്നത് ഇനി വേണമെങ്കിൽ 7 വർഷം വരെയുള്ള തടവായി കുറയ്ക്കാം. 

    ഈ വകുപ്പിൽ വെള്ളം ചേർത്തതു കാണുമ്പോൾ ഉത്തരേന്ത്യയിലെ ‘ബീഫ്’ കൊലകളും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ഓർമയിൽ വരുന്നുണ്ട്. 

ഭീകരപ്രവർത്തനം: പരോൾ ഇല്ല 

ഇന്ത്യൻ‌ പീനൽ കോഡ് എഴുതിയ കാലത്തു ഭീകരപ്രവർത്തനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക‌ളും നിയമനിർമാണവും നടത്തേണ്ട സാഹചര്യമായിരുന്നില്ല. ദേശസ്നേഹികളായ ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സായുധസമരങ്ങളെയാണു ബ്രിട്ടിഷുകാർ ഭീകരപ്രവർത്തനമായി കണ്ടത്. ഇന്നു സാഹചര്യം മാറി. അതിശക്തമായ നിയമനിർമാണം ഭീകരതയ്ക്കെതിരെ വേണ്ടിവരും. പുതിയ ബില്ലിൽ ഭീകരപ്രവർത്തനം മൂലം ആളപായമുണ്ടായാൽ വധശിക്ഷയും അല്ലെങ്കിൽ പരോളില്ലാതെ ജീവിതാവസാനം വരെ കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ചുമത്തും. ആളപായമുണ്ടായില്ലെങ്കിൽ അഞ്ചു വർഷംവരെ കഠിനതടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭീകരപ്രവർത്തനത്തിനുവേണ്ടിയുള്ള ഗൂഢാലോചനയ്ക്കും കടുത്ത ശിക്ഷ ബില്ലിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാനും നാടിന്റെ വളർച്ചയ്ക്കും ഇതാവശ്യമാണ്. ഇതേ വകുപ്പുകളും ശിക്ഷകളും നിയമവിരുദ്ധപ്രവർത്തന നിരോധന നിയമത്തിൽ (യുഎപിഎ) ആവർത്തിക്കുന്നതു പക്ഷേ, ആശയക്കുഴപ്പമുണ്ടാക്കും. 

സംഘടിത കുറ്റകൃത്യം, യുഎപിഎ  

Justice-B-Kemal-Pasha-3
ജസ്റ്റിസ് ബി.കെമാൽ പാഷ

തട്ടിക്കൊണ്ടുപോകൽ, കൊള്ള, വാഹനമോഷണം, ഭീഷണിപ്പെടുത്തി നേട്ടമുണ്ടാക്കൽ, സ്ഥലം കൈവശപ്പെടുത്തൽ, വീടും കെട്ടിടവും കയ്യേറി താമസിക്കൽ, ക്വട്ടേഷൻ കുറ്റകൃത്യങ്ങൾ, സൈബർ ക്രൈം, ലഹരി പദാർഥ വിപണനം, ആയുധ ഇടപാടുകൾ, മോചനദ്രവ്യത്തിനോ വ്യഭിചാരത്തിനോ വേണ്ടിയുള്ള കടത്തിക്കൊണ്ടുപോകൽ എന്നിവയെ സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന വകുപ്പുകളാക്കിയിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള ഗൂഢാലോചനയിൽ പങ്കാളികളായാൽ അഞ്ചു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും അധികശിക്ഷയായും ലഭിക്കും. സംഘടിത കുറ്റകൃത്യം  പ്രത്യേക നിയമമായതോടെ നിലവിലുള്ള യുഎപിഎ നിയമത്തെ ഇതെങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. 

അശ്രദ്ധയ്ക്ക് 7 വർഷം, കടന്നുകളഞ്ഞാൽ 10 

കൊലപാതകമല്ലാത്ത നരഹത്യ (ഐപിസി– 304), അശ്രദ്ധമൂലമുണ്ടാവുന്ന മരണങ്ങൾ (304– എ) എന്നിവയ്ക്കും പുതിയ നിർവചനങ്ങൾ ബില്ലിൽ നൽകിയിട്ടുണ്ട്. ഈ വകുപ്പ് പുതിയ ബില്ലിൽ 104 ഒന്നും രണ്ടുമാണ്. അശ്രദ്ധ മൂലം അപകടമരണം സംഭവിച്ചാൽ ഇനി 7 വർഷം വരെ തടവു ലഭിക്കും. 

    അപകടമുണ്ടാക്കിയ പ്രതി പരുക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കാതെ, സ്വന്തം കുറ്റം മറച്ചുവയ്ക്കുകയെന്ന ദുരുദ്ദേശ്യത്തോടെ കടന്നുകളഞ്ഞാൽ ശിക്ഷ 10 വർഷം കഠിനതടവായി വർധിക്കും. അപകടവിവരം പ്രതിതന്നെ പൊലീസിനെയോ കോടതിയെയോ നേരിട്ട് അറിയിച്ചാൽ മാത്രമാണു ശിക്ഷയിൽ ഇളവ്.

 പീഡനത്തിന് കടുത്തശിക്ഷ 

‘പെൺകുട്ടി’ ഇനി ‘കുട്ടി’ 

പീഡനക്കുറ്റത്തിന്റെ വകുപ്പുകളിൽ മാറ്റംവരുത്തി കുറ്റവാളിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമം പുതിയ ബിൽ നടത്തിയിട്ടുണ്ട്. മുൻപ്, പെൺകുട്ടിയെ കൂട്ടമായി പീഡിപ്പിക്കുന്ന പ്രതികൾക്കു വധശിക്ഷ ഉറപ്പാക്കിയിരുന്നു. ഇതുവരെ ഐപിസി 375 മുതലാരംഭിക്കുന്ന വകുപ്പുകൾ ഇനി 63 മുതൽ തുടങ്ങും. നിയമത്തിലെ ‘പ്രായപൂർത്തിയാവാത്ത പെൺകുട്ടി’യെന്ന പ്രയോഗം ഇനി കാണില്ല, പകരം ‘കുട്ടി’ എന്നാണു ചേർക്കുക. ഇതോടെ നിയമത്തിന്റെ പരിരക്ഷ ആൺകുട്ടികൾക്കും ലഭിക്കും. നിലവിലുള്ള പോക്സോ നിയമത്തിന്റെ ബലം  വർധിക്കും. നേരത്തേ 12 വയസ്സിൽ താഴെയുള്ളവരെ സംഘംചേർന്നു പീഡിപ്പിച്ചാൽ ലഭിച്ചിരുന്ന വധശിക്ഷ പുതിയ ബില്ലിൽ 18 വയസ്സിൽ താഴെയുള്ളവരെ പീഡിപ്പിച്ചാലും ലഭിക്കും. 

പേര് പരസ്യമാക്കിയാൽ 2 വർഷം തടവ് 

പീഡനക്കേസുകളിൽ‌ അതിജീവിതയുടെ പേര് മാധ്യമങ്ങളും വ്യക്തികളും പരസ്യമാക്കരുതെന്നു സുപ്രീം കോടതിയാണ് ആദ്യം നിർദേശിച്ചത്. പിന്നീട് ഇക്കാര്യം നിയമഭേദഗതിയിലൂടെ പീനൽ കോഡിന്റെ ഭാഗമാക്കി. പുതിയ ബില്ലിൽ ഇതേ കുറ്റം തടവുശിക്ഷ ഉറപ്പാക്കുന്ന കരുത്തുള്ള നിയമമാക്കി. 

   പക്ഷേ, ശിക്ഷയുടെ തോതു വർധിപ്പിക്കാതെ 2 വർഷം തടവായി നിലനിർത്തിയിട്ടുണ്ട്. 

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകത്തിലും സമീപകാലത്ത് ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകത്തിലും ചില മാധ്യമങ്ങളും ഓൺലൈൻ വാർത്താ പോർട്ടലുകളും വ്യക്തികളും കോടതിയുടെ ഈ നിർദേശം അനുസരിക്കാതെ പേരു പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ബിൽ നിയമമാവുമ്പോൾ ഇതു ഗുരുതര കുറ്റകൃത്യമാവും. എന്നാൽ, അതിജീവിതയുടെ രേഖാമൂലമുള്ള അനുവാദത്തോടെ വാർത്തകളിൽ പേരു പ്രസിദ്ധീകരിക്കാൻ വകുപ്പുണ്ട്. 

അതുപോലെ കേസിന്റെ അന്വേഷണ പുരോഗതിക്ക് അതിജീവിത യുടെ പേര് പൊതുസമൂഹം അറിയേണ്ടത് ആവശ്യമെന്നു തോന്നിയാൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്കോ അന്വേഷണ ഉദ്യോഗസ്ഥനോ അതിജീവിതയുടെ പേരു പ്രസിദ്ധീകരിക്കാൻ രേഖാമൂലം അറിയിപ്പു നൽകാനും വകുപ്പുണ്ട്.

വടിയും ദണ്ഡും ആയുധമല്ലേ? 

ഐപിസി 153 എ ബോധപൂർവം ആയുധം ഉപയോഗിച്ചു പരിശീലനം നടത്തുന്നതിനും മാസ് ഡ്രിൽ, റാലി, പ്രകടനം എന്നിവയിൽ പങ്കെടുക്കുന്നതിനും ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. പുതിയ ബില്ലിൽ 194(സി) എന്നാക്കുമ്പോൾ മാറുന്നത് അതിന്റെ അക്കം മാത്രമല്ല; ‘ആയുധം’ എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനവുമാണ്. പുതിയ നിയമത്തിലെ ആയുധങ്ങളുടെ കൂട്ടത്തിൽ ‘വടി, ദണ്ഡ്, ലാത്തി, കുറുവടി’ എന്നിവ പരാമർശിക്കാത്തത് അത്രയ്ക്കു നിഷ്കളങ്കമല്ല. എന്നാൽ, ശിക്ഷ 3 വർഷമായി ഉയർത്തിയിട്ടുണ്ട്.

വ്യാജവാഗ്ദാനം നൽകി പീഡനം 10 വർഷം കഠിന തടവ്

വ്യാജവാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിക്കുന്നവർക്കു 10 വർഷം കഠിനതടവ് ഉറപ്പാണ്. പീഡനം നടന്നില്ലെങ്കിൽപോലും വ്യാജവാഗ്ദാനം നൽകിയതു പീഡിപ്പിക്കാനാണെന്നു കോടതിക്കു ബോധ്യപ്പെട്ടാൽ പുതിയ വകുപ്പ് 69 പ്രകാരം ശിക്ഷ ഉറപ്പാണ്. വ്യാജവാഗ്ദാനങ്ങളിൽ വിവാഹം, ജോലി, സ്ഥാനക്കയറ്റം, സംരക്ഷണം... ഇങ്ങനെ എന്തും ഉൾപ്പെടും.

വിവാഹം നടന്നതായി തെറ്റിദ്ധരിപ്പിക്കാൻ മാലയിടുക, താലി കെട്ടുക, വ്യാജ വിവാഹ റജിസ്റ്റർ നാടകം നടത്തുക എന്നിവ ചെയ്താലും 10 വർഷം കഠിനതടവ് ഉറപ്പാണ്. ഇത്തരം കേസുകളിൽ പീഡനം നടന്നില്ലെങ്കിലും 7 വർഷം തടവു ലഭിക്കും. ഭിക്ഷാടനത്തിനു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഏറ്റവും കുറഞ്ഞതു 10 വർഷം കഠിനതടവു ലഭിക്കുന്ന വകുപ്പായി പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്ന കൺസന്റ് (സമ്മതം) സംബന്ധിച്ച പുതിയ വ്യാഖ്യാനങ്ങളിൽ അവ്യക്തതയുണ്ട്.

പുതിയ ശിക്ഷ കൂടി

നിലവിലെ ശിക്ഷകളോടൊപ്പം പുതിയൊരുതരം ശിക്ഷകൂടി വരുന്നുണ്ട്.  ‘നിർബന്ധിത സാമൂഹികസേവനം’ കൂടി ശിക്ഷയായി ഉൾപ്പെടുത്തിയിരിക്കുന്നു. അത് ആശുപത്രി സേവനമോ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾക്കൊപ്പം സേവനം ചെയ്യുന്നതോ തുടങ്ങി  കോടതിയുടെ വിവേചനാധികാരപ്രകാരം വിധിക്കാം.

ജീവപര്യന്തം തടവ് 

നിലവിലുള്ള ജീവപര്യന്തം ജീവിതം മുഴുവനുള്ള തടവുശിക്ഷയാണെങ്കിലും പുതിയ നിയമത്തിൽ അതു പ്രത്യേകം ‘ജീവിതാവസാനം വരെ’യെന്ന് എടുത്തുപറയുന്നുണ്ട്. എന്നാൽ, ഇരട്ടജീവപര്യന്തം ശിക്ഷ ഒരു പ്രതിക്കു നൽകുന്ന ഘട്ടത്തിൽ അതിനെ കോടതിക്കു വേണമെങ്കിൽ 20–20 വർഷം വീതമെന്നു കണക്കാക്കാം. 

ഏകാന്തതടവ് തുടരും

കുറ്റവാളിയെ നല്ല മനുഷ്യനാക്കി സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്നതിനുപകരം ഒരു മനുഷ്യൻ പോലുമല്ലാതാക്കി മാറ്റുന്ന ‘ഏകാന്തതടവ്’ എന്ന അപരിഷ്കൃതമായ ശിക്ഷാരീതിയെ പുതിയ നിയമം അതേപടി പിന്തുടരുന്നു. ഏകാന്തതടവു മനുഷ്യനെ ഭ്രാന്തനാക്കും. 

‘സൽക്കീർത്തി’ മായുമ്പോൾ 

ഇന്ത്യൻ ശിക്ഷാനിയമത്തെ (ഐപിസി –1860) ഭാരതീയ ന്യായസംഹിതയെന്നും ക്രിമിനൽ നടപടിച്ചട്ടത്തെ (സിആർപിസി–1898, 1973) ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഇന്ത്യൻ തെളിവുനിയമത്തെ (1872) ഭാരതീയ സാക്ഷ്യ അധിനിയമം എന്നും വിളിക്കുമ്പോൾ അതു ബോംബെയെ മുംബൈയെന്നും മദ്രാസിനെ ചെന്നൈയെന്നും വിളിക്കുന്നതുപോലെ ‘നിരുപദ്രവകരവും നിഷ്കളങ്കവുമല്ല’.

കേസിലെ കക്ഷികളുടെയും സാക്ഷികളുടെയും ‘സൽക്കീർത്തിക്കു’ നിയമം നൽകിയിരുന്ന ‘വസ്തുത’(Fact)യെന്ന പദവി പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. നിയമവ്യവസ്ഥയിൽ അതുണ്ടാക്കുന്ന മാറ്റം വലുതാണ്. സാക്ഷി പറയുന്നയാളുടെ അന്തസ്സിനും അതിലൂടെ അദ്ദേഹം അതുവരെയുണ്ടാക്കിയ കീർത്തിക്കും കോടതി ഒരു വില നൽകുന്നുണ്ട്. അതാണ് അദ്ദേഹം നൽകുന്ന മൊഴിയുടെ വില. ഇനിയിപ്പോൾ ഇതൊന്നുമില്ലാത്തവരുടെ മൊഴികൾക്കു നിരപരാധികൾ ‘വലിയ വില’ കൊടുക്കേണ്ടിവരും. 

ഇപ്പോഴത്തെ ഇന്ത്യൻ തെളിവുനിയമത്തിലെ ഏറ്റവും ബലമുള്ള ഒന്നാണു ‘വസ്തുത’. കണ്ണുകൊണ്ടു കാണുന്ന കാഴ്ചയും കാതുകൊണ്ടു കേൾക്കുന്ന ശബ്ദവും തൊട്ടറിയുന്ന തണുപ്പും ചൂടും മണത്തറിയുന്ന ഗന്ധവും രുചിച്ചറിയുന്ന രസവും വിചാരണയിൽ തെളിവായി സ്വീകരിക്കും. ഇതിനൊപ്പമാണ് ഇന്ത്യൻ തെളിവുനിയമം വ്യക്തിയുടെ കീർത്തിയെയും അന്തസ്സിനെയും സത്യം ബോധ്യപ്പെടാനുള്ള വസ്തുതയായി പരിഗണിച്ചിരുന്നത്. 

വിഘടനവാദത്തിലെ അവ്യക്തത

ബില്ലിലെ 150–ാം വകുപ്പിൽ പ്രയോഗിച്ചിട്ടുള്ള ‘വിഘടനവാദം’ എന്ന വാക്ക് വ്യക്തതയോടെ നിർവചിച്ചിട്ടില്ല. അതു കോടതിമുറികളിൽ തോന്നിയപടിയുള്ള വ്യാഖ്യാനങ്ങൾക്കു വഴിയൊരുക്കും. ദുർവ്യാഖ്യാനം ചെയ്ത് ആരെയും 7 വർഷംവരെ തടവിലാക്കാം.

പ്രതി മിണ്ടാതിരുന്നാൽ കേസ് നീണ്ടുപോകും 

വിചാരണയ്ക്കിടയിൽ കോടതിയുടെയും പ്രോസിക്യൂട്ടറുടെയും ചോദ്യങ്ങൾ അവഗണിക്കാൻ ഇന്ത്യൻ പീനൽ കോഡ് അനുവദിക്കുന്നുണ്ട്. 

കുറ്റം കണ്ടെത്തി തെളിവുകൾ ശേഖരിച്ചു കോടതി മുൻപാകെ അവതരിപ്പിച്ചു കുറ്റം തെളിയിക്കാനുള്ള ബാധ്യത മുഴുവൻ പൊലീസിനും പ്രോസിക്യൂഷനുമാണെന്നതു (Adversarial) രാജ്യത്തെ നീതിനിർവഹണത്തിനു കാലതാമസമുണ്ടാവാൻ കാരണമായിട്ടുണ്ട്. വിചാരണ ഘട്ടത്തിലെ തെളിവുതേടലിൽ ചോദ്യങ്ങൾ ഉന്നയിക്കാനും പ്രതിയിൽനിന്ന് ഉത്തരം തേടാനും ന്യായാധിപനും ക്രിയാത്മക പങ്കാളിത്തം നൽകുന്ന (Inquisitorial) നിയമവ്യവസ്ഥയിലേക്കു മാറാനുള്ള അവസരമുണ്ടായിട്ടും അതുവേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല. 

ചെയ്ത കുറ്റം പ്രതി കോടതി മുൻപാകെ ഏറ്റുപറയുന്നതു കോടതിക്കു സ്വയം ബോധ്യപ്പെട്ടാൽ ശിക്ഷയിൽ അർഹമായ ഇളവുനൽകി വിചാരണ നടപടി വേഗത്തിൽ പൂർത്തിയാക്കാനുള്ള അവസരം ഇതിലൂടെ ലഭിച്ചേനെ. വിചാരണ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അവകാശപ്പെടുകയും അതിനുള്ള ഏറ്റവും നല്ല അവസരം വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. 

കടന്നുകയറ്റം അത്ര എളുപ്പമല്ല 

ഐപിസി, സിആർപിസി എന്നിവയിൽ കടന്നുകയറാൻ എളുപ്പമല്ല; വെറും മുഖംമിനുക്കലിന് ഒരുമ്പെടരുത്. നിയമനിർമാണം വസ്തുതകളുടെ കണ്ടെത്തലിലൂടെ കുറ്റവാളിയെയും നിരപരാധിയെയും തിരിച്ചറിയാനുള്ള സവിശേഷസിദ്ധി ആവശ്യമായ പ്രക്രിയയാണ്. അതു സാധ്യമാവുന്ന ക്രിയാത്മക ചർച്ചകൾ പാർലമെന്റിനകത്തും പുറത്തുമുണ്ടാവണം. 

   ബിൽ നിയമമാക്കിയ ശേഷം മജിസ്ട്രേട്ടുമാർക്കും അഭിഭാഷകർക്കും പരിശീലനം നൽകിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞതു 10 വർഷം ഇന്ത്യയിലെ കോടതിമുറികളിൽ നീതിനിർവഹണം ആശയക്കുഴപ്പമുണ്ടാക്കും. അതു നോട്ടുനിരോധനത്തെക്കാൾ‌ വലിയ പ്രത്യാഘാതമുണ്ടാക്കും.

ബലഹീന മനസ്സും രോഗാതുര മനസ്സും 

ഒരാൾ ചെയ്യുന്ന തെറ്റിനെ ഗൗരവമുള്ള കുറ്റമാക്കുന്നതും ബോധപൂ‍ർവമല്ലാത്ത കുറ്റമാക്കുന്നതും അയാളുടെ മനോനില കൂടിയാണെന്നു നിയമം മനസ്സിലാക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 84–ാം വകുപ്പ് മാറ്റിയെഴുതി 22–ാം വകുപ്പാക്കുമ്പോൾ ബലഹീനമായ മനസ്സ് (Unsound Mind) എന്ന വാക്കു മാറ്റി രോഗാതുരമായ മനസ്സ് എന്നാക്കി. 

   എന്താണു ബലഹീന മനസ്സ് എന്നതു കോടതി എങ്ങനെ നിർവചിക്കണമെന്നു മെന്റൽ ഹെൽത്ത് കെയർ ആക്ട് 3 (5) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ നിയമപ്രകാരം രോഗാതുരമായ മനസ്സ് മാത്രമേയുള്ളൂ. അതു നിർവചിക്കാനുള്ള അധികാരം കോടതിക്കു നഷ്ടപ്പെട്ടിരിക്കുന്നു; മെഡിക്കൽ ബോർഡാണ് അതു പറയേണ്ടത്. അതോടെ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് മാത്രം പരിഗണിക്കേണ്ട അവസ്ഥയിലേക്കു കോടതിയുടെ വിവേചനാധികാരം ചുരുക്കപ്പെടും. 

ഒരു പ്രതി എപ്പോഴെങ്കിലും മനോദൗർബല്യത്തിനു മരുന്നു കഴിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ അതിന്റെ ആനുകൂല്യം കോടതി  നൽകേണ്ടിവരും. 

കുറ്റകൃത്യം ചെയ്യുമ്പോൾ അയാൾ മനോദൗർബല്യമുള്ള ആളാണെങ്കിൽ അതിന്റെ ആനുകൂല്യവും അല്ലെങ്കിൽ‌ പരമാവധി ശിക്ഷയും ഉറപ്പാക്കാനുള്ള കോടതിയുടെ വിവേചനാധികാരം (McNaughton's Rule) നഷ്ടപ്പെടും. ഇതു നീതിനിർവഹണത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കും.

(കേരള ഹൈക്കോടതി മുൻ ജഡ്ജിയാണ് ലേഖകൻ)

English Summary: writeup about when deconstructing the legal code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT