ഐഎഎസ് ചട്ടക്കൂട് തകരമാകരുത്
Mail This Article
അക്കാദമിക അറിവു മുതൽ സാമൂഹികപ്രതിബദ്ധത വരെ പല തലത്തിൽ വിലയിരുത്തി ആറ്റിക്കുറുക്കിയെടുത്താണ് ഇന്ത്യൻ സിവിൽ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കഴിവിനെക്കുറിച്ചും വ്യക്‌തിത്വത്തെക്കുറിച്ചും സമൂഹത്തിനുള്ള വലിയ വിശ്വാസം ഇന്ത്യൻ സിവിൽ സർവീസിലെ ഭൂരിഭാഗം പേരും എക്കാലത്തും നിലനിർത്തിയിട്ടുമുണ്ട്. ആ വിശ്വാസ്യതയാണു പ്രതിസന്ധിവേളകളിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ ആ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതും. അതുകൊണ്ടാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സിവിൽ സർവീസിനെ രാഷ്ട്രത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നു വിശേഷിപ്പിച്ചത്.
എന്നാൽ, അഭിമാനത്തിന്റെ ഈ ചട്ടക്കൂടിനെ ദുർബലപ്പെടുത്തുംവിധം ഭീഷണവും ആശങ്കാജനകവുമാണ് മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവം. ഇതോടൊപ്പം, ഐഎഎസ് കേഡറിൽനിന്ന് അച്ചടക്കരാഹിത്യത്തിന്റെയും പരസ്യമായ അധിക്ഷേപത്തിന്റെയും വാർത്തകൾകൂടി കേൾക്കുകയാണിപ്പോൾ കേരളം.
സംസ്ഥാന സർക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട്ടുകൾ സമർപ്പിച്ചതിൽ എത്തിനിൽക്കുകയാണു കാര്യങ്ങൾ. അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്, മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണു നടപടി ശുപാർശ.
മതപരമായ വേർതിരിവുണ്ടാക്കുന്ന പ്രവൃത്തികൾ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നു മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും സഹവർത്തിത്വത്തിനും കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. കഴിഞ്ഞമാസം 30ന് Mallu Hindu Off എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപംകൊണ്ടതിൽനിന്നാണു തുടക്കം. തുടർന്ന്, തന്റെ ഫോൺ ആരോ ഹാക്ക് ചെയ്ത് മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന് അദ്ദേഹം പരാതി നൽകി. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് നാലു ദിവസം കഴിഞ്ഞായിരുന്നു പരാതി. ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകൾ ഹാക്കർമാർ ഉണ്ടാക്കിയെന്നാണു ഗോപാലകൃഷ്ണൻ പറഞ്ഞത്.
എന്നാൽ, സ്വന്തം പരാതി തകിടംമറിക്കുംവിധം അദ്ദേഹം തെളിവുകൾ നശിപ്പിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നു പൊലീസിനു പരാതി നൽകിയ ഗോപാലകൃഷ്ണൻതന്നെ അതു തെളിയിക്കാനാകാത്തവിധം വിവരങ്ങളെല്ലാം നീക്കി ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയും തുടർന്ന് ഗൂഗിളും സംസ്ഥാന ഫൊറൻസിക് സംഘവും പൊലീസിനെ അറിയിച്ചിട്ടുണ്ട്. മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതനടപടി സ്വീകരിക്കണമെന്നുമാണു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ ശുപാർശ.
ഒരു ഐഎഎസ് ഉദ്യോഗസ്‌ഥനിൽനിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന ഈ തെറ്റ് വാസ്തവമെന്നുവന്നാൽ അതു സിവിൽ സർവീസിന്റെ വിശ്വാസ്യതയ്ക്കു കുറച്ചൊന്നുമല്ല മങ്ങലേൽപിക്കുക. മതനിരപേക്ഷത എന്ന ഉദാത്ത സങ്കൽപത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം വിവേചന – വിഭാഗീയ ചിന്തകൾ വച്ചുപുലർത്തുന്നവർ നിഷ്പക്ഷവും നീതിപൂർവവുമാകേണ്ട സർക്കാർസേവനത്തിൽത്തന്നെ വർഗീയവിഷം കലർത്തുകയാണെന്നു തീർച്ച.
ഇതിനിടെ, അഡിഷനൽ ചീഫ് സെക്രട്ടറിക്കെതിരെ എൻ.പ്രശാന്ത് നടത്തുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങൾ പൊതുസമൂഹത്തെ ലജ്ജിപ്പിക്കുന്നു. വിമർശിച്ചും അധിക്ഷേപം ചൊരിഞ്ഞും ഇന്നലെയും സമൂഹമാധ്യമത്തിൽ പ്രശാന്ത് കുറിപ്പിട്ടു. ജനങ്ങളുടെ കൺമുന്നിൽ ഉന്നതോദ്യോഗസ്ഥർ ഇത്തരത്തിൽ വിഴുപ്പലക്കുന്നത് അപലപനീയമാണ്. പ്രശാന്ത് സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ.
കേരളം അഭിമാനത്തോടെ നെഞ്ചേറ്റുന്ന ഐഎഎസിന്റെ മഹത്തായ പാരമ്പര്യത്തിൽ കളങ്കം വീഴ്ത്തുകയാണ് ഈ രണ്ടു സംഭവങ്ങളും. അതുകൊണ്ടുതന്നെ, ഗുരുതരമായ ചട്ടലംഘനങ്ങൾ നമ്മുടെ ഭരണതലത്തിൽ ആരിൽനിന്നും ആവർത്തിക്കരുതാത്തവിധം മാതൃകാപരമായ തുടർനടപടികളാണ് ഉണ്ടാകേണ്ടത്.