ADVERTISEMENT

ഹാർവഡ് സർ‍വകലാശാലയിലെ പ്രഫസർ ക്ലോഡിയ ഗോൾഡിൻ നേടിയ സാമ്പത്തിക നൊബേൽ പുരസ്കാരം തൊഴിൽ വിപണിയിലെ സ്ത്രീവിവേചനത്തിന്റെ വേരുകൾ തേടിയുള്ള നാലു ദശാബ്ദത്തിലേറെ നീണ്ട അന്വേഷണ യാത്രയുടെ പരിസമാപ്തിയാണ്.

രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം തൊഴിൽരംഗത്തെ വനിതാപങ്കാളിത്തവും വളർന്നിട്ടുണ്ടാകുമെന്ന തെറ്റിദ്ധാരണ തിരുത്തുകയായിരുന്നു ഈ ഗവേഷക. സ്ത്രീകളുടെ തൊഴിൽനിരക്കും ശമ്പളവും പുരുഷന്മാരുടേതിനെക്കാൾ കുറവായതിന്റെ കാരണങ്ങൾ ചരിത്രവസ്തുതകളുടെ സഹായത്തോടെ വിശദീകരിക്കാൻ അവർക്കു സാധിച്ചു. പ്രശ്നങ്ങൾക്കു പരിഹാരമാകുന്നില്ലെങ്കിലും ക്ലോഡിയയുടെ ഗവേഷണം ജെൻഡർ സമത്വവുമായി ബന്ധപ്പെട്ട മെച്ചപ്പെട്ട നയരൂപീകരണത്തിനു സഹായിച്ചതായാണു നൊബേൽ സമിതിയുടെ വിലയിരുത്തൽ.

സ്ത്രീകളുടെ വരുമാനവും തൊഴിൽ വിപണിയിലെ പ്രാതിനിധ്യവും സംബന്ധിച്ചുള്ള ആദ്യത്തെ സമഗ്രപഠനമാണു ക്ലോഡിയയുടേത്. യുഎസിന്റെ അതിർത്തികൾക്കപ്പുറത്തേക്കു നീണ്ട അവരുടെ ഗവേഷണത്തിൽ ഇന്ത്യയും മുഖംനോക്കുന്നുണ്ട്. സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും മെച്ചപ്പെട്ട സാമൂഹികസുരക്ഷയും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിലെ തുല്യതയും പ്രകടമാണെങ്കിലും ഇന്ത്യയിൽ അത്രത്തോളമായിട്ടില്ല. വനിതകൾ ഇവിടെ പങ്കാളിത്തത്തിന്റെ ബഹുമുഖ തലങ്ങളിൽ പിന്നാക്കമാണെന്നു മാത്രമല്ല, തുല്യപരിഗണന പലപ്പോഴും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. സമസ്തമേഖലകളിലും പുതിയ ഉയരങ്ങൾ കണ്ടെത്തി കരുത്തു തെളിയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതയ്ക്ക് അതനുസരിച്ചുള്ള സമത്വവും പങ്കാളിത്തവും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ഇന്ത്യയ്ക്കു രണ്ടക്ക വളർച്ച നേടണമെങ്കിൽ തൊഴിൽ വിപണിയിൽ കൂടുതൽ സ്ത്രീപങ്കാളിത്തമുണ്ടാകണമെന്നു ലോകബാങ്ക് ആറു വർഷംമുൻപേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നാണെങ്കിലും സ്ത്രീകൾക്കു തൊഴിലവസരങ്ങൾ നൽകുന്നതിൽ ഇന്ത്യ വളരെ പിന്നിലാണ്. ലോകബാങ്കിന്റെ അന്നത്തെ കണക്കനുസരിച്ച് 27 ശതമാനം ഇന്ത്യൻ സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുകയോ ജോലിക്കായി പരിശ്രമിക്കുകയോ ചെയ്യുന്നത്. സാമ്പത്തിക വളർച്ചനിരക്കിനെ പിന്നോട്ടടിക്കുന്ന അതീവ ഗുരുതരമായ കണക്കാണിതെന്ന് ലോകബാങ്ക് മുന്നറിയിപ്പു നൽകിയിരുന്നു. ആ സാഹചര്യത്തിൽനിന്ന് നമുക്ക് എത്രത്തോളം മുന്നോട്ടുപോകാനായിട്ടുണ്ട്? 

നമ്മുടെ രാജ്യത്തു തെ‍ാഴിൽമേഖലയിൽ ഇതുവരെ കൊട്ടിയടച്ചിരുന്ന പല വാതിലുകളും വനിതകൾക്കായി തുറക്കുന്നുണ്ടെന്നതിൽ പ്രതീക്ഷ തെളിയാതിരിക്കുന്നില്ല. വനിതകൾക്കു സേനാപ്രവേശം സാധ്യമായി ദശാബ്ദങ്ങൾക്കു ശേഷമാണ് കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകൾക്കു ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ – പി.സി) അനുവദിക്കാനും കമാൻഡ് ചുമതലയുള്ള തസ്തികകളിൽ വനിതകളെ നിയമിക്കാനും കേന്ദ്ര സർക്കാരിനോട് 2020ൽ സുപ്രീം കോടതി നിർദേശിച്ചതെന്നത് ഇവിടെ ഓർമിക്കാം.

വനിതകൾക്കു പി.സി അനുവദിക്കാത്തതിനു ഗർഭധാരണം, മാതൃത്വം, ഗാർഹിക ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയാണു പ്രതിരോധ മന്ത്രാലയം അതുവരെ പറഞ്ഞിരുന്ന ന്യായങ്ങൾ. പുരുഷന്മാരെപ്പോലെ പരിമിത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കു സാധിക്കില്ലെന്നും വാദമുന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക കാരണങ്ങൾ പറഞ്ഞ് സ്ത്രീകളെ അബലകളായി ചിത്രീകരിക്കുന്നത് അവരുടെ മാത്രമല്ല, കരസേനയിലെ പുരുഷന്മാരുടെയും അന്തസ്സിനെ ഹനിക്കുന്ന നടപടിയാണെന്നു കോടതി വ്യക്തമാക്കിയത് പ്രഫ. ക്ലോഡിയയുടെ നിരീക്ഷണങ്ങളുമായി ചേർത്തുവയ്ക്കാവുന്നതാണ്. 

ഒരേ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കാര്യമെടുക്കുമ്പോൾ സ്ത്രീകളുടെ വേതനത്തിലെ കുറവ് തന്നെ അസ്വസ്ഥപ്പെടുത്തുന്നതായി നെ‍‍ാബേൽ ജേതാവ് പറയുന്നുണ്ട്. ജെൻഡർ സമത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കിടാനുള്ളതാണ് അർഥഭരിതമായ ആ അസ്വസ്ഥത. ജെൻഡർ– വേതന വിടവുകളെക്കുറിച്ചുള്ള പ്രഫ. ക്ലോഡിയയുടെ ഗവേഷണങ്ങൾക്കു ഫലപ്രാപ്തി ഉണ്ടാകണമെങ്കിൽ എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരെന്നു സമൂഹം തിരിച്ചറിയുകതന്നെ വേണം.

English Summary:

Editorial about Nobel economics prize awarded to Claudia Goldin for her work on women's employment and pay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com