ADVERTISEMENT

മുഖ്യമന്ത്രി ശൈലി മാറ്റണമെന്നു പാർട്ടി പറഞ്ഞിട്ടില്ലെന്നും ‘ജനങ്ങളെ അകറ്റുന്ന ശൈലി ഉള്ളവർ’ അതു മാറ്റും എന്നാണു തീരുമാനമെന്നും എം.വി.ഗോവിന്ദൻ തിരുത്തിയിട്ടുണ്ട്. എന്നിട്ടും ‘പിണറായി’ എന്നു ഉറപ്പിച്ചു പറയുന്നതുപോലെ എല്ലാവർക്കും തോന്നുന്നത് മാഷിന്റെ കാലക്കേടുതന്നെ. ജില്ലാക്കമ്മിറ്റിതൊട്ടു കേന്ദ്രം വരെ ചർച്ചയും റിപ്പോർട്ടുമെല്ലാം ‘അടിമുടി അഹങ്കാരം’ എന്നാണു പോലും. ‘ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ’ എന്ന അവസ്ഥയാണ് കാണുന്നവർക്കും കേൾക്കുന്നവർക്കുമെല്ലാം. ‘പരീക്ഷ’ എന്നൊരു സിനിമയിൽ നായികയുടെ വൈക്ലബ്യം ‘എങ്ങനെ ഞാൻ നാവെടുത്തു പേരു വിളിക്കും’ എന്നായിരുന്നു. ഗോവിന്ദനും പാസാകാനുള്ളത് അതേ പരീക്ഷതന്നെ.

പ്രതിപക്ഷ നേതാവിന് ‘സിലക്ടീവ് ഡിമെൻഷ്യ’ ആണെന്നാണു മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്. കെഎസ്‌‌യു ചെയ്ത ചില കൊസ്രാക്കൊള്ളികൾ മാത്രം മറന്നു പോകുന്നത്രേ. നേരെ തിരിച്ചാണ് മുഖ്യമന്ത്രി. ‘സിലക്ടീവ് മെമ്മറി’യാണ്. ചില കാര്യങ്ങളിൽ ഓർമയ്ക്ക് ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റി. നവകേരള ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ കല്ലും ചെടിച്ചട്ടിയും ഹെൽമറ്റുംകൊണ്ട് സാന്ത്വനിപ്പിക്കുന്ന ദൃശ്യങ്ങൾ തെളിയുന്നത് ‘ഹൈ ഡെഫനിഷനി’ലാണ്. ഒന്നാന്തരം ജീവൻ രക്ഷാപ്രവർത്തനമായിരുന്നു എന്നതിലും തെല്ലുമില്ല സംശയം. ‘ഇന്നലെ അതുതന്നെ പറഞ്ഞു, ഇന്നു പറയുന്നു, നാളെയും പറയും ’ എന്നു കൂടി ഉറപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു കയ്യടിക്കാൻ എൽഡിഎഫ് എംഎൽഎമാരോടു പ്രതിപക്ഷം പറഞ്ഞിട്ടും ആരും അനുസരിച്ചെന്നു തോന്നുന്നില്ല. ‘സഭയിൽ അംഗബലത്തിന്റെ വീര്യം കാണിക്കാത്തതിന്’ മുന്നണി എംഎൽഎമാരെ പിന്നീട് മുഖ്യമന്ത്രി ശാസിച്ചെന്നു കേട്ടു. ‘പേടിയുള്ളവർ ചുറ്റും നിന്നോളാൻ’ പണ്ടും ചിലർ പറ‍ഞ്ഞിട്ടുണ്ട്. ‘ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മറ്റു മന്ത്രിമാർക്കു ബാധ്യതയുണ്ടെന്ന്’ പണ്ടു മന്ത്രി മുഹമ്മദ് റിയാസ് ‘ജൂനിയർ മന്ത്രിമാരെ’ ശാസിച്ചിരുന്നു. എന്നിട്ടും ബിഷപ്പിനെ വിവരദോഷി എന്നു വിളിച്ചപ്പോൾ റിയാസല്ലാതെ മറ്റാരെങ്കിലും വന്നോ. പിണറായിക്ക് ഇഷ്ടപ്പെടാഞ്ഞതു വെറുതേയല്ല.

പാർട്ടി ‘പൂതലിച്ചു’ എന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞത്. ‘ആ വാക്കിന്റെ അർഥവും അറിയില്ല, അങ്ങനെയൊരു വാക്ക് കേന്ദ്രക്കമ്മിറ്റി റിപ്പോർട്ടിലുമില്ല’ എന്നു ഗോവിന്ദനും. പാർട്ടി കേരളത്തിലേ കാര്യമായി ഉള്ളൂവെങ്കിലും റിപ്പോർട്ട് എല്ലായിടത്തും അയയ്ക്കേണ്ടതുകൊണ്ട് ഒറിജിനൽ ഇംഗ്ലിഷിൽ ആയിരിക്കാനേ ഇടയുള്ളൂ. സ്വന്തം നിലയ്ക്കു വിജയരാഘവൻ തർജമ ചെയ്തിട്ടുണ്ടാവണം. ഗ്രന്ഥം മൂന്നു പകർത്തുമ്പോൾ ‘മുഹൂർത്തം’ ‘മൂത്ര’മായി വരും എന്നാണു ന്യായം. ‘പൂതലിച്ചു’ എന്നതിന്റെ അർഥം ശബ്ദതാരാവലി മുതൽ ഓൺലൈൻ നിഘണ്ടുവരെ പരതി. ‘അളിഞ്ഞ, ഉളുത്തുപോയ, ജീർണിച്ച, ദുഷിച്ചുനാറിയ, പുഴു തിന്ന’ എന്നൊക്കെ കാണുന്നു. മാഷിന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. പാർട്ടിയാണോ സർക്കാരാണോ കൂടുതൽ പൂതലിച്ചത് എന്ന തർക്കവും ബാക്കി.

‘പേറെടുക്കാൻ വന്ന പതിച്ചി ഇരട്ടപെറ്റു’ എന്നൊരു ചൊല്ല് വിഷയത്തിൽ കക്ഷിയുടെ വൈദഗ്ധ്യമാണു സൂചിപ്പിക്കുന്നത് എന്നൊരു വാദമുണ്ട്.. എങ്കിൽ എളമരം കരീമിന്റെ യോഗ്യതയെപ്പറ്റി സംശയിക്കാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലത്തിൽ ജയിച്ചിട്ടും സിപിഎമ്മിനു വോട്ടു കുറഞ്ഞതിലെ ജി.സുധാകരന്റെ വീഴ്ച അന്വേഷിച്ചതു കരീം ആയിരുന്നു. സുധാകരനു വീഴ്ചയുണ്ടായെന്നും പാർട്ടിയിൽ തരംതാഴ്ത്തണമെന്നും കരീം കമ്മിഷൻ നിർദേശിച്ചു. അന്വേഷിക്കാനുള്ള കരീമിന്റെ യോഗ്യതയിൽ സുധാകരന് അന്നേ സംശയമുണ്ടായിരുന്നു. 2019ൽ കോഴിക്കോട്ട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ എം.കെ.രാഘവനു മുക്കാൽലക്ഷമായിരുന്നു ഭൂരിപക്ഷം. ഇത്തവണ ‘കരീമിക്ക’ മത്സരിച്ചപ്പോൾ അത് ഒന്നരലക്ഷമായി. സിപിഎം വോട്ടിൽ മൂന്നരശതമാനത്തിന്റെ കുറവും വന്നു. വോട്ടു കുറയുന്നത് അന്വേഷിക്കാനുള്ള കരീമിന്റെ യോഗ്യതയെപ്പറ്റി ഇനിയെങ്കിലും സുധാകരൻ സംശയിക്കരുത്. ഒരു കാര്യമേ ഇനി കരണീയമായിട്ടുള്ളൂ. കരീമിനു വോട്ടു കുറഞ്ഞത് അന്വേഷിക്കാൻ സുധാകരനെ കമ്മിഷനായി നിശ്ചയിക്കുക. മുൻകോപവും എടുത്തുചാട്ടവും ഉണ്ടെങ്കിലും കക്ഷി കള്ളം പറയില്ല. തിരുത്തലിന് ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല.

ക്ഷുദ്രജീവികളുടെ കൂടോത്രം

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വീട്ടിൽനിന്നു കൂടോത്രം കണ്ടെടുത്ത വിഡിയോയാണ് ഇപ്പോൾ താരം. തലയുടെ  രൂപത്തിലാണ് കൂടോത്രം. സംസ്ഥാനത്തെ കോൺഗ്രസിന്റെ തലവനാണ് സുധാകരൻ. പ്രയോഗം ‘സിംബോളിക്’ ആണെന്നു തിട്ടം. തല പോകാഞ്ഞതു ഭാഗ്യം എന്നു സുധാകരൻ പറയുന്നതു കേൾക്കാം. കൂടോത്രം കണ്ടെടുക്കാൻ കൂട്ട് തന്ത്ര, മന്ത്രവിദ്യാ പാരംഗതനായ രാജ്മോഹൻ ഉണ്ണിത്താൻ ആണെന്നതു കാര്യങ്ങൾ എളുപ്പമാക്കി. ക്ഷുദ്രപ്രയോഗത്തിന്റെ ഭാഗമാണ് കൂടോത്രം. ക്ഷുദ്രം ചെയ്യുന്നവരാണോ ‘ക്ഷുദ്രജീവികൾ’ എന്നതു തിട്ടമില്ല. എന്തായാലും സംഗതി ഗൗരവമായിട്ടെടുക്കണം. തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നിലവിളക്കു കത്തിച്ചു വച്ച് കോൺഗ്രസ് ഭരണഘടന തുറന്ന് ഏഴു പുറവും ഏഴു വരികളും ഏഴ് അക്ഷരവും തള്ളി വായിക്കുക. അർഥം നോക്കിയാൽ ഭാവിഫലത്തെപ്പറ്റി സൂചന കിട്ടാതിരിക്കില്ല.

sudhakaran

‘കൂടോത്രം ചെയ്യുന്നവരും വിശ്വസിക്കുന്നവരും വിഡ്ഢികൾ’ എന്നു ചെറിയാൻ ഫിലിപ്പ് പറയുന്നതൊന്നും വിശ്വസിക്കേണ്ട. സ്വയം കുഴിയിൽ ചാടാൻ വിദഗ്ധനാണെങ്കിലും മറ്റുള്ളവരെ കുഴിയിൽനിന്നു രക്ഷിച്ചതായി ആരും കുറ്റം പറഞ്ഞിട്ടില്ല. വച്ചതു കൂടോത്രമെങ്കിൽ ചെയ്തതു കോൺഗ്രസുകാർ തന്നെ എന്നേ കരുതാനുള്ളൂ. പാർട്ടിയിൽ ഒരു നുണപരിശോധന നടത്തണം. തിളച്ച നെയ്യിൽ കൈമുക്കുന്നതു പോലുള്ള ശാസ്ത്രീയരീതികൾതന്നെ മതി. ചിഹ്നം കൈപ്പത്തി ആയതുകൊണ്ട് കോൺഗ്രസിന് ഇതിലും നല്ലൊരു സത്യാന്വേഷണ പരീക്ഷണം വേറെയില്ല.

മന്ത്രിയപ്പൂപ്പനും കുട്ട്യോളും

എസ്എസ്എൽസി ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയില്ല എന്നു മന്ത്രി വി.ശിവൻകുട്ടിയെ ചൊറിയാൻ സഹമന്ത്രി സജി ചെറിയാൻ പോകേണ്ടിയിരുന്നില്ല. ഒന്നാമത് ശിവൻകുട്ടിയുടെ പേരിൽത്തന്നെ ഒരു ‘കുട്ടി’യുണ്ട് . വായിക്കുമ്പോൾ ചിലതൊക്കെ തെറ്റുന്നതും സാധാരണം. പക്ഷേ, അതൊന്നും വലിയ ‘കുന്തവും കുടച്ചക്രവുമായി’ ആരും കണ്ടിട്ടില്ല. മുന്നും പിന്നും നോക്കാതെ പറയുമ്പോഴാണ് സജിക്കു നാവുപിഴയെങ്കിൽ നോക്കി വായിക്കുമ്പോഴാണ് ശിവൻകുട്ടിക്ക് എന്നേയുള്ളൂ വ്യത്യാസം. ഇതൊന്നും പോരാഞ്ഞ് തന്റെ വകുപ്പിനെ ഈ ജൂനിയർ കൊച്ചാക്കി എന്നും ശിവൻകുട്ടിക്കു തോന്നിയിട്ടുണ്ടാവാം. മന്ത്രിസഭയിൽ തന്നെക്കാൾ ഒരു പതിറ്റാണ്ടോളം മൂപ്പുള്ള നാലുപേരോടു മത്സരിച്ച് ആസ്ഥാന ‘മന്ത്രിയപ്പൂപ്പ’ൻ പദവി തട്ടിയെടുത്ത ആളോടാണു കളി !. 

ശിവൻ ആളു കുട്ടിയാണെങ്കിലും സപ്തതിയിലേക്ക് അധികനാളില്ല.‘ ഏഴും എഴുപതും ഒരുപോലെ’ എന്നൊരു ചൊല്ലുണ്ട്. അങ്ങനെയൊരു ചോരത്തിളപ്പിലാണ് ഈ മുത്തച്ഛൻ എസ്എഫ്ഐ കുട്ടികളോട് ‘ഒന്നും ചെയ്യാതെ ഇരിക്കുകയല്ലേ, ഒന്ന് ഉഷാറാകട്ടെ’ എന്നൊരു ഉപദേശം കൊടുത്തത്. കേട്ടപാതി കൊച്ചുമക്കൾ എടുത്തുചാടി. കൊയിലാണ്ടിയിൽ പ്രിൻസിപ്പലിന്റെ ചെകിട്ടത്തടിച്ചു. കാര്യവട്ടത്തു കെഎസ്‌യുക്കാരനെ ഇരുട്ടുമുറിയിലിട്ട് ഇടിച്ചു. ജഗപൊഗ. സജി പേടിച്ചുപോയെന്നു തോന്നുന്നു. ഇരുട്ടി വെളുത്തപ്പോഴേക്ക് ‘നമ്മുടെ വിദ്യാഭ്യാസം ലോകോത്തരമാണെന്നു ബുദ്ധിതെളിഞ്ഞതിന്’ മറ്റൊരു കാരണവും കാണുന്നില്ല.

സ്റ്റോപ് ്രപസ്

തോൽവിയിൽ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി.പേരിനു പകരം ‘കാരണഭൂതൻ’ എന്നു പറയുന്നതാണ് പാർട്ടി രീതി.

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com