ADVERTISEMENT

അൻപത്തൊന്നു വെട്ടേറ്റു കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞെങ്കിലും ടി.പി.ചന്ദ്രശേഖരൻ കേരള മനസ്സാക്ഷിയിലെ ഉണങ്ങാത്ത മുറിവാണിപ്പോഴും. അതു മനസ്സിലാകാത്തത് കേരളത്തിലെ സിപിഎമ്മിനു മാത്രമാണെന്നു തോന്നുന്നു. ടി.പി.ചന്ദ്രശേഖരനോടുള്ള പക കേരളത്തിലെ സിപിഎമ്മിനു തീർന്നില്ലേ എന്ന ചോദ്യമിപ്പോൾ കേരളമാകെ വീണ്ടും ഉയരുകയാണ്.  

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ, ഹൈക്കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിച്ചു സർക്കാർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഞെട്ടിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി അർഹരായ തടവുകാർക്ക് 15 ദിവസം മുതൽ ഒരുവർഷം വരെ പ്രത്യേക ഇളവു നൽകാനുള്ള ജയിൽ വകുപ്പിന്റെ പട്ടികയിലാണ് ടി.പി വധക്കേസ് പ്രതികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരെ ഉൾപ്പെടുത്തിയത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തടവുകാരൻ 14 വർഷത്തിലധികം ശിക്ഷ അനുഭവിച്ചാൽ വിട്ടയയ്ക്കാൻ സർക്കാരിന് അധികാരമുണ്ട്. നിലവിൽ 10 വർഷം ശിക്ഷ അനുഭവിച്ച പ്രതികൾക്ക് ഒരു വർഷം ഇളവു കൂടി ലഭിച്ചാൽ ഈ ആനുകൂല്യത്തിൽ നേരത്തേ പുറത്തിറങ്ങാനാകും. 

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നുപേർ ഉൾപ്പെടെയുള്ള 9 പേർക്ക് 20 വർഷം തടവു പൂർത്തിയാകുംവരെ ഇളവു പാടില്ലെന്നു ഹൈക്കോടി വിധി വന്നിട്ട് 4 മാസമേ ആയിട്ടുള്ളൂ. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതാണെന്നു കരുതാൻ വയ്യ.  ശിക്ഷയിളവു നൽകാനുള്ളവരുടെ പട്ടികയിൽ ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടത് ഉദ്യോഗസ്ഥന്റെ പിഴവാണെന്നും വിശദീകരണം തേടിയെന്നുമുള്ള ജയിൽ ഡിഐജിയുടെ ന്യായം പരിഹാസ്യമാണ്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മാത്രം വിചാരിച്ചാൽ ടി.പി കേസ് പ്രതികളുടെ പേര് ശിക്ഷയിളവിനുള്ള പട്ടികയിൽ വരില്ലെന്ന് കേരളത്തിലെ ഭരണസംവിധാനമറിയുന്ന ആർക്കുമറിയാം. കണ്ണൂരിലെ ജയിൽ ഉപദേശക സമിതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനുമുണ്ടെന്നുകൂടി ഇവിടെ ഓർക്കാം. 

ടി.പി കേസ് പ്രതികളുടെ കാര്യത്തിൽ മുൻപു പലപ്പോഴുമുണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടൽ തന്നെയാണ് ശിക്ഷയിളവു നീക്കത്തിലും ഉണ്ടായിരിക്കുന്നതെന്നു വ്യക്തം. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ഇന്നും വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയോ അദ്ദേഹത്തെ സ്നേഹിക്കുന്നവരെയോ കേരളത്തിലെ ജനങ്ങളെയോ ഇളവുന്യായം ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിയില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു കാരണമായ തെറ്റുകൾ തിരുത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചു 48 മണിക്കൂർ തികയുന്നതിനു മുൻപാണ് ശിക്ഷയിളവു നീക്കം പുറത്തുവന്നത്. തെറ്റുതിരുത്തുമെന്ന സിപിഎമ്മിന്റെയും പാർട്ടി സെക്രട്ടറിയുടെയും പ്രസ്താവനയിലെ ആത്മാർഥതയാണിപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണവിരുദ്ധവികാരവും ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണമായെന്ന് സിപിഎമ്മിന്റെ തന്നെ കീഴ്ഘടകങ്ങളും വ്യക്തമാക്കിക്കഴിഞ്ഞു. പഴികേട്ടു നിൽക്കുന്ന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ് ശിക്ഷയിളവു നീക്കം.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പങ്കില്ല എന്നാണ് എല്ലാ കാലത്തും സിപിഎം പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രതികളെ തള്ളിപ്പറയുന്നു എന്നു പറയുമ്പോഴും ജയിലിൽ ഉന്നത പരിഗണനയും പരോളും നൽകിയും ക്വട്ടേഷൻ പിടിക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും അവസരം ഒരുക്കിയും അവരെ എന്നും സംരക്ഷിക്കുന്നത് ജനങ്ങൾ കാണാതിരിക്കുന്നില്ല. ജയിലിൽ കിടന്നതിനെക്കാൾ കൂടുതൽ കാലം പുറത്തു ജീവിച്ച പ്രതികൾ പോലുമുണ്ട്.

ഈ സർക്കാർ അധികാരത്തിൽനിന്ന് ഇറങ്ങുന്നതിനു മുൻപ് പ്രതികളെ പുറത്തിറക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടോ എന്നു ജനങ്ങൾക്കു സംശയം തോന്നിപ്പോകുന്നു. ഏതു സൂചിപ്പഴുതിലൂടെയും ഈ പ്രതികളെ ജയിലിനു പുറത്തെത്തിക്കാൻ സർക്കാർ ശ്രമിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. നിയമത്തിനും നീതിക്കുമൊപ്പം നിൽക്കേണ്ട സർക്കാർ കൊലപാതകികൾക്കൊപ്പമാണെന്ന് ഒരിക്കൽക്കൂടി തെളിയുകയും ചെയ്യുന്നു. 

English Summary:

Editorial about tp chandrasekharan murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com