ADVERTISEMENT

സർക്കാർ വരുത്തിയ കുടിശിക മറ്റെ‍ാരു വലിയ പ്രതിസന്ധിക്കു കാരണമായ വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) എന്നിവ ലഭിക്കാതായതു സംസ്ഥാനത്തു ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ലൈസൻസോ ആർസിയോ ലഭിക്കാൻ കാത്തിരിക്കുന്നതു കേരളത്തിലെ ഏഴര ലക്ഷം വാഹന ഉടമകളാണെന്നതു പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. 

ലൈസൻസ്, ആർസി എന്നിവ അച്ചടിച്ച വകയിൽ ലഭിക്കേണ്ട 8 കോടി രൂപ കുടിശികയായതോടെ കരാറെടുത്ത സ്ഥാപനം അച്ചടി നിർത്തിവച്ചതാണ് ഈ ദുരവസ്ഥയ്ക്കു വഴിയൊരുക്കിയത്. പ്രതിമാസം കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷത്തോളമാണ്. അതുകൊണ്ടുതന്നെ, അച്ചടി മുടങ്ങിക്കിടക്കുന്ന ഓരോ ദിവസവും ഈ അവശ്യരേഖകൾക്കായി കാത്തിരിക്കുന്ന വാഹനഉടമകളുടെ എണ്ണവും ഉയരുന്നു. ഡ്രൈവിങ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് ലഭിക്കാത്തവരും പുതിയ വാഹനം വാങ്ങി ആർസി ലഭിക്കാത്തവരും സംസ്ഥാനത്തെ ആർടി ഓഫിസുകളിൽ നിത്യവും വൃഥാ കയറിയിറങ്ങുകയാണ്. 

കഴിഞ്ഞ ഏപ്രിലിൽ ഏറെ കൊട്ടിഘോഷിച്ചാണു ലൈസൻസും ആർസിയും പിവിസി കാർഡിൽ അച്ചടിച്ചു വിതരണം ചെയ്യുന്ന പദ്ധതി സർക്കാർ ആരംഭിച്ചത്. കൊച്ചി തേവരയിലെ സെൻട്രലൈസ്ഡ് പ്രിന്റിങ് സ്റ്റേഷനിലായിരുന്നു അച്ചടി. എന്നാൽ, കരാറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) കമ്പനി നവംബർ 16നു ഡ്രൈവിങ് ലൈസൻസിന്റെയും പിന്നാലെ 23ന് ആർസി ബുക്കിന്റെയും അച്ചടി നിർത്തിവച്ചു.

ആർസി കിട്ടാത്തതിനാൽ ടെസ്റ്റ് നടത്തൽ, പെർമിറ്റ് എടുക്കൽ, വാഹനക്കൈമാറ്റം എന്നിവയെ‍ാക്കെ മുടങ്ങിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട ലോറി, ബസ് തുടങ്ങിയവയുടെ യാത്രയും പ്രതിസന്ധിയിലായി. പുതിയ വാഹനങ്ങളുമായി ഇതര സംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരുന്നവർ അവിടെ വാഹന പരിശോധനയിൽ കുടുങ്ങി പിഴയൊടുക്കേണ്ടിവരുന്നുമുണ്ട്. ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാക്കേണ്ട പഴയ വാഹനങ്ങളുടെ ഉടമകളും പ്രതിസന്ധിയിലാണ്. വിദേശത്തു ഡ്രൈവിങ് ജോലി ലഭിച്ചവരാണു വിഷമസന്ധിയിലായ മറ്റൊരു കൂട്ടർ. വീസയ്ക്കായി ലൈസൻസിന്റെ പകർപ്പു നൽകേണ്ടതിനാൽ ഇവരും ആശങ്കയിലാണ്. 

ആർസി, ഡ്രൈവിങ് ലൈസൻസ് അച്ചടി സംബന്ധിച്ചു കർണാടകയിലെ പൊതുമേഖലാ സ്ഥാപനവുമായി കരാർ ഒപ്പിടുന്നതിനുമുൻപാണ് മോട്ടർ വാഹന വകുപ്പ് കൊച്ചിയിലെ സ്ഥാപനവുമായി ഉപകരാർ ഉറപ്പിച്ചത് എന്നതിന്റെ തെളിവു പുറത്തായിട്ടുണ്ട്. കർണാടകയിലെ പൊതുമേഖലാ സ്ഥാപനവുമായി കരാർ ഒപ്പിട്ടതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിൽ 15ന്, അവധിദിനത്തിൽ വൈകിട്ടാണു കരാർ ഒപ്പിട്ടിരിക്കുന്നത്. 

പ്രതിസന്ധി പരിഹരിക്കാൻ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും മുഖ്യമന്ത്രി പിണറായി വിജ‌യനും ഇടപെട്ടിട്ടുപോലും അച്ചടി പുനരാരംഭിച്ചിട്ടില്ലെന്നത് അപലപനീയമാണ്. നിരത്തുകളിൽ എഐ ക്യാമറകളുൾപ്പെടെ സ്ഥാപിച്ചു ഗതാഗതവകുപ്പ് ആധുനിക സാങ്കേതിക സംവിധാനങ്ങളെ പുൽകുമ്പോഴാണ് വാഹനഉടമകൾക്ക് അത്യാവശ്യ രേഖകൾ പോലും നൽകാനാവാത്ത ഈ സ്ഥിതി! ആർസി, ലൈസൻസ് എന്നിവ പിവിസി കാർഡിലാക്കാൻ അപേക്ഷകരിൽനിന്ന് 245 രൂപ മുൻകൂറായി ഈടാക്കിയിട്ടും ഇൗ പണം കമ്പനിക്കു നൽകാത്തതിനു വിശദീകരണമെന്താണ്? 

ആർസിയും സ്മാർട് കാർഡായി വിതരണം ചെയ്യണമെന്നാണു കേന്ദ്ര നിർദേശം. എന്നാൽ, ഇതിനുവിരുദ്ധമായി പിവിസി കാർഡാണു കേരളം നൽകുന്നത്. 10 രൂപയിൽ താഴെമാത്രം ചെലവു വരുന്ന കാർഡാണ് ഇതെന്നാണു പരാതി. സ്മാർട് കാർഡിനു കേന്ദ്രം നിർണയിച്ച തുക തന്നെ വാഹനഉടമകളിൽനിന്നു സംസ്ഥാനം ഈടാക്കുന്നുമുണ്ട്. 

പിവിസി കാർഡ് വിതരണത്തിനു പിന്നിൽ പുറത്തുവരാത്ത ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ഇതിൽ കൃത്യമായ അന്വേഷണത്തിനു സർക്കാർ തയാറാകേണ്ടതുണ്ട്. വൻതുക നൽകി വാഹനം വാങ്ങി നികുതിയുൾപ്പെടെ ഒടുക്കിയിട്ടും അവശ്യരേഖകൾ കിട്ടാതെ വലയുന്നവരുടെ ദുരിതം തീർക്കാൻ സത്വര നടപടിയുണ്ടായേതീരൂ.

English Summary:

Editorial about vehicle owners without getting RC and licence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com