ADVERTISEMENT

വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിലെ ‘ടോപ് അച്ചീവേഴ്സ്’ വിഭാഗത്തിൽ കേരളം ഒന്നാമതെത്തുമ്പോൾ അതു നമുക്കെല്ലാം അഭിമാനം പകരുന്ന വലിയ നേട്ടമാകുന്നു; വികസന സ്വപ്നങ്ങളിലേക്കു മുന്നേറുന്ന നമ്മുടെ സംസ്ഥാനത്തിനു പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുവിളംബരവുമാകുന്നു. 

ഭൂസ്ഥിതിപരമായ അനുകൂലഘടകങ്ങളും ഉയർന്ന സാക്ഷരതയും മെച്ചപ്പെട്ട കാലാവസ്‌ഥയും രാജ്യാന്തര വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് വ്യവസായ - വാണിജ്യ പുരോഗതിയിലും നിക്ഷേപത്തിലും പിന്നാക്കമായി എന്നതു വർഷങ്ങളായി നാം കേട്ടുപോരുന്ന ചോദ്യമാണ്. ആ പതിവുചോദ്യത്തെ ഏറ്റവും മികച്ച ഉത്തരംകെ‍ാണ്ടു നിഷ്പ്രഭമാക്കുകയാണിപ്പോൾ കേരളം. നമ്മുടെ അയൽസംസ്ഥാനങ്ങൾ തങ്ങളുടെ നിക്ഷേപസമൃദ്ധിയിലും നിക്ഷേപകരോടുള്ള സൗഹൃദസമീപനത്തിലും പെരുമകെ‍ാള്ളുന്നതു പതിവായി തലതാഴ്ത്തി കേട്ടുപോരുന്ന നമ്മുടെ ഉചിതമറുപടിയുമാണിത്. 

വ്യവസായ പരിഷ്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ‘ഈസ് ഓഫ് ഡൂയിങ്’ ബിസിനസ് പട്ടിക തയാറാക്കുന്നത്. 2022ലെ പ്രകടനം പരിഗണിച്ചുള്ള കേന്ദ്ര പട്ടികയിൽ ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പം ‘ടോപ് അച്ചീവേഴ്സ്’ (95 ശതമാനത്തിനു മുകളിൽ) വിഭാഗത്തിലാണ് കേരളം മുന്നിലെത്തിയതെന്ന് ഇത്തവണത്തെ റാങ്കിങ് വിവരങ്ങൾ വിശദീകരിച്ച വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ബിസിനസ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട 30 സൂചികകളിൽ 9 എണ്ണത്തിൽ കേരളം മുന്നിലാണ്; ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലും മാത്രമാണു മുന്നിലെത്തിയത്.

വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സ്വീകരിച്ച പരിഷ്കാരങ്ങളും നടപടികളുമാണ് റാങ്കിങ്ങിനുള്ള മാനദണ്ഡം. ‘ബിസിനസ് റിഫോംസ് ആക്‌ഷൻ പ്ലാൻ’ നടപ്പാക്കുന്നതിന്റെ മികവനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തിയത്. ഇക്കൂട്ടത്തിൽ ഏറ്റവും ഉന്നത വിഭാഗമാണ് ‘ടോപ് അച്ചീവേഴ്സ്’. 2020ൽ 28–ാം സ്ഥാനത്തും 2021ൽ 15–ാം സ്ഥാനത്തുമായിരുന്ന കേരളം ആദ്യമായി, ഒന്നാം നിരയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതെത്തുമ്പോൾ വ്യവസായ വകുപ്പിനു തീർച്ചയായും അഭിമാനിക്കാം.

മുൻവർഷങ്ങളിൽ പിന്നിലായതിന്റെ അനുഭവപാഠങ്ങൾ മുന്നിൽവച്ച്, ആത്മപരിശോധനയോടെ കേരളം നടത്തിയ തിരുത്തലുകളും നവീകരണവുമാണ് ഈ നേട്ടത്തിനു വഴിയൊരുക്കിയത്. വിമർശനത്തിന് ഇടയാക്കിയ ഓരോ പോരായ്മയും പരിഹരിക്കാൻ വ്യവസായ വകുപ്പ് സംസ്ഥാന വ്യവസായ വികസന കോർപറേഷനിൽ (കെഎസ്ഐഡിസി) പ്രത്യേക ടീമിനെ നിയോഗിച്ചു നടപടികൾ സ്വീകരിക്കുകയും അവയെക്കുറിച്ചു നിക്ഷേപകരെ ബോധവൽക്കരിക്കുകയും ചെയ്തു. വിദഗ്ധ ഏജൻസികളുടെ സഹായവും സ്വീകരിക്കുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി, പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ ഇളവുകളും നയംമാറ്റങ്ങളും ലളിത നടപടിക്രമങ്ങളിലേക്കുള്ള മാറ്റവുമെല്ലാം നേട്ടത്തിനു കാരണമായി. സംരംഭകരുടെ അടക്കം അഭിപ്രായം കൂടി പരിഗണിച്ചാണ് റാങ്കിങ് തീരുമാനിക്കുന്നത്. 

സംരംഭങ്ങൾക്കും ജനങ്ങൾക്കും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ നടപ്പാക്കിയ പരിഷ്കാരങ്ങളെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഡൽഹിയിൽ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ പ്രശംസിക്കുകയുണ്ടായി. വ്യവസായരംഗത്തെ മാറ്റങ്ങൾ സംരംഭകർക്ക് അനുഭവവേദ്യമായി എന്നതാണ് പുതിയ റാങ്കിങ് സൂചിപ്പിക്കുന്നതെന്നും ഇതടക്കമുള്ള കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടി കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്നും ഈ നേട്ടത്തിനു നേതൃത്വം നൽകിയ മന്ത്രി രാജീവ് പറയുന്നു.

മികവിന്റെ പട്ടികയിൽ ഇനിയെന്നും ഒന്നാം സ്ഥാനത്താവണം കേരളം എന്ന ലക്ഷ്യത്തോടെയുള്ള അടിയന്തര നടപടികളാണു കാലം ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ നേട്ടം വ്യവസായ കേരളത്തിന് എങ്ങനെയെ‍ാക്കെ പ്രയോജനപ്പെടുത്താനാവും എന്നതിനു നിർണായക പ്രധാന്യമുണ്ടുതാനും. ജാലകങ്ങളൊക്കെ തുറന്നുവച്ച്, നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണെന്നു ലോകത്തെയാകെ ബോധ്യപ്പെടുത്താൻ കേരളം ഇനിയും വൈകിക്കൂടാ; വ്യവസായങ്ങളും നിക്ഷേപവും സംരംഭകത്വവുമെല്ലാം നാടിന്റെ പുരോഗതിയിലേക്കുള്ള പടവുകളാണെന്നതിനാൽ വിശേഷിച്ചും. ഈ ഒന്നാംസ്ഥാനം ആ വലിയ മുന്നേറ്റത്തിനുള്ള നവോർജം പകരട്ടെ.

English Summary:

Editorial about Kerala's top rank in business friendly environment list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com