ADVERTISEMENT

ചന്ദ്രനിൽതെ‍ാട്ട് ആദിത്യനോളം ഉയരത്തിലേക്കു കുതിക്കാനെ‍ാരുങ്ങുകയാണു നമ്മുടെ ശാസ്ത്രലോകം. ഇന്ത്യയെ അഭിമാനനേട്ടങ്ങളിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്ന ശാസ്ത്രം അതിനുവേണ്ടി നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണ കുതിപ്പുകളും കൂട്ടായ ശ്രമങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ഒത്തുകൂടാനും ഗവേഷണഫലങ്ങൾ പങ്കുവയ്ക്കാനുമായി ഒരു നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഈ വർഷം നേരിടുന്ന അനിശ്ചിതാവസ്ഥ നിർഭാഗ്യകരമാണ്. ശാസ്ത്രത്തോടു കേന്ദ്ര സർക്കാർ പുലർത്തുന്ന താൽപര്യക്കുറവിന്റെ നിദർശനമാണ് ഇതെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിക്കേണ്ടിയിരുന്ന 109–ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) പിന്മാറിയതിനാൽ ഇക്കൊല്ലം പരിപാടി നടക്കുമോയെന്നു വ്യക്തമല്ല. സാധാരണ ജനുവരി 3 മുതൽ 7 വരെയാണു നടന്നിരുന്നത്. സംഘാടകരായ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെ (ഐഎസ്‍സിഎ) സാമ്പത്തിക ദുർവിനിയോഗം, ഏകപക്ഷീയ നടപടികൾ എന്നിവ ആരോപിച്ചാണ് സെപ്റ്റംബറിൽ കേന്ദ്രം പിന്മാറിയത്. എല്ലാ വർഷവും 5 കോടി രൂപയാണ് ഇതിനു കേന്ദ്രം നൽകുന്നത്. ഡിഎസ്ടിയും ഐഎസ്‍സിഎയും തമ്മിലുള്ള ഭിന്നതയെത്തുടർന്ന്, പരിപാടി നടത്താനിരുന്ന ലക‍്നൗ സർവകലാശാല പിൻമാറിയിരുന്നു. തുടർന്ന് വേദി മാറ്റിയതു വിവാദത്തിലാവുകയും ചെയ്തു.

ആദ്യ ശാസ്ത്ര കോൺഗ്രസ് നടന്നത് 1914ൽ കൊൽക്കത്തയിലാണ്. കോവിഡ് വ്യാപനം കവർന്ന രണ്ടു വർഷങ്ങളെ‍ാഴിച്ചാൽ ഈ മഹാസമ്മേളനം അതിന്റെ അനുസ്യൂതി ഇതുവരെ പാലിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയാവണം ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന കീഴ്‌വഴക്കം തുടങ്ങിവച്ചതു രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ്. ഈ പതിവ് തുടർന്നുവരികയും ചെയ്തു. പ്രധാനമന്ത്രിമാർ നേരിട്ടു പങ്കെടുക്കുന്ന, വർഷത്തിലെ ആദ്യചടങ്ങായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോ‍ൺഫറൻസിലൂടെ മാത്രമാണു പങ്കെടുത്തത്. 

ഡിഎസ്ടിയും ആർഎസ്എസ് ബന്ധമുള്ള വിജ്ഞാൻ ഭാരതിയും ചേർന്നു സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ 17 മുതൽ 20 വരെ ഹരിയാനയിലെ ഫരീദാബാദിൽ നടക്കും. 2015 മുതൽ നടന്നുവരുന്ന ഈ സമ്മേളനത്തെ ശാസ്ത്ര കോൺഗ്രസിനു ബദലായി ഉയർത്തിക്കാട്ടാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. സഹായധനം നിർത്തലാക്കിയതിനെത്തുടർന്ന് ഇത്തവണത്തെ ശാസ്ത്ര കോൺഗ്രസ് അനിശ്ചിതത്വത്തിലായതും പ്രധാനമന്ത്രിയുടെ താൽപര്യക്കുറവുമെല്ലാം ഈ ആരോപണം ശരിവയ്ക്കുന്നുവെന്നുവന്നാൽ അത് അത്യധികം ഗൗരവമുള്ള കാര്യമാണ്.

ഇന്ത്യ കൈവരിച്ച വിലപ്പെട്ട ശാസ്ത്രനേട്ടങ്ങളിൽ പലതിന്റെയും വേരുകൾ പൗരാണികതയിലാണെന്നു വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. ഈ നിലപാടു സ്വീകരിക്കുന്നവരുടെ അവകാശവാദങ്ങൾ സമീപകാലത്തെ ചില ശാസ്ത്ര കോൺഗ്രസുകളിൽ കേൾക്കാനായി; ചില പ്രബന്ധങ്ങൾ വിവാദമാകുകയും ചെയ്തു. ഇത്തരത്തിലുള്ള ബദൽ ശാസ്ത്രനിർമിതിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇതുവഴി ശാസ്ത്ര കോൺഗ്രസിന്റെ പ്രതാപം നഷ്ടപ്പെടുന്നുവെന്ന ആശങ്കയുമുണ്ട്.

എൻസിഇആർടി (നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ്) പാഠപുസ്തകങ്ങളിൽ വരുത്തുന്ന തിരുത്തലുകളും വെട്ടിനിരത്തലുകളും ഇതോടു ചേർത്തുവയ്ക്കുകയും ചെയ്യാം. 10–ാം ക്ലാസ് ശാസ്ത്രപുസ്തകത്തിൽ 9–ാം അധ്യായത്തിന്റെ തലക്കെട്ട് ‘പാരമ്പര്യവും പരിണാമവും’ എന്നായിരുന്നതു മാറ്റി ‘പാരമ്പര്യം’ എന്നു മാത്രമാക്കിയത് ഒരു ഉദാഹരണം മാത്രം. ചാൾസ് ഡാർവിൻ, ഭൂമിയിൽ ജീവന്റെ ഉദ്ഭവം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 

ശാസ്ത്രഗവേഷണങ്ങളുടെ അടിസ്ഥാനലക്ഷ്യം മാനവരാശിയുടെ ഉന്നമനമാണ്. ദശാബ്ദങ്ങളോളം പരീക്ഷണശാലകളിൽ ജീവിതം സമർപ്പിക്കുന്നവർ മനുഷ്യനുവേണ്ടിയുള്ള നിർണായക കണ്ടെത്തലുകളിലൂടെ അനശ്വരരാവുന്നു. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ നൊബേൽ സമ്മാനപ്പട്ടികയിൽ സ്‌ഥാനംപിടിച്ച ഇന്ത്യൻ ശാസ്‌ത്രജ്‌ഞരായ സി.വി.രാമൻ, ഹർഗോവിന്ദ് ഖുറാന, സുബ്രഹ്‌മണ്യൻ ചന്ദ്രശേഖർ, വെങ്കട്ടരാമൻ രാമകൃഷ്‌ണൻ എന്നിവരുടെ മഹത്തായ പാരമ്പര്യത്തിന് ഇനിയും തുടർച്ച ഉണ്ടാകേണ്ടതുണ്ട്. അതുകെ‍ാണ്ടുതന്നെ, ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നേരിടുന്ന അനിശ്ചിതത്വം പരിഹരിച്ച്, ഇത്തവണയും ഈ അഭിമാന സമ്മേളനം നടത്താനുള്ള വിവേകമാണ് കേന്ദ്ര സർക്കാരിൽനിന്നുണ്ടാകേണ്ടത്. ശാസ്ത്രസമൂഹവും പെ‍ാതുസമൂഹമാകെത്തന്നെയും ഇതിനായി സമ്മർദം ചെലുത്തുകയും വേണം.

English Summary:

Editorial about Central Government's non-cooperation in conducting Science Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com