ADVERTISEMENT

വേദനയും നിസ്സഹായതയും കണ്ണീരും നിറയുന്നതാണ് തിരുവനന്തപുരം കാട്ടാക്കടയിൽനിന്നു കേട്ട ആ വാർത്ത. ഭിക്ഷ ചോദിച്ചു വീട്ടിലെത്തിയ എൺപത്തിരണ്ടുകാരിയെ മർദിച്ച് പണം കവർന്ന സംഭവം ക്രൂരവും നീചവുമെന്നല്ല, അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്നുതന്നെ പറയണം. വലിയ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലാണിതു നടന്നതെന്നതു നമ്മെ നാണംകെടുത്തുന്നു.  

അമ്മയുടെയോ മുത്തശ്ശിയുടെയോ പ്രായമുള്ള ഒരു വനിതയുടെ നേർക്കായിരുന്നു രണ്ടു പേരുടെ ക്രൂരത. ഓരോ വീട്ടിലും കയറി ഭിക്ഷ യാചിക്കേണ്ട സങ്കടാവസ്ഥയിലെത്തിയ ഒരാളോടു ചെയ്യാവുന്ന ഏറ്റവും നീചകൃത്യമാണ് അവിടെയുണ്ടായത്. അതു ചെയ്തവരിലെ‍ാരാൾ ഒരു സിവിൽ പൊലീസ് ഓഫിസറാണെന്നത് ഈ സംഭവത്തിനു കൂടുതൽ ഗൗരവം നൽകുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഇത്തരം ക്രൂരതകളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാനുമെ‍ാക്കെ ബാധ്യസ്ഥനായ പെ‍ാലീസ് ഉദ്യോഗസ്ഥനാണ് ഇതു ചെയ്തതെന്നത് നമ്മുടെ പെ‍ാലീസ് സേനയ്ക്കുതന്നെ കളങ്കമാകുകയാണ്.

ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വയോധികയെത്തിയത്. ഗേറ്റ് തുറന്ന വയോധികയെ 10 രൂപ നോട്ട് കാണിച്ച് വീടിനുള്ളിലേക്കു വിളിക്കുകയായിരുന്നു. പണം വാങ്ങാനെത്തിയ ഇവരെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയ പ്രതികൾ വാതിലടച്ച്, മടിയിലുണ്ടായിരുന്ന 352 രൂപ ബലമായി പിടിച്ചെടുത്തെന്നാണു പരാതി. നിലവിളിച്ചപ്പോൾ മുതുകിൽ അടിക്കുകയും തുടർന്ന് വാതിൽ തുറന്നു പുറത്തേക്കു തള്ളുകയും ചെയ്തു. നിലവിളി കേട്ടു പരിസരത്തുള്ളവരെത്തി പ്രതികളെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വയോധികയുടെ പരാതിയിൽ, ഇരുവർക്കുമെതിരെ പണാപഹരണം, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫിസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഇതിനിടെ, കേസിൽനിന്നു രക്ഷപ്പെടാൻ വയോധികയെ സ്വാധീനിച്ചു മൊഴിമാറ്റാൻ ശ്രമം നടത്തുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. 

നടപടികൾ അതിന്റെ വഴിക്കുപോകട്ടെ. ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കേണ്ട കാര്യമല്ലിത്. ഒരു പാവം വയോധികയ്ക്കു ഭിക്ഷ യാചിച്ചുകിട്ടിയ സമ്പാദ്യം കവരാനും അവരെ മർദിക്കാനുമെ‍ാക്കെ തോന്നുന്ന ആ മാനസികാവസ്ഥയെ പേടിക്കേണ്ടിയിരിക്കുന്നു. അവർ ഈ സമൂഹത്തിന്റെ പ്രത്യാശാവെളിച്ചം കെടുത്തുന്നവരാണ്. ജീവിതത്തിന്റെ നിർഭാഗ്യങ്ങൾമാത്രം അനുഭവിക്കേണ്ടിവരുന്നവർ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഓരോ വീട്ടിലും കയറിയിറങ്ങേണ്ടിവരുമ്പോൾ സമൂഹത്തിന്റെ ഇറ്റു കരുതലെങ്കിലും അവർക്കു തിരിച്ചുകെ‍ാടുക്കണ്ടേ?

സമൂഹത്തിലെ പുഴുക്കുത്തുകളെന്നുതന്നെ പറയാവുന്ന ഇത്തരക്കാർ കൂടുതൽ ഗൗരവമുള്ള ക്രൂരകൃത്യങ്ങൾ ചെയ്യില്ലെന്നതിന് എന്താണ് ഉറപ്പ്?  രോഗാതുരമായ പ്രായത്തിൽ ഭിക്ഷാടനത്തിന് ഇറങ്ങേണ്ടിവരുന്നവരോടു കാണിക്കേണ്ട അടിസ്ഥാനമര്യാദയും മനുഷ്യത്വവും മറക്കുന്നവർ മാപ്പർഹിക്കുന്നതേയില്ല. സ്വന്തം അമ്മയോ മുത്തശ്ശിയോ ഈ സങ്കടസാഹചര്യത്തിലെത്തേണ്ടിവന്നിരുന്നെങ്കിലോ ?  

ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിൽകൂടി കളങ്കം വീഴ്ത്തിക്കൊണ്ട്, പെ‍‍ാലീസ് സേനയിലുള്ള ചിലർ കുറ്റകൃത്യങ്ങളുടെയും ക്രൂരതയുടെയും വഴിയിൽ സഞ്ചരിക്കുന്നതു കേരളത്തെ ഞെട്ടിക്കുന്നു. നിർബാധം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇത്തരക്കാർ നിയമപാലന ചുമതല വഹിക്കുന്നുവെന്നത് അങ്ങേയറ്റത്തെ ആശങ്കയാണു ജനങ്ങൾക്കു നൽകുന്നത്. മനുഷ്യപ്പറ്റിന്റെ ആ കാക്കിക്കുപ്പായം ഇത്തരക്കാർക്ക് അണിയാനുള്ളതല്ല.

ഇങ്ങനെയുള്ള നീചവൃത്തികൾ നമ്മെ ആത്മപരിശോധനയിലേക്കും സ്വയംതിരുത്തലിലേക്കും കൊണ്ടുപോകേണ്ടതുണ്ട്. അമ്മയുടെയോ അമ്മൂമ്മയുടെയോ പ്രായമുള്ളവർക്കുനേരെ കയ്യോങ്ങുന്നവർ സമൂഹത്തിന്റെ മാത്രമല്ല, കാലത്തിന്റെതന്നെ ശാപമാണ്. ഇത്തരം നിർഭാഗ്യസംഭവങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഈ നാടിനു ബാധ്യതയുണ്ട്.

അരക്ഷിതരായ വയോജനങ്ങളുടെ വേദനയും സങ്കടവും നിറയുന്ന ഇത്തരം സംഭവങ്ങൾ ഒരു പരിഷ്കൃതസമൂഹത്തിനും ഭൂഷണമല്ല. ഇവർക്കു വേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ നാം എത്ര ശ്രദ്ധിക്കുന്നുണ്ടെന്ന ചോദ്യം ഒരിക്കൽക്കൂടി സമൂഹത്തിനു മുന്നിലുയരുകയും ചെയ്യുന്നു.

English Summary:

Editorial About: 82-year-old woman assaulted and robbed in Kattakada, Thiruvananthapuram. A shocking incident involving a police officer highlights the urgent need for societal change and better protection for the elderly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com