ADVERTISEMENT

കോവിഡ് എന്ന അടിയന്തര സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴി നടന്ന കോടികളുടെ ഞെട്ടിക്കുന്ന ക്രമക്കേട് മലയാള മനോരമ കഴിഞ്ഞ വർഷമാദ്യം പുറത്തുകൊണ്ടുവന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ. രേഖകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായി പുറത്തുവന്ന വിവരങ്ങൾ പിന്നീട് മറ്റു മാധ്യമങ്ങളും പ്രതിപക്ഷവും  ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. ഇപ്പോൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) അന്തിമ റിപ്പോർട്ടിന്റെ കരട് പുറത്തുവരുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു: മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ഓരോ വിവരവും സത്യമായിരുന്നു. 

കെഎംഎസ്‌സിഎൽ നടത്തിയ ക്രമവിരുദ്ധ ഇടപാടുകളിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചതായാണ് സിഎജി റിപ്പോർട്ട്. 300% വരെ ഉയർന്ന വിലയ്ക്കു പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികച്ചെലവുണ്ടായതായും ഉയർന്ന വിലയ്ക്കു കയ്യുറ എത്തിച്ച, അംഗീകാരമില്ലാത്ത സ്ഥാപനത്തിൽനിന്ന് ഇപ്പോഴും 1.02 കോടി രൂപ തിരിച്ചുപിടിക്കാനുണ്ടെന്നും സിഎജി വ്യക്തമാക്കുന്നു. 

ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും കോവിഡിൽനിന്നു രക്ഷിക്കാൻ പിപിഇ കിറ്റുകളും ഗ്ലൗസും വാങ്ങിക്കൂട്ടിയപ്പോൾ കോടികളുടെ നേട്ടമായിരുന്നു ചിലരുടെയെങ്കിലും ലക്ഷ്യം. സിഎജിയുടെ നിരീക്ഷണങ്ങൾക്കു വിശദീകരണം നൽകാനുള്ള സാധ്യത സർക്കാരിനു മുന്നിലുണ്ടെന്നതു ശരിതന്നെ. പക്ഷേ, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകൾ പലതും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായതു കണക്കിലെടുക്കുമ്പോൾ വിശ്വസനീയമായ മറുപടി സർക്കാരിനു നൽകാനാവുമോ എന്നതും സംശയം.

കോവിഡ് സാഹചര്യത്തിൽ, ടെൻഡറിന്റെ നടപടിക്രമങ്ങളും ക്വട്ടേഷൻ ക്ഷണിച്ചുള്ള പതിവു കാത്തിരിപ്പും അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ ഏറെ കാലതാമസം ഉണ്ടാക്കുമെന്നതു വാസ്തവം. ഈ ന്യായം പറഞ്ഞാണ് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങളും ടെൻഡർ ക്ഷണിക്കണമെന്ന നിബന്ധനകളും സർക്കാർ ഒഴിവാക്കിക്കൊടുത്തത്. കെഎംഎസ്‌സിഎലിന്റെ കമേഴ്സ്യൽ വിഭാഗമായ ‘കാരുണ്യ ഫാർമസി’ വഴി കമ്പനിക്കാർ ആവശ്യപ്പെടുന്ന വിലയ്ക്ക് പിപിഇ കിറ്റുകളും മറ്റും വാങ്ങിക്കൂട്ടാൻ ഈ തീരുമാനങ്ങൾ വഴിയൊരുക്കി. എന്നാൽ, സർക്കാർ തീരുമാനം വളച്ചൊടിച്ച് സ്വന്തം നേട്ടത്തിനുവേണ്ടി ചിലരെങ്കിലും പ്രവർത്തിക്കുകയായിരുന്നു എന്നതു സിഎജി റിപ്പോർട്ടിലൂടെ വ്യക്തമാവുകയാണ്. 

പിപിഇ കിറ്റിനും മറ്റ് അവശ്യസാധനങ്ങൾക്കും ആ വേളയിൽ അടിസ്ഥാനവില സർക്കാർതന്നെ നിശ്ചയിച്ചിരുന്നു. കേരളത്തിലുള്ള ചെറുകിട സ്ഥാപനങ്ങൾക്കു മുൻഗണന നൽകാനും ധാരണയായിരുന്നു. സർക്കാർ നിരക്കിനെക്കാൾ കുറഞ്ഞ വിലയ്ക്കുവരെ സാധനങ്ങൾ നൽകാൻ വിവിധ കമ്പനികൾ തയാറായിനിൽക്കുമ്പോഴാണ് 300% അധികവിലയ്ക്ക് മുംബൈയിലുള്ള കമ്പനികളിൽനിന്നു പിപിഇ കിറ്റുകൾ വാങ്ങാൻ ഓർഡർ നൽകുന്നത്. കോടിക്കണക്കിനു രൂപയുടെ ഓർഡർ ഇവർക്കു നൽകുമ്പോൾ ആ കമ്പനികളുടെ മുൻകാല ചരിത്രമെങ്കിലും കെഎംഎസ്‌സിഎൽ പരിശോധിക്കേണ്ടതായിരുന്നില്ലേ? ഇനി അറിയാനുള്ളത്, ഈ വഴിവിട്ട ഇടപാടുകൾ ആരുടെ താൽപര്യമായിരുന്നു എന്നതാണ്. 

കാലാവധി കഴിഞ്ഞ മരുന്നുകൾ 26 ആശുപത്രികളിലെ രോഗികൾക്കു നൽകിയിട്ടുണ്ട് എന്നതാണു സിഎജി റിപ്പോ‍ർ‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. കെഎംഎസ്‌സിഎലിന്റെ മരുന്നു നിലവാര പരിശോധനാ സംവിധാനങ്ങളും നിരീക്ഷണ സംവിധാനവും വൻ പരാജയമാണെന്ന് ‘മനോരമ’ തന്നെ തെളിവുകളടക്കം മുൻപും ചൂണ്ടിക്കാട്ടിയിരുന്നു. ഇതും ശരിവയ്ക്കുന്നതാണ് സിഎജിയുടെ വിലയിരുത്തൽ. നിലവാരമില്ലാത്തതെന്നു കണ്ടെത്തി വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികളിലും വിതരണം നിർത്തിവയ്ക്കാൻ ഉത്തരവു നൽകിയ 11.69 ലക്ഷത്തിന്റെ മരുന്നുകൾ 148 ആശുപത്രികളിലും രോഗികൾക്കു നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകളിലെ രാസസംയുക്തങ്ങൾക്കു മാറ്റം സംഭവിക്കുമെന്നതിനാൽ രോഗികളുടെ ജീവൻതന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎലിന്റെ ഗുരുതര പിഴവുകളെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സിഎജി ചൂണ്ടിക്കാട്ടിയതുപോലെ, സാധാരണക്കാരായ രോഗികളുടെ ജീവനാണ് ഒരുകൂട്ടം ഉദ്യോഗസ്ഥർ പന്താടിയത്. അതിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള നടപടികൾ സർക്കാരിൽനിന്ന് ഉണ്ടായേതീരൂ.

English Summary:

Editorial about CAG clarified the misguided transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com