വാചകമേള

Mail This Article
പുറമേ കാണുന്ന സ്റ്റാർഡത്തിനും അതിന്റെ വലുപ്പത്തിനും അപ്പുറം ഒരുപാടു നന്മകൾ നയൻതാരയ്ക്കുണ്ട്. ഓരോ സിനിമ തുടങ്ങുന്നതിനു മുൻപും എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ആയുഷ്കാലം മുഴുവനുമുള്ള അനുഗ്രഹം ഞാൻ തരികയാണ്, എടിഎമ്മിൽനിന്നു പൈസ എടുക്കുന്നതുപോലെ ആവശ്യം വരുമ്പോഴൊക്കെ എടുത്തോളൂ എന്നു പറഞ്ഞ് ആ പതിവു ഞാൻ നിർത്തിച്ചു.
സത്യൻ അന്തിക്കാട്
ഞാൻ എംഎ ജെഎൻയുവിൽ ചെയ്തിരുന്നില്ലെങ്കിൽ ഒരിക്കലും എഴുത്തുകാരനാവില്ലായിരുന്നു. നാടുവിട്ടുപോയതുകൊണ്ടാണ് ഇംഗ്ലിഷ് ഭാഷ പഠിച്ചതും ആത്മവിശ്വാസം ഉണ്ടായതും. പാർട്ടിക്കു പ്രിയപ്പെട്ടവർക്കു ജോലി കൊടുക്കാനുള്ള ഒരു കേന്ദ്രമായി കേരളത്തിലെ സർവകലാശാലകൾ എത്രയോ കാലമായി മാറി. അതുകൊണ്ടാണ് കേരളം വിട്ട് മറ്റു സ്ഥലങ്ങളിലേക്കു ജീവിതത്തിൽ ആഗ്രഹമുള്ളവർ ചേക്കേറുന്നതും.
സഹറു നുസൈബ കണ്ണനാരി
ഫോണിൽ തലപൂഴ്ത്തിയിരിക്കുന്ന ‘ഗ്ലോ ജനറേഷ’ന്റെ മുഖങ്ങൾ മാത്രമേ ശോഭായമാനമായിരിക്കുന്നുള്ളൂ. കൊച്ചുതലച്ചോറുകളിൽ അരുതാത്തതും വേണ്ടാത്തതുമായ പല ചിന്തകളാണ് ഈ ഉപകരണം പലപ്പോഴും കുത്തിനിറയ്ക്കുന്നത്. ഡിജിറ്റൽ അടിമത്തംകൊണ്ട് കുട്ടികൾക്കു നഷ്ടമാകുന്നത് ജീവിതായോധനത്തിന് അവശ്യം വേണ്ട സ്കില്ലുകളാണ്.
ഡോ. സി.ജെ.ജോൺ
ജനാധിപത്യം, മതനിരപേക്ഷത, യഥാർഥ ദേശീയത എന്നിവ പരസ്പരം വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടാണിരിക്കുന്നത്. 17 കൊല്ലം ഒരു പുരോഹിതനെപ്പോലും ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന നെഹ്റു, രാഷ്ട്രം ജാതിനിഷ്ഠവും മതനിഷ്ഠവുമായാലുള്ള വലിയ ആപത്ത് തിരിച്ചറിഞ്ഞിരുന്നു.
എം.എൻ.കാരശ്ശേരി
കമല ഹാരിസിനെ ഇന്ത്യക്കാർ പിന്തുണച്ചില്ല. അതിനു കാരണം അവർ ഇന്ത്യൻ വംശജയാണെന്നും ഇന്ത്യക്കാരെ സഹായിക്കുമെന്നും ഒരു സൂചനയും നൽകിയിരുന്നില്ല എന്നതാണ്. ഇന്ത്യക്കാരി എന്ന നിലയിൽ വോട്ടു ചോദിക്കാൻ അവർക്കും മടിയായിരുന്നു. വൈസ് പ്രസിഡന്റായി ഇന്ത്യ സന്ദർശിക്കാൻപോലും അവർ തയാറായില്ല. അതുകൊണ്ട് ഇന്ത്യക്കാർ പൊതുവേ റിപ്പബ്ലിക് പാർട്ടിക്കു വോട്ട് ചെയ്യുകയായിരുന്നു.
ടി.പി.ശ്രീനിവാസൻ
രണ്ടുവർഷത്തിൽ ഒരു സിനിമ എന്നൊന്നും പ്ലാൻ ചെയ്യുന്നതല്ല. കഥകൾ കേട്ട് ഇഷ്ടപ്പെട്ടു വരുമ്പോൾ വൈകുന്നു എന്നേയുള്ളൂ. വീട്ടിലിരിക്കേണ്ട സമയം മാറ്റിവച്ച്, ഫഹദിന്റെ അടുത്തുനിന്നു ദിവസങ്ങൾ മാറിനിന്ന്, ചെയ്യേണ്ട കഥയാണെന്നു തോന്നിയാലേ ‘യെസ്’ പറയൂ.
നസ്രിയ നസീം
ഏതൊരു കലാകാരനെയും പോലെയോ അതിലധികമോ ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും ആത്മവിശ്വാസിയായിരുന്നു അച്ഛൻ കലാമണ്ഡലം രാമൻകുട്ടി നായർ. വേഷം കഴിഞ്ഞ് കാണികളോടു തന്റെ വേഷത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നതു കേട്ടിട്ടില്ല. ആസ്വാദകർ എത്രത്തോളം തന്റെ വേഷങ്ങൾ മതിമറന്ന് ആസ്വദിച്ചുവോ അത്രയും അദ്ദേഹം അവരിൽനിന്ന് അകലം പാലിച്ചു.
അപ്പുക്കുട്ടൻ സ്വരലയം