ADVERTISEMENT

ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കപ്പെടുന്നതെങ്കിൽ ഹജ്ജിന്റെ ത്യാഗനിർഭരമായ പശ്ചാത്തലത്തിലാണ് ഈദുൽ അസ്ഹ (ബലിപെരുന്നാൾ) കൊണ്ടാടുന്നത്. രണ്ട് ആഘോഷങ്ങളിലും ദൈവികതയും മാനവികതയും വിളക്കിച്ചേർത്തതായി കാണാം.

പെരുന്നാളുകൾ ആഘോഷിക്കണമെങ്കിൽ അന്നെങ്കിലും സുഭിക്ഷത വേണം; അഥവാ, അന്നാരും പട്ടിണി കിടക്കരുത്. ചെറിയ പെരുന്നാളിനു വിതരണം ചെയ്യുന്ന ഫിത്ർ സകാത്തും ബലിപെരുന്നാളിനു വിതരണം ചെയ്യുന്ന ബലിമാംസവും ഈ സുഭിക്ഷത ഉറപ്പാക്കാൻ സഹായിക്കുന്നു. മാംസാഹാരം കഴിക്കുന്നവർക്ക്, രോഗങ്ങളോ ന്യൂനതകളോ ഇല്ലാത്ത മൃഗങ്ങളുടെ മാംസം സൗജന്യമായി വിതരണം ചെയ്യുന്ന മറ്റൊരു സംവിധാനം ലോകത്തില്ല. ബലിയുടെ പൊരുൾ മനുഷ്യന്റെ ഉദ്ദേശ്യശുദ്ധിയാണ്. ബലിമൃഗത്തിന്റെ മാംസവും രക്തവുമല്ല, മനുഷ്യമനസ്സുകളിലെ സൂക്ഷ്മതാബോധമാണ് അല്ലാഹുവിലേക്കെത്തുക എന്നു ഖുർആൻ പറയുന്നുണ്ട്. ആരാധനകളുടെ സാമൂഹികവും മാനവികവുമായ വശങ്ങളാണിത് ഓർമിപ്പിക്കുന്നത്.

ദേശ, ഭാഷ, മത, ജാതി, ജെൻഡർ ഭേദങ്ങൾക്കതീതമായി എല്ലാ മനുഷ്യരുടെയും സുഭിക്ഷത, കുടുംബത്തിന്റെയും വരുംതലമുറയുടെയും ധാർമികാഭിനിവേശം എന്നിവ ഉറപ്പുവരുത്തുന്നതിനു പ്രയത്‌നിക്കുകയും ദൈവത്തോടു പ്രാർഥിക്കുകയും ചെയ്ത, സർവമതങ്ങൾക്കും സർവാദരണീയനായ ഇബ്രാഹിം നബിയുടെ സ്മരണ പുതുക്കുന്ന സമയംകൂടിയാണ് ഹജ് തീർഥാടനവും ബലിപെരുന്നാളും. മക്കയിലെ കഅബ നിർമാണം പൂർത്തിയായതിനുശേഷം ദൈവിക നിർദേശപ്രകാരം ഇബ്രാഹിം നബി നടത്തിയ ആഹ്വാനമാണ് ഹജ് യാത്രയുടെ കാരണം. ഭീതിയും ഭയപ്പാടും നിറഞ്ഞുനിൽക്കുന്ന ആധുനികലോകത്ത് നിർഭയരായിരിക്കാൻ നിരന്തരം ഓർമപ്പെടുത്തുന്ന പൗരാണിക ഗേഹമാണ് കഅബ. ‘‘ആരവിടെ പ്രവേശിച്ചോ അവൻ നിർഭയനായി’’ (ഖുർആൻ 3:97) എന്നാണ് ഖുർആനിക പ്രഖ്യാപനം. മനുഷ്യൻ മാത്രമല്ല മിണ്ടാപ്രാണികളും ചെടികളും കഅബയുടെ പരിസരത്ത് സുരക്ഷിതമായിരിക്കുമെന്നു പ്രവാചകനും ഉറപ്പുനൽകുന്നു. ‘നിർഭയ ഭവനം’ എന്നുമാത്രം പറഞ്ഞ് അവസാനിപ്പിക്കാതെ ‘നിർഭയ രാജ്യം’ എന്നുകൂടി പറയുന്നുണ്ട് ഖുർആൻ (ഖുർആൻ 2:126). തുല്യതയുടെ ഭൂപ്രദേശം കൂടിയാണ് കഅബയും അനുബന്ധപ്രദേശങ്ങളും. കഅബയ്ക്കു ചുറ്റും ‘റിസർവ്ഡ്’ ആയ ഒരു ഇടം പോലുമില്ല; അവിടത്തെ എല്ലാ കർമങ്ങളിലും എല്ലാവരും തുല്യരാണെന്നർഥം.

ഒരു വലിയ പ്രബോധന ദൗത്യമായിരുന്നു ഇബ്രാഹിം നബി ഏറ്റെടുത്തിരുന്നത്. ആ ലക്ഷ്യം വിജയകരമായി നിറവേറ്റാൻ അദ്ദേഹത്തിനു സാധിച്ചു. ഇബ്രാഹിം നബിയുടെ ജീവിതപാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാൻ കഴിയുകയെന്നതു വലിയ കാര്യമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു. ഈ മാർഗത്തെ കണ്ടില്ലെന്നു നടിക്കുകയും ഭൗതിക ജീവിതത്തിന്റെ സുഖങ്ങളിൽമാത്രം വ്യാപരിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു താക്കീതു നൽകുകയും ചെയ്യുന്നു. വാർധക്യത്തിൽ ആറ്റുനോറ്റുകിട്ടിയ മകൻ ഇസ്മാഈലിനെ ദൈവിക മാർഗത്തിൽ സമർപ്പിക്കാൻ അല്ലാഹു ആവശ്യപ്പെട്ടപ്പോൾ ഇബ്രാഹിം നബി സങ്കോചമില്ലാതെ ദൈവകൽപനയ്ക്ക് ഉത്തരം നൽകി. അതിനാൽ ഏറ്റവും പ്രിയപ്പെട്ടതെന്തും ദൈവമാർഗത്തിൽ സമർപ്പിക്കാനുള്ള ആഹ്വാനമാണ് ബലിസ്മരണ നൽകുന്നത്.

പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വാർഷികം കൂടിയാണ് ഹജ്ജും പെരുന്നാളും. വ്യത്യസ്തമായ ദേശങ്ങൾ, വ്യതിരിക്തമായ സാംസ്കാരിക ശീലങ്ങൾ, വേറിട്ട വംശപരമ്പരകൾ, പരസ്പരം അന്യമായ ഭാഷകൾ തുടങ്ങിയ മനുഷ്യ സമൂഹങ്ങളിലെ വൈവിധ്യങ്ങൾ മക്കയെന്ന സവിശേഷമായ ഒരു ഭൂപ്രദേശത്ത്, ഒരു മാസത്തോളം, ഒരേ ലക്ഷ്യവും ഒരേ വേഷവും ശൈലിയുമുപയോഗിച്ചു നടത്തുന്ന ആരാധനാമുറയായ ഹജ്, ഇസ്‌ലാമിന്റെ സാർവജനീയ സ്വഭാവം വിളിച്ചോതുന്നതാണ്. ഹജ് തീർഥാടനത്തിലെ അറഫാ സംഗമത്തിലാണു പ്രവാചകൻ ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നിർവഹിച്ചത്. മഹത്തായ മാനവിക പ്രഖ്യാപനമായിരുന്നു ആ പ്രസംഗം. ‘ഭാഷ, ദേശം, വർണം, കുടുംബമഹിമ, സ്വത്ത് തുടങ്ങിയവയൊന്നും മാനദണ്ഡമാക്കി മനുഷ്യരെ വേർതിരിക്കരുതെന്നും സ്ത്രീകളോടും മർദിതരോടും അനീതി കാണിക്കരുതെന്നും മനുഷ്യരുടെ ജീവനും ധനവും അഭിമാനവും പവിത്രമാണെന്നും അന്നു നബി ഓർമിപ്പിച്ചു. പരസ്പരം ഭിന്നിക്കരുതെന്നും ഉപദ്രവിക്കരുതെന്നും ഓർമിപ്പിച്ചു. അങ്ങനെ ഹജ് മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ ഓർമപ്പെടുത്തലായി തുടരുന്നു.

(ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റാണ് ലേഖകൻ)

English Summary:

Writeup about Eid-Ul-Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com