ADVERTISEMENT

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണമേൽക്കുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെ, സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായല്ല കേരളം കേൾക്കുന്നത്. 

ജനജീവിതവുമായി ബന്ധപ്പെട്ട ഇത്രയേറെ വിഷയങ്ങൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ സർക്കാർ കെ‍ാട്ടിഘോഷിക്കുന്ന ജനകീയതയ്ക്ക് എന്താണർഥം? സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ നിശ്ചിത എണ്ണം ഓരോ മാസവും തീർപ്പാക്കാനുള്ള കർമപദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് 2020 ഓഗസ്റ്റിൽ നൽകിയ നിർദേശവും ചുവപ്പുനാടയിൽ കുരുങ്ങിയോ? വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിലാണെന്ന വാർത്ത ഈ ഫയൽക്കൂമ്പാരങ്ങളിൽ ചാരിനിൽക്കുന്നു.

പുതിയകാലത്തെയും ലോകത്തെയും നാം അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങളും ജീവിതങ്ങളും ഇത്തരത്തിൽ ഫയൽക്കൂമ്പാരങ്ങളിൽ ശ്വാസംമുട്ടി പിടയുന്നത് അത്യധികം നിർഭാഗ്യകരമാണ്. പുതിയ കണക്കുപ്രകാരം ധനവകുപ്പിൽ മാത്രം 26,257 ഫയലുകളാണു കെട്ടിക്കിടക്കുന്നത്. ഇങ്ങനെ, ഫയൽക്കൂമ്പാരങ്ങളിലായി ജീവിതങ്ങളെ ഞെരുക്കുന്ന എത്ര വകുപ്പുകൾ, എത്രയെത്ര ഓഫിസുകൾ... സർക്കാർ ഓഫിസുകളിലെല്ലാമായി വിവിധതലങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാടകൾ അഴിയുന്നതുനോക്കി കാത്തിരിക്കുന്നതു ലക്ഷങ്ങളാണ്.

സേവനം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. 2012ലെ കേരളപ്പിറവിദിനത്തിൽ പ്രാബല്യത്തിൽവന്ന നിയമത്തിന്റെ ലക്ഷ്യം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാർഥ ജനസേവനമായി സർക്കാർജോലിയെ കാണുന്ന ഉദ്യോഗസ്ഥർക്കു സേവനാവകാശ നിയമം കൂടുതൽ കർമോർജം പകരുകയും ചെയ്യുന്നു. എന്നാൽ, ഈ നിയമം നടപ്പാക്കിയശേഷവും സർക്കാർ സേവനങ്ങൾ പലപ്പോഴും കൃത്യമായി ജനങ്ങൾക്കു ലഭിക്കുന്നില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമല്ലേ സെക്രട്ടേറിയറ്റിലെ ഫയൽക്കൂമ്പാരങ്ങൾ? ഇതിനകം കേരളം ഭരിച്ച വിവിധ സർക്കാരുകളിലായി പല മന്ത്രിമാരും ഫയൽനീക്കത്തിനു വേഗം കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അതിൽ വലിയ കാര്യമുണ്ടായില്ലെന്നതാണു വാസ്തവം.

സംസ്ഥാനത്ത് 231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ മാത്രമാണുള്ളതെന്നതു പ്രതിസന്ധിയുടെ ഒരു കാരണമായി പറയാം. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. പലരും മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നിരീക്ഷകരായി പോയിരിക്കുന്നു. സസ്പെൻഷനിൽ പുറത്തുപോയവരുമുണ്ട്. ജോലിഭാരം വേണ്ടവിധം വീതിക്കപ്പെടുന്നില്ല എന്ന പരാതിയും ഗൗരവമുള്ളതാണ്. ചില ഐഎഎസ് ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്കു പേരിനു ചില വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾപോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുന്നു. 

വകുപ്പു സെക്രട്ടറിമാർ പല വകുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്യുന്നതിനാൽ തീരുമാനം വൈകുന്നുവെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. അധികച്ചുമതലകൾ കാരണം മന്ത്രിമാർ വിളിക്കുന്ന യോഗത്തിനുപോലും പലർക്കും എത്താൻ കഴിയുന്നില്ല. ഇതിനിടെ, ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ് കെഎഎസ് (കേരള അ‍ഡ്മിനിസ്ട്രേറ്റീവ് സർവീസ്) ഉദ്യോഗസ്ഥരുടെ മാറ്റം വഴി പരിഹരിക്കാനാകുമോ എന്നു സർക്കാർ ആലോചിക്കുന്നതിലെ സാംഗത്യവും പ്രായോഗികതയും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. ഐഎഎസും കെഎഎസും എങ്ങനെയാണ് സമാനമാകുന്നതെന്ന ചോദ്യം ഏറെ പ്രസക്തമാണ്.  

ഏതു സാഹചര്യത്തിലും സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം നിർജീവമായിക്കൂടെന്നു മുഖ്യമന്ത്രിതന്നെ നേരിട്ട് ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ ഏറ്റവുമധികം കഷ്ടത്തിലാകുക നമ്മുടെ നാട്ടിലെ സാധാരണക്കാർതന്നെയാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് മനുഷ്യപ്പറ്റ് ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽത്തന്നെ സർക്കാർ കാണണം.

സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും ആരുടെയും കണ്ണെത്താതെ ഉറങ്ങുന്ന വ്യക്തിഗത ഹർജികളിൽ തീർപ്പിന്റെ ഒരൊപ്പു വീഴുമ്പോൾ മായുന്നത് ആരുടെയൊക്കെയോ ജീവിതത്തിലെ സങ്കടമാണ്. അപ്പോഴാണ് ഭരണാധികാരികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഏറ്റവുമാദ്യത്തെ ഉത്തരവാദിത്തം നിറവേറുക. 

English Summary:

Editorial about shortage of IAS officers, files pending in secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com