സ്മാർട്ടാകാത്ത നമ്മൾ
Mail This Article
അവസരത്തിന്റെ അശ്വരഥം കുളമ്പടിച്ചു വരുമ്പോൾ പുറംതിരിഞ്ഞു നിന്നാൽ പിന്നെ ഒരിക്കലും അതു കിട്ടിയെന്നു വരില്ല. 90,000 തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന കൊച്ചി സ്‌മാർട് സിറ്റിയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുതേ എന്നാഗ്രഹിക്കുകയാണു കേരളം. മലയാള മനോരമ മുഖപ്രസംഗത്തിൽ ഇങ്ങനെയെഴുതിയത് ഒൻപതു വർഷം മുൻപാണ്. എന്നാൽ, അതുതന്നെ സംഭവിക്കുമോ എന്ന ആശങ്കയിലെത്തിയിരിക്കുകയാണ് ഇപ്പോൾ കേരളം. ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാനും പദ്ധതിക്കു പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനുമുള്ള സംസ്ഥാന സർക്കാർ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ വികസനസ്വപ്നത്തിനുമേൽ നിഴൽവീഴ്ത്തുന്നതിനൊപ്പം ഗൗരവതരമായ ചില സംശയങ്ങൾ ഉയർത്തുകയും ചെയ്യുന്നു.
കൊച്ചി സ്മാർട് സിറ്റി പദ്ധതി പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ ലഭ്യമാക്കാനോ ടീകോമിനു കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിലാണ് അവരുടെ പിൻമാറ്റമെന്നാണു പറയുന്നത്. എന്തു കാരണംകൊണ്ടായാലും ഇത്രയും വർഷം പാഴാക്കിയശേഷമുള്ള ടീകോമിന്റെ പിന്മാറ്റം അപലപനീയമാണെന്നതിൽ സംശയമില്ല. അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകാൻ അവർക്കു താൽപര്യമില്ലെന്നു സർക്കാരിനു ബോധ്യപ്പെടാൻ ഇത്രയും നിഷ്ക്രിയ വർഷങ്ങൾ വേണ്ടിവന്നതും ദുരൂഹം. പദ്ധതിയുടെ ഓരോ ഘട്ടത്തിലും സർക്കാർ കൃത്യമായ വിലയിരുത്തലും ആവശ്യമായ തിരുത്തൽനടപടികളും നടത്തിയിരുന്നെങ്കിൽ സ്മാർട് സിറ്റി വഴിയാധാരമാകുമായിരുന്നില്ല.
പദ്ധതി പൂർത്തീകരിക്കുന്നതിൽ ടീകോം വീഴ്ച വരുത്തിയാൽ അവരുടെ നിക്ഷേപവും മുടക്കുമുതലും ഉൾപ്പെടെ സർക്കാരിലേക്കു കണ്ടുകെട്ടാമെന്ന കരാർവ്യവസ്ഥ ഒഴിവാക്കിയാണ്, അവർക്കുകൂടി സമ്മതമായ മൂല്യനിർണയരീതിയും നഷ്ടപരിഹാര വ്യവസ്ഥയും സർക്കാർ സ്വീകരിച്ചത്. കരാർപ്രകാരം 2021ൽ പൂർത്തിയാകേണ്ട പദ്ധതിയിലെ വീഴ്ച ഒരുഘട്ടത്തിലും ചൂണ്ടിക്കാട്ടി നടപടിയെടുക്കാതെ, നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള നീക്കത്തിലെ ദുരൂഹതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2011ൽ തുടങ്ങിയ പദ്ധതി മുന്നോട്ടുപോകാതിരുന്നതിന്റെ ഒരു കാരണം കോവിഡാണെന്നു പറയാൻപോലും സർക്കാർ മടിക്കുന്നില്ല.
ഒരു വികസനപദ്ധതി കേരളത്തിൽ യാഥാർഥ്യമാവാൻ എത്രമാത്രം പ്രയാസമുണ്ട് എന്നതിന്റെ പ്രതീകംകൂടിയായിത്തീരുന്നു കൊച്ചി സ്മാർട് സിറ്റി. അത്രയും രാഷ്ട്രീയവിവാദങ്ങളാണ് ഇതെച്ചൊല്ലി ഇവിടെയുണ്ടായത്. സ്മാർട് സിറ്റി സ്ഥാപിച്ച് ഇവിടേക്കു ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരാനുള്ള ചർച്ചകൾക്കു 2005ൽ തുടക്കംകുറിച്ച്, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ മുന്നേറിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പു വന്നതോടെ കരാർ ഒപ്പിടാതെ ഭരണം ഒഴിയുകയായിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ ഇടതു സർക്കാരിനുവേണ്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് 2007ൽ പ്രാഥമിക കരാർ ഒപ്പുവച്ചത്.
വൻ ഐടി ക്യാംപസായി സ്മാർട് സിറ്റിയെ മാറ്റുമെന്നാണ് ധാരണാപത്രം 2011ൽ ഒപ്പുവയ്ക്കുമ്പോൾ അന്നത്തെ വിഎസ് സർക്കാരും ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സും ആവർത്തിച്ചു വാഗ്ദാനം ചെയ്തതെങ്കിലും, കഴിഞ്ഞ വർഷംവരെ തൊഴിൽ നൽകിയത് ഏഴായിരത്തോളം പേർക്കുമാത്രം. പൂർണമായി പ്രവർത്തിക്കുന്നത് ഏക ഐടി മന്ദിരം; സ്മാർട് സിറ്റിയിൽ ആകെയുള്ളത് 37 സ്ഥാപനങ്ങൾ.
ടീകോമിനെ ഒഴിവാക്കുന്നതുപോലെയൊരു നിർണായകതീരുമാനം പല മന്ത്രിസഭാതീരുമാനങ്ങളിലൊന്നായി, ഒട്ടും പ്രധാന്യമില്ലാത്തവിധം മുഖ്യമന്ത്രിയുടെ ഓഫിസ് ബുധനാഴ്ച പുറത്തുവിട്ടതുതന്നെ എന്തോ മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണെന്ന ആരോപണവുമുണ്ട്. ‘സ്മാർട്സിറ്റി: ശുപാർശ അംഗീകരിച്ചു’ എന്ന ചെറുതലക്കെട്ടിനുതാഴെയുള്ള നാലു വാചകങ്ങളിൽ രണ്ടെണ്ണം വായിച്ചാൽതന്നെ ഇത്രയും ലാഘവമായാണോ ഈ വലിയ തീരുമാനം കേരളത്തെ അറിയിക്കേണ്ടത് എന്നു തോന്നും: ‘സ്മാർട് സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാർശ അംഗീകരിച്ചു, ടീകോമുമായി ചർച്ചകൾ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം രൂപകൽപന ചെയ്യും’.
കൊച്ചി സ്മാർട് സിറ്റി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നു വ്യവസായമന്ത്രി പി.രാജീവ് വ്യക്തമാക്കുന്നുണ്ട്. സ്മാർട് സിറ്റി പദ്ധതിക്കു വിരാമചിഹ്നം വീഴ്ത്താതെ, ബലമുള്ള നിക്ഷേപകരുമായുള്ള കൈകോർക്കലുകളിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സർക്കാരിനു കഴിയുമോ എന്നാണ് വീണ്ടുമൊരു വലിയ സ്വപ്നം കാണുംമുൻപു കേരളം ചോദിക്കുന്നത്. ആ ചോദ്യത്തിനുവേണ്ടത് നിശ്ചയദാർഢ്യവും ആത്മാർഥതയുമുള്ള മറുപടിയാണെന്നുമാത്രം.