മഹിത ഓർമയ്ക്ക് പെരിയ വണക്കം

Mail This Article
നൂറാണ്ടിനുമുൻപ് വൈക്കം കൊളുത്തിയ നവോത്ഥാന ദീപം ഇപ്പോഴും ദീപ്തി ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിൽ നിസ്സഹായരായി കഴിയേണ്ടിവന്ന വലിയൊരു വിഭാഗം ജനതയ്ക്കു വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവിജയം ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുലോകത്തേക്കു വാതിൽ തുറക്കുകയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപന വേളയാണിത്. വൈക്കം സത്യഗ്രഹത്തിന് ആവേശം പകർന്ന പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഓർമയിൽ, നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കുന്നു.
ഒരു നൂറ്റാണ്ടുമുൻപ്, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പാതകളുടെ അതിരുകളിൽ തീണ്ടൽപലകകൾ സ്ഥാപിച്ചിരുന്നു. ജാതിവിവേചനത്തിന്റെ ആ പലകകൾ നീക്കംചെയ്യാനുള്ള സത്യഗ്രഹം 1924 മാർച്ച് 30നു തുടങ്ങി 1925 നവംബർ 23ന് അവസാനിച്ചപ്പോൾ അതൊരു കാലത്തെത്തന്നെ മാറ്റിയെഴുതുകയായിരുന്നു. വൈക്കം സത്യഗ്രഹം കേരളത്തിന്റെ ഐക്യത്തിനും സമൂഹ പുനർനിർമിതിക്കും അസ്തിവാരമിടുകകൂടിയാണു ചെയ്തത്. കൈവന്ന സഞ്ചാരസ്വാതന്ത്ര്യം ക്ഷേത്രപ്രവേശനത്തിലേക്കു പരിണമിക്കാനും അധികകാലം വേണ്ടിവന്നില്ല.
അയിത്തോച്ചാടനം ഉത്തരവാദിത്തമായി 1923ലെ കാക്കിനഡ സമ്മേളനത്തിൽ ഏറ്റെടുത്ത ഇന്ത്യൻ നാഷനൽ കോൺഗ്രസ് അതിനായി ആദ്യം തിരഞ്ഞെടുത്ത സ്‌ഥലമാണു വൈക്കം. അയിത്തോച്ചാടന പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള പ്രമേയം ആ സമ്മേളനത്തിൽ പാസാക്കാൻ വഴിയൊരുക്കിയതാകട്ടെ ടി.കെ.മാധവനും. സത്യഗ്രഹത്തിന്റെ പിന്നിലെ ധാർമികശക്തികേന്ദ്രമായിനിന്ന മഹാത്മാഗാന്ധി കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ചതു വൈക്കത്താണ്. സാന്നിധ്യവും പിന്തുണയുംകൊണ്ട് ശ്രീനാരായണഗുരു അനുഗ്രഹിച്ചു. ജീവിതകാലം മുഴുവൻ ജാതിക്കെതിരെ യുദ്ധംചെയ്ത പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ വൈക്കം സത്യഗ്രഹത്തിനു ശക്തിപകരാൻ തമിഴ്നാട്ടിലെ ഈറോഡിൽനിന്നാണെത്തിയത്. ‘വൈക്കം വീരർ’ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം വൈക്കം സമരത്തിനിടെ രണ്ടുവട്ടം ജയിലിലായി.
സ്വാതന്ത്ര്യസമര സേനാനി, സാമൂഹികപരിഷ്കർത്താവ്, യുക്തിവാദി, തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെ അമരക്കാരൻ, പത്രാധിപർ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം മായാമുദ്രകൾ ചാർത്തിയ രാമസ്വാമി നായ്ക്കർ ‘പെരിയാർ’ എന്നു ചരിത്രത്തിൽ പേരെടുത്തു. വൈക്കത്ത് സംസ്ഥാന സർക്കാർ വിട്ടുനൽകിയ 64 സെന്റിലാണ് 1994 ജനുവരിയിൽ ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം തുറന്നത്. ശോച്യാവസ്ഥയിലായിരുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണത്തിനായി കഴിഞ്ഞവർഷം തമിഴ്നാട് സർക്കാർ 8.14 കോടി രൂപ അനുവദിച്ചു. രാമസ്വാമി നായ്ക്കർക്ക് ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ സ്മാരകം നിർമിക്കാനുള്ള നടപടി തമിഴ്നാട് സർക്കാർ തുടങ്ങിക്കഴിഞ്ഞു. രാജഭരണകാലത്ത് അരൂക്കുറ്റിയിലുണ്ടായിരുന്ന ജയിലിൽ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്.
ഇന്നു വൈക്കത്തെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാൻ കേരളവും തമിഴ്നാടും തോളോടുതോൾ ചേർന്നുനിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണു കഴിഞ്ഞവർഷം ഏപ്രിലിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനു തുടക്കമായത്. അന്നും പിണറായി വിജയനും എം.കെ.സ്റ്റാലിനും ഒരുമിച്ചാണു ശുഭാരംഭം കുറിച്ചത്. കേരളവും തമിഴ്നാടും തമ്മിലുള്ള ഐക്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുന്ന തരത്തിലേക്കു വളർത്തുമെന്നു പിണറായി പറഞ്ഞപ്പോൾ, വൈക്കം സത്യഗ്രഹം കേരളത്തിലേതുപോലെതന്നെ തമിഴ്‌നാട്ടിലും സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമായിരുന്നുവെന്ന് സ്റ്റാലിൻ സാക്ഷ്യപ്പെടുത്തി.
‘ആലോചിച്ചുനോക്കൂ, നൂറു വർഷംമുൻപ് നമ്മുടെ സമൂഹം എവിടെയായിരുന്നു, ഇപ്പോൾ നാം എവിടെയെത്തിനിൽക്കുന്നു... ഈ മാറ്റങ്ങൾക്കു വിത്തുപാകിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷത്തിൽ നാളെ ഞാൻ നേരിൽ പങ്കെടുക്കുന്നതാണ്’ എന്ന് ഇന്നലെ സമൂഹമാധ്യമത്തിൽ മലയാളത്തിൽത്തന്നെ സ്റ്റാലിൻ കുറിച്ചു. ഭാഷയും സംസ്കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായിനിൽക്കണമെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞതാവട്ടെ, കഴിഞ്ഞമാസം കോഴിക്കോട്ട് മലയാള മനോരമ ഹോർത്തൂസ് വേദിയിലും.
പല കാര്യങ്ങളിലും ഒരുമിച്ചുമുന്നേറേണ്ട കേരളത്തിന്റെയും തമിഴ്നാടിന്റെയും ദൃഢസൗഹൃദത്തിന്റെ മുദ്രകൂടിയാവട്ടെ വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം. വൈക്കം സത്യഗ്രഹത്തിന്റെ ധീരോദാത്ത സ്മൃതികൾ ഈ പാരസ്പര്യത്തിനു വഴിവെട്ടം ചൊരിയുകയും ചെയ്യട്ടെ.