ADVERTISEMENT

നമ്മുടെ കുട്ടികൾ സാർഥകവും സുരക്ഷിതവുമായ അധ്യയനവർഷത്തിലേക്കു പ്രവേശിക്കണമെന്ന ആശംസയോടെയാണു കേരളം ഈ ദിവസത്തെ വരവേൽക്കുന്നത്. ഒന്നാം ക്ലാസിലേക്കു പ്രവേശിക്കുന്ന മൂന്നു ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ മൊത്തം 45 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്നു സ്കൂളിലെത്തുന്നത്. നിർണായകമായ പല മാറ്റങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഈ സ്കൂൾവർഷാരംഭമെന്നതും ശ്രദ്ധേയം. 

ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ ‘ഓൾ പാസ്’ രീതി ഈ വർഷം മാറുകയാണ്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കുകയുമാണ്. എസ്എസ്എൽസി പരീക്ഷാ പരിഷ്കരണം കേവലം മിനിമം മാർക്ക് പ്രശ്നമായി ചുരുക്കിക്കാണാൻ ആഗ്രഹിക്കുന്നില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറയുന്നു. ദേശീയതലത്തിലടക്കമുള്ള മത്സരപ്പരീക്ഷകളിൽ മികവു തെളിയിക്കാനുള്ള ശേഷി നമ്മുടെ കുട്ടികൾക്ക് ഉറപ്പാക്കുകയാണു ലക്ഷ്യം. 

പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളെല്ലാം കുട്ടികൾ നേടുമെന്ന് അധികൃതർ പറയുന്നുണ്ട്. എന്നാൽ, കുട്ടികളെ അതിനു സജ്ജരാക്കേണ്ട നമ്മുടെ അധ്യാപകർ നേരിടുന്ന താങ്ങാനാവാത്ത ജോലിഭാരമടക്കമുള്ള പ്രശ്നങ്ങളുടെ ആഴം എത്രത്തോളം അധികൃതർ മനസ്സിലാക്കുന്നുണ്ടെന്ന വലിയ ചോദ്യംകൂടി ഉയരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞദിവസം കൂട്ടവിരമിക്കൽ നടന്നതോടെ പ്രധാനാധ്യാപകർ മുതൽ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ(ഡിഡി) വരെയുള്ള സുപ്രധാന തസ്തികകളിൽ ഒഴിവുകളേറെയാണ്. ഇതു നികത്താതെയാണ് പുതിയ അധ്യയനവർഷത്തിനു തുടക്കം കുറിക്കുന്നത്. 

പ്രൈമറി സ്കൂൾ തസ്തികയിലാണ് കൂടുതൽ ഒഴിവ്. അഞ്ഞൂറിലേറെ ഒഴിവുകൾ നേരത്തേതന്നെ ഉള്ളതിനൊപ്പമാണ് ഇപ്പോൾ വിരമിച്ചവരുടെ ഒഴിവുകളും വരുന്നത്. ഇതിനൊപ്പം മുന്നൂറോളം ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും നൂറ്റിയിരുപതോളം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും ഒഴിവുകൾ ഉള്ളതായാണു വിവരം. 

അടിസ്ഥാനസൗകര്യ വികസനമെന്ന പോലെയോ അതിലേറെയോ പ്രധാനമാണ് അധ്യയന നിലവാരവുമെന്നതിനാൽ സ്ഥിരം അധ്യാപകരുണ്ടാകുക എന്നതാണ് ഏതു സ്കൂളിലും ഉറപ്പുവരുത്തേണ്ട ഒന്നാമത്തെ കാര്യം. പ്രീ പ്രൈമറി മേഖലയിൽ ‘വർണക്കൂടാരം’ പോലെയുള്ള പദ്ധതികൾ കോടികളുടെ മുതൽമുടക്കിൽ നടപ്പാക്കുന്ന സർക്കാർ ആ മേഖലയിലെ അധ്യാപകർക്കു സ്ഥിരനിയമനം നൽകാനും അവർക്കു മാന്യമായ വേതനം നൽകാനും ശ്രദ്ധിക്കേണ്ടതല്ലേ? എല്ലാ ഹൈസ്കൂളുകളിലും ഇംഗ്ലിഷ് പഠിപ്പിക്കാൻ ആ വിഷയത്തിൽ യോഗ്യതയുള്ളവർ തന്നെ വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും താൽക്കാലിക നിയമനങ്ങളിലൂടെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതു സർക്കാരിനു ഭൂഷണമാണോ? 

സ്കൂളുകളിലെ ആയിരക്കണക്കിന് ഒഴിവുകളിലേക്കുള്ള താൽക്കാലിക നിയമനങ്ങളിലാകട്ടെ ഇത്തവണയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കുകയാണ്. താൽക്കാലിക അധ്യാപകർക്കും പരിശീലനം ഉറപ്പാക്കുമെന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപനമെങ്കിലും നടപ്പാകുമെന്നു പ്രതീക്ഷിക്കാം. 

കുട്ടികളുടെ ഉച്ചഭക്ഷണത്തിനു സർക്കാർ നൽകുന്ന തുക പര്യാപ്തമല്ലെന്ന വ്യാപക പരാതിയുടെ കൈപിടിച്ചാണ് ഇത്തവണയും സ്കൂൾ വാതിലുകൾ തുറക്കുന്നത്. ഈ പദ്ധതിക്കുള്ള പണം കൃത്യമായി ലഭിക്കാത്തതുമൂലം സ്കൂളുകളും ചുമതലയുള്ള അധ്യാപകരും കടക്കെണിയിലാകുന്നു. ഇതിനുവേണ്ട തുക പുതിയ അധ്യയനവർഷം കാലതാമസം കൂടാതെ നൽകാൻ നടപടി സ്വീകരിക്കുമെന്നും വിഹിതം വർധിപ്പിക്കാനുള്ള ആലോചനയുണ്ടെന്നും പെ‍ാതുവിദ്യാഭ്യാസമന്ത്രി പറഞ്ഞതു പ്രതീക്ഷ തരുന്നു.

എല്ലാ സ്കൂളുകളിലും വിദ്യാർഥിസുരക്ഷ കാത്തുസൂക്ഷിക്കേണ്ടത് അധികൃതരുടെ മുഖ്യ ഉത്തരവാദിത്തംതന്നെ. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ട സംഭവങ്ങൾ ഓരോ അധ്യയനവർഷത്തിലും നാം കേട്ടുപോരുന്നു. സ്‌കൂൾ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ സർക്കാർ വകുപ്പുകളും സ്‌കൂൾ അധികൃതരും രക്ഷാകർതൃസമിതികളും ഏകോപിച്ചു പ്രവർത്തിക്കേണ്ടത്, ദിനംപ്രതി ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുന്ന കേരളത്തിൽ അടിയന്തരാവശ്യമാണ്. 

സ്‌കൂൾ പരിസരങ്ങളിൽ ലഹരിമരുന്നുകളുടെ വിൽപന അധികൃതർ കർശനമായി തടയേണ്ടിയിരിക്കുന്നു. ലഹരിയുടെ ഇരുൾക്കയത്തിലേക്കു കുട്ടികൾ വീണുപോകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും അതീവശ്രദ്ധ കൊടുത്തേ തീരൂ. മികച്ച കുടുംബാന്തരീക്ഷംകെ‍ാണ്ടും സാമൂഹികജാഗ്രതകെ‍ാണ്ടും വേണം ലഹരിക്കെതിരെ മതിൽകെട്ടാൻ.

മനസ്സിന്റെ വാതിലുകൾ അടയ്ക്കാതെ, മികച്ച കുടുംബ–വിദ്യാലയ അന്തരീക്ഷങ്ങളിലിരുന്നു നമ്മുടെ കുട്ടികൾ ജീവിതത്തെയും സമൂഹത്തെയും നേരിട്ടറിയേണ്ടതുണ്ട്. നന്മയുടെ വഴികളിലൂടെ അവർ നക്ഷത്രശോഭയുള്ള ഭാവി സ്വന്തമാക്കാൻ നമുക്ക് ആശംസിക്കാം.

English Summary:

Editorial about school reopening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com