ADVERTISEMENT

മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം എന്നു സിപിഎം നേതാക്കൾ വീട്ടിലെത്തി ഉപദേശിച്ചെന്നു കേട്ടപ്പോൾ ഒറ്റരാത്രി കൊണ്ട് സംഗതി വെടിപ്പായി എന്നു കരുതിപ്പോയി. തിരഞ്ഞെടുപ്പു തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെയായിരുന്നു പാർട്ടി സമ്മേളനത്തിൽ രോഷം മുഴുവനെന്നു കേൾവിയുണ്ടായിരുന്നു. അതിന്റെ ചൂടു പോകും മുൻപേ നേതാക്കൾ ക്ലിഫ് ഹൗസിലെത്തി പിണറായിയെ ബോധവൽക്കരിച്ചതാകുമെന്നാണു വിചാരിച്ചത്. പക്ഷേ, കണ്ണൂർ എരഞ്ഞോളിയിൽ നാട്ടിലെ ബോംബിനെപ്പറ്റി നിവൃത്തികെട്ടു പറഞ്ഞ പാവം യുവതിയുടെ അമ്മയോടായിരുന്നു പാർട്ടിക്കാരുടെ വിരട്ടലെന്നു പിന്നീടാണു മനസ്സിലായത്.

‘നിങ്ങൾ ഞങ്ങളെ കൊല്ലുമോ’ എന്ന് ആ അമ്മ ചോദിച്ചപ്പോൾ ചിരിയായിരുന്നത്രെ മറുപടി. ചിരിയും കൊലച്ചിരിയും തിരിച്ചറിയാൻ പാവങ്ങൾക്കു പാടാണ്. പിണറായിയോടു നേരിട്ടുപറയാൻ ധൈര്യമില്ലാത്ത ഉപദേശം എം.വി.ഗോവിന്ദൻ വളഞ്ഞവഴിയിൽ പറയിച്ചതാണെന്നു കരുതുന്നവരുമുണ്ട്. ‘മുഖ്യമന്ത്രി ഏതു ശൈലിയാണു തിരുത്തേണ്ടത്’ എന്നാണു മാധ്യമപ്രവർത്തകരോടു കക്ഷി തിരക്കിയത്. എണ്ണിയാൽ ഒടുങ്ങാത്തവ ഉണ്ടെന്നിരിക്കെ ‘അതിൽ ഏത്’ എന്നു പത്രക്കാർ പറഞ്ഞുകിട്ടിയാൽ തന്റെ തടി കഴിച്ചിലായെന്നു പാവം കരുതിയിട്ടുണ്ടാകാം. കടിക്കാൻ കഴിയാത്ത കയ്യിൽ ഉമ്മവയ്ക്കുകയും ‘നശിച്ചു പോട്ടെ’യെന്നു മനസ്സിൽ പ്രാകുകയും ചെയ്യുന്ന ചിലരുണ്ട്. നിസ്സഹായത കൊണ്ടാണ്.

ബംഗാളിൽ ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയും മൂന്നു പതിറ്റാണ്ടിലേറെ തുടർച്ചയായി ഭരിച്ചതോടെ സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും എണ്ണം പറഞ്ഞ ജനമർദകരായെന്നാണു കേൾവി. കേരളത്തിൽ ഒരു പതിറ്റാണ്ടു തികയും മുൻപേ പാർട്ടി മാത്രമല്ല ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉൾപ്പെടെ ലക്ഷ്യം മറികടന്നെങ്കിൽ ഈ രണ്ടു പേരെക്കാൾ എത്രയോ വിജയമാണു വിജയനെന്ന് ഊറ്റം കൊള്ളുന്നതിൽ തെറ്റില്ല. ടി.പി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നിറക്കാൻ എല്ലാ വഴിയും പാർട്ടിയും സർക്കാരും നോക്കുന്നതിലും തകരാറൊന്നുമില്ല. കൊലക്കേസ് ക്വട്ടേഷൻ പിടിച്ചവർ പിണങ്ങിയാൽ കാര്യങ്ങൾ പിടിച്ചാൽ കിട്ടില്ല. വോട്ടു കിട്ടാത്തതു പോലെ നിസ്സാരമല്ല അത്. അറിഞ്ഞതും ചെയ്തതും അവർ വിളിച്ചുപറയും. പാർട്ടിയും സർക്കാരും ജീവപര്യന്തം അവരുടെ കാൽതിരുമ്മേണ്ടി വരുന്നത് ആ പേടി കൊണ്ടാണ്. ആ ഗതികേട് പുറത്തുനിൽക്കുന്നവർക്കു മനസ്സിലാകില്ല.

ഒന്നേകാൽ ശതകത്തോളം ചരിത്രമുണ്ട് എസ്എൻഡിപി യോഗത്തിന്. എട്ടു വയസ്സേയുള്ളു ബിഡിജെഎസിന്. 1970ൽ ജനിച്ച തുഷാർ വെള്ളാപ്പള്ളിയുടെ തോളിലേറി എസ്എൻഡിപി യോഗത്തിലേക്കു സംഘപരിവാർ‍ കടന്നുകയറിയെന്ന് 1964ൽ ജനിച്ച സിപിഎം നെഞ്ചത്തടിച്ചു നിലവിളിക്കേണ്ട ഗതികേടു വരുമെന്നു നവകേരളം സ്വപ്നേപി വിചാരിച്ചതല്ല. ശബരിമലയിൽ കൈ പൊള്ളിയപ്പോഴാണു വെള്ളാപ്പള്ളി നടേശനെ അധ്യക്ഷനാക്കി നവോത്ഥാന സംരക്ഷണസമിതിയുമായി മുഖ്യമന്ത്രി തന്നെ ഇറങ്ങിയത്. അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിയുടെ പ്രഭവകേന്ദ്രം അതേ വെള്ളാപ്പള്ളിയിൽ ത്തന്നെ എത്തി നിൽക്കുന്നു എന്നതു വിചിത്രമാണ്. പൊലീസ് കാവൽനിന്നു രണ്ടു യുവതികളെ സന്നിധാനത്തു കയറ്റിയപ്പോൾത്തന്നെ താൻ മനസ്സിൽക്കണ്ട നവോത്ഥാനകേരളം സൃഷ്ടിക്കപ്പെട്ടെന്നു പിണറായി സമാധാനപ്പെട്ടിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. ‘അതുകൊണ്ടരിശം തീരാതെ’ സമിതി ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണു പുലിവാലായത്. അധ്യക്ഷസ്ഥാനത്തു തുടരണോയെന്നു വെള്ളാപ്പള്ളി സ്വയം ആലോചിക്കണമെന്നാണു ഗോവിന്ദന്റെ പരിദേവനം. പുറത്താക്കാൻ ശേഷി ഇല്ലാഞ്ഞിട്ടാകാനേ വഴിയുള്ളൂ.

പിണറായി കത്തിജ്വലിക്കുന്ന സൂര്യനാണെന്നും അടുത്തെത്തുന്നവർ കരിഞ്ഞുപോകുമെന്നും ഗോവിന്ദൻ പണ്ടു പറഞ്ഞത് അറംപറ്റിയോ എന്നു സംശയിക്കുന്നവരുണ്ട്. പാർട്ടി ഇത്ര അടുക്കാതെ നിന്നിരുന്നെങ്കിൽ ഇത്രയ്ക്കങ്ങോട്ടു കരിയില്ലായിരുന്നു. ഇനി ചാരത്തിൽനിന്നു കനലൊരു തരി കണ്ടെടുക്കുക. സ്വയം ജ്വലിക്കാനും നാടു കത്തിക്കാനും അതു ധാരാളം.

ദത്തെടുക്കാം,നടതള്ളരുത്

കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനു കടമ്പ ചില്ലറയല്ല. എന്നാൽ മാതാപിതാക്കളെ ദത്തെടുക്കൽ ഈസിയാണെന്നു കരുതണം. കണ്ണടച്ചു തുറക്കും മുൻ‌പാണ് സുരേഷ് ഗോപി നാടിനുവേണ്ടി രണ്ടു മാതാപിതാക്കളെ കണ്ടെത്തിയത്. ഇന്ദിരാഗാന്ധി എന്ന ഭാരതമാതാവും കെ.കരുണാകരൻ എന്ന കേരള പിതാവും. ഇന്ദിരയെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പിറ്റേന്നുതന്നെ കണ്ടെത്തി. ലീഡറുടെ റോൾ തിരിച്ചറിയാൻ ഒരാഴ്ച കൂടി എടുത്തു. സന്താനലബ്ധിക്ക് പുത്രകാമേഷ്ടി യാഗം നടത്തിയിരുന്നതായി കേട്ടറിവുണ്ടെങ്കിലും ഇത്തരമൊരു ‘പിതൃ– മാതൃ’കാമേഷ്ടി ഭാരതചരിത്രത്തിൽ നടാടെയാണെന്നു കരുതണം. ഭാരതത്തിൽനിന്നു നെഹ്റു പാരമ്പര്യം തൂത്തെറിയാൻ മസിലുപിടിച്ചുനിന്ന സംഘ ബന്ധുക്കളുടെ കണ്ണുതള്ളിപ്പോയി.

ബാധ്യതയാകുന്ന മാതാപിതാക്കളെ ആരാധനാലയങ്ങളിലെ തിരക്കിൽ നടതള്ളി കടന്നുകളയുന്ന ചില ദുഷ്ടരുണ്ട്. ഈ മാതാപിതാക്കളോട് അത്തരം ക്രൂരതയൊന്നും സുരേഷ് ഗോപി കാണിക്കില്ലെന്നു കരുതാം. ഇരുവരുടെയും ചിത്രം കാട്ടി ‘ഓർമയുണ്ടോ ഈ മുഖം’ എന്നു സംഘ ബന്ധുക്കൾ ഭാവിയിൽ ചോദിക്കാൻ ഇടവരരുത്.

കൈമുദ്രയുടെ അനന്തസാധ്യതകൾ

തിരഞ്ഞെടുപ്പുഫലം വന്ന് ആഴ്ചകളായിട്ടും ‘എങ്ങനെയാണ് ഇത്രയധികം വോട്ട് തങ്ങൾക്കു ലഭിച്ചത്’ എന്നോർത്തിട്ടു കോൺഗ്രസിനും യുഡിഎഫിനും ഊണും ഉറക്കവുമില്ലെന്നു കരുതണം. പണ്ട് മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെതിരെ മത്സരിച്ച ലോനപ്പൻ നമ്പാടൻ ഭൂരിപക്ഷം ലക്ഷത്തിനടുത്ത് എത്തിയപ്പോൾ ‘വോട്ടിങ് യന്ത്രത്തിന് എന്തോ തകരാറു പറ്റി ’യെന്നു പേടിച്ചതായി കേട്ടിട്ടുണ്ട്. ഇത്തവണ 18 ഇടത്തു വിജയിച്ചതിന്റെ കാരണം പഠിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു പോലും. ഭാവിയിൽ അബദ്ധം സംഭവിക്കാതെ നോക്കാനാണ്.

പഠനം തീരുമാനിച്ച യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടാഞ്ഞതോടെ രമേശ് ചെന്നിത്തല വി.ഡി.സതീശന്റെ അത്താഴവിരുന്നിനു പോലും നിൽക്കാതെ കസേര കാലിയാക്കി എന്നൊരു വിശേഷമുണ്ട്. പ്രസംഗിക്കാൻ അവസരം നൽകാത്തതല്ല, വേണ്ടെന്നു രമേശ് ആംഗ്യം കാണിച്ചെന്നാണു ചിലർ പറയുന്നത്. വാക്കിനൊരു പഞ്ഞവുമില്ലാത്ത രമേശിന് ആംഗ്യം കാണിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നു തിട്ടമില്ല. കൊള്ളാവുന്നതും ചൊവ്വല്ലാത്തതുമായ പല ആംഗ്യങ്ങളും കൈ കൊണ്ടു കാണിക്കാൻ വകുപ്പുണ്ട്. രമേശ് ഏതാണു തിരഞ്ഞെടുത്തതെന്നു വ്യക്തമല്ല. കൈമുദ്രകളുടെ വിവിധ സാധ്യതകൾ വിവരിച്ചു കടത്തനാട്ട് ഉദയവർമത്തമ്പുരാൻ രചിച്ച ‘ഹസ്തലക്ഷണ ദീപിക’ അടുത്ത യുഡിഎഫ് യോഗത്തിനു മുൻപു വിതരണം ചെയ്യുന്നതു നന്നായിരിക്കും. ഭാവിയിലെങ്കിലും കൺഫ്യൂഷൻ ഉണ്ടാകരുത്.

സ്റ്റോപ് പ്രസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

∙കൊല്ലം ജില്ലയിൽ പൊറോട്ട തിന്ന ആറു കറവപ്പശുക്കൾ ചത്തു.

∙ മനുഷ്യനു പ്രതിരോധശേഷി കുറഞ്ഞെന്നു പറയുന്നവരെ കയ്യിൽ കിട്ടട്ടെ.

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com