ADVERTISEMENT

കൊച്ചിയുടെ സമഗ്രവികസനം സർക്കാരിന്റെ മുഖ്യപരിഗണനയിലുണ്ടാകേണ്ട വിഷയങ്ങളിലെ‍ാന്നായിട്ടും അതിനാവശ്യമായ ശ്രമങ്ങളില്ലാതെവരുന്നത് എന്തുകെ‍ാണ്ടാണ്? 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണസമിതി (എംപിസി) രൂപീകരിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, കെ‍ാച്ചിയിൽ ഇപ്പോഴുമത് അന്യമാണെന്നതു സർക്കാർ പുലർത്തുന്ന നിരുത്തരവാദിത്തത്തിന്റെ ഗൗരവമേറിയ ഒരു ഉദാഹരണമായി പറയാം. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വികസനാസൂത്രണത്തിനായി എംപിസിയും പദ്ധതികൾ നടപ്പാക്കാനായി മെട്രോപ്പൊലിറ്റൻ വികസന അതോറിറ്റിയും (എംഡിഎ) രൂപീകരിച്ചിട്ടുണ്ടെന്നതുകൂടി ഇതോടു ചേർത്തുവയ്ക്കാം.

ഭരണഘടനാ ഭേദഗതിയിലൂടെയാണു (1992) എംപിസി രൂപീകരണം വ്യവസ്ഥ ചെയ്തത്. കേരള മുനിസിപ്പാലിറ്റി നിയമത്തിലും (1994) ഇതിനുള്ള വ്യവസ്ഥയുണ്ടായിരുന്നു. 1991ലെ സെൻസസിൽതന്നെ കൊച്ചിയും നഗരപരിധിയിലുള്ള സമീപപ്രദേശങ്ങളും ചേർന്ന് 10 ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. 2011ലെ സെൻസസിൽ 20 ലക്ഷത്തിനു മുകളിലായി. എന്നാൽ, ഭരണഘടനാ ഭേദഗതിക്കും നിയമനിർമാണത്തിനുംശേഷം മൂന്നു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ നഗര, വാണിജ്യ മേഖലയായ കൊച്ചിക്കുവേണ്ടി എംപിസി രൂപീകരിച്ചിട്ടില്ല.

കൊച്ചി നഗരമേഖലയ്ക്കു വേണ്ടി എംപിസി നാലു മാസത്തിനകം രൂപീകരിക്കണമെന്നു കഴിഞ്ഞവർഷം മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടതാണ്. എംപിസി രൂപീകരണത്തെക്കുറിച്ചു പഠിക്കാൻ സമിതിയെ സർക്കാർ നിയോഗിക്കുകയും ചെയ്തു. കൊച്ചി കോർപറേഷനുപുറമേ നഗരത്തോടു ചേർന്നുള്ള 9 നഗരസഭകൾ, 44 പഞ്ചായത്തുകൾ എന്നിവയുൾപ്പെട്ട പ്രദേശം കൊച്ചി മെട്രോപ്പൊലിറ്റൻ ഏരിയയായി വിജ്ഞാപനം ചെയ്ത് എംപിസി രൂപീകരിക്കണമെന്നാണു സമിതിയുടെ നിർദേശം. ഈ റിപ്പോർട്ട് നൽകി ഒരു വർഷത്തിലേറെയായിട്ടും സർക്കാർ ഒട്ടും മുന്നോട്ടുപോയിട്ടില്ല. 

കോർപറേഷൻ അതിർത്തിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതല്ല കൊച്ചി നഗരം. നഗരത്തിലെ പ്രധാന വികസനപദ്ധതികൾ പലതും കോർപറേഷനു പുറത്താണ്. ഇൻഫോ പാർക്ക്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പെട്രോകെമിക്കൽ പാർക്ക്, കിൻഫ്ര പാർക്ക്, രാജ്യാന്തര വിമാനത്താവളം എന്നിവയെല്ലാം സമീപ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ്. ഭാവിയിൽ നഗരം വികസിക്കുന്നതും കോർപറേഷൻ അതിർത്തിക്കു പുറത്തായിരിക്കുമെന്നു വ്യക്തം. ഈ സാഹചര്യത്തിൽ നഗരവികസനത്തിന്റെ ആസൂത്രണം കോർപറേഷനോ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കോ മാത്രം നിർവഹിക്കാനാകില്ല. പകരം, നഗരമേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയുന്ന സർക്കാർ ഏജൻസി ഉണ്ടാകേണ്ടതുണ്ട്. അതാണ് എംപിസിയുടെ പ്രസക്തിയും.

ജില്ലാ ആസൂത്രണ സമിതി (ഡിപിസി) നിലവിലുള്ളപ്പോൾ ജില്ലയ്ക്കുള്ളിൽ തന്നെയുള്ള മെട്രോപ്പൊലിറ്റൻ ഏരിയയ്ക്കായി മറ്റൊരു ആസൂത്രണ സമിതിയുടെ ആവശ്യമെന്താണെന്ന എതിർവാദമുണ്ട്. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുന്ന നഗരമേഖലകളെ ഒന്നായിക്കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഡിപിസിക്കു പരിമിതികളുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ അവകാശങ്ങളോ അധികാരങ്ങളോ എംപിസി കവർന്നെടുക്കുമെന്ന ആശങ്കയും അസ്ഥാനത്താണ്. മറിച്ച്, തദ്ദേശസ്ഥാപനങ്ങളെ പരിപോഷിപ്പിച്ചു മേഖലയുടെ സമഗ്രവികാസം ഉറപ്പാക്കാനുള്ള സാധ്യതകളാണ് എംപിസി തുറക്കുന്നത്. തദ്ദേശസ്ഥാപന ജനപ്രതിനിധികളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണു എംപിസിയുടെ ഭരണനേതൃത്വത്തിലുണ്ടാകുക.

ആലപ്പുഴ ജില്ലയിൽപെടുന്ന അരൂർ മുതൽ വടക്കേയറ്റത്ത് അങ്കമാലിയും പടിഞ്ഞാറ് ഗോശ്രീ ദ്വീപുകളും കിഴക്ക് കിഴക്കമ്പലവും പെരുമ്പാവൂരും വരെയുമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഭാഗമാണ് കൊച്ചി മെട്രോപ്പൊലിറ്റൻ ഏരിയയായി പരിഗണിക്കുന്നത്. വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ), ഗ്രോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) എന്നീ സർക്കാർ ഏജൻസികൾ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഈ അതോറിറ്റികൾ ഏകോപിപ്പിച്ച് മെട്രോപ്പൊലിറ്റൻ വികസന അതോറിറ്റി രൂപീകരിക്കാൻ കഴിയുമെന്ന അഭിപ്രായമുയരുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കി നഗരമേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിൽ എംപിസിക്കും എം‍ഡിഎയ്ക്കും നിർണായക പങ്കുവഹിക്കാനാകും.

രാജ്യത്തെ വൻകിട നഗരങ്ങൾ മാത്രമല്ല, ഇടത്തരം, ചെറുകിട നഗരങ്ങളും ഈ ദിശയിൽ നമുക്കു മുൻപേ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. എംപിസി ഇനിയും വൈകുന്നതു കൊച്ചിയെ പിന്നോട്ടു മാത്രമേ നടത്തൂവെന്നു സംസ്ഥാന സർക്കാർ തിരിച്ചറിയേണ്ടതുണ്ട്.

English Summary:

Editorial about Comprehensive development of Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com