ADVERTISEMENT

വിഡിയോ ഗെയിം പ്രേമികളുടെ പ്രിയപ്പെട്ട ‘യുദ്ധക്കളി’യാണ് ആർമ (ARMA – Armed Assault). കംപ്യൂട്ടറിലോ ഫോണിലോ കളിക്കാവുന്ന ഇൗ ഗെയിമിൽ കളിക്കാർ ഒരു സാങ്കൽപിക യുദ്ധത്തിൽ എതിരാളികളെ നേരിടുന്നു. അതിനുപയോഗിക്കുന്നത് ഏറ്റവും ആധുനികമായ ആയുധങ്ങളും.

ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്തെ ബൊഹീമിയ ഇന്ററാക്ടിവ് എന്ന കമ്പനിയാണ് ഇൗ ഗെയിം ആവിഷ്കരിച്ചത്. യഥാർഥ പടക്കോപ്പുകളും യുദ്ധസാഹചര്യങ്ങളുമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ആർമ ഗെയിം സൃഷ്ടിച്ചിട്ടുള്ളത്. 2006 മുതൽ 2022 വരെ ആർമ, ആർമ 2, ആർമ 3 എന്നിങ്ങനെ മൂന്നു സീരീസുകൾ പുറത്തുവന്നു. ആർമ 4 അണിയറയിൽ ഒരുങ്ങുന്നതായാണു റിപ്പോർട്ടുകൾ. 

ആർമയുടെ സ്രഷ്ടാക്കളായ ബൊഹീമിയ ഇൗയിടെ അപൂർവമായൊരു അറിയിപ്പ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു: ‘ഞങ്ങളുടെ ആർമ 3 വിഡിയോ ഗെയിമിൽനിന്നുള്ള ഭാഗങ്ങൾ ഇപ്പോൾ നടക്കുന്ന യഥാർഥ യുദ്ധത്തിന്റെ ദൃശ്യങ്ങൾ എന്ന മട്ടിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ടുകൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂട സ്ഥാപനങ്ങളും പോലും ആർമ 3യിലെ ദൃശ്യങ്ങൾ വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നു. യഥാർഥ യുദ്ധത്തിന്റെ ദൃശ്യങ്ങളെന്നു തോന്നിപ്പിക്കുന്നത്രയും സ്വാഭാവികതയോടെ ഇൗ ഗെയിം വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതു ഞങ്ങൾക്കു സന്തോഷം തരുന്ന കാര്യമാണെങ്കിലും, അതു വ്യാജവാർത്തയുടെയും വിദ്വേഷത്തിന്റെയും പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ ഞങ്ങൾ ആശങ്കാകുലരുമാണ്.’ 

ആർമ ഗെയിമിന്റെ ദൃശ്യങ്ങൾ യഥാർഥ യുദ്ധക്കാഴ്ചകൾ എന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഇൗ കോളത്തിൽതന്നെ മുൻപു പലവട്ടം എഴുതിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്നും സിറിയയിൽനിന്നുമുള്ളതെന്ന പേരിൽ, എന്തിനേറെ ഇന്ത്യ – പാക്ക് അതിർത്തിയിൽനിന്ന് ഉള്ളതെന്ന പേരിൽ പോലും ആർമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. റോക്കാറ്റാക്രമണം, ഡ്രോൺ ആക്രമണം, സൈനിക വാഹനവ്യൂഹങ്ങളുടെ സഞ്ചാരത്തിന്റെ സാറ്റലൈറ്റ് ദൃശ്യം, മിസൈലുകളെ തകർക്കുന്ന ആന്റി മിസൈൽ സംവിധാനം തുടങ്ങി പലപല രീതിയിൽ നമ്മളിൽ മിക്കവരും വാട്സാപ്പിലും മറ്റിടങ്ങളിലും ഇൗ വിഡിയോകൾ കണ്ടിട്ടുണ്ടാകും. 

എങ്കിൽപിന്നെ, ആർമയുടെ നിർമാതാക്കൾ ഇപ്പോൾ പ്രസ്താവനയുമായി വരാനുള്ള കാരണം എന്തായിരിക്കും? സമീപകാലത്ത്, ലോകം രണ്ടു പൂർണയുദ്ധങ്ങൾക്കു സാക്ഷ്യം വഹിക്കുന്നത് ഇപ്പോഴാണ്: റഷ്യ –യുക്രെയ്ൻ യുദ്ധവും ഇസ്രയേൽ– ഹമാസ് യുദ്ധവും. 

hamas
ഇസ്രയേൽ ഹെലികോപ്റ്റർ വെടിവച്ചിടുന്ന ഹമാസ് പോരാളി എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം, ഹമാസ് യുദ്ധവിമാനം ഇസ്രയേൽ വീഴ്ത്തുന്നു എന്ന പേരിൽ പ്രചരിക്കുന്ന ആർമ 3 ദൃശ്യം

ആർമ 3 ഗെയിമിൽ യഥാർഥത്തിലുള്ളത് 2035ൽ നടക്കാനിരിക്കുന്ന ഒരു സാങ്കൽപിക യുദ്ധമാണ്. അതിലാണു കളി. എന്നാൽ, ഇൗ ഗെയിമിന്റെ ഒരു പ്രത്യേകത കംപ്യൂട്ടറിൽ അതു കളിക്കുന്ന ആളുകൾക്കു ഗെയിം പഴ്സനലൈസ് െചയ്യാം എന്നതാണ്. അതായത്, ഞാൻ കളിക്കുമ്പോൾ എനിക്കു താൽപര്യമുള്ള കാലവും ഭൂപ്രദേശവും പശ്ചാത്തലവും ആയുധങ്ങളും വാഹനങ്ങളും ഒക്കെ തിരഞ്ഞെടുക്കാം. നമ്മുടേതായ രീതിയിൽ, ആ ഗെയിമിനെ നമ്മുടേതാക്കി മാറ്റാമെന്നർഥം. ഇങ്ങനെ മാറ്റിയെടുക്കുന്നതിനെ മോഡിങ് എന്നാണു പറയുക. കഴിഞ്ഞുപോയതോ നടക്കുന്നതോ വരാനിരിക്കുന്നതോ ആയ ഏതു യുദ്ധത്തിന്റെ രീതിയിലേക്കും ആർമ 3യെ മോഡ് ചെയ്തെടുക്കാം. ആർമ 3യിലെ സാങ്കൽപിക യുദ്ധഭൂമിയെ വേണമെങ്കിൽ ഇസ്രയേൽ – ഗാസ അതിർത്തിയായും മാറ്റിയെടുക്കാമെന്നു ചുരുക്കം. അങ്ങനെ ചെയ്ത കളിക്കാരുമുണ്ട്. ഇത്തരത്തിൽ മോഡ് ചെയ്ത ഗെയിം പതിപ്പുകൾ ഡൗൺലോഡും ഷെയറുമൊക്കെ ചെയ്യാം.  ഇതെല്ലാം വ്യാജപ്രചാരണത്തിനു പിന്നീട് പ്രയോഗിക്കപ്പെടാമെന്നു പറയുന്നതോ, കളി കണ്ടുപിടിച്ചവർ തന്നെ! 

ഇവിടെ ചേർത്തിട്ടുള്ള ഏതാനും ചിത്രങ്ങൾ ശ്രദ്ധിക്കുമല്ലോ. ആർമ 3 ദൃശ്യങ്ങൾ ഇപ്പോൾ നടക്കുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിത്. യുക്രെയ്നിലെയും ഗാസയിലെയും യുദ്ധമെന്ന മട്ടിൽ നൂറുകണക്കിനു വിഡിയോകൾ ഇതുപോലെ പ്രചാരത്തിലുണ്ട്. നമ്മൾ ഫോണിലോ കംപ്യൂട്ടറിലോ കാണുന്ന ഇമ്മാതിരി ദൃശ്യങ്ങളൊക്കെ യഥാർഥമാണോ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയാനാണ്? 

ആർമ 3യുടെ സ്രഷ്ടാക്കൾ തന്നെ നൽകുന്ന ചില ടിപ്പുകൾ ഇതാ:

∙ വിഡിയോയിൽ മനുഷ്യരൂപങ്ങളുണ്ടെങ്കിൽ അതു പരിശോധിച്ച് വിഡിയോ യഥാർഥമാണോ അല്ലയോ എന്നു തിരിച്ചറിയാം. രൂപം, ചലനം ഒക്കെ വിലയിരുത്താം. (പക്ഷേ, വ്യാജപ്രചാരണത്തിനുപയോഗിക്കുന്ന വിഡിയോ ഗെയിം ദൃശ്യങ്ങളിൽ മിക്കതിലും മനുഷ്യരെ കാണിക്കാറില്ല.)

∙ വ്യാജ വിഡിയോയ്ക്ക് വ്യക്തത (ക്ലാരിറ്റി) കുറവായിരിക്കും. കള്ളത്തരം കണ്ടുപിടിക്കാതിരിക്കാൻ അങ്ങനെ ബോധപൂർവം ചെയ്യുന്നതാണ്. 

∙ പ്രചരിപ്പിക്കുന്ന വിഡിയോ മിക്കപ്പോഴും രാത്രിയിലേതായിരിക്കും. പകലാകുമ്പോൾ വ്യക്തത കൂടുമല്ലോ. 

∙ ശബ്ദം മിക്കപ്പോഴും ഒഴിവാക്കിയിരിക്കും. 

∙ വിഡിയോയുടെ അരികുകൾ ശ്രദ്ധിക്കുക.  പലപ്പോഴും വിഡിയോ ഗെയിമിന്റെ നിർദേശങ്ങളോ ലോഗോകളോ ഒക്കെ കണ്ടെന്നു വരാം. (അതു മായ്ച്ചു കളയുക എളുപ്പമാണെങ്കിലും)

ഇതൊക്കെ നോക്കിയാലും ചിലപ്പോൾ  നമ്മൾ കബളിപ്പിക്കപ്പെട്ടുകൂടായ്കയില്ല. അതിനാൽ, മുൻപും പറഞ്ഞിട്ടുള്ളതുപോലെ, എല്ലാറ്റിനെയും സംശയത്തോടെ കാണുക തന്നെ വേണം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com