ADVERTISEMENT

യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർസേവനത്തിനു കണ്ടെത്തുക എന്നതാണ് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‍സി) ചുമതല. എന്നാൽ, ആ ഭരണഘടനാസ്ഥാപനത്തിലെ അംഗത്വം വിലയ്ക്കു വാങ്ങാമെന്ന സ്ഥിതി വന്നാലോ? പി എസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം ഏരിയാ കമ്മിറ്റി നേതാവ് കോഴ വാങ്ങിയെന്ന ആരോപണം പല തട്ടുകളായി പടരുകയാണിപ്പോൾ. 

തുടർച്ചയായ രണ്ടാം ദിവസവും കോഴ വിവാദം നിയമസഭയിൽ കോളിളക്കമുണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ സിപിഎം നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെയെ‍ാരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടാണ് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിനെങ്കിലും ആരോപണവിധേയനെതിരെ നടപടികളുമായി നീങ്ങാനാണു പാർട്ടിയുടെ നീക്കമെന്നതിലെ വൈരുധ്യം ദുരൂഹമാണ്.

പാർട്ടിക്കുവേണ്ടി ആരും കോഴ വാങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ആശങ്കയും സമ്മർദവുമെന്നാണു ചോദ്യം. പിഎസ്‌സി കോഴ വിവാദത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ കോഴിക്കോട് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം നിർദേശിച്ചതിൽ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. ഈ വിഷയം ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്ത രീതിയിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. 

പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും നിയമനം അതതുകാലത്തെ സർക്കാരിന്റെ താൽപര്യപ്രകാരമാകുന്നതിൽ തെറ്റുപറയാനില്ല. എന്നാൽ, ഇവരെ എങ്ങനെ കണ്ടെത്തുന്നുവെന്നതു പ്രധാനമാണ്. അംഗമായി നിയമിക്കാൻ പല പാർട്ടികളും കോഴ ആവശ്യപ്പെടുന്നതായി നാം കേട്ടുപോരുന്നുണ്ട്. അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പണവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും പിഎസ്‌സിയിൽ കയറിപ്പറ്റാമെന്ന സ്ഥിതിയുമുണ്ട്.

പിഎസ്‌സി അംഗമാകുന്നതിനായി പാർട്ടി നേതാക്കൾക്കു ലക്ഷങ്ങൾ വാരിയെറിയാൻ പലരും തയാറാകാൻ കാരണമെന്താണെന്ന ചോദ്യവും പ്രസക്തമാകുന്നു. പിഎസ്‌സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വലിയ ‘വില’യുള്ളതുതന്നെയാണെന്നതിൽ സംശയമില്ല. 6 വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്‌സി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നത്. 6 വർഷം ആ പദവിയിൽ ഇരിക്കുമ്പോൾ ശമ്പളമായി കിട്ടുന്നത് 1.57 കോടി രൂപയാണെന്നതു മാത്രമല്ല, വിരമിച്ചു കഴിഞ്ഞാൽ ജീവിതാവസാനം വരെ പ്രതിമാസം 1.2 ലക്ഷം രൂപ പെൻഷനായും വാങ്ങാം. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഇനിയും കൂട്ടാനുള്ള ശുപാർശ സർക്കാരിന്റെ മുന്നിലുണ്ടുതാനും. 

പിഎസ്‌സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കു രാഷ്ട്രീയ നിയമനമേ പാടുള്ളൂവെന്നു മാസങ്ങൾക്കു മുൻപ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘടകകക്ഷികൾക്കു നിർദേശം നൽകിയിരുന്നു. ഘടകകക്ഷികൾ പണം വാങ്ങി നിയമനം നടത്തുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നായിരുന്നു നിർദേശം. എന്നാൽ, മുഖ്യമന്ത്രിയുടെ പാർട്ടിയിൽത്തന്നെ കോഴ വാങ്ങി പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തുവെന്ന ആരോപണം മുന്നണിയിൽനിന്നുതന്നെ സിപിഎമ്മിനെതിരെ ചൂണ്ടുവിരൽ ഉയരാനിടയാക്കും.

ഇനി മുഖ്യമന്ത്രി പറഞ്ഞതിന്റെ ഉള്ളിൽനിന്നു മനസ്സിലാക്കിയെടുക്കാവുന്നതുപോലെ, പാർട്ടിയിലുള്ളവരാരും കോഴ എന്ന വാക്കു പോലും കേട്ടിട്ടില്ലാത്തവരാണെന്നുതന്നെ സമ്മതിച്ചുകെ‍ാടുത്താലും കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന സെക്രട്ടറിതന്നെ പറഞ്ഞത് ഏതു കണക്കിലാണു ചേർക്കേണ്ടത്? സഖാക്കൾക്കു പണത്തോട് ആർത്തി കൂടുന്നുവെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. എങ്ങനെ സാമ്പത്തികനേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണു പലരും പാർട്ടിയിലേക്കു വരുന്നതെന്നുകൂടി അദ്ദേഹം അഭിപ്രായപ്പെടുമ്പോൾ ആ വാക്കുകൾക്കു മുഴക്കംകൂടുന്നു.

ജനങ്ങളിൽനിന്ന് അകന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ദയനീയ തോൽവിക്കു കാരണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിലെ അതിഗുരുതരമായ തിരിച്ചടി കണക്കിലെടുത്തുള്ള തിരുത്തലിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അത്യന്തം വിനാശകരമാകുമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയടക്കമുള്ള നേതാക്കൾതന്നെ അഭിപ്രായപ്പെടുകയുണ്ടായി. ജനങ്ങൾ പറയുന്നതിലെ ശരിയുടെ അടിസ്ഥാനത്തിൽ വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും തിരുത്തലുകൾക്ക് എല്ലാവരും തയാറാകണമെന്ന് എം.എ.ബേബി ആവശ്യപ്പെടുകയും ചെയ്തു. 

നിർണായക അധികാരങ്ങളുള്ള ഭരണഘടനാപദവികൾ ഇടതുമുന്നണിയിലെ ഏതെങ്കിലും പാർട്ടികളിലുള്ളവർ ലേലം ചെയ്തുവിൽക്കുന്ന സ്ഥിതിയിലെത്തിയെങ്കിൽ അതിനെക്കാൾ വലിയ പതനമുണ്ടോ? സ്വന്തം പാർട്ടിക്കാർ കോഴ വാങ്ങിയിട്ടില്ലെന്നു സിപിഎമ്മിന് ഉറപ്പുണ്ടെങ്കിൽ കുറ്റമറ്റ അന്വേഷണത്തിലൂടെ അക്കാര്യം കേരളീയ സമൂഹത്തിനുമുന്നിൽ ബോധ്യപ്പെടുത്തണം. ആരോപണം ശരിയാണെന്നുവന്നാൽ, കള്ളക്കളി തുടരാതെ മാതൃകാപരമായി നടപടികളെടുക്കുകയും വേണം.

English Summary:

Editorial about allegation of bribery against kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com