ADVERTISEMENT

കേരളത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയുമാണ് സർക്കാർ മെഡിക്കൽ കോളജുകളും ജില്ലാ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും. എന്നാൽ, ഡോക്ടർമാർ പരിശോധന കഴിഞ്ഞു നൽകുന്ന മരുന്നിന്റെ കുറിപ്പടിയുമായി നെട്ടോട്ടമോ‍ടാനാണ് രോഗികളുടെ വിധി. ഒരു ഒപി ടിക്കറ്റിന്റെ ചെലവിൽ ചികിത്സ എന്ന ഭാരം പൂർണമായും ഇറക്കിവയ്ക്കാൻ കഴിഞ്ഞിരുന്ന അവരിപ്പോൾ പല മരുന്നുകളും പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയിലാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നുണ്ടെന്ന് അധികാരികൾ അവകാശപ്പെടുമ്പോൾതന്നെയാണ് ജീവൻരക്ഷാമരുന്നുകൾപോലും കിട്ടാതെ പാവപ്പെട്ടവരടക്കമുള്ള രോഗികൾ വലയുന്നത്; അതും പകർച്ചപ്പനിയടക്കം പല രോഗങ്ങളും ജനജീവിതത്തെ പെ‍ാറുതിമുട്ടിക്കുന്ന ഈ വേളയിൽ.

അധികൃതർ എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചാലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിൽ മരുന്നുക്ഷാമം കൂടിവരികതന്നെയാണ്. മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമുള്ള മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമാകുന്നുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല. പ്രമേഹ രോഗികൾക്കുള്ള വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല. രക്താതിമർദം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകളും വിവിധ ആന്റിബയോട്ടിക്കുകളും അടക്കം മറ്റ് ഒട്ടേറെ മരുന്നുകൾക്കും ക്ഷാമമുണ്ട്. 

തിരുവനന്തപുരം ജില്ലയിലെ പല ആശുപത്രികളിലും ചുമ മരുന്നും ഇൻസുലിനും പോലും ലഭ്യമല്ലെന്നത് ഒരു ഉദാഹരണംമാത്രം. മരുന്നുക്ഷാമം മൂലം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കിയിരിക്കുന്നു. മാനന്തവാടി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ അവശ്യമരുന്നുകൾ പോലുമില്ല. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലാകട്ടെ മരുന്നു മാത്രമല്ല, പഞ്ഞി പോലുമില്ല. 

മരുന്നുകമ്പനികൾക്ക് 500 കോടി രൂപയിലേറെ കുടിശിക വരുത്തിയതിനാലാണ് സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമമുണ്ടായിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴി ലഭിക്കേണ്ട മരുന്നുകൾക്കാണ് മിക്ക ആശുപത്രികളിലും ക്ഷാമം. തദ്ദേശസ്ഥാപനങ്ങളുടെയും ആശുപത്രി വികസനസമിതിയുടെയും ഫണ്ട് ഉപയോഗിച്ചു ലോക്കൽ പർച്ചേസ് നടത്തിയാണ് അത്യാവശ്യം മരുന്നുകൾ ലഭ്യമാക്കുന്നത്. കമ്പനികൾക്കു 2022 –23 ലെ 200 കോടി രൂപയും ഈ സാമ്പത്തിക വർഷം 300 കോടിയിലേറെയും നൽകാനുള്ളതുകെ‍ാണ്ട് പല കമ്പനികളും അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. 

മരുന്നുക്ഷാമം കേരളത്തിൽ പുതിയ കാര്യമെ‍ാന്നുമല്ല. മരുന്നു കമ്പനികൾക്കു പണം കെ‍ാടുക്കുന്നില്ലെങ്കിൽ അവർ വിതരണം മരവിപ്പിക്കുന്നതും സ്വാഭാവികം. എന്നാൽ, വ്യക്തമായ റിപ്പോർട്ടുകളോടെ മരുന്നുക്ഷാമമുണ്ടെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അസഹിഷ്ണുതയോടെ ആരോഗ്യമന്ത്രി പ്രകോപിതയാകുന്നതിലാണ് അസ്വാഭാവികത. പനി ബാധിച്ച മകളെയുംകൊണ്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയ എസ്.വി.ബിനുകുമാറിനു കുറിപ്പടിയിലുള്ള പല മരുന്നുകളും കിട്ടാതെപോയ ദുരവസ്ഥ പ്രസിദ്ധീകരിച്ച മലയാള മനോരമ സചിത്ര വാർത്തയിൽനിന്നാണു പ്രകോപനത്തിന്റെ തുടക്കം. 

ആശുപത്രികളിൽ മരുന്നില്ലെന്ന വാർത്ത തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണെന്ന് വൃഥാ പ്രതികരിക്കുന്നതിനുപകരം, മരുന്നുക്ഷാമം പരിഹരിക്കാനുള്ള വഴികളായിരുന്നില്ലേ തേടേണ്ടിയിരുന്നത്? മരുന്നുക്ഷാമത്തിന്റെ വാർത്തകൾ തെറ്റിദ്ധാരണ പരത്താൻവേണ്ടിയാണെന്ന് ആരോപിക്കുന്ന മന്ത്രി, ഇന്നലത്തെ മലയാള മനോരമ വായിച്ചാൽ നന്നായി. സംസ്ഥാനത്തെ പല ആശുപത്രികളിലെയും മരുന്നുക്ഷാമക്കണക്ക് അതിലുണ്ട്. നമ്മുടെ മുഴുവൻ ആശുപത്രികളിലും ക്ഷാമം നേരിടുന്ന മരുന്നുകളുടെ വിവരങ്ങളെടുത്താൽ അതു ഞെട്ടിക്കുന്നതാവും. 

പെ‍‍ാള്ളയായ അവകാശവാദങ്ങൾക്കു പകരം എല്ലാ സർക്കാർ ആശുപത്രികളിലെയും മരുന്നുക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികളാണ് ആരോഗ്യ വകുപ്പിൽനിന്ന് ഉണ്ടാകേണ്ടത്. അസഹിഷ്ണുത നിറച്ച മറുവാദങ്ങൾകെ‍ാണ്ട് ഒരു രോഗവും മാറ്റാനാവില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്.

English Summary:

Editorial about medicine shortage in Government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com