ADVERTISEMENT

പ്രതീക്ഷയിലേക്കു വാതിൽതുറന്ന് ജനുവരിയിലെ ആദ്യ സൂര്യോദയം. ആശംസകൾക്കൊപ്പം, ഈ ഭൂമിയിൽ സ്നേഹവും സമാധാനവും കരുതലും നിറഞ്ഞു വിളയാനുള്ള പ്രാർഥനകളുമായി നമുക്കു പുതുവർഷത്തെ വരവേൽക്കാം; ആത്മപരിശോധനയിലൂടെ സ്വയംപുതുക്കാനുള്ള അവസരവുമാക്കാം.

എന്നാൽ, വേദനയും ചോരയും കണ്ണീരുമായി കഴിയുന്ന എത്രയോ ദുരിതജീവിതങ്ങളും ഇപ്പോൾ ലോകത്തുണ്ട്. ഗാസയിൽനിന്നുള്ള നിസ്സഹായ വിലാപങ്ങൾ നമ്മുടെ കാതുകൾ പെ‍ാള്ളിച്ചുകെ‍ാണ്ടേയിരിക്കുന്നു. ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ പലസ്തീൻ ജനത ഭീതിയും അരക്ഷിതത്വവുംകൊണ്ട് ദിനരാത്രങ്ങൾ എണ്ണാൻ തുടങ്ങിയിട്ടു മൂന്നു മാസത്തോളമായി. യുദ്ധവിരാമംതന്നെയാണ് ഗാസയ്ക്കു നൽകാവുന്ന ഏറ്റവും ഉചിതമായ നവവത്സരസമ്മാനമെങ്കിലും അതിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നതാണു യാഥാർഥ്യം. അവിടെ എത്രയുംവേഗം ശാശ്വതശാന്തി പുലർന്നേ തീരൂ. റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്നിലുണ്ടായ ആഴമുറിവുകളാകട്ടെ, യുദ്ധത്തിന്റെ ഭീകരാവസ്ഥ അറിയിച്ച് ഇനിയുമുണങ്ങാതെ ലോകത്തിനുമുന്നിലുണ്ട്. 

ഈ പുതുവർഷത്തിലും വരുംവർഷങ്ങളിലും ജനാധിപത്യത്തിന്റെ പതാക ലോകത്തിലെ ഏറ്റവും ദീപ്തമായ ജനാധിപത്യ രാഷ്ട്രത്തിൽ ഉയരത്തിൽ പാറണമെന്ന് നാം നമ്മെത്തന്നെ ഓർമപ്പെടുത്തേണ്ട അവസരവുമാണിത്. അഖണ്ഡതയും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ആധാരശിലകളെന്നത് ആരും മറന്നുകൂടാ. മറുസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ, വിയോജിക്കാനുള്ള അവകാശം മാനിക്കാതെ വരുമ്പോൾ, ജനാധിപത്യം എന്ന വാക്കിനാണ് അർഥം നഷ്ടമാകുക. അസഹിഷ്ണുതയ്ക്കും വൈരാഗ്യത്തിനും ഇവിടെ സ്ഥാനമില്ലെന്ന് ഉറപ്പിച്ചുവേണം നാം പുതുവർഷത്തിലേക്കു പദമൂന്നാൻ. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഏതു സാഹചര്യത്തിലും ഒരു പോറലുമേറ്റുകൂടാ. 

പോയവർഷത്തിന്റെ നേട്ടങ്ങൾ തീർച്ചയായും ഓർക്കേണ്ടതു തന്നെ. പക്ഷേ, അതോടൊപ്പം ഇതിനിടെ ഉണ്ടായിപ്പോയ കോട്ടങ്ങളെ ഈ നവവർഷത്തിലെങ്കിലും മറികടക്കുകയും വേണ്ടേ? മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ജീവിതശൈലിയിലെ കാലാനുസൃതമാറ്റങ്ങളും ലോകത്തോടൊപ്പം തലയുയർത്തിനിൽക്കാൻ മലയാളികളെ പ്രാപ്‌തരാക്കിയെങ്കിലും മനസ്സുകൾ ഇടുങ്ങിപ്പോയതും അപരരോടു കാണിക്കേണ്ട സ്‌നേഹത്തിന്റെയും കരുതലിന്റെയും മഴവില്ലുകൾ മാഞ്ഞുപോകുന്നതും കാണാതിരിക്കുന്നതെങ്ങനെ? 

കേരളം സാമൂഹികവളർച്ചയുടെ ഒട്ടേറെ പടവുകൾ കയറിപ്പോന്നുവെങ്കിലും നീതിഭംഗത്തിന്റെയും പരപീഡനത്തിന്റെയും കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയുടെയും എത്രയോ കളങ്കങ്ങളും പോയവർഷവഴിയിൽ വീണുകിടക്കുന്നുണ്ട്. ഒരു ഉറുമ്പിനെ കെ‍ാല്ലുന്ന ലാഘവത്തോടെ ഒരാളുടെ കഴുത്തുഞെരിക്കാൻ മടിയില്ലാത്തവർകൂടി നമ്മുടെ സമൂഹത്തിലുണ്ടെന്ന തിരിച്ചറിവ് വലിയ ആശങ്കയാണു നൽകുന്നത്. പിതൃഹത്യയും മാതൃഹത്യയും ശിശുഹത്യയുമൊക്കെ മലയാളിക്ക് അപരിചിതമല്ലാത്ത കാര്യങ്ങളായിത്തീർന്നിരിക്കുന്നു. ഇത്ര നിസ്സാരമോ മനുഷ്യജീവൻ എന്നു നാം നെഞ്ചിടിപ്പോടെ സ്വയം ചോദിക്കുന്നു; ഉത്തരമില്ലാതെ വ്യാകുലപ്പെടുകയും ചെയ്യുന്നു. ഓരോ ദിവസവും എത്രയെത്ര പോർവിളികൾ, സംഘർഷങ്ങൾ, അക്രമങ്ങൾ, ചോരച്ചാലുകൾ...

ചെറുതും വലുതുമായ പല പ്രശ്‌നങ്ങളും വർഗീയമാക്കാൻ ശ്രമിക്കുന്നതു പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമെന്ന് അഭിമാനിക്കുന്ന കേരള സമൂഹത്തിനു നാണക്കേടു തന്നെയല്ലേ? സമത്വബോധവും സാഹോദര്യമനോഭാവവുമാണ് നവോത്ഥാനത്തിലൂടെ കേരളം കൈവരിച്ച കരുത്ത്. പുരോഗമനാശയങ്ങളാണ് നമ്മുടെ സാമൂഹിക നേതാക്കൾ ജനങ്ങളിൽ വളർത്തിയത്. ഈ പാരമ്പര്യം പോറലേൽക്കാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ഓരോ മലയാളിയും ജീവിതംകൊണ്ടു സ്വീകരിക്കേണ്ട മഹാദൗത്യമെന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ നവവർഷം.

ജനങ്ങളോടെ‍ാപ്പമാണു നിലകെ‍ാള്ളേണ്ടതെന്നും സുതാര്യതയും വിശ്വാസ്യതയും എപ്പോഴും കാത്തുസൂക്ഷിക്കണമെന്നുമുള്ള ഉത്തരവാദിത്തബോധം സർക്കാർ മറന്നുകൂടാ. സർക്കാർവിലാസം കെട്ടുകാഴ്ചകൾക്കപ്പുറത്ത്, ഈ നാട്ടിലെ സാധാരണക്കാർ അനുഭവിക്കുന്ന ജനകീയ പ്രശ്നങ്ങൾക്ക് ആത്മാർഥമായി പരിഹാരം കാണണമെന്ന ബോധ്യമാണു ഭരണാധികാരികളെ നയിക്കേണ്ടത്. കാലാവസ്ഥാവ്യതിയാനമടക്കമുള്ള സങ്കീർണപ്രശ്നങ്ങളാൽ വിള കുറഞ്ഞും വിലയിടിഞ്ഞും വലയുന്ന നമ്മുടെ കർഷകസമൂഹത്തിനു കൈത്താങ്ങു നൽകാനുള്ള ചുമതല സർക്കാർ വിസ്മരിക്കാനും പാടില്ല. 

സഹജീവിസ്നേഹത്തിന്റെ സമർപ്പിതമുന്നേറ്റംകൊണ്ടു തോൽപിക്കാനാകാത്ത പ്രതിസന്ധികളില്ലെന്ന് ഈ പുതുവർഷദിനത്തിൽ വീണ്ടും ഓർമിക്കാം. ഹൃദയത്തെ ഒപ്പംചേർത്തുനിർത്തിയാണ് ശുഭപ്രതീക്ഷകൾക്കു നാം കൈകൊടുക്കേണ്ടത്. ഈ നവവത്സരം സ്‌നേഹലിപികളാൽ കേരളത്തെ അടയാളപ്പെടുത്തട്ടെ. പ്രിയപ്പെട്ട വായനക്കാർക്ക് മലയാള മനോരമയുടെ പുതുവർഷാശംസകൾ.

English Summary:

Editorial about hope this new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com