ADVERTISEMENT

അനാസ്ഥ എന്ന വാക്കിനു ഭയാനകമായ സംഹാരശേഷി എന്നുകൂടി അർഥമുണ്ടെന്ന് ഉറപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ രണ്ടു സർക്കാർ മെഡിക്കൽ കോളജുകൾ. നാന്ദേഡ്, ഒൗറംഗാബാദ് (സംഭാജിനഗർ) ജില്ലകളിലെ മെഡിക്കൽ കോളജുകളിൽ മരുന്നും പരിചരണവും ലഭിക്കാതെ രോഗികളുടെ കൂട്ടമരണമുണ്ടായത് രാജ്യത്തിന്റെ മഹാസങ്കടമായിത്തീരുന്നു. 

രാജ്യത്തു കോടിക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയുമാണ് സർക്കാർ ആശുപത്രികൾ. എന്നാൽ, നമ്മുടെ ആരോഗ്യവ്യവസ്‌ഥയെ ഗ്രസിക്കുന്ന രോഗത്തിന്റെ ഗുരുതരാവസ്‌ഥ വെളിപ്പെടുത്തുന്നതായി മഹാരാഷ്ട്രയിലെ ആശുപത്രികളിലുണ്ടായ കൂട്ടമരണങ്ങൾ. അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായവരെയോർത്ത് ഉറ്റവർ അവിടെ ഇപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നു. രാജ്യം കേൾക്കുന്ന ആശയറ്റ ഈ മഹാവിലാപം, നാം ഇതിനകം നേടിയെന്നു കരുതുന്ന ബഹുമുഖ വികസനത്തിലും അടിസ്ഥാനസൗകര്യങ്ങളിലും മാത്രമല്ല, പൗരാവകാശത്തിൽതന്നെ നിഴൽ വീഴ്ത്തുകയാണ്. 

നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് രണ്ട് ആശുപത്രികളിലുമായി മരിച്ചത്. ന്യുമോണിയ ബാധിതരും ഹൃദയം, വൃക്ക, കരൾ രോഗികളുമാണു മരിച്ചവരിലേറെയും. പാമ്പുകടിയേറ്റും അപകടത്തിൽപെട്ടും ചികിത്സ േതടിയവരും ജീവൻ നഷ്ടപ്പെട്ടവരിലുൾപ്പെടുന്നു. ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ പ്രവേശിപ്പിച്ചതും മരണത്തിനു കാരണമായെന്നാണു സൂചന. 1177 കിടക്കകളുള്ള ഒൗറംഗാബാദിലെ ആശുപത്രിയിൽ 1600 പേരെയും 500 കിടക്കകളുള്ള നാന്ദേഡ് ആശുപത്രിയിൽ 1200 പേരെയും പ്രവേശിപ്പിച്ചെന്നാണ് വിവരം. താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നു വിദഗ്ധചികിത്സ തേടിയെത്തിയവരാണ് മരിച്ചതെന്നു പറഞ്ഞ് അധികൃതർ കൈകഴുകാൻ ശ്രമിക്കുന്നുമുണ്ട്. ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നാൽത്തന്നെ, അവരെ മരണത്തിലേക്കു തള്ളിവിടുകയാണോ ചെയ്യേണ്ടത് ? 

രാജ്യത്തെ പല മേഖലകളിലും അനാസ്ഥയും നിരുത്തരവാദിത്തവും ചേർന്ന് രോഗികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ പതിവായിക്കഴിഞ്ഞു. ഗ്രാമീണ മേഖലയിലെ ആശുപത്രികളിലാണ് കൂട്ടമരണംപോലെയുള്ള ദുരന്തങ്ങൾ കൂടുതലായും ഉണ്ടാവുന്നത്. സമീപ ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ മുഖ്യ ആശ്രയമാണ് ഇപ്പോൾ ദുരന്തമുണ്ടായ നാന്ദേഡ് മെഡിക്കൽ കോളജ്. രാജ്യത്തെ ബഹുഭൂരിപക്ഷം ഡോക്ടർമാരും ജോലിയെടുക്കുന്നതു നഗരങ്ങളിലാണെന്ന വസ്തുത ഇതോടു ചേർത്തുവയ്ക്കാവുന്നതാണ്. കൂടുതൽ ആശുപത്രികളും നഗരമേഖലയിൽത്തന്നെ. ഇതിന്റെ പ്രയോജനം ലഭിക്കുന്നതു രാജ്യത്തെ ജനസംഖ്യയിലെ മൂന്നിലെ‍ാന്നു പേർ‌ക്കു മാത്രമാണെന്നതുകൂടി ഓർക്കേണ്ടതുണ്ട്. 

മൂന്നു വർഷംമുൻപു രാജസ്ഥാനിലും ഗുജറാത്തിലുമായി ഒരു മാസത്തിനുള്ളിൽ അറുനൂറിലേറെ കുട്ടികളുടെ കൂട്ടമരണമുണ്ടായത് ഉദാഹരണമായി എടുക്കാവുന്നതാണ്. ഗ്രാമീണമേഖലയിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയാണ് അന്നു ദുരന്തത്തിനു കാരണമായതെന്നാണു വിലയിരുത്തൽ. രോഗം ഗുരുതരമായ നിലയിൽ റഫറൽ ആശുപത്രികളിലേക്ക് എത്തിച്ച കുട്ടികളായിരുന്നു മരണത്തിനു കീഴടങ്ങിയവരിൽ ഏറെപ്പേരും. വിദൂര, പിന്നാക്ക ഗ്രാമങ്ങൾ അടങ്ങുന്ന പടിഞ്ഞാറൻ മരുപ്രദേശങ്ങളോടു ചേർന്നുകിടക്കുന്ന നഗരങ്ങളിലെ ആശുപത്രികളിലാണ് ആ വേളയിൽ വലിയതോതിലുള്ള ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മികച്ച സൗകര്യങ്ങളുള്ള മെഡിക്കൽ കോളജുകളിൽ എത്താൻ 200 കിലോമീറ്ററിലേറെ സഞ്ചരിക്കണം. അതേസമയം, അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും മരണസംഖ്യ മുൻപത്തെക്കാൾ കുറയുകയാണു ചെയ്തതെന്നും സംസ്ഥാന സർക്കാരുകൾ വാദിക്കുകയും ചെയ്തു. 

അടിസ്ഥാനസൗകര്യങ്ങളിലടക്കം പോരായ്മകളുള്ള പല ആശുപത്രികളിലും സമാന ദുരന്തങ്ങൾ ഉണ്ടാവാത്തതിനു കാരണം ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സമർപ്പിത സേവനമാണെന്നുകൂടി ഓർമിക്കാം. നാന്ദേഡ്, ഒൗറംഗാബാദ് ആശുപത്രികളിലുണ്ടായ കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രഹസനമാക്കാതെ, കുറ്റമറ്റ സമഗ്ര അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണു സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. 2017ൽ, ഓക്‌സിജൻ ലഭിക്കാതെ യുപിയിലെ ഗോരഖ്പുർ സർക്കാർ ആശുപത്രിയിൽ പിഞ്ചുകുട്ടികൾ മരിച്ചതുപോലെ പല സംഭവങ്ങളും ഇപ്പോഴും രാജ്യത്തെ ‍കരയിക്കുന്നുണ്ട്. അനാസ്ഥ ജീവൻ കവർന്ന നിസ്സഹായ രോഗികൾ ഒരിക്കലും മാപ്പർഹിക്കാത്ത വീഴ്‌ചയുടെ ദുഃഖസാക്ഷ്യങ്ങളായി എന്നും നമ്മുടെ ആരോഗ്യമേഖലയുടെയും രാജ്യത്തിന്റെതന്നെയും ഉറക്കംകെടുത്തുമെന്നു തീർച്ച.

English Summary : Editorial about mass death in government hospital in Maharashtra 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com