വാചകമേള
Mail This Article
ഇറ്റലി, ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ പൈതൃകസംരക്ഷണത്തിലൂടെ കണക്കില്ലാതെ സമ്പാദിക്കുന്നു. ഓരോ കല്ലിനെയും ഷോകേസ് ചെയ്താണ് ഇതു ചെയ്യുന്നത്. ഇന്ത്യ ഈ രംഗത്തു വളരെ പിറകിലാണ്. നമ്മുടെ മഹത്തായ സംസ്കാരം എന്ന ശൈലി പ്രസംഗത്തിൽ മാത്രമേയുള്ളൂ, പ്രവൃത്തിയിലില്ല. മരുഭൂമിയിലെ പെട്രോൾപോലെ വിപണനം നടത്താൻ കഴിയുന്ന മേഖലയാണ് പൈതൃക ടൂറിസം.
കെ.കെ.മുഹമ്മദ്
ഇന്നത്തെ പുതിയ എഴുത്തുകാരുടേതു പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാൽ അക്കാര്യം വിളിച്ചുകൂവുകയാണ് പിട. അതുമാതിരിയാണ് എഫ്ബിയിൽ നമ്മളെല്ലാം. നമ്മുടെ ഒരു കവിത മാസികയിൽ വന്നാൽ എന്റെ കവിത വന്നേ എന്ന് നമ്മൾതന്നെ വിളിച്ചുപറയുന്നു. ഇംഗ്ലിഷിലെങ്ങാനും വിവർത്തനം ചെയ്തുവന്നാൽ ഒച്ചകൂടും.
എസ്.ജോസഫ്
എല്ലാവരും കയ്യിട്ടുവാരുമ്പോൾ നമ്മളായിട്ട് എന്തിനു നോക്കി നിൽക്കണമെന്ന സോദ്ദേശ്യചിന്തയിൽ നിന്നാവണം പെൻഷൻ അടിച്ചുമാറ്റൽ യത്നം ആരംഭിച്ചിട്ടുണ്ടാവുക. ശരിക്കും അവരെ കുറ്റംപറയാൻ പറ്റുമോ? അവർ നോക്കുമ്പോൾ സർക്കാർ ചെന്നുചാടിയ വിവിധങ്ങളായ കേസുകൾ വാദിക്കാനും വാദിക്കാതിരിക്കാനും കോടികളാണ് വക്കീലന്മാർക്കു ഫീസായി നൽകുന്നത്. പഴ്സനൽ സ്റ്റാഫ് ഇനത്തിൽ പെട്ടവർക്കും ചെലവഴിക്കുന്നത് കോടികൾ.
ജോയ് മാത്യു
എഴുതപ്പെട്ട ഭരണഘടനകളെക്കുറിച്ചു ഷിക്കാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് 1789നു ശേഷമുണ്ടായ ലിഖിത ഭരണഘടനകളുടെ ശരാശരി ആയുസ്സ് 17 വർഷം മാത്രമായിരുന്നു. ഇങ്ങനെ നോക്കുമ്പോഴാണ് നമ്മുടെ ഭരണഘടനയുടെ അതിജീവനം പോലും എത്ര മഹത്തരമാണെന്നു മനസ്സിലാവുക.
കാളീശ്വരം രാജ്
ഇനിയൊരിക്കലും ഇതുപോലൊരു കവി ആകരുത്. കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ ഒരുതരത്തിലും അറിയപ്പെടരുത്. ബുദ്ധിയുള്ള മനുഷ്യനായി തമിഴ്നാട്ടിൽ ജനിക്കണം. ബർക്കിലിയിലോ പ്രിൻസ്റ്റനിലോ ചെന്ന് ശാസ്ത്രം പഠിക്കണം. ചരിത്രപ്രസിദ്ധമായ സർവകലാശാലകളുടെ വൈജ്ഞാനിക ജീവിതം എന്നും എന്നെ വിസ്മയിപ്പിച്ചിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട്
ഫ്യൂഡൽ ആൾക്കാരെ ആളുകൾക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകൾ എടുക്കുന്നു എന്ന വിമർശനങ്ങൾ ഞാൻ മനസ്സിലെടുക്കാറേ ഇല്ല. പടം വിജയമാണെങ്കിൽ എല്ലാം ഓക്കെ ആണ്. കമന്റ് ബോക്‌സുകൾ ഞാൻ തുറക്കാറില്ല. തുറന്നാലും കുറെ ആളുകൾ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും. അതു നടന്നോട്ടെ.
ഷാജി കൈലാസ്
പല സംസ്ഥാനങ്ങളിലെയും ഗ്രാമീണരായ ചെറുപ്പക്കാർക്കു വിവാഹം കഴിക്കാൻ അന്യസംസ്ഥാനക്കാരായ പെൺകുട്ടികളെ ആശ്രയിക്കേണ്ടിവരുന്നു. ഹരിയാനയിലും രാജസ്ഥാനിലുമാണ് ഇതു വലിയ തോതിൽ കാണാനാകുന്നതെങ്കിലും കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമൊക്കെ ഇതിന്റെ കാറ്റ് ചെറുതായി വീശിത്തുടങ്ങിയിരിക്കുന്നു.
ജെ.പ്രഭാഷ്
ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ അവ മറന്നുപോകുന്നു. എന്നാൽ, ടെസ്റ്റ് മത്സരം കണ്ട് രണ്ടാഴ്ചയ്ക്കു ശേഷം ഞാനതിനെക്കുറിച്ച് ഓർമിക്കുകയും എഴുത്തിലൂടെ പുനർനിർമിക്കുകയും ചെയ്യുന്നു.
രാമചന്ദ്ര ഗുഹ