ADVERTISEMENT

നീണ്ടുപോകുകയാണ് ആ നിസ്സഹായ വിലാപം. കേരളത്തിലെ ജനസംഖ്യയുടെ പത്തിലെ‍ാന്നോളം മാത്രമുള്ള മണിപ്പുർ ജനത അനുഭവിക്കുന്ന സങ്കടങ്ങളുടെ ആഴവും പരപ്പും നമുക്കു സങ്കൽപിക്കാനാവുമോ? അവിടെ 230ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. എത്രയോ കുടുംബങ്ങളുടെ വേരറ്റു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി. ഒട്ടേറെ ഗ്രാമങ്ങൾ ചാമ്പലായി; വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. എത്രയോ പേർ അഭയാർഥികളായി അന്യസംസ്ഥാനങ്ങളിലെത്തി. എത്രയോ പേർ പലായനം തുടരുന്നു.

മണിപ്പുർ കലാപത്തിന് ഇന്നലെ ഒരു വർഷം പൂർത്തിയായി. ഒരു സംസ്ഥാനം ഇത്രയും ദീർഘകാലം അരക്ഷിതത്വത്തിലൂടെ കടന്നുപോകുന്നതു സ്വാതന്ത്ര്യാനന്തര ഭാരതം കണ്ടിട്ടില്ല. ഇത്രയും കെ‍ാടുംക്രൂരതകൾ അനുഭവിക്കുന്നതും ഇത്രയുമുച്ചത്തിൽ കരയുന്നതും ഇത്രയും ചോര വാർക്കുന്നതും കണ്ടിട്ടില്ല. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം സകല തലങ്ങളിലും കൈവിട്ടുപോയിരിക്കുന്നു. കലാപത്തിന്റെ മറവിൽ ഏറ്റവും നഷ്ടമുണ്ടായതു ക്രൈസ്തവരായ ഗോത്രവിഭാഗങ്ങൾക്കാണ്. നൂറുകണക്കിനു ക്രിസ്തീയ ദേവാലയങ്ങളാണു തകർക്കപ്പെട്ടത്. മണിപ്പുരിൽ ശാന്തി പുലരുംവരെ ഈ രാജ്യത്തിനെങ്ങനെ സ്വസ്ഥതയുണ്ടാകും?

യുദ്ധഭൂമിയിൽപോലും നടക്കാത്ത അതിക്രമങ്ങളാണ് അവിടെ നടന്നത്. കലാപം രാക്ഷസാകാരം പ്രാപിച്ച്, ക്രൂരതയുടെ അങ്ങേയറ്റത്തേക്കെത്താൻ കാരണം സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചതന്നെയാണെന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷം മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിന് ആ വേളയിൽത്തന്നെ തടയിട്ടിരുന്നെങ്കിൽ ഇത്രമേൽ വിനാശകരമായും ഭീതിദമായും അതു വളരുമായിരുന്നില്ല.

കലാപം അമർച്ച ചെയ്യാൻ ശ്രമിക്കാതെ, എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് മണിപ്പുർ സർക്കാർ ഇങ്ങനെയെ‍ാരു നിരുത്തരവാദിത്ത നിലപാട് സ്വീകരിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയാൻ മണിപ്പുർ ഭരണകൂടം ബാധ്യസ്ഥമാണെന്നു സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുണ്ട്. കേസെടുക്കാൻ പോലും കഴിയാത്തവിധം മണിപ്പുരിൽ ഭരണ – പൊലീസ് സംവിധാനം സമ്പൂർണമായി പരാജയപ്പെട്ടെന്നു സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിലാണു തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഇതുവരെ സംസ്ഥാനം സന്ദർശിക്കാൻപോലും തയാറായിട്ടില്ല. കലാപത്തിന്റെ തുടക്കത്തിൽ സമാധാനസമിതി ഉണ്ടാക്കിയതു മാത്രമാണു സർക്കാർ ഇടപെടൽ; ആ സമിതിയുടെ ഒരു സമ്പൂർണയോഗംപോലും ഇതുവരെ നടന്നിട്ടില്ലെങ്കിലും.

കലാപത്തിനിടെ കഴിഞ്ഞ മേയിൽ ഗോത്രസ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയെന്നു വ്യക്തമാക്കിയാണു സിബിഐ കുറ്റപത്രം. കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിനു മുൻപാണ് ആയിരത്തോളം പേരടങ്ങുന്ന കലാപകാരികൾ ഇവരെ തെരുവിലൂടെ നടത്തിയത്. ഇതിൽനിന്നു രക്ഷപ്പെടാൻ, വഴിയരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിൽ സ്ത്രീകൾ കയറിയെങ്കിലും വാഹനം മുന്നോട്ടെടുത്തില്ല. കാർഗിൽ യുദ്ധസേനാനിയുടെ ഭാര്യയായ സ്ത്രീ തങ്ങളെ രക്ഷപ്പെടുത്താൻ കെഞ്ചിയെങ്കിലും വാഹനത്തിന്റെ താക്കോൽ ഇല്ലെന്നു പറഞ്ഞ് പൊലീസ് ഡ്രൈവർ ഇവരെ ഒഴിവാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇനിയും നമ്മുടെ സഹോദരിമാർ അവിടെ ക്രൂരമായി അപമാനിക്കപ്പെട്ടുകൂടാ. ജീവിതങ്ങൾ നിസ്സഹായതയോടെ പിടഞ്ഞുതീർന്നുകൂടാ. പലായനങ്ങൾ ആവർത്തിക്കപ്പെട്ടുകൂടാ. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ‘ഇന്ത്യയുടെ രത്നം’ എന്നു വിശേഷിപ്പിച്ച പ്രദേശമാണു മണിപ്പുർ. അഴകിന്റെ ആ അഭിമാന ഭൂമിക ഒരു വർഷമായി അനുഭവിക്കുന്ന അത്യധികം സങ്കടകരവും സമാനതകളില്ലാത്തതുമായ സാഹചര്യം ഒരു കാരണവശാലും തുടരാൻ പാടില്ല.

കലാപ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ‘ദ് വീക്ക്’ വാരിക നടത്തിയ അഭിമുഖത്തിൽ, മണിപ്പുരിൽ സമാധാനം തിരിച്ചുവരുന്നുവെന്ന ഉറപ്പ് അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, അതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആത്മാർഥശ്രമംകൂടി ഉണ്ടാകേണ്ടതല്ലേ? അധികാരികളുടെ വീണ്ടുവിചാരമില്ലാത്ത നടപടികൾ ഒരു ജനതയുടെ ജീവിതം നഷ്ടപ്പെടുത്തിയതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് മണിപ്പുരിലെ കലാപ വാർഷികമെന്ന് ഒരിക്കൽക്കൂടി ഓർമിക്കാം. പേരിനൊരു തിരഞ്ഞെടുപ്പു നടത്തിയതുകൊണ്ടു മായ്ക്കാനാവുന്നതല്ല ആ കളങ്കം.

മണിപ്പുരിൽ ശാന്തി പുലരാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും പെ‌ാതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ ശ്രമം അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. വിവേകപൂർണമായ നടപടികളിലൂടെ ശാശ്വത സമാധാനത്തിനു വഴിതുറന്നേതീരൂ.

English Summary:

Editorial about manipur unrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com