ADVERTISEMENT

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനോടു തോൽക്കുന്നതു ബിജെപിക്ക് അചിന്ത്യം. കോൺഗ്രസിനാകട്ടെ മധ്യപ്രദേശിൽ ബിജെപിയുടെ കോട്ട തകർക്കുന്നത് 2024ലേക്കുള്ള വിക്ഷേപണത്തറയുമാണ്. മധ്യപ്രദേശ് പിടിക്കാൻ കോൺഗ്രസും ബിജെപിയും കൈമെയ് മറന്നു പോരാടുകയാണ്.

ഉൾപാർട്ടി പ്രശ്നങ്ങൾ

മധ്യപ്രദേശിൽ നാമനിർദേശ പത്രികാസമർപ്പണത്തിനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. ഓഗസ്റ്റ് രണ്ടാംവാരം 39 സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തിറക്കിയ ബിജെപി അവസാനത്തെ 2 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാകട്ടെ കഴിഞ്ഞദിവസം. പാർട്ടിയിലെ തമ്മിലടിയായിരുന്നു പ്രധാനകാരണം. 2003 തൊട്ട് (ഇടയ്ക്ക് 15 മാസം കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ) മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയാണതു കാണിക്കുന്നത്. 

ജ്യോതിരാദിത്യ സിന്ധ്യകൂടി വന്നതോടെ പുതിയൊരു പോർമുഖം കൂടിയാണ് പാർട്ടിക്കുള്ളിൽ തുറന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ വന്ന പലരും ‘ഘർ വാപസി’യായി കോൺഗ്രസിലേക്കു പോയെങ്കിലും ബാക്കിയുള്ളവർ സ്ഥാനങ്ങൾക്കുവേണ്ടി ബലം പിടിക്കുന്നുണ്ട്. പ്രചാരണത്തിനു വന്ന അമിത് ഷാ വിവിധ നഗരങ്ങളിൽ അണികളെ ആശ്വസിപ്പിക്കാനുള്ള യോഗങ്ങളിലാണ് മുഖ്യമായി പങ്കെടുത്തതെന്നത് ബിജെപി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നു. 

മറുഭാഗത്ത്, കമൽനാഥിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടാണെന്നു തോന്നിപ്പിക്കുന്ന കോൺഗ്രസിലും അസ്വാരസ്യങ്ങൾക്കു കുറവില്ല. കമൽനാഥ് മുഖ്യമന്ത്രിയാകുമെന്നു മുതിർന്ന നേതാവ് ദ്വിഗ്‌വിജയ് സിങ് ആവർത്തിക്കുന്നുണ്ടെങ്കിലും സ്ഥാനാർഥിപ്പട്ടികയിൽ സിങ്ങിന്റെ അനുഭാവികളാണ് കൂടുതലും. മറ്റു നേതാക്കൾക്കും അസ്വസ്ഥതകളുണ്ടെങ്കിലും, ഇത്തവണ ഭരണമാറ്റമുണ്ടാകുമെന്ന സർവേഫലങ്ങളെയും പൊതുവേ ജനങ്ങൾക്കിടയിലുള്ള ഭരണവിരുദ്ധ വികാരത്തെയും മാനിച്ചാകണം അതങ്ങനെ കുത്തിയൊഴുകുന്നില്ലെന്നേയുള്ളൂ. 

വിഷയങ്ങൾ ഏറെ...

തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ കോൺഗ്രസ് പറയുമ്പോൾ, ജനക്ഷേമപദ്ധതികൾ പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ രാമക്ഷേത്രവും സനാതന ധർമവും പറഞ്ഞു തുടങ്ങിയത് പാർട്ടിയുടെ ആത്മവിശ്വാസമില്ലായ്മ പുറത്തുകൊണ്ടുവരുന്നുണ്ട്. ശക്തമായ സംഘടനാബലവും നേരത്തേ തന്നെയുള്ള ചിട്ടയായ പ്രവർത്തനങ്ങളുംകൊണ്ടു ദൗർബല്യങ്ങളെ മറികടക്കാവുന്നതേയുള്ളൂവെന്നാണ് ബിജെപി കരുതുന്നത്. മാറ്റം വരണമെന്ന അഭിപ്രായം ജനങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. 

കണക്കിലെ പോര്

230 സീറ്റുള്ള മധ്യപ്രദേശിൽ 116 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോഴൊക്കെ ഭൂരിപക്ഷം നേരിയതായിരുന്നെന്ന കണക്കുകൾ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. കോൺഗ്രസിന് ഉറച്ച സീറ്റുകളെന്നു കരുതാവുന്നത് പതിനഞ്ചിലും താഴെയാണെന്നും തങ്ങൾക്കത് എഴുപത്തഞ്ചിലേറെയുണ്ടെന്നുമാണ് സംസ്ഥാനത്തു ബിജെപിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ആശിഷ് അഗർവാൾ പറയുന്നത്. നരേന്ദ്ര മോദിയുടെ പ്രചണ്ഡ പ്രചാരണംകൂടി കഴിയുന്നതോടെ സീറ്റ് നിർണയത്തിലും മറ്റും അതൃപ്തരായ പാർട്ടി അണികൾ ആവേശത്തോടെ ബൂത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 

ഇരുപക്ഷത്തേക്കും ചാഞ്ചാടുന്ന നൂറോളം സീറ്റുകളിലേറെയും ഇത്തവണ കോൺഗ്രസിലേക്കു പോയേക്കാനുള്ള സാധ്യത കൂടുതലെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. കഴിഞ്ഞ തവണയും ജനവിധി കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും ഭൂരിപക്ഷം വലുതായിരുന്നില്ല. 22 പേരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കാൻ ബിജെപിയെ സഹായിച്ചതും അതാണ്. അതിനാൽ ഇത്തവണ 168 സീറ്റെങ്കിലും നേടണമെന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് പ്രവർത്തനം. 

ഇന്ത്യയില്ലാതെ കോൺഗ്രസ്

ദേശീയതലത്തിലുള്ള ഇന്ത്യാ മുന്നണി മധ്യപ്രദേശിലില്ലാത്തതു കാരണം സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമൊക്കെ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. പക്ഷേ, കോൺഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടമെന്നതിൽ തർക്കമില്ല.  

ഭരണം കിട്ടുമെന്ന തികഞ്ഞ ആത്മവിശ്വാസമുള്ള കോൺഗ്രസ് കമൽനാഥ് സർക്കാർ വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരും ഇത്തവണ ‘ബദ്‌ലാവ്’ (മാറ്റം) വരുമെന്നു കരുതുന്നവരാണ്.  ശിവ‌രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ പറയുന്ന ബിജെപിയാകട്ടെ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുമെന്നു പറയാനാവാത്ത അവസ്ഥയിലാണ്. 3 കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെ രംഗത്തിറക്കിയ അവർക്കു ഭരണ വിരുദ്ധവികാരം യാഥാർഥ്യമാണെന്ന ബോധ്യമുണ്ട്. 

English Summary:

Madhya Pradesh Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com