ADVERTISEMENT

ആത്മവിശ്വാസത്തിന്റെ ചിറകിലേറി സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നവരുടെ വേദിയാണ് പാരാലിംപിക്സ്; ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേള. പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി ചിറകറ്റവരും ജന്മനായുള്ള ബുദ്ധിമുട്ടുകൾ മൂലം വെല്ലുവിളി നേരിടുന്നവരുമെ‍ാക്കെ മനക്കരുത്തു മാത്രം കൈമുതലാക്കി മെഡൽ കഴുത്തിലണിയുമ്പോൾ അഭിമാനത്തോടെ എഴുന്നേറ്റുനിന്നു സല്യൂട്ട് അടിക്കുകയാണു ലോകം. രാജ്യത്തെ പ്രതിനിധീകരിച്ച് പാരിസ് പാരാലിംപ്കിസിൽ പങ്കെടുത്തവരുടെ ഗംഭീരനേട്ടത്തിൽ ആഹ്ലാദത്തോടെ തലയുയർത്തി നിൽക്കുന്നു, ഇന്ത്യയും. 

പാരിസ് ഒളിംപിക്സിനു തൊട്ടുപിന്നാലെ നടന്ന പാരാലിംപിക്സിനു കൊടിതാഴുമ്പോൾ അഭിമാനക്കൊടുമുടിയിലാണു രാജ്യം. ഇതിനുമുൻപത്തെ ടോക്കിയോ പാരാലിംപിക്സിൽ കണ്ടതിനെക്കാൾ ഉജ്വല പ്രകടനമാണു പാരിസിൽ ഇന്ത്യൻ സംഘം പുറത്തെടുത്തത്. ടോക്കിയോയിൽ 5 സ്വർണം ഉൾപ്പെടെ 19 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയതെങ്കിൽ പാരിസിലെ നേട്ടം ചരിത്രമാകുന്നു: 7 സ്വർണം ഉൾപ്പെടെ 29 മെ‍‍ഡലുകൾ. മെഡലുകളുടെ എണ്ണത്തെക്കാൾ, അതു നേടിയവരുടെ നിശ്ചയദാർഢ്യമാണു രാജ്യം ചർച്ച ചെയ്യേണ്ടത്. ആത്മവിശ്വാസത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പുതുപാഠങ്ങൾ എഴുതിച്ചേർത്തുകെ‍ാണ്ടാണ് നമ്മുടെ താരങ്ങളുടെ മടക്കം. ഇവരുടെ ജീവിതം പകരുന്ന ആത്മവിശ്വാസത്തിന്റെ പ്രകാശം രാജ്യത്തിനു മുഴുവനുമുള്ളതാണ്. 

പ്രതിസന്ധികളിൽ കാലിടറി വീഴുന്നവർക്ക് ഓരോ പാരാലിംപ്യന്റെയും ജീവിതം പാഠപുസ്തകം. പരിമിതികളെ അവർ നിശ്ചയദാർഢ്യംകെ‌ാണ്ടു തോൽപിക്കുന്നു. ക്ലബ് ത്രോ എന്നയിനത്തിൽ സ്വർണം നേടിയ ധരംബീറിന്റെ ജീവിതം നോക്കൂ: 23–ാം വയസ്സിൽ ബന്ധുവീടിനു സമീപത്തെ കനാലിലേക്കു നടത്തിയ ചാട്ടം ധരംബീറിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. പാറയിൽ തട്ടി ശരീരം അരയ്ക്കു താഴേക്കു തളർന്നുപോയി. അപ്രതീക്ഷിത അപകടത്തിൽ പതറിപ്പോയെങ്കിലും പാരാ സ്പോർട്സിലൂടെ പിന്നീടു ജീവിതം തിരിച്ചുപിടിച്ചു ആ യുവാവ്. 2016ൽ റിയോ ഡി ജനീറോയിലും കഴിഞ്ഞ തവണ ടോക്കിയോയിലും മെ‍ഡൽ പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും തളരാതെ പൊരുതി; ഇത്തവണ സ്വർണം ഒപ്പം പോന്നു. 

തുടരെ രണ്ടാം തവണ പാരാലിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് ആന്റിൽ നിരാശയിൽ മുങ്ങി ജീവിതം മടുത്തവർക്കു പ്രതീക്ഷയുടെ പ്രകാശഗോപുരമാണ്. ഗുസ്തിയിൽ സ്വപ്നങ്ങൾ നെയ്തുതുടങ്ങിയ കാലത്ത് പതിനേഴാം വയസ്സിലുണ്ടായ ബൈക്കപകടത്തിൽ ഇടതുകാൽ മുട്ടിനുതാഴെ മുറിച്ചുകളയേണ്ടിവന്നു. പക്ഷേ, തന്റെ സ്വപ്നങ്ങളിലേക്കു കൃത്രിമക്കാലിന്റെ സഹായത്തോടെ സുമിത് ചുവടുവച്ചു. കഠിന പരിശീലനത്തിനൊടുവിൽ ടോക്കിയോയിൽ നേടിയ സ്വർണം പാരിസിൽ നിലനിർത്താനുമായി.

പതിനൊന്നാം വയസ്സിലുണ്ടായ കാറപകടത്തിൽ അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അവനി ലെഖാരയും (ഷൂട്ടിങ്) അഞ്ചാം വയസ്സിൽ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ് കയറി വലതുകാൽപാദം നഷ്ടപ്പെട്ട മാരിയപ്പൻ തങ്കവേലുവും (ഹൈജംപ്) ഒന്നര വയസ്സിൽ ഡെങ്കിപ്പനി പിടിപെട്ടതോടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഹർവീന്ദർ സിങ്ങും (അമ്പെയ്ത്ത്) ഇത്തവണ പാരാലിംപിക്സ് മെഡൽ സ്വന്തമാക്കിയവരാണ്. ഒൻപതാം വയസ്സിൽ ഗുരുതരരോഗം പിടിപെട്ടു പേശികൾക്കു ചലനശേഷി നഷ്ടപ്പെട്ട യോഗേഷ് ഖാതുനിയയും (ഡിസ്കസ് ത്രോ) ഇളംപ്രായത്തിൽ സൈക്കിളിൽനിന്നു വീണ് ഇടതുകയ്യിൽ ഗുരുതര പരുക്കേറ്റ സച്ചിൻ ഖിലാരിയുമൊക്കെ (ഷോട്പുട്) ജീവിതത്തിന്റെ മൂല്യവും തിളക്കവുമുള്ള മെഡലുകൾ സ്വന്തമാക്കി. വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഒപ്പം നിന്നതുകൊണ്ടാണ് ഇവരിൽ പലർക്കും മെഡൽത്തിളക്കത്തിലേക്കു പൊരുതിക്കയറാനായത്. 

നേട്ടങ്ങളിലേക്കുള്ള ചുവടുവയ്പിൽ ശരീരത്തിന്റെ പരിമിതികൾ ഭാരമാകില്ലെന്ന വലിയ സന്ദേശമാണു പാരാലിംപ്യൻമാരുടെ നേട്ടങ്ങൾ വിളിച്ചുപറയുന്നത്. അവരെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനും കായിക ഭരണാധികാരികൾക്കും മാത്രമുള്ളതല്ല. നമുക്കു ചുറ്റിലുമുണ്ടാകും, ഇതുപോലെ ശാരീരിക വെല്ലുവിളികളോടു പൊരുതുന്നവർ. അവർക്കു താങ്ങും തണലുമേകാൻ, ജീവിതവഴികളിലേക്ക് അവരെ തിരിച്ചുപിടിക്കാൻ, കാലിടറിയാൽ ചേർത്തുപിടിക്കാൻ അവർക്കൊപ്പം നാം നിൽക്കേണ്ടതുണ്ട്. അവരുടെ ജീവിതം ഉയരങ്ങളിലേക്കു കുതിക്കുമ്പോഴാണ് കടമ നിറവേറ്റിയെന്നു രാജ്യത്തിന് അഭിമാനിക്കാനാവുക.

English Summary:

Indian Stars Shine Bright: Historic Medal Haul at Paris Paralympics 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com