പുത്തൻ ‘പിവി’യുള്ളപ്പോൾ പേടിയെന്തിന്?
Mail This Article
സിപിഎമ്മിന് ഇനി പേടിക്കാനില്ല. വിപ്ലവത്തിന്റെ പുത്തൻനക്ഷത്രമായി പി.വി.അൻവർ ഏറനാടൻ മലനിരകളിൽ ഉദിച്ചുയർന്നുകഴിഞ്ഞു. ശരിക്കും പത്തരമാറ്റിൽ പുതുപുത്തൻ ‘പിവി’. കരിമണൽക്കാലത്ത് സംഭാവനക്കടലാസിൽ പേരു പതിഞ്ഞതു മുതൽ ‘ഒറിജിനൽ പിവി’ക്കു പാർട്ടിയിലും പുറത്തും ശത്രുക്കൾ കൂടി വരികയാണെന്നു ശ്രുതിയുണ്ടായിരുന്നു. പാത്തും പതുങ്ങിയും പത്തിമടക്കിയും അവരെല്ലാം ഈ രണ്ടാം ‘പിവി’യുടെ ഉദയത്തിനു കാത്തിരിക്കുകയായിരുന്നെന്ന് ആരറിഞ്ഞു.
പാർട്ടിയുടെ സൈബർലോകം രക്ഷകനെ തിരിച്ചറിഞ്ഞ് ആർപ്പുവിളി തുടങ്ങിക്കഴിഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളിൽ പുതിയ പിവിയുടെ ഉശിരും പഴയ പിവിയുടെ ക്ഷീണവുമാണു ചർച്ചയെന്നു കേൾക്കുന്നു. അൻവർ മുതലാളി തുറന്നുവിട്ട വിപ്ലവവീര്യം തടയണ മുറിഞ്ഞതുപോലെയാണ് സഖാക്കളുടെ ഞരമ്പുകളിൽ ഇരമ്പിപ്പടരുന്നതുപോലും.
‘മുഖ്യമന്ത്രിസ്ഥാനം പിണറായി വിജയൻ വീട്ടിൽനിന്നു കൊണ്ടുവന്നതൊന്നുമല്ല, പാർട്ടി ഏൽപിച്ചതാണ്’ എന്നാണു കക്ഷിയുടെ പീരങ്കിവെടി. ആഭ്യന്തരത്തിലത്രയും ഏഭ്യന്തരൻമാരാണെന്നും മൂക്കിനുതാഴെ നടക്കുന്നതൊന്നും ഹെഡ്‌മാസ്റ്റർ അറിയുന്നില്ലെന്നും പറയാതെ പറയുമ്പോഴും ഉന്നം പിണറായിയുടെ ഓഫിസ് തന്നെ. ‘താൻ പറയുന്നതു ലക്ഷോപലക്ഷം സഖാക്കളുടെ വികാരമാണെന്നും അവർ തിരുത്തിക്കുമെന്നും തന്നെ കീഴടക്കാമെന്ന് ആരും കരുതേണ്ടെന്നും’ വിരട്ടുകയാണ് പാർട്ടിയംഗം പോലുമല്ലാത്ത പുത്തൻകൂറ്റുകാരൻ. കമാന്നു മറുപടി പറയാൻ പേടിച്ച് വാ പൊത്തി ഓച്ഛാനിച്ചു നിൽക്കുകയാണ് പതിറ്റാണ്ടുകളുടെ വിപ്ലവജട മൂടിയ കമ്യൂണിസ്റ്റ് ശിങ്കങ്ങൾ. അത്രത്തോളം അൻവറിന്റെ വിജയം കാണാതെ വയ്യ.
‘ ഇഎംഎസ്, എകെജി, സുന്ദരയ്യ സിന്ദാബാദ്’ എന്നാണു കേട്ടു ശീലിച്ച മുദ്രാവാക്യം. ‘ഇഎംഎസ്, എകെജി, ഗൗരിയമ്മ സിന്ദാബാദ്’ എന്നു വിളിച്ചാണ് താൻ രാഷ്ട്രീയം തുടങ്ങിയതെന്ന് എം.എ.ബേബി പറഞ്ഞിട്ടുണ്ട്. ‘ഒറിജിനൽ പിവി’ പാടുപെട്ട് കെട്ടിപ്പൊക്കിക്കൊണ്ടു വരുന്ന നവകേരളത്തിലെ വിപ്ലവബേബികൾക്ക് ‘ഇഎംഎസ്, എകെജി, പി.വി.അൻവർ സിന്ദാബാദ്’ എന്നു വിളിക്കാനാണോ വിധിയെന്ന് ആർക്കറിയാം.
ഇരുട്ടത്തുകിട്ടിയ കമ്പിളിക്കെട്ടിൽ തണുപ്പു സഹിക്കാനാവാതെ കെട്ടിപ്പിടിച്ച വിദ്വാന്റെ കഥ കേട്ടിട്ടുണ്ട്. കുടഞ്ഞെറിഞ്ഞിട്ടും വിട്ടുപോകാതെ വന്നപ്പോഴാണ് കരടിയാണെന്നു പിടികിട്ടിയത്. നിലമ്പൂരിലെ മഞ്ഞിൽ പാർട്ടി അബദ്ധത്തിൽ കെട്ടിപ്പിടിച്ച കമ്പിളിക്കെട്ടായിരുന്നോ എന്നു സംശയിക്കുന്നവരുമുണ്ട് സഖാക്കളിൽ; പുറത്തുപറയാൻ ധൈര്യമില്ലെന്നു മാത്രം. ശക്തി കിട്ടുന്ന ‘സപ്ലൈ ലൈൻ’ ആദ്യം മുറിച്ചിട്ട് എതിരാളിയെ ആക്രമിക്കുന്നതാണ് തന്റെ യുദ്ധമുറയെന്ന് അൻവർ പണ്ടേ പറഞ്ഞിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനം തുടങ്ങുന്ന ദിവസംതന്നെ വെടിപൊട്ടിച്ചത് ഒന്നും കാണാതെയല്ലെന്നർഥം.
‘ലാഭമുള്ള ഏതു കച്ചവടത്തിലും കൈവയ്ക്കുന്ന ആളെ’ന്നാണ് അൻവറിനെ അടുത്തറിയുന്നവർ പറയാറ്. വിശ്വാസ്യതയുടെ കാര്യത്തിൽ ആയുഷ്കാലത്തു തനിക്കു നഷ്ടം സംഭവിക്കില്ലെന്ന് അൻവറിനു നല്ല ഉറപ്പുമുണ്ട്. കേരളത്തിലെ മേഘങ്ങൾകൊണ്ടാണ് ജപ്പാൻ മഴ പെയിക്കുന്നതെന്നു കണ്ടെത്തിയ വീരനാണ്. വി.ഡി.സതീശൻ 150 കോടി രൂപ മീൻ വണ്ടിയിൽ കടത്തിയെന്നും ലോക്സഭാ ഇലക്‌ഷനിൽ 16 സീറ്റ് വരെ എൽഡിഎഫിന് ഉറപ്പാണെന്നും പറഞ്ഞിട്ടുള്ള വിദ്വാനാണ്. എന്നിട്ടും പാർട്ടിക്കും ഭരണത്തിനും മുഖ്യമന്ത്രിക്കും എതിരെ അൻവർ പറഞ്ഞതെല്ലാം സത്യമായിരിക്കുമെന്നു കണ്ണുമടച്ച് പാർട്ടി അണികൾതന്നെ പ്രചരിപ്പിക്കുമ്പോൾ പിണറായി ആരെയും സംശയിക്കണം, പേടിക്കണം. യഥാർഥ പോരാളിമാരും ആർമികളും മുഖംമൂടിയിട്ട് പിന്നിലുണ്ട്.
എസ്പിയുടെ ഫോൺ റിക്കോർഡ് ചെയ്തു പുറത്തുവിട്ടത് അൻവറിന്റെ കൃത്യമായ സന്ദേശമാണ്: സാക്ഷാൽ പിവി മുതൽ പി.ശശി വരെ ആരുടെ സംസാരവും തന്റെ കയ്യിലുണ്ടെന്ന ഭീഷണി. പണ്ട് ‘അൻവറേ’ എന്നു തോളിൽ കയ്യിട്ടു വിളിച്ചിരുന്ന മൂത്തസഖാക്കൾപോലും ഇതിനുശേഷം ‘അമ്പുക്ക’ എന്നു മുഴുവൻ വിളിക്കാറില്ല പോലും. പേടിച്ചിട്ടാവണം.
പുലി പോലെ പോയി പിണറായിയെ കണ്ടിറങ്ങി എലി പോലെയാണ് അൻവർ മടങ്ങിയതെന്നു കരുതുന്നവരുണ്ട്. നടന്നതു വെറും കൊട്ടാര വിപ്ലവമാണെന്ന് ആക്ഷേപിച്ചവരുമുണ്ട്. എലി അത്ര മോശം കക്ഷിയല്ലെന്നും കുടിലിലാണോ കൊട്ടാരത്തിലാണോ വിപ്ലവം നടക്കുകയെന്നു നമുക്കു കാണാമെന്നുമാണ് അൻവറിന്റെ മറുപടി. തുരപ്പനെലികളാണു മണ്ണിനടിയിലെ സുൽത്താൻമാർ. അടിത്തറതന്നെ മാന്തിക്കളയും. ഏതു കൊട്ടാരവും ഇടിഞ്ഞു പൊളിഞ്ഞുവീഴും. കിരീടവും ചെങ്കോലും, എന്തിനു രാജാവുപോലും ബാക്കിയുണ്ടാവണമെന്നില്ല.
ഇതിലും നല്ലത് സ്റ്റോക്കില്ല
തിരുവഞ്ചൂർ രാധാകൃഷ്ണൻ ശുദ്ധമനസ്കനായതുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാൻതന്നെ കേരളത്തിൽ ഗവർണർസ്ഥാനത്തു തുടരണമെന്ന ആത്മാർഥമായ ആഗ്രഹം പൊതുവേദിയിൽ പറഞ്ഞത്.
നേർരേഖയിൽ കാര്യങ്ങൾ കാണുന്ന എല്ലാ കോൺഗ്രസുകാർക്കും അതുതന്നെയാണ് ആഗ്രഹമെന്ന് ആർക്കാണറിയാത്തത്. സംസ്ഥാന സർക്കാരിനെതിരെ ഏറ്റവും നല്ല ഒളിയുദ്ധം നടത്തുന്ന ഒരാളിനെ എങ്ങനെ മനസ്സുകൊണ്ട് തള്ളിപ്പറയും എന്നേ തിരുവഞ്ചൂർ ആലോചിച്ചുള്ളൂ.
കോൺഗ്രസിനോ യുഡിഎഫിനോ സർക്കാരിനെതിരെ സമരം നടത്തണമെങ്കിൽ എന്തെല്ലാമാണ് പൊല്ലാപ്പ്. വണ്ടിയും വള്ളവും ആളിനെയും ഒപ്പിച്ചു തിരുവനന്തപുരത്തോ ജില്ലാ ആസ്ഥാനത്തോ എത്തണം. പിന്നെ ജലപീരങ്കിയായി, ലാത്തികൊണ്ട് തലയ്ക്കടിയായി, ആശുപത്രി, കേസ്... മാനഹാനിയില്ലെങ്കിലും ധനനഷ്ടം ഉറപ്പ്. സർവത്ര പൊല്ലാപ്പാണ്.
ഇതിപ്പോ പണച്ചെലവില്ലാതെ ക്വട്ടേഷൻ ഏറ്റെടുത്ത മാതിരിയുള്ള സൗകര്യമാണ്. സർക്കാരിനെ ഗവർണർ വെള്ളം കുടിപ്പിക്കുമ്പോൾ വെറുതേ കളി കണ്ടിരുന്നാൽ മതി. വേതാളത്തെ തോളിൽ ചുമക്കുന്ന വിക്രമാദിത്യന്റെ ഗതികേടാണ് സർക്കാരിനും. തോളിൽ ഇരുന്ന് ചെവി തിന്നുന്ന ആളിന്റെ സുഖവും സുരക്ഷയും നോക്കേണ്ട ഗതികേട്.
നടുറോഡിൽ ചാനലുകൾ ലൈവായി കണ്ടുകൊണ്ടിരിക്കെ ‘ബ്ലഡി ക്‌രിമിനൽസ്’ എന്നു വിളിച്ച് എസ്എഫ്ഐക്കാരെ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട ഒരൊറ്റക്കാഴ്ച മതി കെഎസ്‌യുവിലും യൂത്തിലും മൂത്തതിലുമുള്ള ഏതു കോൺഗ്രസുകാരനും ആയുഷ്കാലം മുഴുവൻ കുളിരണിയാൻ.
ഏതു വിധത്തിലും ആരിഫിനോളം കേരളത്തിൽ കോൺഗ്രസിനു പറ്റിയ ഗവർണർ ബിജെപിയിൽ തൽക്കാലം സ്റ്റോക്കില്ലെന്നു തിരുവഞ്ചൂർ കണ്ടെത്തിയിട്ടുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്നു തിരിച്ചറിയാൻ തിരുവഞ്ചൂരിന് അധികം സമയം വേണ്ട.
പശവൻ ചിലച്ചാൽ കല്ലേറ്
‘മറ്റെല്ലാ പക്ഷിക്കും ചിലയ്ക്കാം, പശവനു മാത്രം പറ്റില്ല’ എന്നൊരു ചൊല്ല് നാട്ടിൻപുറത്തുണ്ട്. പശവൻകിളി മുറ്റത്തിരുന്നു ചിലച്ചാൽ വീട്ടിൽ വഴക്കുണ്ടാകും പോലും. ഉടനെ കല്ലെടുത്തെറിഞ്ഞ് ഓടിക്കും. അതേ ഗതികേടായിരുന്നു ഇ.പി. ജയരാജനും.
പിണറായി വിജയൻ തൊട്ട് എഡിജിപി എം.ആർ.അജിത്കുമാർ വരെയുള്ളവർക്കു പ്രകാശ് ജാവഡേക്കർ തൊട്ട് റാം മാധവ് വരെയുള്ള ബിജെപി, ആർഎസ്എസ് നേതാക്കളെ തോന്നുംപോലെ കാണാം. ആർക്കും പരാതിയില്ല, നടപടിയുമില്ല. എന്നാലോ, ഇ.പി കണ്ടപ്പോൾ ഇതിലും വലിയ ക്രിമിനൽ കുറ്റം ഇല്ലെന്നായി. ആകെയുണ്ടായിരുന്ന മുന്നണി കൺവീനർസ്ഥാനത്തുനിന്നു കണ്ണീരും കയ്യുമായി ഇറക്കിവിട്ടു. മണ്ണിലും വിണ്ണിലും വരെ നിഴൽ പോലെ കൂടെനിന്നിട്ടും പിണറായിപോലും ഒരു കൈ സഹായിച്ചില്ല.
പുലി പതുങ്ങുന്നതു കുതിക്കാനാണെന്നു പറയാറുണ്ട്. ഇ.പിയും പതുങ്ങി ഇരിപ്പാണ്. കുതിക്കാൻ ഊർജം ഉണ്ടോ എന്നറിയില്ല. ഉടൻ പുസ്തകം എഴുതും എന്നേ ഇതുവരെ പറഞ്ഞിട്ടുള്ളൂ. അത്യാവശ്യം പേടി തട്ടാൻ അതുതന്നെ ധാരാളം. എന്തായാലും ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നു പറയിപ്പിക്കാൻ ഇ.പി ഇടവരുത്തുമെന്നു കരുതാറായിട്ടില്ല.
പത്തു മുപ്പതിനായിരം ബ്രാഞ്ച് സമ്മേളനത്തിനു മുൻപ് തന്നെ ഒഴിവാക്കി നല്ലപിള്ള ചമയാൻ പാർട്ടി നടത്തിയ ശ്രമം തലവഴി ചാണകം ഒഴിച്ച് അൻവർ കുളമാക്കിയതു മാത്രമാവും ഈ ദുഃഖകാലത്തും ഇ.പിക്ക് ആകെ ഉൾക്കുളിർ നൽകുന്നത്.
തന്നെക്കാൾ ജൂനിയറായ അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷൻ ആയിരിക്കുന്നതുകൊണ്ടാണ് ബിജെപിയിലേക്കു പോകാൻ ഇ.പി മടിക്കുന്നതെന്നു ചില മണ്ടന്മാർ പറയുന്നുണ്ട്; വിവരക്കേടാണ്. തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദന്റെ കീഴിൽ അച്ചടക്കത്തോടെ ഇരുന്ന് നല്ല പരിശീലനം കിട്ടിയിട്ടുണ്ട് ഇ.പിക്ക്.
സ്റ്റോപ് പ്രസ്
ക്ലിഫ് ഹൗസ് വളപ്പിലെ റോഡുകൾ സാധാരണയിലും ഇരട്ടി കനത്തിൽ ടാർ ചെയ്യുന്നു.
മുഖ്യമന്ത്രിക്കു വകുപ്പുകളുടെ അമിതഭാരമാണെന്നു പറയുന്നതു വെറുതേയല്ല.