ADVERTISEMENT

കരുവന്നൂർ സഹകരണ ബാങ്കിന്റെ കഥയിൽ അവ്യക്തതയും ആകാംക്ഷയും ദിനംപ്രതി കൂടിവരികയാണ്. കേരളത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ലെങ്കിലും, സംസ്ഥാനത്തെ സഹകരണ മേഖലയുടെ നടത്തിപ്പിനെക്കുറിച്ചു ഗുരുതരമായ ചില ചോദ്യങ്ങൾ അതുയർത്തുന്നുണ്ട്. നിർഭാഗ്യവശാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം പ്രതീക്ഷിച്ചപോലെ തന്നെയായി.  

കേരളത്തിലെ മറ്റു സഹകരണ ബാങ്കുകളിൽനിന്നു സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതു കൂടുതൽ അസ്വസ്ഥകരമായ സൂചനകൾ നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം ഉപയോഗിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് കരുവന്നൂർ ബാങ്കിലെ കഥകൾ പുറത്തുവരുന്നതുവരെ സംസ്ഥാന ഭരണത്തിന്റെ പ്രതിനിധികൾ പറഞ്ഞു കൊണ്ടിരുന്നത്. സഹകരണ മേഖല നിസ്സംശയം സംസ്ഥാന വിഷയമാണെന്നും അത് അങ്ങനെതന്നെ തുടരണമെന്നുമുള്ള വാദത്തോട് ഈ ലേഖകൻ പൂർണമായും യോജിക്കുന്നു. പക്ഷേ, ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മോഷ്ടിക്കപ്പെടുമ്പോൾ അതിനു നേരെ കണ്ണടയ്ക്കാനോ തട്ടിപ്പുകളെ വെള്ളപൂശാനോ സംസ്ഥാന സർക്കാരിനു നിയമപരമായ അധികാരമുണ്ടെന്നല്ല അതിന്റെ അർഥം. 

ഇ.ഡി പിടിച്ചിരുന്നില്ലെങ്കിലോ ? 

ഈ പതനത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പഴിചാരുന്നതു മുടന്തൻന്യായമാണ്. ഇ.ഡി തുറന്നു കാട്ടിയിരുന്നില്ലെങ്കിൽ ഈ ക്രമക്കേടുകളുടെ കഥകൾ വെളിച്ചത്തു വരുമായിരുന്നോ എന്ന ചോദ്യം ബാക്കിയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനു കീഴിലാണ് ഇ.ഡി പ്രവർത്തിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി പ്രവർത്തിക്കുന്നുവെന്നു സംശയിക്കപ്പെടാത്തിടത്തോളം സഹകരണ ബാങ്കുകൾക്ക് ഈ നിയമവുമായി ഒരു ബന്ധമില്ല താനും. 

ഇ.ഡി അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണം കൊണ്ടൊന്നും സംസ്ഥാന സർക്കാരിനു സഹകരണമേഖലയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നു മാറിനിൽക്കാനാവില്ല. വിജയ് മല്യയും മെഹുൽ ചോക്‌സിയും നീരവ് മോദിയും മറ്റും നടത്തിയ വലിയ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി, ‘ചോറ്റുപാത്രത്തിലെ കറുത്ത വറ്റ്’ മാത്രമായി കരുവന്നൂരിനെ നിസ്സാരവൽക്കരിക്കാനാണു ചില രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ശ്രമിച്ചത്. ആ വാദം അംഗീകരിക്കുന്നെന്നു തന്നെ വയ്ക്കുക. എങ്കിൽപോലും ചോറിൽനിന്നു കറുത്തവറ്റുകളെല്ലാം പെറുക്കിയെടുത്തു പുറത്തു കളയേണ്ടത് ആരുടെ ജോലിയാണ്? സഹകരണ ബാങ്കുകൾക്കു സംസ്ഥാന സർക്കാരിന്റെ ഗാരന്റിയുണ്ടെന്നു പറഞ്ഞു പൊതുജനങ്ങളുടെ ആശങ്കയകറ്റാനാണു ഭരണസംവിധാനം ശ്രമിക്കുന്നത്. പക്ഷേ, ജനം എങ്ങനെ വിശ്വസിക്കാൻ? സർക്കാരിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അവർക്കു നന്നായി അറിയാമല്ലോ. അവരുടെ പണം തിരിച്ചുകൊടുത്തു തുടങ്ങുക. അങ്ങനെയേ അവരുടെ വിശ്വാസം വീണ്ടെടുക്കാനാവൂ. 

ടി.നന്ദകുമാർ
ടി.നന്ദകുമാർ

ഇടപെടൽ വൈകരുത് 

അവഗണിക്കാനാവാത്തവിധം അതിപ്രധാനമാണു കേരളത്തിലെ സഹകരണമേഖല. കേരള ബാങ്കിൽ 70,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണു പറയപ്പെടുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ വരും. അർഹരായ ആളുകൾക്കു പലതരത്തിലുള്ള പദ്ധതികൾക്കും അവ വായ്പ കൊടുക്കുന്നുണ്ട്. ബാങ്കിങ് മാനദണ്ഡമനുസരിച്ചു നോക്കുമ്പോൾ തീർത്തും പാരമ്പര്യേതരവും നൂതനവുമാണ് ആ പദ്ധതികളിൽ പലതും. സാമ്പത്തികമായി കേരളത്തിനൊരു പിടിവള്ളി തന്നെയാണു സഹകരണ മേഖല. അതിനെ തീവ്രപരിചരണ വിഭാഗത്തിൽ മരിക്കാൻ വിട്ടുകൂടാ. ശസ്ത്രക്രിയകൾ നടത്തേണ്ടതുണ്ടെങ്കിൽ ഇതാണ് അതിനുള്ള സമയം. അതിനു പറ്റിയ അതിസമർഥരായ ഉദ്യോഗസ്ഥർ സർക്കാരിലുണ്ട്. അവർ അവരുടെ ജോലി ചെയ്യട്ടെ! 

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടെ ഒട്ടേറെ സഹകരണ സംഘങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. എത്ര സംഘങ്ങളിൽ ഓഡിറ്റിങ് പൂർത്തിയായിട്ടുണ്ടെന്നതോ അവയുടെ വാർഷിക യോഗങ്ങളുടെ വിവരങ്ങളോ എളുപ്പം ലഭ്യമല്ല. കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായി അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒട്ടേറെ സൊസൈറ്റികൾ ഉണ്ടെന്നാണു ഞാൻ കരുതുന്നത്. രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയതുകൊണ്ടു മാത്രം നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനാവില്ല. ശക്തവും വിശ്വാസയോഗ്യവുമായ നടപടികളാണ് ആവശ്യം. 

മോന്തായം വളഞ്ഞാൽ... 

മുഴുവൻ ഇടപാടുകാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും കാര്യങ്ങൾ നീതിപൂർവമായി നടക്കുന്നുണ്ടെന്നും ഉറപ്പു വരുത്താനാണ് ഏതു സാമ്പത്തിക പ്രവർത്തനത്തിനും നിയന്ത്രണ സംവിധാനം രൂപീകരിക്കുന്നത്. വീഴ്ച വരുത്തുന്ന കമ്പനികളെ നേർവഴിക്കു നടത്തുന്നതിൽ സെബി പരാജയപ്പെട്ടാൽ ഓഹരി വിപണിക്ക് എന്തു സംഭവിക്കും? റിസർവ് ബാങ്കിന്റെ നിയന്ത്രണസംവിധാനം പാളിയാൽ ബാങ്കിങ് മേഖലയ്ക്ക് എന്തുപറ്റും? 

   ശക്തമായ നിയന്ത്രണ സംവിധാനം രൂപീകരിച്ച ആദ്യ മേഖലകളിലൊന്നായിരുന്നു സഹകരണ രംഗം. അതാണു കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് (സംസ്ഥാന നിയമവും മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആക്ടുമുണ്ട്). കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ വ്യവസ്ഥകളിലേക്കു കടക്കുന്നതിന് മുൻപ്, ഭരണഘടനയുടെ മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും സഹകരണ മേഖലയെ എങ്ങനെയാണു ബാധിക്കുന്നതെന്നു നോക്കാം. ഭരണഘടനയുടെ 97-ാം ഭേദഗതിക്കു ശേഷം, സഹകരണസംഘം രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമാണ്. തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ആർക്കും സഹകരണസംഘത്തിലെ അംഗത്വം നിരസിക്കാം എന്നു ധരിച്ചിരിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ താൽപര്യം. 

    കേരളത്തെ സംബന്ധിച്ച്, ഇവിടെ ഗ്രാമങ്ങളിൽ ആനന്ദ് പാറ്റേൺ മാതൃകയിലുള്ള ക്ഷീരസംഘങ്ങൾ രൂപീകരിക്കുകപോലും എളുപ്പമല്ല. കക്ഷിഭേദമില്ലാത്ത രാഷ്ട്രീയ താൽപര്യങ്ങളാണു തടസ്സം. ‘സഹകരണ സംഘങ്ങളുടെ സ്വയംസന്നദ്ധമായ രൂപീകരണം, സ്വയംഭരണം, ജനാധിപത്യപരമായ നിയന്ത്രണം, പ്രഫഷനൽ മാനേജ്‌മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതാണ്’ എന്നു ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ (ആർട്ടിക്കിൾ 43 ബി) പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ, സഹകരണ സംഘങ്ങളുടെ നിർവഹണം ‘പ്രഫഷനലൈസ്’ ചെയ്യാൻ സർക്കാർ എന്തു ശ്രമമാണു നടത്തുന്നതെന്ന ചോദ്യം കോടതികളിൽ പോലും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

റജിസ്ട്രാറുടെ സർവാധികാരം 

സഹകരണ മേഖലയിലെ നിയന്ത്രണ സംവിധാനമായ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം, സഹകരണ സ്ഥാപനങ്ങളിലെ ഏതു ക്രമക്കേടും ഭരണപരമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും ഉത്തരവാദികളെ നിയമനടപടികൾക്കു വിധേയരാക്കാനും വിപുലമായ അധികാരങ്ങളാണ് സഹകരണ റജിസ്ട്രാർക്കുള്ളത്. മനഃപൂർവമായ അശ്രദ്ധയിലൂടെയോ വിശ്വാസലംഘനത്തിലൂടെയോ സംഘത്തിന്റെ ആസ്തികൾക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടാക്കുകയോ ഈ നിയമത്തിലെ വകുപ്പുകൾക്കോ ചട്ടങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പണമിടപാടു നടത്തുകയോ ചെയ്യുന്ന ഏതു സംഘത്തിന്റെയും ഇടപാടുകൾ അസാധുവാക്കാനും അധികാരം ഏറ്റെടുക്കാനും റജിസ്ട്രാർക്ക് ആക്ടിലെ സെക്‌ഷൻ 32 അധികാരം നൽകുന്നുണ്ട്. 

ബാങ്കിങ് ബിസിനസ് നടത്തുന്ന സഹകരണ സ്ഥാപനങ്ങൾക്ക് 1949ലെ ബാങ്കിങ് റഗുലേഷൻ ആക്ടും ബാധകമാണ്. എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ ഓരോ വർഷവും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ സെക്‌ഷൻ 63 അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യപ്പെടാത്ത ഏതു സംഘത്തിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ അസാധുവാക്കി ഭരണച്ചുമതല ഏറ്റെടുക്കാനും റജിസ്ട്രാർക്കു സെക്‌ഷൻ 63 (12) അധികാരം നൽകുന്നു. 

സാമ്പത്തിക ക്രമക്കേടുകൾ, മാനേജ്‌മെന്റിലെ കെടുകാര്യസ്ഥത, നിയമവ്യവസ്ഥകൾ പാലിക്കാതെയുള്ള പ്രവർത്തനം എന്നിവ ശ്രദ്ധയിൽപെട്ടാൽ ഏതു തരത്തിലുമുള്ള അന്വേഷണത്തിന് ഉത്തരവിടാനും അന്വേഷണം നടത്താനും സെക്‌ഷൻ 65 പ്രകാരം റജിസ്ട്രാർക്കു വിപുലമായ അധികാരങ്ങളുണ്ട്. സഹകരണ സംഘങ്ങളിൽ പരിശോധന നടത്താനും പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനും റജിസ്ട്രാറെ സെക്‌ഷൻ 66 അധികാരപ്പെടുത്തുന്നുമുണ്ട്. ‘സർചാർജ്’ ഈടാക്കാനും സെക്‌ഷൻ 68 റജിസ്ട്രാർക്ക് അധികാരം നൽകുന്നു. 

ഏതെങ്കിലും സഹകരണ സ്ഥാപനത്തിന്റെ നിർവഹണച്ചുമതല നിലവിൽ വഹിക്കുന്നതോ മുൻപു വഹിച്ചിരുന്നതോ ആയ ഏതെങ്കിലും വ്യക്തി മനഃപൂർവമായ അശ്രദ്ധയിലൂടെയോ വിശ്വാസലംഘനത്തിലൂടെയോ കെടുകാര്യസ്ഥതയിലൂടെയോ സംഘത്തിന്റെ ആസ്തികൾക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടാക്കുകയോ സഹകരണ നിയമത്തിലെ വകുപ്പുകൾക്കോ ചട്ടങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പണമിടപാടു നടത്തുകയോ ചെയ്തതായി ഓഡിറ്റിങ്ങിലോ അന്വേഷണത്തിലോ കണ്ടെത്തിയാൽ പലിശയും നഷ്ടപരിഹാരവും സഹിതം തുക തിരിച്ചടയ്ക്കാനോ വസ്തുവകകൾ തിരിച്ചുപിടിക്കാനോ ഉത്തരവിടാനും ജപ്തി നടപടികൾക്കും റജിസ്ട്രാർക്ക് അധികാരമുണ്ട്. 

കൊള്ളക്കാരോട് കരുണ വേണ്ട

സഹകരണ റജിസ്ട്രാർക്കുള്ള നിയമപരമായ അധികാരങ്ങളുടെ ഏകദേശചിത്രമാണ് മുകളിൽ വിവരിച്ചത്. കരുതൽധനം ഉപയോഗിച്ചു നിക്ഷേപകരുടെ പണം തിരിച്ചുകൊടുത്തുകൊണ്ടു പരിഹാരനടപടികൾ സർക്കാർ ആരംഭിക്കട്ടെ. പക്ഷേ, വായ്പത്തട്ടിപ്പു നടത്തിയവരിൽനിന്നു പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ പിന്നത്തേക്കു വയ്ക്കരുത്. തട്ടിപ്പു നടത്തിയവരുടെയും തട്ടിപ്പിന് ഉത്തരവാദികളാണെന്നു കണ്ടെത്തുന്ന ഡയറക്ടർമാരുടെയും സ്വത്തുവകകൾ കണ്ടുകെട്ടുന്നതും ലേലം ചെയ്യുന്നതും നിയമപ്രകാരം സാധ്യമാണ്. 

കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണത്തിലെ ഓരോ പൈസയും നിക്ഷേപകർക്കു തിരിച്ചു കിട്ടുകതന്നെ വേണം. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹകരണ റജിസ്ട്രാറും ജോയിന്റ് റജിസ്ട്രാർമാരും നിയമപ്രകാരമുള്ള നടപടികൾ കർശനമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. തട്ടിപ്പു നടത്തിയവരുടെ രാഷ്ട്രീയ- സാമൂഹികപദവികൾ എന്തു തന്നെയായാലും അവരോട് ഒരു തരത്തിലുമുള്ള ദയ കാണിച്ചുകൂടാ. വഴിവിട്ടു പ്രവർത്തിച്ച സഹകരണ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം സഹകരണ റജിസ്ട്രാർക്കു നൽകാൻ സർക്കാർ ധാർമികധീരത കാണിക്കണം. കേരളത്തിലെ ജനങ്ങളുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ദീർഘകാല താൽപര്യങ്ങൾ സംരക്ഷിക്കാൻ അത് അനിവാര്യമാണ്. 

(നാഷനൽ ഡെയറി ഡവലപ്്മെന്റ് ബോർഡ് മുൻ ചെയർമാനും കേന്ദ്ര സർക്കാരിലെ മുൻ ഭക്ഷ്യ, കൃഷി, സഹകരണ സെക്രട്ടറിയുമാണ് ലേഖകൻ).

English Summary:

Karuvannur Service Co-operative Bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com