ADVERTISEMENT

ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ മൂല്യമേറിയ ഇരിപ്പിടം ജനഹൃദയങ്ങളിലാണെന്ന് ബോധ്യമുണ്ടായിരുന്ന നേതാവാണ് യാത്രയാവുന്നത്; സൗമ്യതയുടെയും ജനകീയതയുടെയും മുഖമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിപ്രവർത്തനങ്ങളുടെ ദീർഘകാലാനുഭവം അദ്ദേഹത്തിനു പകർന്ന പ്രധാന തിരിച്ചറിവും ജനകീയ പ്രതിബദ്ധതയായിരുന്നു. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറിയായപ്പോഴും സിപിഐ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോഴും ദേശീയ സെക്രട്ടേറിയറ്റ് അംഗമായപ്പോഴും മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിപദത്തിലെത്തിയപ്പോഴുമെ‍ാക്കെ കൈമുതലായത് ജനകീയതയിൽ അടിയുറച്ച രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്. 

തോട്ടംതൊഴിലാളികളുടെ വറുതിയും വേവലാതിയുമെ‍ാക്കെ ബാല്യത്തിൽതന്നെ നേരിൽകണ്ടുവളർന്നതാണു കാനം. എസ്റ്റേറ്റ് മാനേജരായിരുന്നു അച്‌ഛൻ. കോട്ടയം ജില്ലയിലെ കാനത്തുനിന്ന് അച്ഛൻ ജോലിക്കായി മലകയറിയതോടെ രാജേന്ദ്രനും തോട്ടം മേഖലയിലേക്കു പോയി. നാലാംക്ലാസ് വരെ അവിടെയായിരുന്നു വിദ്യാഭ്യാസം. തോട്ടങ്ങളിലെ ബാല്യകാല ജീവിതത്തിനൊപ്പം മനസ്സിൽ വളർന്ന തൊഴിലാളിസ്നേഹമാണ് തന്നെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുനടത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ച് തൊഴിലാളികളോടുള്ള കരുതലിനു കാനം മുദ്രചാർത്തുകയും ചെയ്തു. 

എംഎൽഎയായി മികവറിയിക്കാൻ കാനത്തിനു സാധിച്ചതും ജനകീയതയുടെ ആധാരശില മറക്കാത്തതുകെ‍ാണ്ടുതന്നെയാണ്. സി.അച്യുതമേനോൻ, ടി.വി.തോമസ്, എം.എൻ.ഗോവിന്ദൻ നായർ, എൻ.ഇ.ബാലറാം, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ നായർ, വെളിയം ഭാർഗവൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കെ‍‍ാപ്പമുള്ള പാർട്ടിപ്രവർത്തനം ജനമനസ്സുകളിൽ ഇടംനേടാനുള്ള പരിശീലനംകൂടിയായി കാനത്തിന്. അഖില കേരള ബാലജനസഖ്യത്തിലെ സജീവപ്രവർത്തനം തനിക്കു നേതൃപാടവത്തിലേക്കുള്ള വഴിതുറന്നുതന്നത് അദ്ദേഹം ഓർമിച്ചിട്ടുണ്ട്. 

തൊഴിലാളി പ്രസ്ഥാനമാണ് തന്റെ തട്ടകമെന്ന് കാനം എപ്പോഴും ഓർമിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ പാർട്ടി സെക്രട്ടറിയായപ്പോഴുള്ളതിനെക്കാൾ കടുപ്പമേറിയ നിലപാടുകൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.‘ ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്നു നെഞ്ചുവിരിച്ചു തിരിച്ചുപറയാനുള്ള ചങ്കുറപ്പ്’ തനിക്കുണ്ടെന്ന് എപ്പോഴും അഭിമാനിച്ചു. തീർച്ചയും മൂർച്ചയുമുള്ള വിമർശനങ്ങളും നിലപാടുകളും അദ്ദേഹം ഭരണമുന്നണിയിൽ തുറന്നുപറഞ്ഞു. ഭരണത്തെ തിരുത്താനും ശക്തിപ്പെടുത്താനുമാണ് തന്റെ നിലപാടെന്നും അതിൽ സിപിഎമ്മിന് അസ്വസ്ഥതയുണ്ടാകേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ആ നാളുകളിലാണ് മനോരമ ന്യൂസിന്റെ ‘ന്യൂസ്മേക്കർ 2017’ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 

രാഷ്ട്രീയമായി എതിർചേരിയിൽ ഉള്ളവരോടും ഗാഢസൗഹൃദം സൂക്ഷിച്ചു കാനം. കിട്ടുന്ന ഇടവേളകളിൽ പുസ്തകങ്ങൾ വായിച്ചു. കാനം എന്ന പ്രിയദേശത്തെ മനസ്സിലും സ്വന്തം പേരിലും ഇഷ്ടത്തോടെ എന്നുമെ‍ാപ്പം കെ‍ാണ്ടുനടന്നു. ഒരിക്കൽ താനെ‍ാരു നാടകനടനായിരുന്നുവെന്നു നഷ്ടബോധത്തോടെ പറഞ്ഞു. അവസാനകാലത്ത് ശാരീരികമായ വിഷമങ്ങളിലൂടെയാണ് കാനം കടന്നുപോയത്. പ്രമേഹരോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചു മാറ്റേണ്ടിവന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന നേതാവ് അപ്പോഴും പക്ഷേ, തളർന്നില്ല.

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് രണ്ടാഴ്ചമുൻപ് അദ്ദേഹം ‘മലയാള മനോരമ’യുമായി പങ്കുവച്ചത്. ദീർഘമായ പാർട്ടിപ്രവർത്തനകാലയളവിൽ നേരിടേണ്ടിവന്ന എണ്ണമറ്റ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ പെ‍ാരുതിത്തോൽപിച്ചെ‍ാരാളുടെ അതിജീവനസ്വരമുണ്ടായിരുന്നു ആ അഭിമുഖത്തിൽ. എന്നും മനോരമയുടെ ഹൃദയബന്ധുവായിരുന്ന ജനനേതാവിന് ഞങ്ങളുടെ ആദരാഞ്ജലി. 

English Summary:

Editorial about Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com