മാപ്പില്ലാത്തൊരു മാപ്പുപറച്ചിൽ

Mail This Article
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന പരിഹാസകഥ പ്രസിദ്ധമാണ്. അക്കഥ ശരിയായാലും അല്ലെങ്കിലും, കഴിഞ്ഞ 19 മാസമായി മണിപ്പുർ സംസ്ഥാനം കലാപത്തീയിൽ എരിയുമ്പോൾ ഉത്തരവാദിത്തമില്ലായ്മ അലങ്കാരമാക്കിപ്പോന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമേൽ പഴയ റോമാക്കഥ നിഴൽവീഴ്ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ, മണിപ്പുരിലെ അനിഷ്ടസംഭവങ്ങൾക്ക് ഇത്രയുംകാലത്തിനുശേഷം പുതുവർഷത്തലേന്നു മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചതു പരിഹാസ്യമായിത്തീരുകയും ചെയ്തു.
ഇരുനൂറ്റൻപതിലേറെ ആളുകളുടെ മരണത്തിനും വൻ വംശീയകലാപത്തിനും ഇടയാക്കിയ സംഭവങ്ങളിൽ ആദ്യമായാണ് മുഖ്യമന്ത്രി പരസ്യമായി ക്ഷമ ചോദിച്ചത്. സംഭവിച്ചതിലെല്ലാം ഖേദമുണ്ടെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞ മൂന്നുനാലു മാസമായി സംസ്ഥാനം താരതമ്യേന സമാധാനപൂർണമായിരുന്നെന്നും അവകാശപ്പെട്ടു. എന്നാൽ, ആ നേരത്തുപോലും മണിപ്പുരിൽ ചിലയിടത്തെങ്കിലും ഏറ്റുമുട്ടലുകളും മറ്റ് അക്രമങ്ങളും നടക്കുകയായിരുന്നു.
പലയിടത്തും മെയ്തെയ് – കുക്കി വിഭാഗക്കാർ തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നത് ഇപ്പോഴും അതീവ ആശങ്കയുളവാക്കുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഇന്നലെയും തീവ്രവാദികളുടെ ആക്രമണമുണ്ടായി. രണ്ടു ജില്ലകളിൽനിന്ന് പൊലീസ് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്.
‘പഴയതെല്ലാം മറന്നും പൊറുത്തും പുതിയ ജീവിതം തുടങ്ങണമെന്ന് ഞാൻ എല്ലാ വിഭാഗത്തോടും അപേക്ഷിക്കുന്നു’ എന്ന് ബിരേൻ സിങ് പറയുമ്പോൾ മണിപ്പുർ ജനത ചോദിക്കുന്നു: ഈ മണ്ണിൽ സമാധാനം പുനഃസ്ഥാപിക്കാതെ പുതിയ ജീവിതമെങ്ങനെ തുടങ്ങാനാവും? മാപ്പപേക്ഷിക്കാൻ ഇത്രയുംവൈകി ബിരേൻ സിങ്ങിന് ഇപ്പോൾ തോന്നിയതിന്റെ കാരണത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ബിജെപിയും കേന്ദ്ര –സംസ്ഥാന സർക്കാരുകളും മണിപ്പുരിനോടു കാണിക്കുന്ന അവഗണനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ.
ഇത്രയും കാലമായിട്ടും മണിപ്പുർ വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ ബിരേൻ സിങ് കൂടുതൽ ഒറ്റപ്പെട്ടിരിക്കുകയാണിപ്പോൾ. മുഖ്യമന്ത്രിക്കു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നും അതിനാൽ പക്ഷപാത സമീപനമാണെന്നുമുള്ള ആരോപണം ശക്തമാണ്. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും എൻഡിഎയുടെതന്നെ ഭാഗമായ രാഷ്ട്രീയപാർട്ടികളും അയൽ സംസ്ഥാനമായ മിസോറമിലെ മുഖ്യമന്ത്രി ലാൽഡുഹോമയും ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ ഇംഫാൽ താഴ്‌വരയിൽ വൻ പ്രക്ഷോഭമുണ്ടാകുമെന്നു ഭയന്ന് ബിജെപി കേന്ദ്ര നേതൃത്വം ഇതിനു മുതിരുന്നുമില്ല.
കലാപം സംസ്ഥാന സർക്കാർ കണ്ടുനിൽക്കുകയാണെന്നു കുറ്റപ്പെടുത്തി, മണിപ്പുരിൽ സമ്പൂർണ ഭരണത്തകർച്ചയാണെന്നു സുപ്രീം കോടതി ആവർത്തിച്ചുപറഞ്ഞതു ശരിവയ്ക്കുംവിധത്തിലാണ് ഇപ്പോഴും ഭരണകൂടത്തിന്റെ നിലപാട്. 2023 മേയിലാണ് കുക്കി– മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
അറുപതിനായിരത്തോളം പേർ ഇതിനകം ഭവനരഹിതരായിക്കഴിഞ്ഞു. എത്രയോ വീടുകളും ദേവാലയങ്ങളും അഗ്നിക്കിരയായി. കലാപം അമർച്ച ചെയ്യാൻ ശ്രമിക്കാതെ, എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് മണിപ്പുർ സർക്കാർ നിഷ്ക്രിയത്വം തുടരുന്നതെന്ന നിർണായകചോദ്യം മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയ്ക്കൊപ്പം ഉയരുകയും ചെയ്യുന്നു. പുതിയ ഗവർണറായി സംസ്ഥാനത്തെത്തുന്ന മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ മുഖ്യ ഉത്തരവാദിത്തം സമാധാന പുനഃസ്ഥാപനംതന്നെയാണെന്നുവേണം കരുതാൻ.
അതേസമയം, മുഖ്യമന്ത്രിയെപ്പോലെ ഈ വിഷയത്തിൽ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം പ്രകടിപ്പിക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ലോകം മുഴുവൻ ചുറ്റുന്ന പ്രധാനമന്ത്രി കലാപം തുടങ്ങിയശേഷം മണിപ്പുർ സന്ദർശിച്ചിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
കലാപത്തിന്റെ തീപ്പടർച്ച ഇതുവരെ കണ്ടുനിന്നപോലെ ഇനിയും തുടരാനാണ് അധികാരികളുടെ ഭാവമെങ്കിൽ അതു മണിപ്പുരിനോടു മാത്രമല്ല, ഈ രാജ്യത്തോടുതന്നെയുള്ള അക്ഷന്തവ്യമായ തെറ്റാവുമെന്നതിൽ സംശയമില്ല. പുതുവർഷത്തിൽ മണിപ്പുരിൽ ശാന്തിയും സമാധാനവും തിരിച്ചെത്തുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവച്ചതു വെറുംവാക്കായിക്കൂടാ. ഒപ്പം പ്രവൃത്തിയും ഉണ്ടാകണം. കേവലം രാഷ്ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത് ബിരേൻ സിങ്ങിന്റെ മാപ്പപേക്ഷയിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ സമാധാനത്തിലേക്കുള്ള ശാശ്വതവഴി എത്രയുംവേഗം തുറക്കേണ്ടതുണ്ട്.