ADVERTISEMENT

അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് ബയോടെക്നോളജിയിലെ ലൈഫ് സയൻസസ് വിഭാഗം ഡീൻ ഡോ. ബിപിൻ നായരും ഭാഭ അറ്റോമിക് റിസർച് സെന്റർ മുൻ സയന്റിസ്റ്റും അമൃതയിലെ ഫൈറ്റോ കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അശോക് ബാനർജിയും ഒരു ദിവസം അമ്മയെ കാണാൻ വന്നു. പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഉണങ്ങാത്ത മുറിവുകളെപ്പറ്റി നടത്തുന്ന ഗവേഷണത്തിന്റെ കാര്യം വിശദീകരിക്കാനായിരുന്നു വരവ്. എല്ലാം കേട്ടിരുന്ന അമ്മ പറഞ്ഞു: ‘നന്നായി. എന്തുകൊണ്ട് കശുവണ്ടിയുടെ തോടിനെക്കുറിച്ചും ഗവേഷണം നടത്തിക്കൂടാ?’ ഡോ. ബിപിനും ഡോ. ബാനർജിയും അമ്പരന്നു. ‘കുട്ടിക്കാലത്തേ ഞാൻ കേട്ടിട്ടുള്ളതാണ്, കശുവണ്ടിത്തോടിന്റെ കറയ്ക്ക് മുറിവുണക്കാനുള്ള കഴിവുണ്ടെന്ന്. ശരിയാണെങ്കിൽ പ്രമേഹരോഗികൾക്കു വലിയ അനുഗ്രഹമാകുമല്ലോ. നാട്ടിലാണെങ്കിൽ കശുവണ്ടിത്തോട് കിട്ടാൻ പ്രയാസവുമില്ല.’ പണ്ടെപ്പോഴോ കേട്ട നാട്ടറിവ് അമ്മ ആ ശാസ്ത്രകാരന്മാരോടു പങ്കുവച്ചു. 

അടിസ്ഥാനമില്ലാത്ത ആശയമായി ആദ്യം തോന്നിയെങ്കിലും അമ‍ൃത സർവകലാശാല അതെക്കുറിച്ചു കലിഫോർണിയ യൂണിവേഴ്സിറ്റിയുടെ (ബെർക്കലേ) സഹകരണത്തോടെ പഠനം നടത്തി. തോടിൽനിന്ന് അനാകാർഡിക് ആസിഡ് വേർതിരിച്ചെടുത്ത ശേഷമായിരുന്നു പഠനം. ഈ എണ്ണ ആന്റിബയോട്ടിക് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മുറിവുണക്കാനുള്ള കഴിവുണ്ടെന്നും പഠനം കണ്ടെത്തി. അതിനു പേറ്റന്റും ലഭിച്ചു. അതിനു വിത്തു പാകിയത് അമ്മയാണ്. ശാസ്ത്രത്തെ ഒരിക്കലും സനാതന ധർമം പുറന്തള്ളിയിട്ടില്ല, ഉൾക്കൊണ്ടിട്ടേയുള്ളൂ. 

സ്വാമി അമൃതസ്വരൂപാനന്ദ. ചിത്രം: രാഹുൽ ആർ‌.പട്ടം ∙ മനോരമ
സ്വാമി അമൃതസ്വരൂപാനന്ദ. ചിത്രം: രാഹുൽ ആർ‌.പട്ടം ∙ മനോരമ

കാരുണ്യത്തിന്റെ കരങ്ങൾ

തീരദേശം തച്ചുതകർത്ത സൂനാമി ദുരന്തത്തിനു ശേഷമുള്ള നാളുകളിലൊന്നിൽ പുലർച്ചെ അമ്മ എന്നെ ഫോണിൽ വിളിച്ചു. ചുറ്റുമുള്ള തീരദേശവാസികൾ സർവവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളിൽ ചേക്കേറുന്നതു കണ്ടു സങ്കടപ്പെട്ടാണു വിളി. അമ്മ പറഞ്ഞു: ‘ഈ മക്കളെ നമുക്കു സഹായിക്കണം. അവർക്കു വീട് വേണം, വള്ളവും വലയും വേണം, ചികിത്സ വേണം. അതിന് 100 കോടി രൂപ മാറ്റിവയ്ക്കണം’. ഞാൻ ഞെട്ടി. 100 കോടിയോ? അമ്മ പറഞ്ഞു: ‘പണം വരും, ആത്മാർഥമായ തീരുമാനമാണു പ്രധാനം’. പറഞ്ഞതുപോലെ നടന്നു. എവിടെനിന്നൊക്കെയോ പണം വന്നു. പ്രഖ്യാപിച്ചതിന്റെ ഇരട്ടിത്തുക പുനരധിവാസത്തിനു ചെലവാക്കി. 

‘മക്കളേ, നിങ്ങളുടെ ദുഃഖവും സന്തോഷവും എന്റേതുകൂടിയാണ്’ എന്ന് അമ്മ പലപ്പോഴും പറയാറുണ്ട്. ഇതു താദാത്മ്യമാണ്. ‘ഞാൻ തന്നെ എല്ലാം’ എന്ന അറിവിൽനിന്നുണ്ടാകുന്ന ആത്മൈക്യബോധം. 

ഒന്നിനോടു നമ്മുടെ ഹൃദയം എന്തുമാത്രം താദാത്മ്യം പ്രാപിക്കുന്നുവോ അതിനോടുള്ള പ്രേമം അത്രയും വളരും. അതിലൂടെയാണു മഹത്തായ കാര്യങ്ങൾ സംഭവിക്കുക. സാക്കിർ ഹുസൈൻ തബല വായിക്കുമ്പോൾ അദ്ദേഹവും തബലയുമായുള്ള സംവാദമാണു നടക്കുന്നത്. അപൂർവമായൊരു പ്രേമബന്ധം പോലെ. ആ ആനന്ദത്തിൽ, പ്രേമത്തിൽ അദ്ദേഹം ലയിക്കുന്നു. സവിശേഷമായ മഹത്വം അവിടെ ജനിക്കുന്നു. എല്ലാവരോടും പ്രേമാവസ്ഥയിൽ നിൽക്കുമ്പോൾ കഠിനമെന്നു തോന്നുന്നത് പൂവുപോലെ ഭാരമില്ലാതാകും. ആ അവസ്ഥയിലാണ് അമ്മ; എല്ലാറ്റിനെയും അതതു തലത്തിൽ കണ്ടു സ്വീകരിക്കുന്ന ഭാവം. 

കൊച്ചിയിൽ അമ‍ൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങുന്നതിനു പിന്നിൽ അങ്ങനെയൊരു കഥയുണ്ട്. കടുത്ത ഹൃദ്രോഗമുണ്ടായിട്ടും മരുന്നു വാങ്ങാൻ പണമില്ലാതെ കഴിയുന്നവരെ അമ്മ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. വള്ളിക്കാവിലെ സർക്കാർ ആശുപത്രിയിൽ സിറിഞ്ച് ഒരാളെ കുത്തിയ ശേഷം തിളപ്പിച്ചു വീണ്ടും കുത്തുന്ന കാലമാണ്. അന്ന് അമ്മ മനസ്സിൽ ഉറപ്പിച്ചതാണ്. സാധുക്കൾക്കും ആധുനിക ചികിത്സ നൽകാൻ കഴിയുന്ന ആശുപത്രി വേണമെന്ന്.

ചോർന്നൊലിക്കുന്ന കുടിലുകളിൽ അന്തിയുറങ്ങുന്നവരെ കണ്ടാണ്, ‘അമൃതകുടീരം’ പദ്ധതിയിലൂടെ വീടുകൾ നൽകുന്നത്. പ്രാഥമിക കൃത്യങ്ങൾക്കു പകൽ പുറത്തുപോകാൻ കഴിയാതെ നാട്ടിൻപുറത്തെ സ്ത്രീകൾ സന്ധ്യ വരെ കാത്തിരിക്കുന്നത് അമ്മ കണ്ടിട്ടുണ്ട്. കേരളത്തിലാകെ 15,000 ശുചിമുറികൾ നിർമിച്ചു നൽകിയത് അങ്ങനെ. ഗംഗാനദിയുടെ തീരത്തു ശുചിമുറികൾ നിർമിക്കാൻ 100 കോടി രൂപ നൽകിയതും അവിടത്തെ ദുരിതം കണ്ടാണ്. അങ്ങനെ എത്രയോ... 

ആധ്യാത്മിക അനുഭവം

അമ്മയുടെ ഇടപെടലുകളെ പലപ്പോഴും യുക്തിയുടെ അളവുകോലിൽ വ്യാഖ്യാനിക്കാനാകില്ല. മനഃപൂർവം അതു മനസ്സിലാക്കാത്തവരും ഉണ്ട്. ഉൾക്കൊള്ളാനുള്ള മനോഭാവമാണു പ്രധാനം. തികച്ചും വ്യക്തിഗതമായ, അന്തർഗതമായ ആധ്യാത്മികതയെ അമ്മ അനുഭവിക്കാൻ കഴിയുന്നതാക്കി. വിദേശികൾ അടക്കം എത്രയോ ആയിരങ്ങളെ അമ്മ ഓരോ ദിവസവും കാണുന്നു, സങ്കടങ്ങൾ കേൾക്കുന്നു. ആദ്യത്തെ ആളിനെ കേൾക്കുന്ന അതേ സ്നേഹവായ്പോടെ ഒടുവിലത്തെ ആളെയും കാണും. സ്നേഹത്തെ അങ്ങനെ അമ്മ ആഗോള ഭാഷയാക്കി മാറ്റി. ഒരുപാട് എതിർപ്പുകളെയും വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുള്ള തനി ഗ്രാമീണയായ ഒരു പെൺകുട്ടി, സത്യവും ധർമവും കൈവിടാത്ത ആരെയും തകർക്കാനാവില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ. സമൂഹം കെട്ടിപ്പൊക്കിയ എല്ലാ പരിമിതികളെയും അതിജീവിച്ച് ആർഷഭാരത മൂല്യങ്ങൾക്ക് അമ്മ പുതുജീവൻ നൽകി. അതാണ് അമ്മയുടെ മഹത്വം. 

Content Highlight: 70th birthday of Mata Amritanandamayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT