ADVERTISEMENT

നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ട‌മാണ്’ എന്നായിരുന്നു പുകയില ഉപയോഗംമൂലം പാതിവഴിയിൽ ജീവിതം നഷ്‌ടപ്പെട്ടവരെപ്പറ്റി പ്രശസ്‌ത ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ സങ്കടം. ‘നന്നായി കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടെ എക്സൈസുകാരുടെ പിടിയിലാവുന്നത് എന്തൊരു കഷ്ടമാണ്’ എന്നാണ് പക്ഷേ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ സങ്കടം. നേരിയ വ്യത്യാസമേയുള്ളൂ.

കായംകുളത്ത് പാലത്തിനടിയിലിരുന്നു കഞ്ചാവ് വലിച്ചെന്ന കേസിൽപെട്ട ഒൻപതംഗസംഘത്തിൽ സിപിഎം വനിതാ എംഎൽഎയുടെ മകനും കൂടി ഉണ്ടായിരുന്നതാണ് എല്ലാറ്റിനും കാരണം. പപ്പായത്തണ്ടും തീയുംകൊണ്ട് കഞ്ചാവിനെ ഇല്ലായ്‌മ ചെയ്യുന്ന ടെക്നിക് പരീക്ഷിക്കുകയായിരുന്നു പോളിടെക്നിക് വിദ്യാർഥികൾ ഉൾപ്പെട്ട സംഘമെന്നു കേൾക്കുന്നു. കുട്ടികളാണെന്നതും ശാസ്ത്രീയ പ്രതിഭ പരീക്ഷിച്ചതാണെന്നതും കണക്കിലെടുത്ത് കനിവുകാട്ടി ഉപദേശിച്ചു വിടുന്നതിനുപകരം മുൻപിൻ നോക്കാതെ എക്സൈസ് കേസെടുത്തതാണ് സജിക്ക് ഇഷ്‌ടപ്പെടാഞ്ഞതും തദ്വാരാ ധാർമികരോഷം അണപൊട്ടിയതും.

‘കുട്ടികളാവുമ്പോൾ കമ്പനി കൂടും, ഒന്നോ രണ്ടോ പുകയെടുത്തെന്നു വരും. എംടി കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. ഞാനും വലിച്ചിട്ടുണ്ട്. പണ്ടു ജയിലിൽനിന്നു പഠിച്ചതാണ്’ എന്ന് പുതുതലമുറയുടെ മാതൃകാപരമായ പ്രവൃത്തിക്കു മന്ത്രി നിഷ്കളങ്കമായ ധാർമികപിന്തുണ കൊടുക്കുകയും ചെയ്‌തു. ‘ജയിലിൽനിന്നു പഠിച്ചതാണ്’ എന്ന അവകാശവാദത്തിന്റെ അനുബന്ധ വിശദാംശങ്ങൾ പിടികിട്ടിയിട്ടില്ല. ‘ഗോതമ്പുണ്ട തീറ്റിക്കും’ എന്നും മറ്റും ജയിലിനെപ്പറ്റി ചില നടപടിക്രമങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും പുകവലി പഠിപ്പിക്കുന്നതും അവിടുത്തെ സിലബസിൽ ഉൾപ്പെട്ടിരുന്നു എന്നതു പുതിയ അറിവാണ്. തടവുശിക്ഷയുടെ ഭാഗമായി ദുർഗുണ പരിഹാര പാഠശാലയുണ്ടെന്നു കേട്ടിട്ടുണ്ട്. പരിഹാരം ഒഴിവാക്കി സജിക്കു പ്രവേശനം നൽകിയത് ‘ദുർഗുണ പാഠശാല’യിലായിപ്പോയോ എന്നാണിപ്പോ സംശയം. കുട്ടിയായിരിക്കെ ഒരിക്കൽപോലും തന്നോട് എന്തെങ്കിലും പഠിക്കാൻ പിതാവ് പറഞ്ഞിട്ടില്ലെന്നു സജി കുറച്ചുകാലം മുൻപു പറഞ്ഞതോർക്കുന്നു. ഇതും ആരുടെയും പ്രേരണകൂടാതെ സ്വയം പഠിച്ചതായിക്കൂടായ്‌കയില്ല.

പുതിയ തലമുറയുടെ വരവോടെ സിപിഎം അപച്യുതി നേരിടുന്നതായി കുറച്ചുകാലം മുൻപു സജി പരിതപിച്ചിരുന്നു. താനടക്കമുള്ളവരെ ഉദ്ദേശിച്ചാണ് സജി പറഞ്ഞതെങ്കിൽ കയ്യടിക്കാൻ പാർട്ടിക്കാർതന്നെ ആവശ്യത്തിലേറെയുണ്ടാവും. പ്രായമല്ല, വകതിരിവാണ് സ്ഥാനങ്ങൾക്കു  മാനദണ്ഡമാക്കേണ്ടതെന്നു സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ സഖാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത് ഇത്ര ദീർഘവീക്ഷണത്തോടെയാണെന്ന് ആരറിഞ്ഞു? കമ്യൂണിസ്റ്റുകാരന്റെ ഓരോ വാക്കും ആംഗ്യവും പ്രവൃത്തിയും സമൂഹത്തിനു മാർഗനിർദേശം നൽകുന്നതാവണം എന്ന് പണ്ട് ഇ.എം.എസ്.നമ്പൂതിരിപ്പാട് സഖാക്കൾക്കുള്ള പാർട്ടി ക്ലാസിൽ പറഞ്ഞതായി കേട്ടിട്ടുണ്ട്. സജി ഉൾപ്പെടുന്ന തലമുറ ആ ക്ലാസ് എടുത്ത ദിവസം കയറിയിട്ടുണ്ടാവില്ല.

കുന്തവും കൊടച്ചക്രവും തൊട്ട് വിവാദങ്ങളുടെ സാംസ്‌കാരിക ഘോഷയാത്ര മിക്കതും ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ടത് സാംസ്‌കാരിക മന്ത്രിയുടെ നാവിൽനിന്നു തന്നെയാണെന്നതിൽ കൗതുകമുണ്ട്. കൈവിട്ടുപോയ മന്ത്രിസ്‌ഥാനം അതിലും വേഗത്തിൽ തിരിച്ചുപിടിച്ച മിടുക്കിലുമില്ല ആർക്കും സംശയം. ഉള്ളിൽ ലഹരിയൊന്നുമില്ലെങ്കിലും അന്തവും കുന്തവുമില്ലാതെ എന്തെങ്കിലും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുണ്ട്. അവരെയും ജനം ‘ആള് ഫിറ്റാ’ ണെന്നു കളിയാക്കാറുണ്ട്. യഥാർഥത്തിൽ ഒന്നിനും ഫിറ്റ് അല്ല എന്നതിന്റെ സർട്ടിഫിക്കറ്റാണത്. ‘സർവൈവൽ ഓഫ് ദ് ഫിറ്റസ്‌റ്റ്’ അവാർഡിനു വാശിപിടിക്കണമെന്നില്ല. പൊതുവാഹനങ്ങൾക്കു കൃത്യമായ ഇടവേളകളിൽ ഫിറ്റ്നസ് പരിശോധന നടത്തണമെന്നു നിയമമുണ്ട്. പൊതുപ്രവർത്തകർക്കും അങ്ങനെ വേണമെന്നു ജനത്തിനു തോന്നുന്നതുവരെ ഇനിയും കടുത്ത പരീക്ഷണങ്ങൾക്കു മുതിരേണ്ടതുമില്ല.

എസ്എൻസി ലാവ്‌ലിൻ കരാറിനെതിരായി നിലപാടെടുത്ത ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ തല പരിശോധിക്കണം എന്ന് അന്നു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ ഫയലിൽ എഴുതിയതോർക്കുന്നു. മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടറിയെപ്പറ്റി തോന്നിയ കാര്യം മുഖ്യമന്ത്രിയായിരിക്കുമ്പോൾ മന്ത്രിയെപ്പറ്റി തോന്നുമോ എന്നൊരു പേടി കേൾക്കുന്നവർക്കുണ്ട്. മുന്നോട്ടു വെള്ളി വീഴും എന്ന് ഉറപ്പാണെങ്കിൽ സ്വരം നന്നായിരിക്കുമ്പോൾതന്നെ പാട്ടു നിർത്തുന്നതും നല്ലൊരു സാംസ്കാരിക സന്ദേശമാണ്.

വിരിമാറ് കാട്ടി നഗ്നസത്യങ്ങൾ

 ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഭക്‌തർ ഷർട്ട് ഊരേണ്ടതില്ലെന്നു പറയാൻ ശിവഗിരി ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ അതു പൊതുകാര്യമാക്കി ഏറ്റുപിടിക്കാൻ പോകേണ്ടിയിരുന്നോ എന്നതിലാണിപ്പോ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കു സംശയം. ‘നവോത്ഥാനത്തിന്റെ അസ്ക്യത’ പണ്ടേയുള്ളയാളാണ് മുഖ്യമന്ത്രി.  ആവർത്തിച്ചു വരുന്നതാണെന്നു കരുതുന്നവരുണ്ട്. 

ക്ഷേത്രദർശനം മുഖ്യമന്ത്രിയുടെ വകുപ്പല്ല. ‘പാപിക്കൊപ്പം ചേർന്നീടിൽ ശിവനും പാപിയായിടും’ എന്നൊക്കെ പറയുമെങ്കിലും ഏതെങ്കിലും ദൈവവുമായി രമ്യതയിലാണെന്നു പിണറായി അവകാശപ്പെടാനിടയില്ല. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറണം എന്നാവശ്യപ്പെട്ട് ഏതെങ്കിലും ഭക്‌തൻ പൊലീസ് സ്‌റ്റേഷനിലോ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്തോ എത്തിയതായും അറിവില്ല. അല്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ പിണറായിയുടെ രീതി പ്രവചനാതീതമാണ്. 

ഏതായാലും ഷർട്ടിന്റെ കാര്യത്തിൽ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നു മുഖ്യമന്ത്രി മയപ്പെടുത്തിയതു നല്ല മാറ്റമാണ്. ബലപ്രയോഗം ഇല്ലെന്നർഥം. ഷർട്ട് ഊരുന്നവനെ കൈകാര്യം ചെയ്യാനും ഷർട്ട് ഇല്ലാതെ വരുന്നവനെ ഇടിക്കാനും ഒരുമ്പെട്ട് സഖാക്കൾ ഷർട്ടിന്റെ കൈതെറുത്തു കയറ്റിത്തുടങ്ങിയതാണ്. എല്ലാ അമ്പലമുറ്റത്തും ഷർട്ടിന്റെ കട തുടങ്ങുന്നത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സ്വപ്നം കാണുകകൂടി ചെയ്തു.

ദേവസ്വം ബോർഡുകൾ തീരുമാനം അറിയിച്ചാൽ മാത്രം സർക്കാർ നിലപാട് എടുക്കുമെന്നാണ് എല്ലാ വള്ളത്തിലും കാലിട്ടു നിൽക്കുന്ന മന്ത്രി വി.എൻ.വാസവൻ പറഞ്ഞത്. എന്നാൽ,  ക്ഷേത്രത്തിലെ കാര്യം തന്ത്രി തീരുമാനിക്കും എന്നാണ് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിലപാട്. സ്വന്തം മന്ത്രിമാരെ പിണറായി ഇങ്ങനെ വലയ്ക്കരുത്.

 മുന്നാക്കക്കാരിലെ പിന്നാക്കക്കാരൻ

‘മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ ക്ഷേമം’ എൻഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ തൽക്കാലം അൽപം പിന്നാക്കം നിൽക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരുകൈ സഹായം അവിടെനിന്നു കിട്ടുന്നതിൽ സത്യത്തിൽ ആരും വലിയ കോലാഹലമുണ്ടാക്കേണ്ട കാര്യമില്ല. എന്നിട്ടും താക്കോൽ സ്ഥാനത്തേക്കു രമേശ് വരുന്നു എന്ന് എന്തോ വലിയ അപകടം മണത്തമട്ടിലാണ് ചില നിഷ്കളങ്കരുടെ പ്രചാരണം. ‘താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം’ എന്ന ശ്ലോകം കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിനാണു കൂടുതൽ ചേരുക.

കണ്ടമാനം നീക്കിയിരിപ്പും ലോക്കറും സ്ട്രോങ് റൂമും ഉണ്ടെങ്കിലേയുള്ളൂ താക്കോലിനു പ്രസക്തി. കോൺഗ്രസും സംസ്ഥാന സർക്കാരിന്റെ ഖജനാവും ഒരേ അവസ്ഥയിലാണ്. അന്നന്ന് വച്ചുകുടിച്ച് ഓരോ ദിവസവും എങ്ങനെയോ കഴിഞ്ഞുപോകുന്ന സ്‌ഥിതി. താക്കോൽ ആവശ്യത്തിലേറെ എല്ലാക്കാലത്തും സ്റ്റോക്കുണ്ട്. പൂട്ടും അതുറപ്പിക്കാൻ വാതിലും വാതിൽ വയ്ക്കാൻ ചുമരും ചുമരു കൂട്ടിച്ചേർത്ത് കെട്ടിടവും പണിയേണ്ട താമസമേയുള്ളൂ.

 സ്‌റ്റോപ് പ്രസ്

ചില സഖാക്കൾക്കു പണത്തോട് വല്ലാത്ത ആർത്തിയാണെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

ഇങ്ങനെ കണ്ണിൽച്ചോരയില്ലാതെ മാറ്റിമാറ്റിപ്പറയരുത്. പോക്കറ്റിൽ രസീത് ബുക്കില്ലാതെ വരുന്ന ദിവസം പാർട്ടി പിരിച്ചുവിടേണ്ടിവരുമെന്നു പറഞ്ഞതുകേട്ട് കോരിത്തരിച്ചിട്ടു ദിവസങ്ങളെയായുള്ളൂ. 

English Summary:

Aazhchakurippukal : Kerala Culture Minister Saji Cherian's controversial comments on cannabis use spark debate, highlighting generational differences within the CPM and questioning accountability in public life. The article analyzes the incident and its implications for Kerala politics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com